Wednesday, December 9, 2009

ഇബ്രായിയും,ബിന്ദുവും,മറ്റു ചിലരും..

സബിലിനും,സുനുവിനും,ബിന്‍സുവിനും,രജീഷിനുമൊപ്പം എരമംഗലത്തുള്ള സ്കൂളിലേക്ക്‌ പറമ്പിന്‍ മുകളിലെ കയറ്റം കയറുമ്പോഴാണു ചില്ലിനു താഴെ മഞ്ഞ വരയിട്ട കറുത്ത ജീപ്പ്‌ എന്തൊക്കെയോ സാധനങ്ങള്‍ കുത്തി നിറച്ച്‌ കൊണ്ട്‌ താഴോട്ട്‌ പോയത്‌. നിരത്തിന്‍മേല്‍ ഇളകിക്കിടന്ന ഒന്നര ഇഞ്ച്‌ കല്ലുകള്‍ ചിതറിത്തെറിച്ചു..ജീപ്പിനു പിന്നില്‍ അട്ടിയിട്ട മരപ്പെട്ടികള്‍ക്കിടയില്‍ തണ്ടിനു സമാന്തരമായി തകരപ്പാട്ട കെട്ടിയ തുരുമ്പിച്ച സൈക്കിള്‍ സബിലാണു കണ്ടത്‌.

"സര്‍ക്കസ്‌"

അവന്‍ വിളിച്ച്‌ കൂവി.നാലു മണി വരെ സ്കൂളില്‍ എങ്ങനെ ഒപ്പിച്ചുവെന്ന്‌ അറിയില്ല. മനസ്സ്‌ നിറയെ പാട്ട കെട്ടിയ സൈക്കിളായിരുന്നു. സ്കൂള്‍ വിട്ടെത്തിയ ഉടനെ ചോറു പോലും തിന്നാതെ വയലിലേക്കോടി. തേക്കു മരത്തിനു മുകളിലെ പുളിയുറുമ്പിന്‍ കൂടു പോലെ ഒരു ടെന്റ്‌ ഉയര്‍ന്നിരിക്കുന്നു.വാഴയുടെ ഉണ്ണിക്കാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന ട്യൂബ്‌ ലൈറ്റുകള്‍ കെട്ടിയ വിളക്കിന്‍ കാലിനു താഴെ വട്ടത്തില്‍ പുല്ലു ചെത്തി വ്രിത്തിയാക്കിയിറ്റുണ്ട്‌. ചൂടി കെട്ടിയാണൂ അതിരിട്ടിരിക്കുന്നത്‌.മുഷിഞ്ഞ താര്‍പ്പായ കൊണ്ടുണ്ടാക്കിയ ടെന്റിന്റെ മുന്‍ വശം ചെറിയ സ്റ്റേജാണു. കര്‍ട്ടനും,അലങ്കാരവുമെല്ലാം സാരികള്‍ കൊ ണ്ടാണു.

ആകാശം ഇരുണ്ടപ്പോഴേക്കും ട്യൂബ്‌ ലൈറ്റുകള്‍ തെളിഞ്ഞു. ഭാസ്കരേട്ടന്റെ പറമ്പിലെ പീറ്റത്തെങ്ങിന്റെ ഒത്ത നടുക്ക്‌ നീണ്ട രണ്ട്‌ കോളാമ്പി സ്പീക്കറുകള്‍. ഒന്ന്‌ പടിഞ്ഞാറു കാഞ്ഞിക്കാവിലേക്കും അടുത്തത്‌ കിഴക്ക്‌ തുരുത്യാട്ടേക്കും തിരിഞ്ഞ്‌ ഒച്ച വച്ചു..

അനുബന്ധ വ്യവസായങ്ങള്‍ അതിനും മുന്‍പേ മുളച്ചു പൊങ്ങിയിരുന്നു..കാഞ്ഞിരത്തിങ്ങലെ വീടിനു മുന്നില്‍ അന്ധനായ ഹരിദാസേട്ടന്റെ ' ഓട്ടല്‍ ' തലപൊക്കി..സര്‍ക്കസ്‌ കാരന്‍ ഇബ്രാഹിം ഐശ്വര്യമായി പേരുമിട്ടു

" ഹോട്ടല്‍ പെട്ടെന്ന്‌ "

നൊവീനോ ബാറ്ററിയുടെ കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയില്‍ വറുത്ത കടലയുമായി ട്രൌസര്‍ കുമാരന്‍മാര്‍ കറങ്ങി നടന്നു. അവര്‍ താളത്തില്‍ പറഞ്ഞു കൊണ്ടേയിരുന്നു..

"കാടലൈ...."

സ്റ്റേജിന്റെ പിന്നില്‍ നിന്നും മൈക്ക്‌ ടെസ്റ്റ്‌ ചെയ്തു കൊണ്ട്‌ തറുവെയ്‌ കുട്ടിക്കാ വെളിച്ചത്തേക്ക്‌ വന്നു.

" മക്കളേ.........യ്‌.."ചൂടിക്കിപ്പുറത്ത്‌ മേല്‍ക്കുമേല്‍ ഇരിക്കുന്ന കുട്ടിപ്പട ആ വിളിക്ക്‌ കാതോര്‍ത്തിരിക്കുകയാണു..

"ഓ.....യ്‌.."

തറുവെയ്‌ കുട്ടി കൂട്ടത്തില്‍ കാരണവരാണു.സര്‍ക്കസ്സിലെ പ്രധാന ജോക്കറും..വിനോദും ഇബ്രാഹിമും സാഹസികന്‍മാരാണു..പിന്നെ പെണ്ണു വേഷക്കാരായ 'ബിന്ദു'വും, ' രാധ'യും. ബിന്ദു തടിച്ച്‌ കൊഴുത്ത്‌ മദാലസ. രാധ കറുത്ത സ്ലിം ബ്യൂട്ടി.ഓരോ ഐറ്റം നമ്പര്‍ ഡാന്‍സിനും ശേഷം മെയ്കകപ്പോടെ ഇവര്‍ ബക്കെറ്റ്‌ പിരിവിനിറങ്ങും.അപ്പോള്‍ രണ്ടിന്റെയും,അഞ്ചിന്റെയും നോട്ടുകള്‍ നീട്ടുന്ന വീരന്‍മാര്‍ ഇരുട്ടില്‍ വച്ച്‌ 'രാധ'യുടെയും,'ബിന്ദു'വിന്റെയും വയറിനും,കൈക്കും പിടിച്ച്‌ ആനന്ദം കണ്ടെത്തും..കാഴ്ച്ചക്കാര്‍ക്കിടയില്‍ നിന്നും ബിന്ദു അപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിക്കും.

" തറേയിക്കുട്ടിക്കാ "

ഇബ്രായിക്കയാകും മൈക്കെടുക്കുന്നത്‌.

"ഇക്കാക്ക രണ്ടിനു പോയി മോളെ,ഇഞ്ഞി പറയ്‌ "

"ഇബ്രായിക്കാ.."

" എന്താന്ന്‌..? "

"പന്നിത്താന്‍ കണ്ടി ഉണ്ണിക്കുറുപ്പ്‌ പറയാണു.."

"ഉണ്ണിത്താന്‍ കണ്ടി പന്നിക്കുറുപ്പ്‌..?"

"അല്ല ഇക്ക പന്നിത്താന്‍ കണ്ടി ഉണ്ണിക്കുറുപ്പ്‌ പറയാണു.."

" ഇഞ്ഞി മനിച്ചനെ ടെന്‍ശനടിപ്പിക്കാണ്ട്‌ കാര്യം പറയി കുട്ട്യോ.."

"ഉണ്ണിക്കുറുപ്പ്‌ പറയാണു,ആള്‍ക്കാരെ ഇങ്ങനെ കൊതിപ്പിക്കാതെ രാധ മോളോട്‌ ഡിങ്ക്‌..ഡാങ്ക്‌..ഡീം..കളിക്കാന്‍ പറയീന്നു.."

ഇബ്രായിക്ക ഉഷാറായി.

"മോളേ രാധേ.."

ചുരിദാറിന്റെ ഷാള്‍ മാറിടത്തേക്ക്‌ വലിച്ചിറക്കി രാധ വന്നു."ഇങ്ങി റെഡ്യാണോ മോളേ..?"

" ആ ഇക്കാ.."

"വിനോദേ....യ്‌.."ആ വിളിയുടെ ഒലി അടങ്ങും മുന്‍പ്‌ ലൈറ്റുകള്‍ അണയും..സാരിക്കര്‍ട്ടന്‍ മുഴുവനായി പൊങ്ങുന്നതിനു മുന്‍പേ കോളാമ്പി പാടിത്തുടങ്ങും.." എക്‌ ദോ തീന്‍..ചാര്‍ പാഞ്ച്‌ സാത്താട്ട്‌.."ചുവപ്പും പച്ചയും നീലയും കവറുകല്‍ കൊണ്ടു മൂടിയ ലൈറ്റുകള്‍ മാറി മാറി കത്തി സ്റ്റേജില്‍ വര്‍ണ്ണമഴ പെയ്യും..അവിടെ രാധ ആടിത്തിമര്‍ക്കും..അവളുടെ കാല്‍ച്ചുവട്ടില്‍ ഇപ്പൂത്തി പലകകള്‍ ഞെരിഞ്ഞമരും.വിയര്‍ത്ത്‌ കുളിച്ച്‌ ഇറങ്ങി വരുന്ന രാധ ബക്കെറ്റുമെടുത്ത്‌ പിരിവിനിറങ്ങുമ്പോള്‍ ചൂടിക്കരികില്‍ നിന്നിരുന്ന പിശുക്കന്‍മാരും,കൈയില്‍ ഒന്നുമില്ലാത്ത ഓട്ടക്കീശക്കാരും പിന്നില്‍ ഇരുട്ടിലേക്ക്‌ നീങ്ങും..

സുഖ ശോധന കഴിഞ്ഞ്‌ ബീഡിയും കത്തിച്ച്‌ വരുന്ന തറുവെയ്‌ കുട്ടിക്ക ഇബ്രായിക്കയോട്‌ മൈക്ക്‌ വാങ്ങിയാല്‍ കുട്ടിപ്പട ആര്‍ത്തു വിളിക്കയായ്‌..പാട്ടു കേള്‍ക്കാനാണു..എത്ര കേട്ടാലും മതിയാകാത്ത,ആ പാട്ട്‌ ഇക്ക പാടുമ്പോള്‍ പൈഡ്‌ പെപ്പറിന്റെ കഥയിലെ എലികളെപ്പോലെ കുട്ടികള്‍ ചെവികൂര്‍പ്പിച്ചിരിക്കും..ചുളിവുവീണ കഴുത്തിലെ മുഴ ഇളക്കിക്കൊണ്ട്‌ ആ വയസ്സന്‍ ഉറക്കെ പാടും.

" ഇഞ്ചി പെരുംചീരകം

മഞ്ഞളു കൊത്തമ്പാരി

അമ്മീമ്മലിട്ടിട്ടിട്ട്‌ നീട്ടിയരച്ചോളെ..

പണ്ടോരു വല്യമ്മ

അഞ്ചാറു കോമാങ്ങഅണ്ട്യോടക്ക മീണുങ്ങീട്ട്‌...."

വാ പൊളിച്ചിരുന്നു കേള്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും താളത്തില്‍ തലയാട്ടും..ചെറുതായി മഞ്ഞു വീഴുന്നുണ്ടാകും അപ്പോള്‍..

ഹോട്ടല്‍ 'പെട്ടെന്നില്‍'നിന്നുള്ള 'ആമ്പ്ലേറ്റിന്റെ' സുഗന്ധം മൂക്കിന്റെ പാലത്തെ തകര്‍ത്തു കേറുന്നു..

നീണ്ട സൈക്കിള്‍ യജ്ഞത്തിനു ശേഷം വിശ്രമിക്കുന്ന വിനോദ്‌ അടുത്ത ഐറ്റത്തിനായി എണീക്കുന്നു..നഗ്നമായ നെഞ്ചില്‍ വലിയൊരു കരിങ്കല്‍.അതിനു മുകളില്‍ മറ്റൊരു പാളി കൂടെ.രണ്ടു മിനുട്ട്‌ പ്രാര്‍ത്ഥിച്ച്‌ ഇബ്രായിക്ക ചുറ്റിക എടുക്കുന്നതും പെണ്ണുങ്ങള്‍ കണ്ണു പൊത്തുന്നതും ഒരുമിച്ച്‌..ഒറ്റയടി..പൊട്ടിയില്ല.സൂചി നിലത്തിട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദതയെ മുറിച്ച്‌ അടുത്ത അടി കൂടെ..കല്ല്‌ രണ്ടായി പിളര്‍ന്നു.വിനോദ്‌ ഞരങ്ങി.ജെഗ്ഗില്‍ പച്ച വെള്ളവുമായി വന്ന ബിന്ദു വിനോദിനു ബോധം വരുന്ന വരെ അടുത്തിരുന്നു കരയും..

രണ്ടു ദിവസങ്ങള്‍ കൂടുമ്പോള്‍ നാടകം ഉണ്ടാകും.'വെള്ളരിക്കണ്ടത്തിലെ കൊലപാതകം",ഫാത്തിമയുടെ ബാപ്പ ആരു? " 'ഒരു പ്രേമ ലേഖനം '.. തുടങ്ങിയ നാടകങ്ങളെല്ലാം ദിവസവും ഹൌസ്‌ ഫുള്ളായി ഓടി..ആകാംക്ഷയോടെ കാത്തിരിക്കുന്ന ലേലത്തോടെ ആയിരിക്കും എല്ലാ ദിവസത്തെയും പരിപാടി തീരുന്നത്‌.ആരെങ്കിലും സംഭാവന ചെയ്ത കോഴിയോ,ബക്കെറ്റോ ഒക്കെ ആയിരിക്കും ലേല വസ്തു.സ്ഥലത്തെ പ്രമാണിമാര്‍ രണ്ടായി പിരിയും.അഞ്ചു രൂപയില്‍ തുടങ്ങുന്ന ലേലം അഞ്ഞൂറിലെത്തുമ്പോഴേക്കും ആവേശം കൊടുമുടി കയറിയിട്ടിട്ടുണ്ടാകും. വിനോദ്‌ ഒരു ടീമിനടുത്തും,ഇബ്രായിക്ക അടുത്ത ടീമിനടുത്തും നിലയുറപ്പിക്കും.

" എന്താ രാജ രാജ വര്‍മ്മയുടെ പെട്ടിയിലെ പുത്തന്‍ തീര്‍ന്നോ എന്നു ചോദിച്ചു കൊണ്ടു ഉപ്പു കണ്ടം ബ്രദേര്‍സ്‌ അഞ്ഞൂറ്റി ഇരുപത്‌ രൂപ "

തറുവെയ്‌ കുട്ടിക്ക ആര്‍ത്ത്‌ വിളിക്കും-

"അഞ്ഞൂറ്റി ഇരുപത്‌ ഒരു വട്ടം അഞ്ഞൂറ്റി ഇരുപത്‌ ഒന്നര വട്ടം.."

"ഇക്കാക്കാ.."

വിനോദാണു..

"രാജ രാജ വര്‍മ്മയ്ക്ക്‌ ഒരു ദിവസം സിഗററ്റ്‌ വാങ്ങാന്‍ ഉപ്പു കണ്ടം ബ്രദേര്‍സിന്റെ ഒരുകൊല്ലത്തെ വരുമാനം തികയില്ലെന്ന്‌ പറഞ്ഞു കൊണ്ട്‌ രാജ രാജ വര്‍മ്മ അഞ്ഞൂറ്റി മുപ്പത്‌ രൂപ.."

ഒടുവില്‍ അറുന്നൂറിനൊ,എഴുന്നൂറിനോ ലേലം ഉറപ്പിക്കും,ഇരുപത്തു രൂപയുടെ ബക്കറ്റ്‌..

സ്കൂളില്ലാത്ത ദിവസങ്ങളില്‍ പകല്‍ സര്‍ക്കസ്‌ ടെന്റിനകത്ത്‌ പതുങ്ങിക്കയറും. ബിന്ദുവിനെയും,രാധയെയും കാണുകയാണു പ്രധാന ലക്ഷ്യം.അന്നൊരു ദിവസം സുഹ്രിത്തിനോടൊപ്പം ടെന്റിനുള്ളിലേക്ക്‌ ഒച്ചയുണ്ടാക്കാതെ നുഴഞ്ഞു കയറിയപ്പോള്‍ 'ബിന്ദു' ലുങ്കിയും ബനിയനുമിട്ട്‌ ചരിഞ്ഞ്‌ കിടന്ന്‌ മംഗളം വായിക്കുന്നു. തൊട്ടടുത്ത്‌ കിടന്നു വിനോദ്‌ ബിന്ദുവിന്റെ മുലകള്‍ പിടിച്ച്‌ കളിക്കുന്നു..!കൂക്കി വിളിച്ചും കൊണ്ട്‌ ഞങ്ങള്‍ ഓടിപ്പോയി..

അടുത്ത ഇടം തേടി പോകാനാകുമ്പോള്‍ ബിന്ദുവും,രാധയുമെല്ലാം സാരിയും,ചുരിദാറുമൊക്കെ തേടി വീടുകളിലെത്തും.ഒരിക്കല്‍ അച്ഛന്റെ ഗള്‍ഫുകാരന്‍ സുഹ്രിത്ത്‌ അമ്മയ്ക്കു കൊണ്ടു കൊടുത്ത ഓറഞ്ച്‌ സാരി ബിന്ദുവിനു കൊടുത്തിരുന്നു.പിറ്റേന്ന്‌ 'മാലിനിയുടെ തീരങ്ങള്‍' കളിക്കാന്‍ ബിന്ദു ആ സാരി ഇട്ടു.. അമ്മയേക്കാള്‍ സുന്ദരിയാണു ബിന്ദുവെന്ന്‌ തോന്നിപ്പോയി..

ടെന്റ്‌ പൊളിച്ചടുക്കുന്നതും,ട്യൂബ്‌ ലൈറ്റുകള്‍ പൊതിയുന്നതും വേദനയോടെ നോക്കി നില്‍ക്കുന്ന ഞങ്ങളെ നോക്കി തറുവെയ്‌ കുട്ടിക്ക ഒരിക്കല്‍ കൂടെ 'ഇഞ്ചി പെരുംചീരകം' പാടും..പൊടി പറത്തിക്കൊണ്ട്‌ വാടക ജീപ്പ്‌ ദൂരെ മറയുമ്പോള്‍ ദേഹം നിറയെ മുഴകളുണ്ടായിരുന്ന ഭാര്യയുടെ പിന്നില്‍ വണ്ടിയുന്തി ഹരിദാസേട്ടന്‍ വീട്ടിലേക്ക്‌ പോകും..വീണ്ടുമൊരു ഫെബ്രുവരി കൂടെ കഴിയുകയാകും അപ്പോള്‍..

Saturday, November 21, 2009

സ്വപ്നങ്ങളെ,നിങ്ങള്‍..

എന്റെ നല്ല സുഹ്രിത്താണു ഗംഗ. ക്ഷമിക്കണം ഗംഗ അവളുടെ യഥാര്‍ത്ഥ പേരല്ല. അവള്‍ക്ക്‌ മറ്റൊരു നദിയുടെ പേരാണൂ.നിഗൂഡതകളെ ഗര്‍ഭം ധരിച്ചൊഴുകുന്ന ഗംഗാ നദിയെ എനിക്കിഷ്ടമാണു..അതു കൊണ്ട്‌ അവളെ ഞാന്‍ ഗംഗ എന്നു വിളിക്കുന്നു.
ഒച്ചകളും നിറങ്ങളും നിറഞ്ഞ ബാല്യത്തില്‍ ഞാനുള്‍പ്പെടുന്ന 'ബല്യ' ആള്‍ക്കാരെ അമ്പരപ്പോടെ നോക്കി നിന്ന കുറെ കൊച്ചു പാവാടക്കാരില്‍ ഒരു ചീനാപ്പറങ്കി (-: അവളിന്നൊരു ലൈബ്രേറിയനാണു. അതു കൊണ്ടാണു ഞാന്‍ അവളോടു തന്നെ ആ പുസ്തകം തേടിക്കൊണ്ടു തരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌..
ഫ്രോയിഡിന്റെ 'സ്വപ്നങ്ങളുടെ വ്യാഖ്യാനം'.


സ്വപ്നങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയുന്നവരെ ഞാന്‍ ആദരിക്കുന്നു. തീര്‍ച്ചയായും അത്‌ മഹത്തരമാണു. ഇഴഞ്ഞു നടക്കുന്ന പാമ്പുകള്‍ കാരണം നിലത്ത്‌ കാല്‍ വെക്കാന്‍ കഴിയാതെ വന്ന്‌ കരയുന്നത്‌ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കാണുന്ന സ്ഥിരം സ്വപ്നമായിരുന്നു. മനസ്സിലെ ലൈംഗിക വികാരമാണതിനു പിന്നിലെന്ന്‌ എവിടെയോ വായിച്ചു. പക്ഷെ അതിനു മുന്‍പു തന്നെ അമ്മയോടു പറഞ്ഞിരുന്നു.അമ്മ ചിരിച്ചു..
പാറക്കെട്ടിനു മുകളില്‍ നിന്ന്‌ കൊക്കയിലേക്ക്‌ പൊടുന്നനെ പതിക്കുന്നത്‌ അനുഭവിക്കും പോലെയാണു സ്വപ്നത്തില്‍. കിടക്കയില്‍ എഴുന്നേറ്റിരിക്കുമ്പോള്‍ ഹ്രിദയം നിയന്ത്രണം വിട്ട്‌ മിടിക്കുന്നുണ്ടാകും
പക്ഷെ നിറഞ്ഞു വീര്‍ത്ത മൂത്രസഞ്ചി ഒഴിപ്പിക്കാന്‍ വ്രിക്ക മസ്തിഷ്കത്തിന്റെ സഹായത്തോടെ തീര്‍ത്ത നാടകമായിരുന്നു അതെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കു പറയാന്‍ കഴിയും.
എവിടേക്കോ എന്തിനെയോ പേടിച്ച്‌ ഓടുകയാണെങ്കിലും ഒരടി മുന്നോട്ടു പോകാനാകാതെ നിസ്സഹായനാകുന്ന അവസ്ഥ സ്വപ്നത്തിലുണ്ടാകുന്നത്‌ മനസ്സില്‍ വളരുന്ന അപകടകരമായ അപകര്‍ഷതാ ബോധത്തിന്റെ സ്രിഷ്ടിയാണെന്ന്‌ അറിഞ്ഞ്‌ കൊണ്ട്‌ തന്നെ സമ്മതിക്കുന്നു ഒന്നിലധികം തവണ ഞാനാ സ്വപ്നം കണ്ട്ട്ടുണ്ട്‌.
പറഞ്ഞ്‌ വരുന്നത്‌ വിചിത്രമെന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ള എന്റെ ചില സ്വപ്നാനുഭവങ്ങളെക്കുറിച്ചാണു.. അവ നടന്നത്‌ വര്‍ഷങ്ങളുടെ ഇടവേളകളിലാണു.


2005 വര്‍ഷത്തെ ഏതോ ഒരു ദിവസം.
എന്റെ ട്യൂഷന്‍ വിദ്യാര്‍ത്ഥിനിയും,പ്രിയ സുഹ്രിത്തുമായ അനു അവളുടെ പ്ലസ്ടു റെക്കോര്‍ഡ്‌ തന്നിരിക്കുന്നു.വരച്ച്‌ സഹായിച്ചു കൊടുക്കാന്‍. തുറന്നു പോലും നോക്കാതെ ഞാനത്‌ വീട്ടില്‍ കൊണ്ടു വച്ചു. പിറ്റേ ദിവസം പുലര്‍ച്ചെ ആ സ്വപ്നമുണ്ടായി..
ഒരു തണുത്ത പ്രഭാതമാണു..പേരാമ്പ്രയില്‍ ബസ്സിറങ്ങി ട്യൂഷന്‍ സെന്ററിലേക്ക്‌ നടക്കുന്നു.എപ്പോഴോ കൂടെ അനുവും ചേര്‍ന്നു. എതിരേ വന്ന പരിചയക്കാരന്‍ ആരോ ഒരാള്‍ അനുവിനെ ചൂണ്ടി ഇതാരാണെന്ന് ചോദിച്ചു..
" നിരംജന "
ഞാനങ്ങനെയാണു പ്രതിവചിച്ചത്‌.അനു ഒന്നും മിണ്ടാതെ അയാളോട്‌ ചിരിക്കുകയും ചെയ്തു. ഈ സ്വപ്നം തലങ്ങും വിലങ്ങും ആലോചിച്ച്‌ നടന്നു ഒരു പകല്‍ മുഴുവന്‍. പിറ്റേന്ന് ഉച്ചയ്ക്ക്‌ അനു ഫോണ്‍ ചെയ്തു. ചിത്രം വരയ്ക്കാന്‍ അവള്‍ തന്ന റെക്കോര്‍ഡ്‌ മാറിപ്പോയത്രേ. സുഹ്രിത്തിന്റെ പുസ്തകമാണു തന്നിരിക്കുന്നത്‌.സാരമില്ലെന്നും പറഞ്ഞ്‌ വിശേഷങ്ങള്‍ ചോദിച്ച്‌ സംഭാഷണം അവസാനിപ്പിച്ചു. വീട്ടിലെത്തി വെറുതെയാണു അനു തന്ന റെക്കോര്‍ഡ്‌ മറിച്ച്‌ നോക്കിയത്‌.പേരു വായിച്ചപ്പോള്‍ തല കറങ്ങും പോലെ തോന്നി.
" നിരംജന " !2007 ലെ വേനലവധിക്ക്‌ മറ്റ്‌ പണിയൊന്നും കിട്ടാതെ വന്നപ്പോള്‍ കുറച്ച്‌ ദിവസങ്ങള്‍ വടകര ബസ്സ്‌ സ്റ്റാന്‍ഡില്‍ പുസ്തകങ്ങള്‍ വിറ്റു.
പരിചയക്കാരെ കണ്ടു തുടങ്ങിയപ്പോള്‍ ദൂരേയ്ക്കു പോകാന്‍ മനസ്സ്‌ പ്രേരിപ്പിച്ചു.
പാലക്കാട്ടേക്ക്‌ തീവണ്ടി കയറി. അവിടെ കോഫീ ഹൌസ്സിലെ പ്രിയ സുഹ്രിത്തിനോട്‌ അല്‍പ്പം പണം കടം വാങ്ങി കുറച്ചൂടെ പുസ്തകങ്ങള്‍ വാങ്ങി വിറ്റു. മടുത്തപ്പോള്‍ വയനാട്‌ ബസ്സ്‌ പിടിച്ചു അമ്മാവന്‍ അഭയമായി.
പാലക്കാടന്‍ ചൂടുകാറ്റും, നീണ്ട യാത്രയും സമ്മാനിച്ച വിവരണാതീതമായ ക്ഷീണം കാരണം രാത്രി ബോധം കെട്ട പോലെ ഉറങ്ങി.ചെറിയ മുറിയിലെ ചൂടു കുറയാന്‍ ജനല്‍ പാളികള്‍ തുറന്നിട്ട ശേഷമായിരുന്നു അമ്മാവന്‍ പുറത്തേക്ക്‌ പോയത്‌.
പാതിരാത്രിയിലെപ്പോഴോ പതിയെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ജനലിന്റെ തണുത്ത കമ്പിയില്‍ പിടിച്ചിട്ടുണ്ടായിരുന്നു. പ്രയാസപ്പെട്ട്‌ കണ്ണുകള്‍ തുറന്നു.. നിലാവില്‍ ആ കമ്പിയില്‍ ഞാന്‍ മറ്റു രണ്ട്‌ കൈകള്‍ കൂടെ കണ്ടു.!! വെളുത്ത്‌ മെലിഞ്ഞ കൈകള്‍..അതിനു പിന്നില്‍ അലക്ഷ്യമായി വിതര്‍ത്തിട്ട നീളന്‍ മുടിയിഴകളുമായി,തിളങ്ങുന്ന കണ്ണൂകളുള്ള മെലിഞ്ഞ ആ പെണ്‍കുട്ടി !
ഒരു അലര്‍ച്ചയോടെ ഞാന്‍ കൈകള്‍ പിന്‍ വലിച്ചു.വിരിപ്പോടു കൂടി കട്ടിലില്‍ നിന്നും താഴെ വീണൂ. മേശ ഇളകി വെള്ളം നിറച്ച ഗ്ലാസ്സ്‌ ജാര്‍ എന്റെ തലക്കരികില്‍ വീണു ചിതറി. എഴുന്നേറ്റ്‌ പുറത്തേക്കോടാന്‍ ശ്രമിച്ചപ്പോള്‍ അടച്ചിട്ട വാതിലില്‍ തല ആഞ്ഞിടിച്ചു.വാതില്‍ തുറന്ന അമ്മാവന്‍ ഞാന്‍ കണ്ടത്‌ വീട്ടിലെ നായ ആയിരിക്കുമെന്ന് ആശ്വസിപ്പിച്ചു. അപ്രതീക്ഷിതമായ ഒരു നിമിഷത്തെ ഞെട്ടലിനല്ലാതെ വലിയ ഒരു അമ്പരപ്പിനു ആ സംഭവം വഴി മാറിയില്ല.കാരണം സ്വപ്നത്തിനും,യാഥാര്‍ത്ഥ്യത്തിനുമിടയിലെ ഒരു തരം അബോധാവസ്ഥയില്‍ ഇതിനു മുന്‍പും അവള്‍ ഒരുപാട്‌ തവണ എന്റടുത്ത്‌ വന്നിരുന്നു..എന്നും വെളുത്ത വസ്ത്രങ്ങള്‍ മാത്രമിട്ട്‌. നെറ്റിയില്‍ പതിയെ തലോടി അല്‍പ്പനേരമിരുന്ന് ഒന്നും മിണ്ടാതെ തിരികെപ്പോകുകയും ചെയ്യും.റിപ്പര്‍ ചന്ദ്രന്‍ കേരളത്തില്‍ ഭീതി വിതച്ചത്‌ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്ന കാലത്താണു..വല്യച്ഛന്‍ വീട്ടിലെ വാതിലുകള്‍ക്കെല്ലാം ഓരോ സാക്ഷകള്‍ കൂടെ പിടിപ്പിച്ചു.ഉറപ്പിനു ഇരുമ്പു ദണ്ടുകളും ഘടിപ്പിച്ചു.എന്നിട്ട്‌ ' കൊല്ലുന്നെങ്കില്‍ ആ നായിന്റെ മോന്‍ ആദ്യം എന്നെ തന്നെ കൊല്ലട്ടെ' എന്നും പറഞ്ഞ്‌ കോലായില്‍ തന്നെ കിടന്നുറങ്ങുകയും ചെയ്തു. എങ്കിലും ഇരുമ്പു വടി കൊണ്ടുള്ള അടിയേറ്റ്‌ പൊളിഞ്ഞ എന്റെ കുഞ്ഞ്‌ തലയോട്ടിക്കുള്ളില്‍ നിന്നും ചിതറിത്തെറിക്കുന്ന തലച്ചോര്‍ മണികള്‍ പലതവണ സ്വപ്നത്തില്‍ കണ്ടു..
കൂനിന്‍മേല്‍ കുരു എന്നോണമാണു 'കാലു കടച്ചില്‍' തുടങ്ങിയത്‌..കരഞ്ഞ്‌ കരഞ്ഞാണു ഉറക്കം..ഒരു രാത്രി വല്യമ്മ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ പറഞ്ഞു
" ഉണ്ണീക്കണ്ണനെ ഉറക്കത്ത്‌ കണ്ടാല്‍ എന്റെ ഉണ്ണീന്റെ കാലു കടച്ചില്‍ മാറും,കുട്ട്യോളു പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല കണ്ണനു.."
ജീവിതത്തില്‍ ആദ്യമായി ഒരാള്‍ എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു.
ഏതായാലും അന്നു രാത്രി ഞാന്‍ കണ്ടു.
നോക്കി വരയ്ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ള കണ്ണന്‍മാര്‍ തിങ്ങി നിറഞ്ഞു വന്നു സ്വപ്നത്തില്‍..പിറ്റേന്ന്‌ പതിവിലും വൈകിയാണു എഴുന്നേറ്റത്‌..കാലു കടച്ചില്‍ ഇല്ല !
എന്നിരിക്കിലും സിസ്റ്റര്‍ ജെസ്മി വിശ്വസിക്കും പോലെ കര്‍ത്താവു അത്ഭുതം കാണിച്ച്‌ കളഞ്ഞുവെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. ( സഭയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ കാണിച്ച തന്റേടത്തിനു മുന്നില്‍ തല കുനിക്കുന്നു.)
സെറിബ്രത്തിലെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട സ്വപ്നങ്ങള്‍,അതൊരു സവിശേഷ ഇമ്പള്‍സ്‌ ആയിരിക്കാം ( സിസ്റ്റത്തിനുള്ളില്‍ ഏതെങ്കിലും സോഫ്റ്റ്‌ വേറിന്റെ സഹായത്തോടെ റൈറ്റിംഗ്‌ ജോലി നടക്കുമ്പോള്‍ മോണിട്ടറില്‍ സി. ഡി. പാകമാകുന്നതിന്റെ ആനിമേഷന്‍ തെളിയാറില്ലേ.? ) ഈ ഇമ്പള്‍സ്സുകള്‍ പേശികളെ നിയന്ത്രിക്കുന്ന സെറിബലത്തിലെത്തി കാലിലേക്കു പ്രത്യേക മോട്ടോര്‍ ഇമ്പള്‍സുകള്‍ പുറപ്പെടുന്നതിനു കാരണമായിട്ടുണ്ടാകാം..രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സ്വപ്നങ്ങള്‍ വര്‍ഷങ്ങള്‍ പോലെ ദൈര്‍ഘ്യമുള്ളതായി തോന്നുന്നത്‌ എത്ര മാത്രം വിചിത്രമാണു..? ബ്ലാക്‌ ഹോളുകളുകളെ പോലെ..


സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്‌.ഒപ്പം അവ തരുന്ന സൂചനകള്‍ അജ്ഞത കാരണം അവഗണിക്കേണ്ടി വരുന്നതില്‍ പറഞ്ഞറിയിക്കാന്‍ പ്രയാസമുള്ളത്ര പ്രയാസവും..ഓ..പറഞ്ഞു പറഞ്ഞ്‌ ഗംഗയുടെ കാര്യം മറന്നു..അവളിപ്പോള്‍ പറമ്പിന്‍ മുകള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നുണ്ടാകും.കുഞ്ഞിക്കയ്യില്‍ പത്ത്‌ എണ്ണൂറു പേജുകള്‍ വരുന്ന ആ തടിച്ച പുസ്തകവും പിടിച്ച്‌..വാങ്ങാന്‍ ചെന്നില്ലെങ്കില്‍ ഇന്നു രാത്രി സ്വപ്നത്തിലായാലും അവള്‍ വന്നെന്നെ പെരുമാറും.അതാണു ടൈപ്പ്‌ (-;

Tuesday, November 10, 2009

സില്‍മ..സില്‍മ..സില്‍മ..

വിട പറയുന്ന മഴക്കാലത്തിനു ചീഞ്ഞളിയുന്ന മാമ്പഴത്തിന്റെ ഗന്ധമുള്ളതായി തൊന്നിയിട്ടുണ്ട്‌..
അപ്പോഴൊക്കെ സ്കൂളിലേക്കുള്ള തീര്‍ത്ഥയാത്രകളില്‍ വയല്‍ വരമ്പത്തെ പുല്‍ക്കൊടികളില്‍ ചുമപ്പിലും,വയലറ്റിലും ചിരിക്കുന്ന സൂര്യന്‍മാരെ എണ്ണിയാലൊടുങ്ങാത്ത അത്രയും തവണ കണ്ടിരിക്കുന്നു..
കിണഞ്ഞു ശ്രമിച്ചിട്ടും ഈ ഇരുപത്തി ആറാമത്തെ വയസ്സില്‍ ഒരു മങ്ങിയ സൂര്യനെ പോലും അവിടെ കാണാന്‍ കഴിയുന്നില്ല ! എവിടെയാണു തെറ്റിയത്‌..?
ഏന്താണു ബാല്യത്തോടൊപ്പം നഷ്ടമായത്‌..? അങ്ങേയറ്റം വിലപ്പെട്ട,വ്യത്യസ്ഥമായ ഒരു വീക്ഷണ കോണ്‍..
അതിന്റെ അഭാവം സ്രിഷ്ടിക്കുന്ന അന്ധത ഭയാനകമാണെന്ന തിരിച്ചറിവ്‌ എന്നിലെന്ന പോലെ നിന്നിലും നഷ്ടബോധം ഉളവാക്കുന്നില്ലേ ?ടെലിവിഷന്‍ ഒരു അത്ഭുത യന്ത്രം തന്നെയാണു..
ഒരു ജനതയില്‍ അതു വരുത്തിത്തീര്‍ത്ത മാറ്റം പതിനായിരക്കണക്കിനു നവോത്ഥാന നായകര്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട്‌ ഉണ്ടാക്കിയതിലും അധികമായിരിക്കും എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല..
കാഞ്ഞിക്കാവിലെയും,തുരുത്യാട്ടേയും മുന്നൂറോളം ചെറുതും വലുതുമായ വീടുകളില്‍ എന്റെ പരിമിതമായ അറിവില്‍ 1989 ല്‍ (വെറും 20 കൊല്ലങ്ങള്‍ക്കപ്പുറം) ആകെ ഉണ്ടായിരുന്നത്‌ 3 ടെലിവിഷനുകള്‍ മാത്രമായിരുന്നു. ആദ്യം ശനിയാഴ്ച്ചയും പിന്നെ ഞായറാഴ്ചകളിലും ഈ വീടുകള്‍ ഉത്സവപ്പറമ്പു പോലെ പുരുഷാരത്തെ കൊണ്ട്‌ നിറയും..
ഒരാഴ്ച്ചത്തെ നീണ്ട കാത്തിരിപ്പിനു ശേഷം 'സില്‍മ' കാണാന്‍ എത്തുന്നവര്‍..
കുപ്പായം മാത്രമിട്ട്‌ ' ഇച്ചീച്ചി വീത്തല്‍' പ്രക്രിയ എളുപ്പമാക്കാന്‍ ട്രൌസറും,ജെട്ടിയുമിടാതെ വരുന്ന സുന്ദരികളും,സുന്ദരന്‍മാരും,ലുങ്കിക്കടിയില്‍ കാക്കിയോ,വരകള്‍ നിറഞ്ഞതോ ആയ വലിയ ട്രൌസറുകളിട്ട കൊമ്പന്‍ മീശക്കാര്‍-ഇവരെ സ്ഥിരം ചാരായം മണക്കും.,ബ്ലൌസ്‌ ഇടാതെ ഞാന്ന മുലകള്‍ ആട്ടി കാതിലെ തോട ഊരിയ ഓട്ടയില്‍ ഓലക്കണ്ണി ചുരുട്ടി വച്ച്‌ കുനിഞ്ഞു വരുന്ന വല്യമ്മമാര്‍.ഒക്കത്തും വിരല്‍ത്തുമ്പത്തും ഓരോ കിളുന്തുകളെയും തൂക്കി അമ്മമാര്‍,അവര്‍ സുന്ദരികളും,വിരൂപകളും ഉണ്ടായിരുന്നു..
ജാതിയോ,നിറമോ,വയറിന്റെ വലിപ്പമോ നോക്കാതെ അവരുടെ കുട്ടികള്‍ ഈ ജനങ്ങള്‍ക്കിടയില്‍ പുഴുക്കളെപ്പോലെ ഇഴഞ്ഞ്‌ നടക്കും..ശാലിച്ചേച്ചിയുടെ കറുത്ത കൈയില്‍ മുറുക്കെ പിടിച്ച്‌ കുന്നത്തര കമ്പനിയിലെ പരുക്കന്‍ നീല തുണി കൊണ്ടടിച്ച ട്രൌസറും ഇട്ടഈ ഉണ്ണിയും അവിടെ പതുങ്ങും..


നാലു മണിക്കു തന്നെ വല്യമ്മ ചൂട്ടു കെട്ടിത്തരും(തെങ്ങോല അതിന്റെ തന്നെ ഒരു കണ്ണി കൊണ്ട്‌ മുറുക്കി കെട്ടിയാല്‍ ചൂട്ടാകുന്നു,വയസ്സന്‍മാര്‍ ക്ഷമിക്കുക) ഇറയുടെ നിഴല്‍ തുളസ്സിത്തറയുടെ ഒത്ത നടുക്കെത്തിയാല്‍ കറക്ട്‌ നാലേ മുക്കാലായിട്ടുണ്ടാകും(അതു വല്യമ്മയുടെ ഒരിക്കലും തെറ്റാത്ത കാല്‍ക്കുലേഷനുകളില്‍ ഒന്ന്‌!) പിനെ ഒരു ഓട്ടമാണു..
വയല്‍ വരമ്പത്ത്‌ രണ്ടു കൈകളും നീട്ടി ബാലന്‍സ്‌ ചെയ്ത്കൊണ്ട്‌...മുന്നിലും പിന്നിലുമായി പത്തോ,ഇരുപതോ ആളുകള്‍..ഇടുങ്ങിയ വഴിയില്‍ നിന്ന്‌ എളാങ്കോട്ടെ സിമന്റ്‌ പടികള്‍ കയറുമ്പോഴെ കാണാം വിശാലമായ കോലായുടെ ഏതാണ്ട്‌ മുഴുവന്‍ ഭാഗവും ആളുകളെക്കൊണ്ട്‌ നിറഞ്ഞിട്ടുണ്ടാകും.
പേരെഴുതിക്കാണിക്കാന്‍ തുടങ്ങുമ്പോഴെ പുകയില മണക്കുന്ന ശ്വാസവുമായ്‌ പിന്നില്‍ കാലു നീട്ടിയിരിക്കുന്ന ഏതെങ്കിലും വല്യമ്മ ചോദിക്കും
"എത്തറ റീലാ..? "
മീന്‍ മുറിക്കുന്നിടത്ത്‌ പൂച്ച ഇരിക്കും പോലെ ഇരിപ്പുറപ്പിച്ച ഏതെങ്കിലും ഒരു മുറിയന്‍ ട്രൌസര്‍ കാരന്‍ വിളിച്ചു കൂക്കും
"പയിനാലു "
ചെവിക്ക്‌ പിന്നില്‍ വച്ച കൈ മാറ്റി അതേ വല്യമ്മ പറയും
" ന്നാ മോന്ത്യാവുമ്പളെക്ക്‌ തീരുന്ന ലച്ചണൊന്നൂല്ല.."
ആ വല്യമ്മയുടെ കരിനാക്ക്‌ വളച്ച പോലെതന്നെ ഏഴു മണിക്ക്‌ അറിയിപ്പ്‌ കാണിക്കും
"ചലച്ചിത്രം വാര്‍ത്തകള്‍ക്ക്‌ ശേഷം തുടരും" പീക്കിരിപ്പിള്ളേര്‍ എണീറ്റ്‌ മൂത്രമൊഴിക്കാനോടും..ആണ്‍ കുട്ടികള്‍ മുന്നിലെ മിറ്റാരമ്പത്ത്‌ (മുറ്റ വരമ്പത്ത്‌ :) ) നിരന്ന്‌ നിന്ന്‌ ഇഞ്ചിക്ക്‌ മരുന്ന്‌ തളിക്കും പോലെ നീട്ടി മൂത്രമൊഴിക്കും.ചിലപ്പോ ഏറ്റവും കൂടുതല്‍ ദൂരം മൂത്രമെത്തിക്കുന്നത്‌ ആരാണെന്ന മത്സരം തന്നെ നടന്നെന്നിരിക്കും..!
പെണ്‍ കുട്ടികള്‍ പിന്നോട്ട്‌ നീട്ടിപ്പിടിച്ച പാവാടയുമായിരുന്നാണു ഈ കര്‍മ്മം നിര്‍വഹിക്കുന്നത്‌..എങ്കിലും ഏതെങ്കിലും ഒരുത്തിയെങ്കിലും നനഞ്ഞ പാവാടത്തുമ്പില്‍ മൂത്രത്തിന്റെ രൂക്ഷ ഗന്ധവും പേറി എത്താതിരിക്കില്ല.. ഹേമലതയോ,രാജേശ്വരിയോ,താടിക്കാരന്‍ ബാലക്രിഷ്ണനോ ഘോര ഘോരം വാര്‍ത്ത വായിക്കുമ്പോള്‍ അമ്മമാര്‍ പേന്‍ നോക്കും,വയസന്‍മാര്‍ ബീഡി വലിക്കും..എന്നും കേള്‍ ക്കുന്നത്‌ ഒരേ വാര്‍ത്ത തന്നെയല്ലേയെന്നു തോന്നാറുണ്ട്‌..വാര്‍ത്ത കഴിഞ്ഞ്‌ സിനിമ തുടങ്ങുന്നതോടെ എല്ലാം പഴയ പടിയാകും..സിനിമയുടെ അന്ത്യത്തില്‍ നായകന്റെ കാഴ്ച പോകുമ്പോള്‍,അല്ലെങ്കില്‍ കാന്‍സറുണ്ടെന്നു കാണിക്കാന്‍ നായികയുടെ മൂക്കില്‍ നിന്നു ചോരയൊലിക്കുമ്പോള്‍,പിന്നില്‍ വാതില്‍ പടിയില്‍ ഇരിക്കുന്ന ദേവകി അമ്മ മൂക്ക്‌ പിഴിയുന്നുണ്ടാകും..


സിനിമ തീരുന്നത്‌ വല്യ സങ്കടമാണു.. നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്സില്‍ വര്‍ത്തമാനം നുരഞ്ഞു നിറയും..യാഥാര്‍ത്യങ്ങളുമായി പതുക്കെ പൊരുത്തപ്പെടും..ഉണങ്ങിപ്പൊടിഞ്ഞ ഓലയുടെ മേല്‍ക്കൂരയും,ചാണകം മെഴുകിയ പരുക്കന്‍ നിലവുമുള്ള വീട്‌ മുന്നില്‍ വളര്‍ന്ന്‌ വലുതാകും.. കോണിക്കരികില്‍ കുത്തി നിര്‍ത്തിയ ചൂട്ടുകള്‍ ഒന്നില്‍ നിന്ന്‌ മറ്റൊന്നായി എരിയും..അഗ്നി പര്‍വതത്തില്‍ നിന്നും പൊട്ടിയൊലിച്ച ലാവ പോലെ വെളിച്ചത്തിന്റെ ചാലുകള്‍ നാലു പാടേക്കും ചിതറിയൊഴുകും..ചേനികണ്ടിയിലെ പറമ്പിലേക്ക്‌ കടക്കുമ്പോഴേ കോലായില്‍ കാലു നീട്ടിയിരിക്കുന്ന വല്യമ്മയുടെ ആത്മഗതം കേള്‍ക്കാം
" ഓ..സില്‍മക്കാര്‍ വര്‍ന്നുണ്ട്‌.."കോട്ടയത്തു കാരി സരസമ്മ നേഴ്സായിരുന്നു..പറമ്പിന്‍ മുകള്‍ ഹെല്‍ത്ത്‌ സെന്റെറില്‍ സ്ഥലം മാറ്റം കിട്ടിയെത്തി,നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തുരുത്യാട്ട്‌ വീടു വച്ചു. ടെലിഫോണ്‍സില്‍ ജോലിക്കാരനായ സരസമ്മയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ 'എലത്ത്‌' എന്നു വിളിച്ചു പോന്നു.."ഹെല്‍ത്ത്‌" എന്നതിന്റെ ഗ്രാമ്യ ഭാഷ്യം..
ഈ എലത്തിന്റെ വീട്ടില്‍ നല്ല വല്യ ടീവിയാണു..ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌.
വീ.സീ.പി.എന്ന യന്ത്രം അവിടെയേ ഉണ്ടായിരുന്നുള്ളു.
കാസറ്റ്‌ കട നടത്തുന്ന എലത്തിന്റെ മകന്‍ വരുമ്പോ ഏതെങ്കിലും കാസറ്റു കൊണ്ടു വരും.ഈ വിവരം നിമിഷങ്ങള്‍ക്കകം നാട്ടിലാകെ പാട്ടാകും..
"എലത്തിന്റ്യാട കേസറ്റിട്ടിക്കി.."
സിമന്റിട്ട മുറ്റത്ത്‌ ആളുകള്‍ കൂടുമ്പോള്‍ സരസമ്മ തല പുറത്തേക്ക്‌ നീട്ടും.
" കറണ്ടില്ല"
അവര്‍ക്ക്‌ മറുപടി ആവശ്യമായിരുന്നില്ല..അതുകൊണ്ടു തന്നെ ഉടന്‍ വാതിലടച്ച്‌ കുറ്റിയിടും..പൊടിമണ്ണു പറക്കുന്ന റോഡിലൂടെ ജനം തിരികെ നടക്കുമ്പോള്‍ അകത്ത്‌ ശങ്കറിന്റെയും,മമ്മൂട്ടിയുടെയുമൊക്കെ ഡയലോഗുകള്‍ കേള്‍ക്കും..എന്റെ ആരാധ്യനായ ഗുരുനാഥന്‍ രവിവര്‍മ്മ മാഷ്‌ തന്റെ കുട്ടിക്കാലത്ത്‌ 50 പൈസയുമായി സിനിമ കാണാന്‍ ബാലുശ്ശേരിയില്‍ വന്ന കഥ പറഞ്ഞു തന്നിരുന്നു..പത്തു പൈസ ആകെ യാത്ര ചെലവ്‌,പത്ത്‌ പൈസ ടിക്കറ്റിനു, അഞ്ചു പൈസക്കു ചായയും പലഹാരവും ! അവിശ്വസനീയമെന്ന്‌ ഞാനാ വാക്കുകളെ ആദ്യം കരുതിയ പോലെ ആരെങ്കിലും ഈ കുറിപ്പിനെ എന്റെ പായാരം മാത്രമെന്ന്‌ വിലയിരുത്തിയേക്കാം....പരിഭവമില്ല !

Tuesday, October 13, 2009

മണം..

മണം..
അതിനെ ഗന്ധമെന്നു വിളിച്ചാല്‍ അതിന്റെ മണം ഇത്തിരി കുറഞ്ഞു പോകും..
അതു കൊണ്ടു ക്ഷമിക്കുക. മണങ്ങളെപ്പറ്റി പടിക്കുന്ന ഒരു ശാസ്ത്ര ശാഖ തന്നെ നിലവിലുണ്ടു എന്നു കേട്ടിട്ടുണ്ട്‌. ഓര്‍മ്മ വച്ച നാളു മുതല്‍ ലഭിക്കുന്ന കാക്കത്തൊള്ളായിരം മണങ്ങളാണു മസ്തിഷ്കത്തിലെ പ്രത്യേക കേന്ദ്രങ്ങളില്‍ സൂക്ഷിക്കപ്പെടുന്നത്‌. അതു കൊണ്ടാണു കണ്ണും കൈയും കെട്ടിയിട്ടാലും ഒരു പനിനീര്‍പ്പൂവിന്റെ അരികിലെത്തിയാല്‍ അതു പനിനീരാണെന്ന് തിരിച്ചറിയാന്‍ നമുക്ക്‌ അധ്വാനം വേണ്ടി വരാത്തത്‌.

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മണങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധ്വീനങ്ങള്‍ ചെലുത്തിയിട്ടുണ്ടോ എന്ന് ?
അധികമൊന്നും ചിന്തിക്കാന്‍ കാര്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാകണം ഞാന്‍ ഒരുപാട്‌ ആലോചിച്ചിട്ടുണ്ട്‌..വിസ്മയിച്ചിട്ടുണ്ട്‌..അപ്പോള്‍ ചിരി വന്നിട്ടുണ്ട്‌ , നെഞ്ചു വേദനയും മനം പുരട്ടലുമുണ്ടായിട്ടുണ്ട്‌..
ഒരേ മണം നിരവധി തവണ അനുഭവിച്ചാലും ഒന്നുറപ്പാണു ആദ്യ അനുഭവത്തിന്റെ സന്തോഷിപ്പിക്കുന്നതോ സങ്കടപ്പെടുത്തുന്നതോ ആയ ഓര്‍മ്മകളെ തല്ലിയുണര്‍ത്തുന്നതായിരിക്കും ആവര്‍ത്തനങ്ങള്‍..!
മണിയങ്കോട്ടെ വിജയ മന്ദിരം എസ്റ്റേറ്റിന്റെ വിശാലമായ വയലുകളില്‍ ആനയെപ്പോലുള്ള പോത്തുകളെക്കൊണ്ട്‌ പണിയര്‍ ഉഴുതു മറിക്കുമ്പോള്‍ കറുത്തിരുണ്ട ചളിയില്‍ നിന്നുയരുന്ന ചൂടുള്ള മണം നടക്കാന്‍ പടിക്കുന്ന ഞാന്‍ മൂക്കു വിടര്‍ത്തി ആസ്വദിച്ചിരുന്നിട്ടുണ്ട്‌..മണിക്കൂറുകളോളം..
വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ മണം നിരവധി തവണ എന്നെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്‌..കാഞ്ഞിക്കാവിലും, ഉള്ളിയേരിയിലും, തുരുത്യാട്ടുമൊക്കെ...അത്തരം അവസരങ്ങളില്‍ ഒന്നോ രണ്ടോ നിമിഷങ്ങള്‍ കണ്ണടച്ചു നില്‍ക്കുമ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞത്‌ ശൈശവത്തിന്റെ നിഷ്കളങ്കതയും,സുരക്ഷിതത്ത ബോധവും,ഭാരമില്ലായ്മയും, കുസ്രുതികളുമൊക്കെയാണെന്ന് രോമാഞ്ചത്തോടെ,അവാച്യമായ അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌..

മന്ദങ്കാവിലെ ഇളയമ്മയുടെ വീട്ടില്‍ വേനലവധി ചെലവഴിക്കുന്ന വേളകളിലെപ്പോഴോ ആയിരുന്നു ചകിരി ചീയുന്ന , തലയ്ക്കു പിടിക്കുന്ന മണമെന്നെ ആകര്‍ഷിച്ച്‌ പിടിച്ചത്‌.
മറ്റുള്ളവരില്‍ ഓക്കാനമുണ്ടാക്കുന്നു ആ മണമെന്ന് വളരെ സങ്കടത്തോടെ അധികം വൈകാതെ തിരിച്ചറിഞ്ഞു..ആകസ്മികമായി, ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ടാണു ആ മണം ഒരിക്കല്‍ കൂടെ എന്നെ തേടിയെത്തിയത്‌..ആറേഴു കൊല്ലങ്ങള്‍ കഴിഞ്ഞ്‌ പ്ലസ്റ്റ്‌-ടു ക്ലാസ്സിലെ കെമിസ്റ്റ്രി ലാബില്‍..!
സാക്ഷാല്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ രൂപത്തില്‍..
ലായനിയിലേക്ക്‌ എച്ച്‌.ടു.എസ്സ്‌.പാസ്സ്‌ ചെയ്യാന്‍ ടെസ്റ്റ്‌ ട്യൂബുമായി ക്യൂ നില്‍ക്കുമ്പോള്‍ അവാച്യമായ ആനന്ദം അനുഭവിച്ചിട്ടുണ്ട്‌..ഊഴമെത്തുമ്പോള്‍ എച്ച്‌.ടു.എസ്സ്‌. ഉണ്ടാക്കുന്ന വിചിത്രമായ ഗ്ലാസ്സ്‌ പാത്രത്തിന്റെ നോബ്‌ തിരിച്ച്‌ ആവശ്യത്തിലുമധികം ഹൈഡ്രജന്‍ സള്‍ഫൈഡ്‌ ടെസ്റ്റ്‌ ട്യൂബില്‍ നിറച്ചതിനു മുറിയുടെ മൂലയിലെവിടെയെങ്കിലും നില്‍ക്കുന്ന മുരുകല്‍ മാഷോട്‌ ചീത്ത കേട്ടിട്ടുണ്ട്‌..സ്വത സിദ്ധമായ ശൈലിയില്‍ അദ്ധേഹം പറയും
" എരുമയാ മോനെ , എങ്ങനെ സഹിക്കുന്നു..?"
രണ്ട്‌ കൊല്ലങ്ങള്‍ക്ക്‌ ശേഷം വീണ്ടും ആ മണം ആവോളം ആസ്വദിക്കാനുള്ള അവസരം കിട്ടി..അന്നേതായാലും ഡിഗ്രി ക്ലാസ്സില്‍ സാവിത്രി ടീച്ചറോട്‌ നല്ല ചീത്തയും കേട്ടു..പിന്നീടങ്ങോട്ട്‌ ട്രെയിന്‍ പുഴ കടക്കുമ്പോഴും, ബസ്സ്‌ വയലോരം പിന്നിടുമ്പോഴുമെല്ലാം നാസാരന്ധ്രങ്ങളെ ഒരുപാട്‌ ഉന്‍മത്തമാക്കിയിട്ടുണ്ട്‌ ഈ മണം.അപ്പോഴൊക്കെ മനസ്സില്‍ ആമകള്‍ താമസിക്കുന്ന മന്ദങ്കാവിലെ ' ചേരിക്കുണ്ടു'കളും, നിഴലുകള്‍ നിറഞ്ഞ കെമിസ്ട്രി ലാബുമായിരുന്നു..

പ്രണയത്തിനു ഉമിനീരിന്റെയും, ഇണയുടെ വിയര്‍പ്പിന്റെയും മണമാണെന്നു തോന്നുന്നു.. പ്രണയം ആളിപ്പടര്‍ന്ന കാലത്ത്‌ പൂജാ സ്റ്റോറുകളില്‍ നിന്നുയരുന്ന ചന്ദനത്തിരികളുടെ മണം മനം പുരട്ടലുണ്ടാക്കി...മറ്റാരുടെയോ മുന്‍പില്‍ താലിക്കായി തല നീട്ടുന്ന പ്രേയസിയുടെ മുഖം ചന്ദനത്തിരിയുടെ മണത്തോടൊപ്പം കടന്നു വന്നു.പല അവസരങ്ങളില്‍..അപ്പോഴൊക്കെ ഉള്ളില്‍ എന്തോ കൊളുത്തി വലിച്ചു..കണ്ണുകളില്‍ എരിവ്‌ വന്നു..

കാല -ദേശ-അവസരങ്ങള്‍ക്കതീതമായി മണ്ണെണ്ണയ്ക്ക്‌ മണിയങ്കോട്ടെ പുഴയോരത്തുണ്ടായിരുന്ന ഇടിഞ്ഞു പൊളിയാറായ റേഷന്‍ പീടികയുടെ മണമാണു..അരി തൂക്കിക്കൊടുക്കുന്ന മെലിഞ്ഞ ആ മനുഷ്യന്‍ വന്ന് മണ്ണെണ്ണ വീപ്പയുടെ മൂടി തുറക്കും..സുതാര്യമായ ഒരു റബ്ബര്‍ പൈപ്പ്‌ വീപ്പക്കകത്തേക്കിടും..ഒരറ്റം വായ്ക്കകത്താക്കി ഒറ്റ വലി..വായില്‍ നിറഞ്ഞ മണ്ണെണ്ണ പുറത്തേക്ക്‌ തുപ്പി പൈപ്പ്‌ കന്നാസ്സിലിടും..അപ്പോഴേക്കും മണ്ണെണ്ണയുടെ മണം ചുറ്റിലും പരന്നു തുടങ്ങിയിരിക്കും..ഇന്ന് അസ്തിവാരം പോലും ശേഷിക്കാതെ ആ കെട്ടിടം തകര്‍ന്നു പോയിട്ടും അതു വഴി കടന്നു പോകുമ്പോഴെല്ലാം മസ്തിഷ്കത്തെ ലഹരി പിടിപ്പിക്കുന്ന ആ മണം ഒഴുകിയെത്താറുണ്ട്‌..

'ലെക്സസ്‌' സോപ്പ്‌ തേച്ചിട്ടുണ്ടോ..?'ലെക്സ്‌' അല്ല..ഇനി കമ്പനി മാനനഷ്ടത്തിനു കേസു കൊടുത്താലും വേണ്ടില്ല എനിക്കാ സോപ്പിന്റെ മണം ഇഷ്ടമല്ല..അതെന്നെ വിഷാദത്തിന്റെ പടുകുഴിയിലേക്ക്‌ വലിച്ചെറിയും.. തലവേദനയും,ചങ്കെരിച്ചിലുമുണ്ടാക്കും..അര്‍ദ്ധ ബോധാവസ്ഥയില്‍ ഉടുതുണി പോലും ഉരിഞ്ഞു പോയ നിലയിലുള്ള അച്ഛനെയും താങ്ങി ഒച്ചയുണ്ടാക്കാതെ കരയുന്ന അമ്മയ്ക്കൊപ്പം മെഡിക്കല്‍ കോളേജിലെ പത്താമത്തെ വാര്‍ഡില്‍ സഹതാപമുറ്റുന്ന പരശ്ശതം മിഴിയിണകള്‍ക്ക്‌ മുന്‍പില്‍ ഒന്‍പത്‌ ദിവസങ്ങള്‍ കഴിച്ച്‌ കൂട്ടിയ നാളുകളില്‍ ഈച്ചയാറുന്ന കക്കൂസ്സില്‍ ആരോ കൊണ്ടു വച്ചിരുന്നു ഒരു തടിച്ച 'ലെക്സസ്‌' സോപ്പ്‌...വിസര്‍ജിക്കാനും,കുളിക്കാനും,മുഖം കഴുകാനും പോയി വരുന്നവരെ ആ സോപ്പ്‌ മണത്തു...


റോഡരികില്‍ വളരുന്ന ചെറിയൊരു മുള്‍ച്ചെടിയുണ്ട്‌..മഞ്ഞപ്പൂക്കളുണ്ടാകും,പച്ചക്കായകളും..മന്ദാരത്തിന്റെ കായ വീര്‍ത്തതു പോലെ..മുള്ളു കൊള്ളാതെ അതു പറിച്ചെടുത്ത്‌ വിരലുകള്‍ക്കിടയില്‍ അമര്‍ത്തിയാല്‍ അച്ചയോടെ പൊട്ടും..പൊട്ടിച്ചു കഴിഞ്ഞാല്‍ അര മണിക്കൂര്‍ നേരം കൈകള്‍ക്ക്‌ കൊതിപ്പിക്കുന്ന മണമാണു..എനിക്കത്‌ വയനാടിന്റെ സ്വന്തം മണമാണു..പറമ്പിന്‍ മുകളിലേക്ക്‌ പോകുന്ന അരീക്കുളങ്ങര കയറ്റത്തിന്റെ വലത്‌ ഭാഗത്ത്‌ ഒരു തണുത്ത പ്രഭാതത്തില്‍ ആ ചെടി കണ്ടെത്തിയ ശേഷം ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും അതിന്റെ കായ പൊട്ടിച്ച്‌ മണത്തിട്ടുണ്ട്‌..ഒരു നിമിഷം കണ്ണടച്ച്‌ ആഴത്തിലൊരു ശ്വാസമെടുത്ത്‌ മണിയങ്കോട്ടെ തണുത്ത വഴികളില്‍ പോയി വരികയും ചെയ്യും..


ഉണങ്ങുന്ന വ്രണങ്ങളുടെയും,മുഖക്കുരുവിന്റെ ഞെക്കിയാല്‍ പൊടിയുന്ന വെളുത്ത ആണിയുടെയ്ം,മൂക്കില്‍ ഉറയുന്ന സ്ലേഷ്മ ശേഷിപ്പിന്റെയും,കക്ഷത്തിലെ ചൂടു വിയര്‍പ്പിന്റെയും മണങ്ങള്‍ വിരസമായ സ്വകാര്യതകളില്‍ എനിക്ക്‌ ആസ്വദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സമ്മതിക്കുന്നതില്‍ സങ്കോചം തോന്നുന്നില്ല..ഈ കുറിപ്പ്‌ പൂര്‍ത്തിയാക്കുമ്പോഴും മനസ്സ്‌ രേഖപ്പെടുത്തിയ മണങ്ങള്‍ തീര്‍ന്നുവെന്ന് വിശ്വസിക്കുന്നില്ല..ആകസ്മിക നിമിഷങ്ങളില്‍ കടന്ന് പോയ പടവുകളികെ നനവും,വഴുക്കലും പേറി ഇനിയും മണങ്ങള്‍ വരും..വരണം..

Monday, September 21, 2009

ചില വാമൊഴി ചിന്തകള്‍..

ബാലുശ്ശേരിയുടെ വാമൊഴി നിഖണ്ടു തയ്യാറാക്കുക എന്നത്‌ ഈയുള്ളവന്റെ ഒരു എളിയ സ്വപ്നമാകുന്നു. മലയാള ഭാഷാ പദ സഞ്ചയത്തിനെ കൂടുതല്‍' സമ്പന്നമാ'ക്കാനുള്ള ഈ ഉദ്യമത്തിനിടെ വീണുകിട്ടിയ ചില പായാരങ്ങളാണെനിക്ക്‌ ഇത്തവണ പറയാനുള്ളത്‌.
കഥാപാത്രങ്ങളില്‍ മരിച്ചവരും,ജീവിച്ചിരിക്കുന്നവരുമുണ്ട്‌..


ഗോപാലന്‍ നായരില്‍ തുടങ്ങാം..
പറമ്പിന്‍ മുകള്‍ അങ്ങാടിയില്‍ ചായപ്പീട്യ അതായത്‌ ഹോട്ടല്‍ നടത്തുന്നു. കാലം ഇച്ചിരി മുന്‍പാണു..പാറക്കുളം ഷാപ്പില്‍ നിന്ന് മടങ്ങുന്നവരൊന്നും നായരുടെ ഹോട്ടലില്‍ കയറാതെ വീട്ടില്‍ പോകാറില്ല..ടി.ഗോപാലന്‍ നായരുടെ സാമര്‍ഥ്യം അഥവാ അതി ബുദ്ധി വെളിപ്പെടുത്തുന്ന ഈ സംഭവം നാട്ടില്‍ പാട്ടാക്കിയത്‌ നായരുടെ ബെസ്റ്റ്‌ ഫ്രെണ്ട്‌ ആയ കലന്തന്‍ ഹാജി തന്നെയാണു..( ഹാജിയും,നായരും ചിലപ്പോള്‍ ചെറിയ 'വര്‍ഗീയ'സംഘര്‍ഷങ്ങളിലൊക്കെ എത്തിപ്പെടാറുണ്ടു. " അല്ലേലും ഇങ്ങളു മുട്ട മുറിയന്‍മാര്‍ക്ക്‌ കത തീരേ ഇല്ല ". ഹാജി വിട്ടു കൊടുക്കില്ല ." പാത്ത്യാലും , തൂറ്യാലും കയ്കാത്ത ഇങ്ങളെ കൂട്ടര്‍ക്കാ പെരുത്ത കത"..അപ്പോഴേക്കും നല്ല കറുത്ത സ്റ്റ്രോങ്ങ്‌ കട്ടന്‍ ചായ കൊണ്ടു വച്ചിട്ടുണ്ടാകും കരുണന്‍ ഗോപാലന്‍ നായരുടെയും ഹാജിയുടെയും മുന്നില്‍.അതോടെ തീരും ലഹള. ഹാജിയെപ്പറ്റി വഴിയേ പറയാം )
ഒരു ദിവസം ഉച്ച തിരിഞ്ഞ സമയം.. ഹോട്ടലില്‍ നല്ല തിരക്ക്‌..
ഗോപാലന്‍ നായരും,സഹായി കരുണേട്ടനും ഓടി നടന്നു പണിയെടുക്കുന്നു.
റോഡരികിലെ ബെഞ്ചില്‍ ഒരറ്റത്ത്‌ കലന്തന്‍ ഹാജി കട്ടന്‍ അടിച്ചിരിക്കുന്നുണ്ട്‌..
പൊടുന്നനെയാണത്‌ സംഭവിച്ചത്‌.
" ഫൂ "
പലഹാര അലമാരയ്ക്കു പിന്നില്‍ മരച്ചീനിപ്പുഴുക്ക്‌ ( ഈ ആഹാരത്തിന്റെ ' ബാലുശ്ശേരിയന്‍' പേരു പറഞ്ഞാല്‍ തിരുവനന്തപുരത്തെ എന്റെ മിത്രം ഷമീം ഫാറൂഖ്‌ അടുത്ത നിമിഷം എന്റെ ഫ്രെണ്ട്ഷിപ്‌ കട്ടു ചെയ്യും ! ) തിന്നുകയായിരുന്ന മീങ്കാരന്‍ പോക്കരാണു തുപ്പിയത്‌.
പൊതുവെ തുറിച്ച ഉണ്ടക്കണ്ണുകള്‍ രണ്ടൂം വെളിയിലേക്ക്‌ തള്ളിച്ച്‌ പോക്കര്‍ പ്ലേറ്റുമായി എണീറ്റ്‌ ഗോപാലന്‍ നായരുടെ നേരെ നിന്നു..
" ദെന്താ കോവാലാ പുയിക്കിലു വണ്ടോ..? "
ഹോട്ടലും പരിസരവും നിശ്ചലമായി.ഗോപാലന്‍ നായര്‍ കൂളായി പോക്കരുടെ അടുത്ത്‌ വന്നു,പ്ലേറ്റ്‌ വാങ്ങി അടുപ്പിച്ച്‌ നോക്കി. പിന്നെ പുഴുക്കില്‍ കറുത്തുരുണ്ടു മിനുത്ത്‌ കിടക്കുന്ന ആ സാധനമെടുത്ത്‌ വായിലിട്ടു.. താളത്തില്‍ ചവച്ചരച്ച്‌ പോക്കരുടെ ചൂടുവെള്ളവുമെടുത്ത്‌ കുടിച്ച്‌ കലന്തന്‍ ഹാജിയെ നോക്കി എല്ലാരോടുമെന്നോണം ഉറക്കെ ഒരു ' ആത്മഗതം '
" പുയിക്കിലാ ഇമ്മളെ കരുണന്‍ മുന്തിരി കൊണ്ടച്ചിട്ടത്‌.."
കരുണന്‍ വാ പൊളിച്ചു നില്‍ക്കെ എല്ലാം ശാന്തമായി.പോക്കര്‍ അതേ പുഴുക്കു തന്നെ പ്ലേറ്റ്‌ വടിച്ചു തിന്ന് അഞ്ച്‌ വിരലും മാറി മാറി നക്കി എണീറ്റ്‌ പോയി.
അന്ന് രാത്രി ഗോപാലന്‍ നായര്‍ ഹോട്ടല്‍ അടച്ച്‌ നിരയെടുത്ത്‌ വക്കുമ്പോള്‍ ഹാജിയാര്‍ തന്റെ സംശയം ചോദിച്ചു..
" അത്‌ മുന്തിര്യെന്ന്യായ്നോ ന്റെ പഹയാ..? "
നടുവിലെ നിരയിലെ പഴുതില്‍ കറുത്ത്‌ എണ്ണമയമുള്ള താക്കോലിട്ടു തിരിക്കവേ ഗോപാലന്‍ നായര്‍ പതുക്കെ പ്രതിവചിച്ചു.
" എണക്കെന്തിന്റെ ചൂടാ കല്‍ന്താ..? നല്ല്യസ്സല്ല് തീട്ട വണ്ടാ..അയിന്റ്യൊരു കൊയ്പ്പ്‌ പ്പളും പോയിറ്റില്ല തൊള്ളേന്ന് "
പറഞ്ഞു കഴിഞ്ഞ്‌ നായര്‍ ആഞ്ഞൊന്ന് കാര്‍ക്കലിച്ച്‌ തുപ്പി..നാട്ടില്‍ തല്ലുണ്ടാക്കിയും , ഒളിവെട്ടു നടത്തിയും ( അന്യന്റെ ഭാര്യയെ വളച്ചെടുത്ത്‌ തഞ്ചത്തില്‍ പ്രാപിക്കുന്ന വിദഗ്ദമായ ഏര്‍പ്പാടിന്റെ നാടന്‍ ഭാഷ്യമാകുന്നു ' ഒളിവെട്ട്‌ ' ) തലവേദന ഉണ്ടാക്കുന്നവന്‍മാരെ നന്നാക്കാന്‍ പിതാക്കന്‍മാര്‍ ചെയ്യുന്ന കടുംകൈയാണു ഗള്‍ഫിലേക്കുള്ള നാടു കടത്തല്‍. ' ചിന്താവിഷ്ടയായ ശ്യാമള' യില്‍ ശബരിമലയ്ക്കു പോയി വന്ന ശ്രീനിവാസന്റെ കഥാപാത്രത്തിനു സംഭവിച്ച മാതിരിയുള്ള മാറ്റവുമായി വരുന്നവന്‍മാരുണ്ട്‌ ഗള്‍ഫീന്ന്..അതിനൊരു കൊച്ചു ഉദാഹരണമാണു സുനിയുടെ കഥ..

രണ്ടരക്കൊല്ലത്തെ ഗള്‍ഫ്‌ വാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ സുനി വയല്‍ വരമ്പത്തെ കൊച്ചയെ അതായത്‌ കൊറ്റിയെ വിരല്‍ ചൂണ്ടി പീടികയിലെ സുധാകരേട്ടനോട്‌ ചോദിച്ചു.
" സുധാകരന്‍ ചേട്ടാ , ആ വരമ്പത്ത്‌ നില്‍ക്കുന്ന വെളുത്ത പക്ഷിയേ കാണുന്നില്ലേ, അതിന്റെ പേരെന്തായിരുന്നു..? "
നെല്ലു വിതച്ച കണ്ടത്തില്‍ കൊച്ചകളേയും,കുളക്കോഴികളെയും ഓടിക്കാന്‍ കുടുക്കില്ലാത്ത ട്രൌസറിന്റെ രണ്ട്‌ കീശയിലും ചരലു നിറച്ച്‌ വരമ്പത്ത്‌ കുത്തിയിരിക്കുന്ന സുനിയെ ഒരു നിമിഷം ഓര്‍ത്തു പോയി സുധാകറേട്ടന്‍.ഏതായാലും അങ്ങനെ ചോദിച്ച ദിവസം തന്നെ കൊടിത്തുവ്വയില്‍ ചവിട്ടിപ്പോയ സുനി
" ഊയിന്റ്യമ്മോ ചൊറിഞ്ഞൊറിഞ്ഞ്‌ ഇനിക്കിപ്പം പ്രാന്ത്‌ പിടിക്ക്യേ.." ന്ന്
നിലവിളിച്ച കാര്യവും പുറം ലോകം അറിഞ്ഞത്‌ സുധാകരേട്ടനില്‍ നിന്നാണു..ഇനി കലന്തന്‍ ഹാജിയിലേക്കു വരാം. ലോക പരിചയം കമ്മിയായ ഹാജി പറമ്പിന്‍ മുകളല്ലാതെ പുറത്ത്‌ പോയത്‌ ഒന്ന് ഹജ്ജിനു മക്കയിലേക്കും,മറ്റൊന്ന് മരു മകളുടെ പ്രസവത്തിനു കോഴിക്കോട്ടേക്കും..
പട്ടണത്തില്‍ ഹാജിക്കു പിണഞ്ഞ അമളി അങ്ങാടിപ്പാട്ടാക്കാന്‍ ' അറാമ്പിറന്ന ' ഏതോ ഒരു ബാലുശ്ശേരിക്കാരന്‍ ഹാജിയുടെ തൊട്ടടുത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു.
കലന്തന്‍ ഹാജിയുടെ രണ്ടാമത്തെ കെട്ടിലെ മൂന്നാമത്തെ മകന്റെ ഒന്നാമത്തെ ബീവിയുടെ രണ്ടാമത്തെ പ്രസവം നടന്നത്‌ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു.
പറമ്പിന്‍ മുകളില്‍ നിന്ന് ബസ്സ്‌ കയറിയ ഹാജിയാര്‍ക്ക്‌ ഇത്തിരി മുന്നിലാണു സീറ്റ്‌ കിട്ടിയത്‌. നേരു പറഞ്ഞാല്‍ ഹാജ്യാര്‍ തനിച്ച്‌ ബസ്സില്‍ ആദ്യായിട്ടാണു.ണല്ല തിരക്ക്‌. നന്‍മണ്ട എത്തിയപ്പോ കണ്ടക്ടര്‍ ഹാജിയുടെ അടുത്തെത്തി.
കണ്ടക്ടറോട്‌ എന്താ പറയെണ്ടതെന്ന് ആലോചിക്കവേ തൊട്ടടുത്ത്‌ പര്‍ദ്ദയുടുത്ത്‌ നിന്ന പെണ്ണ്‍ പണം കൊടുത്ത്‌ കണ്ടക്ടറോട്‌
" ഒരു ഫാത്തിമ "
ഹാജ്യാര്‍ക്കു സന്തോഷായി. ' ഫാത്തിമ ' ബസ്സ്‌ സ്റ്റോപിന്റെ പേരാണെന്നൊന്നും അറിയാത്ത ഹാജി ഒരു അന്‍പതിന്റെ നോട്ടെടുത്ത്‌ കണ്ടക്ടര്‍ക്ക്‌ നീട്ടിയിട്ട്‌ തട്ടിവിട്ടു.
" ഒരു കലന്തന്‍ "സ്ഥലത്തെ പ്രമാണിമാരായിരുന്ന കുഞ്ഞിരാമേട്ടനും,അപ്പു നമ്പ്യാര്‍ക്കും എക്സ്‌.കേശവേട്ടനോട്‌ പുളിച്ച ചീത്ത കേട്ട സംഭവം നടന്നത്‌ പത്തിരുപത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പാണു.
കേശവേട്ടന്റെ മിലിട്ടറി ബഡായികള്‍ പ്രസിദ്ധമാണു.
അതിലൊരു സൂപ്പര്‍ ബഡായി പറഞ്ഞിട്ട്‌ സംഭവം വിവരിക്കാം.
കാശ്മീരില്‍ അതിര്‍ത്തി കാക്കുകയാണു കേശവേട്ടന്‍.തണുപ്പ്‌ ഏതാണ്ടൊരു മൈനസ്‌ 25 ഡിഗ്രി.
പാക്കിസ്ഥാന്‍ കാര്‍ ഘോര ഘോരം നുഴഞ്ഞു കയറുന്നുകേശവേട്ടന്റെ ബറ്റാലിയന്‍ വലിയൊരു കിടങ്ങിന്റെ മുന്‍പില്‍ എത്തിപ്പെട്ടു. ആരെങ്കിലുമൊരാള്‍ അപ്പുറത്തെത്തി കുറ്റിയടിച്ച്‌ കയറു കെട്ടിയാല്‍ എല്ലാര്‍ക്കും തൂങ്ങി അപ്പുറത്തെത്താം.ചിന്തിച്ച്‌ നില്‍ക്കാന്‍ സമയമില്ല..
ക്യാപ്റ്റന്‍ കേശവേട്ടനെ ഒന്നു നോക്കി (യത്രേ )
കേശവേട്ടന്‍ മുന്നോട്ട്‌ വന്ന് സല്യൂട്ടടിച്ചു. പിന്നെ കൊട്ടയില്‍ നിന്നും നല്ലൊരു ഉണ്ട തെരെഞ്ഞെടുത്ത്‌ പീരങ്കിയിലിട്ടു. കൂടെയുള്ള തമിഴന്‍ ജവാനോട്‌ തീ കൊടുക്കാന്‍ പറഞ്ഞു.
കുന്നിനെ കുലുക്കി പീരങ്കി ഗര്‍ജ്ജിച്ചു.എല്ലാരും തരിച്ചു നില്‍ക്കെ വലിയ കിടങ്ങിന്റെ അപ്പുറത്തെ കരയില്‍ എളിക്കു കൈയും കുത്തി നില്‍ക്കുന്നു കേശവേട്ടന്‍ !
ആര്‍ക്കുമൊന്നും മനസ്സിലായില്ല. ജവാന്‍മാരെല്ലാം മറുകരയെത്തിയപ്പോള്‍ കേശവേട്ടന്‍ തന്നെ വെളിപ്പെടുത്തി.
'കുതിച്ചു പാഞ്ഞ പീരങ്കി ഉണ്ടയിന്‍മേല്‍ തൂങ്ങിക്കിടന്നു.ഉണ്ട ഇപ്പുറമെത്തിയപ്പോള്‍ കൈവിട്ട്‌ ചാടി '
ആ സംഭവത്തിനു തെളിവായി ഒരു പൊള്ളല്‍ പാട്‌ കേശവേട്ടന്‍ ഞങ്ങളെയെല്ലാം കാണിച്ചിട്ടുണ്ട്‌.എന്നാല്‍ ആ പാട്‌ കഞ്ഞിക്കലത്തിന്റെ വക്കു കൊണ്ട്‌ പൊള്ളിയതാണെന്നും, പട്ടാളത്തിലെ അരിവെയ്പ്പുകാരനായിരുന്നു കേശവേട്ടനെന്നുമുള്ള പ്രബലമായ വാദം കാഞ്ഞിക്കാവിലുണ്ട്‌. !
ഈ കേശവേട്ടന്റെ ഞാട്ടിക്കണ്ടത്തിലൂടെയാണു ഒരു ദിവസം മൊയ്തിക്കാക്കയുടെ പശു കയറും പൊട്ടിച്ചോടിയത്‌.! ഒന്നും രണ്ടുമല്ല എട്ടു പത്ത്‌ വയലുകളില്‍ നട്ട ഞാറു മുഴുവന്‍ കുട്ടിച്ചോറാക്കി ഒരു
' ഉഴുത്തു ' തന്നെ നടത്തിയാണു പശു വരമ്പത്ത്‌ കയറിയത്‌.
പുകിലായി..!
കേശവേട്ടന്‍ മൊയ്തിക്കാക്കയെ വരമ്പത്ത്‌ നിന്നു തന്നെ കൊങ്ങയ്കു പിടിച്ചു.
ഓടിയെത്തിയവരില്‍ നിന്ന് ഇത്തിരി ധൈര്യം കൂടുതലുള്ള കുഞ്ഞിരാമേട്ടനും,അപ്പു നമ്പ്യാരും കേശവേട്ടന്റെ ഇടയില്‍ കയറി..ദേഷ്യം കൊണ്ട്‌ കേശവേട്ടന്റെ പിരിച്ച മീശ കിടന്ന് വിറയ്ക്കുന്നുണ്ട്‌.
" ഇങ്ങളു കണ്ടോ കുഞ്ഞിമ്മക്കളേ ഇന്നായിന്റെ മോന്‍ ചെയ്തെച്ച പണി..? "
എന്ന് ചോദിക്കാനായിരുന്നു കേശവേട്ടന്‍ ഉദ്ദേശിച്ചതെങ്കിലും രോഷത്തിന്റെ പാരമ്യത്തില്‍ നാവില്‍ വികട സരസ്വതി വിളയാടിക്കളഞ്ഞു..ചോദിച്ചതിങ്ങനെ:
" ഇങ്ങളു കണ്ടോ നായിന്റെ മക്കളേ ഇക്കുഞ്ഞിമ്മോന്‍ ചെയ്തെച്ച പണി..? "
കൊല്ലം മൂന്നു നാലു കാത്തിരുന്ന് ഫോണ്‍ കിട്ടിയപ്പോള്‍ കുമാരന്‍ അമ്മ പാറുവിനെ നൂറു തവണ പറഞ്ഞു പടിപ്പിച്ചതാണു ആരെങ്കിലും വിളിച്ചാല്‍ റെസീവെര്‍ എടുത്ത്‌ ആദ്യം " ഹലോ " പറയണമെന്ന്..
പക്ഷെ പറമ്പില്‍ വിറകൊടിക്കുകയായിരുന്ന പാറുവമ്മ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഓടി വന്ന് റെസീവെറെടുത്ത്‌ ചോദിച്ചതിങ്ങനെ
" ഞാങ്കണ്ടത്തിലായിനൂം എന്താണലോ..? "
ബി.എഡ്‌.കോളേജില്‍ പടിക്കുന്ന ത്രിശ്ശൂര്‍ക്കാരന്‍ ചുള്ളന്‍ സഹപാടിയെക്കാണാന്‍ ബാലുശ്ശേരിയില്‍ വന്നപ്പോള്‍ ബസ്സ്‌ ക്ലീനര്‍ യാത്രക്കാരനോട്‌ " വേങ്കീ..വേങ്കീ.." എന്നു പറയുന്നതും, യാത്രക്കാരന്‍ മറുപടിയായി
" കിയാ..കിയാ.." എന്ന് പറഞ്ഞതും കേട്ട്‌ അന്തം വിട്ട്‌ താന്‍ ചൈനയിലോ, കൊറിയയിലോ എങ്ങാനുമാണോ എന്ന് സംശയിച്ചതും സംഭവിച്ച കാര്യമാണു..(ക്ലീനര്‍ "വേഗം ഇറങ്ങ്‌..വേഗം ഇറങ്ങ്‌.." എന്നും യാത്രക്കാരന്‍
" ഇറങ്ങാം..ഇറങ്ങാം" എന്നുമായിരുന്നു പറഞ്ഞത്‌ )
" ഓക്കലച്ചക്കുളിയാ.." എന്നു പറഞ്ഞാല്‍ പ്രിയ വായനക്കാരീ / രാ മനസ്സിലാക്കുക 'അവള്‍ക്ക്‌ കൊതിയാണെന്നാണു' ആ പഴയ ബാലുശ്ശേരിക്കാരന്‍ പറഞ്ഞത്‌..
സ്ഥാനപ്പേരു ബിരുദമായി നല്‍കി ഡോ.മോഹനനെ മോന്‍ ഡോക്ടര്‍ എന്നും,അഡ്വ. ഹമീദിനെ അമീദു വക്കീലെന്നും, എസ്‌. ഐ. വാസുവിനെ വാസു എസ്സൈ എന്നും വിളിക്കുന്നത്‌ ബാലുശ്ശേരിക്കാര്‍ മാത്രമാണോ എന്നറിയില്ല..എന്നാലും ഭാഷയിലെ വൈക്രിതങ്ങള്‍ക്കൊപ്പം നാട്ടിന്‍ പുറത്തിന്റെ നിഷ്കളങ്കത കൂടെ ചേരുമ്പോഴുണ്ടാകുന്ന വ്യതിയാനങ്ങള്‍ ചിരിക്ക്‌ വക നല്‍കുമെങ്കിലും അതില്‍ അനുപമമായ സൌന്ദര്യമുണ്ട്‌..ഫോണും,ടി.വി.യും. ഹാംബെര്‍ഗറും, പിസ്സയും വിഭാവനം ചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു ദേശത്തിന്റെ, പല തലമുറകളുടെ വികാര വിചാരങ്ങള്‍ പങ്കു വച്ചതിന്റെ വരണ്ടു മങ്ങിയ പാടുകളുണ്ട്‌...

Sunday, September 6, 2009

' ശിവ മുകുന്ദനെ സ്നേഹിച്ചിരുന്നോ..? '

നമുക്കവനെ മുകുന്ദന്‍ എന്നു വിളിക്കാം..അവന്റെ കഥ വായിച്ച ശേഷം ആരുമായെങ്കിലും ആര്‍ക്കെങ്കിലും സാദ്രിശ്യം തോന്നിയെങ്കില്‍ അത്‌ സ്വാഭാവികം മാത്രം..കാരണം ആ പേരിലല്ലെങ്കിലും അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു..അവനെ മറക്കാന്‍ ശ്രമിക്കുന്ന അവന്റെ ബന്ധുക്കളുടെയോ,സുഹ്രുത്തുക്കളുടെയോ മുന്നില്‍ ഒരു ഇടിത്തീ പോലെ ഈ കുറിപ്പു വന്നു പതിച്ചാല്‍ സദയം ക്ഷമിക്കുക. എനിക്കിത്‌ എഴുതാതിരിക്കാന്‍ വയ്യ..കാരണം ഞാന്‍ അവനെ ഇഷ്ടപ്പെട്ടിരുന്നു..അവന്റെ മരണശേഷമെങ്കിലും അവനില്‍ എന്നെത്തന്നെ കണ്ട്‌ വിസ്മയിക്കുകയും ചെയ്തിട്ടുണ്ട്‌..


ഇരുപത്തി ആറാം വയസ്സു വരെ മുകുന്ദന്‍ അജ്ഞാതനായിരുന്നു..പക്ഷെ അവന്റെ വിരലുകള്‍ കാന്‍ വാസുകളില്‍ തീര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം കുറച്ചൊന്നുമായിരുന്നില്ല ഉള്ളിയേരിക്കാരെ വിസ്മയിപ്പിച്ചിരുന്നത്‌.. നിറങ്ങള്‍ ആറാടുന്ന പണിപ്പുരയുടെ മുന്‍ വശത്തെ കൊച്ചു ജനവാതിലിലൂടെ ഒരു വേനല്‍ക്കാല പുലരിയിലാണു മുകുന്ദന്‍ ആദ്യമായി അവളുടെ ശബ്ദം കേട്ടത്‌, ശിവകാമിയുടെ !
പാട്ട പെറുക്കുന്ന നാടോടിപ്പെണ്‍കുട്ടിയുടെ മുഷിഞ്ഞ വേഷത്തില്‍ എത്ര ശ്രമിച്ചിട്ടും ശിവകാമിയെ കാണാന്‍ മുകുന്ദനു കഴിഞ്ഞില്ല.. ആദ്യ കണ്ടുമുട്ടല്‍ നടന്ന അവസരത്തില്‍ മാടി വിളിച്ചു പേരു ചോദിച്ചതും തല വെട്ടിച്ചും കൊണ്ട്‌ ശിവ ഓടിപ്പോയി..ആരും കണ്ടില്ലെന്നുറപ്പാക്കി മുറ്റത്തെ മാവിന്‍ ചുവട്ടില്‍ നിര്‍ത്തിയിട്ട സൈക്കിളുമെടുത്ത്‌ പിന്നാലെ പോയ മുകുന്ദന്‍ ശിവകാമിയെ ആതകശ്ശേരി അമ്പലത്തിനു മുന്നിലെ കുളത്തിന്റെ കരയില്‍ തടഞ്ഞു നിര്‍ത്തി..
മുകുന്ദന്റെ മനസ്സില്‍ പ്രണയമായിരുന്നൊ,വെറും പച്ചക്കാമം മാത്രമായിരുന്നോ ശിവയോട്‌ എന്നത്‌ ഇന്നും തര്‍ക്ക വിഷയമാണു..ഏതായാലും കുളക്കരയില്‍ വച്ച്‌ ഉറക്കെ നിലവിളിച്ച്‌ ബഹളമുണ്ടാക്കി കൂടെയുള്ളവരെ വരുത്തി ശിവ മുകുന്ദനെ മുറിവേല്‍പ്പിച്ച ആ ദിവസം രാത്രി കനാല്‍ പാലത്തിന്‍മേല്‍ സിഗററ്റ്‌ വലിച്ചിരിക്കുമ്പോള്‍ സുഹ്രുത്ത്‌ രമേശനോട്‌ മുകുന്ദന്‍ മനസ്സു തുറന്നിരുന്നു..
ഒരു പുടവ കൊടുത്ത്‌ താലി ചാര്‍ത്തി തനി മലയാളിപ്പെണ്‍കുട്ടിയായി ശിവയെയും കൊണ്ടു ചെന്നാല്‍ തറവാടിന്റെ പടിപ്പുര തങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെടില്ലെന്ന്‌ പുരോഗമന വാദിയായ നാരായണന്‍ മാഷിന്റെ ഏക മകനു,മുകുന്ദനു ഉറപ്പായിരുന്നു..
പിറ്റേ ദിവസവും മുകുന്ദന്‍ ശിവയെ തിരഞ്ഞു കണ്ടെത്തി..അന്നും ശിവ ബഹളമുണ്ടാക്കി. നാറാത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫീസിനു മുന്നില്‍ വച്ച്‌.. പിന്നീട്‌ ഒരാഴ്ച മുഴുവന്‍ തിരഞ്ഞിട്ടും മുകുന്ദനു ശിവയെ കണ്ടെത്താനായില്ല..ഊണും ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെട്ട ദിവസങ്ങള്‍..എന്നാല്‍ ഒരു ഞായറാഴ്ച്ച ശിവ സ്വയം മുകുന്ദനെ തേടിയെത്തി..
അന്നാദ്യമായി ശിവകാമിയുടെ ചിരിക്കുന്ന മുഖം മുകുന്ദന്‍ കണ്ടു..അതിനു അവളുടെ ആദ്യ മുഖത്തേക്കാള്‍ നൂറിരട്ടി സൌകുമാര്യമുണ്ടെന്നു മുകുന്ദനു തോന്നി..പതുക്കെ അണഞ്ഞ ചിരിക്കൊടുവില്‍ ശിവ ചുണ്ടനക്കി
]
" നാളൈ കാലൈയില്‍ ഊരുക്കു പോയിടുവേന്‍"
"എവിടേക്ക്‌..? മുകുന്ദനു ആധി കയറി..എല്ലാവരും ഉണ്ടോ..?"
" അപ്പാ,അമ്മാ,അത്താ എല്ലാരും ഇരുക്കു."
ഇടം കണ്ണിട്ട്‌ ഒന്നു നോക്കിയ ശേഷം ശിവ തുടര്‍ന്നു..
"അതിനു നീങ്ക എതുക്ക്‌ കവലപ്പെടണും..??"
പറഞ്ഞു കഴിഞ്ഞ്‌ ശിവ വീണ്ടും ചിരിച്ചു. ശരീരമിളക്കി ചിരിക്കുമ്പോള്‍ വല്ലാത്തൊരു മാദകത്വമാണു ശിവയ്ക്കെന്ന്‌ വ്യാകുലതകള്‍ക്കിടയിലും മുകുന്ദന്‍ ശ്രദ്ധിച്ചു..
" എപ്പോ തിരിച്ചു വരും..?" മുകുന്ദന്‍ ചോദിച്ചു..
" തിരുമ്പി വറലെല്ലാം അപ്പാവുക്ക്‌ മട്ടും താന്‍ തെരിയും.".
ഏതാനും നിമിഷങ്ങള്‍ നിര്‍ത്തിയ ശേഷം ശിവ മുകുന്ദന്റെ കണ്ണുകളിലേക്ക്‌ നോക്കി ചോദിച്ചു..
"ഉങ്കളുക്കു തിരുച്ചിയില്‍ വരക്കൂടാതാ..??"
വിശ്വസിക്കനായില്ല മുകുന്ദനു.. ഒന്നു പേരു ചോദിച്ചപ്പോള്‍ അലറിക്കരഞ്ഞ ശിവ തന്നെ ക്ഷണിക്കുന്നു..സ്വന്തം നാട്ടിലേക്ക്‌. ഞൊടിയിടയില്‍ നിറ്യെ പൂക്കള്‍ വിതറിയ കട്ടിലില്‍ ശിവയ്ക്കൊപ്പം ഒരു മെയ്യായുറങ്ങുന്നതും മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഒച്ച വച്ചു കളിക്കുന്ന കുളന്തൈകളെയും മുകുന്ദന്‍ സ്വപ്നം കണ്ടു...
ശിവ വിളിച്ചാല്‍ തിരുനെല്‍ വേലിക്കല്ല നരകത്തില്‍ വരെ പോകാന്‍ മുകുന്ദന്‍ തയ്യാറായിരുന്നു.
ശിവകാമി തമിഴില്‍ പറഞ്ഞു കൊടുത്ത അസ്പഷ്ടമായ മേല്‍ വിലാസം കുറിച്ചെടുത്ത മുകുന്ദന്‍ പെട്ടെന്നായിരുന്നു ശിവയെ വലിച്ചടുപ്പിച്ചു ചുംബിച്ചത്‌..ശിവ ബഹളം വച്ചില്ല..അപ്പാവെയും,അമ്മായെയും വിളിച്ച്‌ കരഞ്ഞില്ല..എങ്കിലും ആദ്യം ചുണ്ടുകള്‍ വേര്‍പെടുത്തിയത്‌ ശിവയായിരുന്നു..റോഡിലൂടെ നടന്നകലുമ്പോള്‍ വീണ്ടും വീണ്ടും അവള്‍ തിരിഞ്ഞു നോക്കി..ഇമ വെട്ടാതെ മുകുന്ദന്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു


ക്രിത്യം ഒരാഴ്ച്ച കഴിഞ്ഞ്‌ മുകുന്ദന്‍ തിരുനെല്‍ വേലിക്ക്‌ വണ്ടി കയറി..ആ യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ ഒരു സാക്ഷിയുണ്ടായിരുന്നു.. രമേശന്‍..
ആറു മാസങ്ങള്‍ക്കു ശേഷം മുകുന്ദന്‍ തിരിച്ചെത്തി..ക്ഷമിക്കണം അതു മുകുന്ദന്‍ ആയിരുന്നില്ല..മുകുന്ദന്റെ പ്രേതം..!
കവിളില്‍ വലിയ രണ്ടു കുഴികള്‍..കണ്ണുകളില്‍ എന്നെന്നേക്കുമായി കെട്ടു പോയ വിളക്കുകള്‍..
ചുവന്നു നീണ്ട മുടി ഒരു ഭ്രാന്തന്റെ പരിവേഷം നല്‍കി മുകുന്ദനു..
ഈച്ചകള്‍ ആര്‍ത്തു പൊതിയുന്ന മുണ്ടില്‍ നിന്നും മൂത്രത്തിന്റെ രൂക്ഷ ഗന്ധം ചുറ്റിലും പരന്നു കൊണ്ടേയിരുന്നു..
അന്നൊരു ദിവസം വേച്ചു വേച്ചു റോഡരികില്‍ വീണ മുകുന്ദന്റെ അരികിലേക്ക്‌ ഓടിയെത്തിയവര്‍ ആ കാഴ്ച്ച കണ്ട്‌ തരിച്ചു നിന്നു പോയി.. കുത്തഴിഞ്ഞ മുണ്ടിനു താഴെ നഗ്നനാണു മുകുന്ദനിപ്പോള്‍.. ലിംഗത്തിന്റെ സ്ഥാനത്ത്‌ ഇരുണ്ട്‌ ചുവന്ന ഒരു ദ്വാരം മാത്രം..! അതിലൂടെ പഴുപ്പില്‍ അലിഞ്ഞ മൂത്രം ഒഴുകി തുടകളിലേക്ക്‌ പരക്കുന്നു..ചുറ്റും രോമപ്പടര്‍പ്പുകളില്‍ കറുത്തു കട്ട പിടിച്ച രക്തത്തില്‍ ഈച്ചകള്‍ മത്സരിച്ച്‌ അരിക്കുന്നു...


തിരുനെല്‍ വേലിയില്‍ വണ്ടിയിറങ്ങിയ മുകുന്ദന്‍ രണ്ടു ദിവസങ്ങള്‍ ബസ്സിലും,ഓട്ടോയിലുമൊക്കെയായി അലഞ്ഞ്‌ തിരിഞ്ഞ്‌ ഒടുവില്‍ ശിവയുടെ ഗ്രാമം കണ്ടു പിടിച്ചു..പല വഴികളിലൂടെ സഞ്ചരിച്ച്‌ കടപ്പുറത്തെ ശിവയുടെ കുടിലിനു മുന്നിലെത്തി...
കാത്തു നില്‍ക്കേണ്ടി വന്നില്ല..മൂന്നു നാലു പെണ്‍കുട്ടികള്‍ക്കൊപ്പം പുറത്തിറങ്ങിയ ശിവ മുകുന്ദനെ കണ്ട്‌ ഒരു നിമിഷം തരിച്ചു നിന്നു..
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത്‌ മുകുന്ദന്‍ ശ്രദ്ധിച്ചു..ഒരക്ഷരം ഉരിയാടാതെ ശിവ അകത്തേക്കു കയറിപ്പോയി..കൂടെ വന്ന പെണ്‍കുട്ടികള്‍ സംശയിച്ചു നില്‍ക്കെ രണ്ടു മൂന്നു ചെറുപ്പക്കാര്‍ അകത്തു നിന്നും ഇറങ്ങി വന്നു..അവര്‍ മുകുന്ദനെ ബലമായി പിടിച്ചു വലിച്ചിഴച്ചു കൊണ്ടു പോയി..മുകുന്ദന്‍ ശിവയെ വിളിച്ചു കരഞ്ഞു കൊണ്ടേയിരുന്നു..കടപ്പുറത്ത്‌ മൂന്നു നാലു കൂറ്റന്‍ തോണികള്‍ക്കിടയില്‍ മുകുന്ദനെ അവര്‍ ചെരിച്ചു കിടത്തി..കൈകളും കാലുകളും പിടിച്ചു വച്ചു..
സ്രാവിനേയും തിരണ്ടിയേയും അരിയുന്ന നീണ്ട വാളു കൊണ്ട്‌ മുകുന്ദന്റെ ലിംഗം അവര്‍ അരിഞ്ഞെടുത്തു...ചങ്കു പറിയുന്ന ഒച്ചയില്‍ മുകുന്ദന്‍ നിലവിളിച്ചു..


ഉള്ളിയേരിയിലും കൊയിലാണ്ടിയിലും മുകുന്ദനെ അവശനായി പല പ്രാവശ്യം കണ്ടിട്ടുണ്ട്‌.
ഒടുവില്‍ ഒരു വസന്ത കാലത്ത്‌ സകല ദുരിതങ്ങളില്‍ നിന്നും മുകുന്ദന്‍ രക്ഷപ്പെട്ടു..എന്നെന്നേക്കുമായി..
വിഷം ഉള്ളില്‍ച്ചെന്ന് സ്വന്തം വീട്ടു വളപ്പില്‍ കിടന്ന് മുകുന്ദന്‍ മരിച്ചു..
ആഹാരത്തിലായിരുന്നു വിഷമെന്ന് വ്യക്തമായിരുന്നു..പക്ഷെ എങ്ങനെ..??
ഇത്‌ നാടിന്റെ മുഴുവന്‍ ചോദ്യമായിരുന്നു...അതിനുള്ള ഉത്തരമായിരുന്നോ എന്നറിയില്ല തൊട്ടടുത്ത ദിവസം നാരായണന്‍ മാഷും ആത്മഹത്യ ചെയ്തു..
അതൊരു പശ്ചാത്താപ കര്‍മ്മമായിരുന്നോ..?


എല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍ രമേശന്‍ താഴോട്ടു നോക്കി കണ്ണുകള്‍ തുടച്ചു..അവന്റെ തോളില്‍ കൈ വച്ച്‌ ഏതാനും നിമിഷങ്ങള്‍ അവിടെ നിന്ന ശേഷം തിരികെ നടന്നു..ഇടിയും മഴയും വന്ന് കറണ്ട്‌ പോയ നേരത്ത്‌ വീട്ടിലെത്തി. നടുവൊടിഞ്ഞ മെഴുകു തിരിയുടെ അരണ്ട വെളിച്ചത്തില്‍ നാലു വെള്ളക്കടലാസുകള്‍ ബോര്‍ഡില്‍ ക്ലിപ്പ്‌ ചെയ്ത്‌ ചുവന്ന പേന കൊണ്ട്‌ എഴുതിത്തുടങ്ങി' ശിവ മുകുന്ദനെ സ്നേഹിച്ചിരുന്നോ..? '

Monday, August 24, 2009

പത്രോസും പാരയാകും..!

ഇതൊരു ചോര പുരണ്ട സംഭവത്തിന്റെ തൊങ്ങലുകളില്ലാത്ത വിവരണമാകുന്നു..
വായനയ്ക്കൊടുവില്‍ എവിടെയാണു ചോര പുരണ്ടതെന്നു ചോദിച്ച്‌ എഴുത്തു കാരനെ ഓടിക്കരുത്‌...സംഭവം നടക്കുന്നത്‌ 2009 ആഗസ്ത്‌ 15 നു ഉച്ചയ്ക്കു ശേഷം,അതായത്‌ നമ്മള്‍ ഇന്‍ഡ്യയുടെ 62 ആം സ്വാതന്ത്യ്ര ദിനം ആഘോഷിച്ച അതേ ദിവസം.വേദി വയനാട്‌ ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ അകലെയുള്ള മണിയങ്കോട്‌ ഗ്രാമം.
അനിയത്തിക്കൊപ്പം ഞാന്‍ , ഛെ, കഥാനായകന്‍,അല്ലെങ്കില്‍ വേണ്ട ഇനി ' ഞാന്‍ ' എന്നു തന്നെ പറയാം. ദേശീയ പതാക പാറിക്കളിക്കുന്ന സ്വന്തം വണ്ടിയില്‍ പറ പറക്കുകയാണു..
( മെഴ്സിഡസ്‌ ബെന്‍സാണോ,മിറ്റ്സുബിഷി ലാന്‍സര്‍ ആണോ എന്നൊന്നും ചിന്തിച്ച്‌ ടെന്‍ഷന്‍ ആകണ്ട, പഴയൊരു ചപ്ലാച്ചി ബൈക്കാണു.ബൈക്കിലെന്താ പതാക കെട്ടിക്കൂടേ..?? )


ഞങ്ങള്‍ കോട്ടത്തറ റോഡിലേക്കു തിരിയുന്ന ചിര പുരാതനമായ പാലത്തിന്റെ അടുത്തെത്തിയിരിക്കുന്നു.സമയം ക്രിത്യം 4 മണി 33 മിനുറ്റ്‌ (ചീറിപ്പായുന്ന ബൈക്കില്‍ ഇരുന്ന്‌ യെവന്‍ എങ്ങനെ ടൈം ഇത്ര ക്രിത്യമായി നോക്കി എന്ന്‌ ചില കുബുദ്ധികളെങ്കിലും മനസ്സില്‍ ചോദിക്കുന്നുണ്ടാകും..എതിരെ വന്നവന്റെ വണ്ടിയുടെ ഹാന്‍ഡിലിനു ഇടിച്ചു എന്റെ അത്ര പഴയതല്ലാത്ത വാച്ചിന്റെ ചില്ലു പൊട്ടി സൂചി ഡയലില്‍ പറ്റിപ്പോയിരുന്നു ! )പാലത്തിന്റെ വളവു തിരിയുകയാണു. നമ്മുടെ ശകടത്തിനു ബ്രെയ്ക്ക്‌ ഇത്തിരി കമ്മിയാണു..അതുകൊണ്ട്‌ സൌദി അറേബ്യയിലേ റോഡിലൂടെ എന്നോണം വലതു ഭാഗത്തൂടെയാണു വളച്ചെടുക്കാന്‍ പറ്റിയത്‌..പോത്തിന്റെ പുറത്ത്‌ കാലനും,ചിത്ര ഗുപ്തനുമെന്നോണം രണ്ടു രൂപങ്ങള്‍ ഒരു ബുള്ളറ്റിനു മുകളില്‍ എതിരേ പറന്നു വന്നതും അതേ സമയത്ത്‌ തന്നെ..!
" പ്ടേ " !
എന്തോ സംഭവിച്ചിട്ടുണ്ട്‌..അനിയത്തി റോഡ്‌ സൈഡിലെ പുല്ലില്‍ നിന്നും പൊടി തട്ടി എണീറ്റു വരുന്നു.. ഞാന്‍ ഇടതു കൈ കൊണ്ട്‌ വണ്ടി നിവര്‍ത്തി വച്ചു.. തരിച്ചു പോയ വലതു കൈ അവിടെത്തന്നെ ഉണ്ടെന്നു പോലും തോന്നിയില്ല. കാലന്റെ 350 സി.സി.പോത്തിനെ റോഡ്‌ സൈഡില്‍ സ്റ്റാന്‍ഡിലാക്കി വച്ചിട്ടുണ്ട്‌..
പത്തു പതിനഞ്ചു പേര്‍ ആ പഹയനു ചുറ്റും,കഷ്ടിച്ച്‌ ഒരു രണ്ടര ആള്‍ എന്റെ ചുറ്റിലും.
ലവന്റെ കാലിലെ പെയ്ന്റ്‌ അവിടെയുമിവിടെയും ഇളകിപ്പോയിട്ടുണ്ട്‌. തടിച്ച്‌ കറുത്ത്‌ ഉയരം കുറഞ്ഞ്‌ സ്ഫടികം ജോര്‍ജിന്റെ മോന്ത ഷൈപുള്ള അദേഹത്തിന്റെ കാലുകള്‍ നിലത്തുറച്ചിരുന്നില്ല,
ഇടിയുടെ ആഘാതം കൊണ്ടല്ല, പള്ള നിറച്ച്‌എന്തോ കുടിച്ചിട്ടുള്ള വരവാണു..മണത്തിട്ട്‌ അടുത്തേക്ക്‌ പോയ്ക്കൂടാ..(മൂത്തച്ഛന്‍ കള്ളു കുടിച്ച്‌ വന്ന്‌ മൂത്തമ്മയെ ഫുട്ബോളു കളിക്കുമ്പോള്‍ വല്യമ്മ പറഞ്ഞിരുന്നത്‌ " ലക്ഷണം കെട്ടോന്‍ വീത്രം കുടിച്ചു വന്നു ഓളെക്കൊല്ല്വാ " എന്നായിരുന്നു.)
പീടികക്കാരന്‍ കൊടുത്ത വെള്ളം കുടിക്കുകയായിരുന്ന പത്രോസ്‌ (അങ്ങനെയാണു കൂടെയുള്ള എലുമ്പന്‍ അയാളെ വിളിച്ചത്‌ ) എന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു ' നീ വിഷമിക്കണ്ട '.മനസ്സില്‍ കുളിര്‍ മഴ പെയ്തു തോരും മുന്‍പ്‌ എലുമ്പന്‍ അലറി വിളിച്ചു-ആശുപത്രിയില്‍ പോകണം. അനിയത്തിയുടെ ചെവി പൊത്താന്‍ കഴിയും മുന്‍പ്‌ എന്റെയും അവളുടെയും അമ്മയുടെ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ഒരു മുട്ടന്‍ തെറിയും ആ ഉണങ്ങിയ കഞ്ഞിക്കുഴിപ്പയറു പോലുള്ളവന്‍ പറഞ്ഞു കളഞ്ഞു..


ഓട്ടോ സ്റ്റാര്‍ട്ടായി.ആദ്യം എലുമ്പന്‍,പിന്നെ പത്രോസ്‌,പിന്നെ ഇങ്ങേ അറ്റത്ത്‌ ഞാനും. അനിയത്തിയെ പീടികയിലിരുത്തി. മോഹന്‍ ഡോക്ടറുടെ ക്ലിനിക്കിലോ, ഫാത്തിമയിലോ പോയാല്‍ പോര ലിയോ ഹോസ്പിറ്റലില്‍ തന്നെ പോകണം..( എലുമ്പന്റെ ഭാര്യ അവിടെ ഇരട്ട പെറ്റു കിടക്കുന്നുണ്ടെന്നു തോന്നും അവന്റെ വാശി കണ്ടാല്‍ )..ആശുപത്രിയിലെത്തും വരെ തന്റെ ക്രിമിനല്‍ പശ്ചാത്തലവും,ആള്‍ബലവും,ശരീര ബലവും തെളിയിക്കുന്ന കഥകള്‍ പറഞ്ഞു എന്നെ പേടിപ്പിച്ചു കൊണ്ടേയിരുന്നു പത്രോസ്‌.കൈ നിര്‍ബന്ധിച്ച്‌ പിടിപ്പിച്ച്‌ തലയിലെ മുറിവു തുന്നിയ പാട്‌ ഉരസിക്കാണിച്ചു.ഒരു തവണയല്ല നാലു തവണ.. നേഴ്സ്‌ വന്ന്‌ കാലിലെ തൊലി പറിച്ചെടുത്ത്‌ പോയതൊന്നും ടിയാന്‍ അറിഞ്ഞതേയില്ല. മുറിവു ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ എലുമ്പനു ത്രിപ്തിയായില്ല..എക്സ്‌-റേ എടുക്കണം..അതിനെന്താ,എടുത്തു ഒന്നല്ല രണ്ടെണ്ണം..ഡോക്ടര്‍ കുറിച്ചു തന്ന എഴുത്തുമായി ചെന്ന്‌ ഒരാഴ്ച്ചത്തേക്കുള്ള മരുന്നു വാങ്ങി വന്നു..അപ്പോഴെല്ലാം പത്രോസ്‌ സ്നേഹത്തോടെ മോനെ എന്നു വിളിച്ചു കൊണ്ടിരുന്നു..കേസു വേണമോ വേണ്ടയോ എന്നായി ഡോക്ടര്‍..വേണമെന്ന്‌ ഞാനാവശ്യപ്പെട്ടാല്‍ മൂക്കറ്റം കുടിച്ചുവന്ന പത്രോസ്‌ കുരിശ്ശില്‍ കയറും തീര്‍ച്ച..എന്നിട്ടും വേണ്ടെന്നു പറഞ്ഞു..പോരാന്‍ നേരം രെജിസ്റ്റര്‍ ബുക്കില്‍ പത്രോസ്‌ എഴുതി " പേലീഷ്‌ കേഷ്‌ വെണ്ട " മനസ്സിലായില്ലേ ? ' പോലീസ്‌ കേസ്‌ വേണ്ട' എന്ന്‌..കൊലച്ചിലിന്‍മേല്‍ നായ തൂറിയതു പോലുള്ള മനോഹരമായ അക്ഷരങ്ങള്‍..!


പുറത്തിറങ്ങി ഓട്ടോ പിടിച്ചു വന്നപ്പോഴേക്കും വെള്ളമിറങ്ങി പത്രോസ്സിനു വെളിവു വന്നു തുടങ്ങിയിയിരുന്നു. ചെരിപ്പു കടയുടെ മുന്നില്‍ പത്രോസ്‌ ആദ്യവും,എലുമ്പന്‍ പിന്നെയും ചാടിയിറങ്ങി. 399 രൂപ 99 പൈസയുടെ ബാറ്റ പാളച്ചപ്പല്‍ വാങ്ങിക്കെട്ടി വണ്ടിയില്‍ കയറിയിരുന്നു. പണം കൊടുത്ത്‌ പിന്നാലെ ഞാനും. തിരികെ വരുമ്പോഴും പത്രോസ്‌ മോനേ എന്നു വിളിച്ചു കൊണ്ടിരുന്നു..പക്ഷെ 'മോന്റെ' ആദ്യം ചില വളര്‍ത്തു മ്രിഗങ്ങളുടെയൊക്കെ പേരുകള്‍ തരം പോലെ ചേര്‍ത്തിരുന്നു.അതിനിടെ ഫോണ്‍ ചെയ്ത പ്രകാരം അനിയത്തിയെ അമ്മാവന്‍ എത്തി കൊണ്ടു പോയിരുന്നു. മണിയങ്കോട്‌ വന്നിറങ്ങി സ്വന്തം ശകടം ഒരു വിധം സ്റ്റാര്‍ട്ടാക്കി പോരുമ്പോഴും പത്രോസ്‌ പിന്നില്‍ നിന്നും ബൈബിള്‍ വായിക്കുന്നുണ്ടായിരുന്നു.. തോണിക്കടവിലെ വീട്ടിലേക്ക്‌ വണ്ടിയോടിക്കുമ്പോള്‍ മനസ്സില്‍ കണക്കു കൂട്ടി..750 രൂപയാണു പൊടിഞ്ഞു പോയത്‌..ഒരൊന്നര കിലോഗ്രാം മാനവും...മാനം പോയാല്‍ പോട്ടേന്ന്‌ വിചാരിക്കാം..പണമോ..??


ഈ എളിയ വിവരണം നിര്‍ത്തുമ്പോള്‍ ചില ഗുണപാടങ്ങല്‍ കൂടെ നിരത്താന്‍ ഈയുള്ളവനെ അനുവദിക്കണം.

1. പെട്രോളും,ഇനി ടയര്‍ തന്നെ ഇല്ലെങ്കിലും ബ്രൈക്ക്‌ ശരിയാക്കാതെ ഒരിടത്തേക്കും ബൈക്കില്‍ പോകരുത്‌.
2. എന്‍ഫീല്‍ഡ്‌ ബുള്ളറ്റിനു ഒരു മിനി ലോറിയുടെ പരിഗണനയെങ്കിലും നല്‍കണം.അതിനെ ഓവര്‍ടേക്‌ ചെയ്യാനോ, അത്‌ ഓവര്‍ റ്റേക്‌ ചെയ്യുമ്പോള്‍ തടസ്സപ്പെടുത്താനോ നില്‍ക്കരുത്‌.
3. നിങ്ങള്‍ അങ്ങോട്ടു പൊയി ഇടിച്ചാലും, മറ്റവന്‍/വള്‍ ഇങ്ങോട്ടു വന്നിടിച്ചാലും എതിര്‍ കക്ഷി മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഒരു ഇത്തിരി ദയ പോലും കാണിക്കേണ്ടതില്ല.
4. എതിര്‍ കക്ഷി മരണ വെപ്രാളത്തോടെ അവസാന ആഗ്രഹമെന്ന പോലെ പറഞ്ഞാലും, പോലീസ്‌ കേസ്‌ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുക.
5. ഒറ്റയ്ക്ക്‌ ഒരു കാര്യവും മാനേജ്‌ ചെയ്യരുത്‌. അറിയുന്ന നാലാളെ ഉടന്‍ വിളിച്ചു വരുത്തണം.
6. മുന്‍പിലുള്ള ഓരോ വളവിലും നിയന്ത്രണം വിട്ടു വരുന്ന ഒരു അണ്ണാച്ചി ലോറി പ്രതീക്ഷിച്ചു കൊണ്ട്‌ ഡ്രൈവ്‌ ചെയ്യുക.
ഇനി ശുഭ യാത്ര !

പൊതു ജന താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത്‌ :-)

Tuesday, August 18, 2009

മണ്ടരി പപ്പന്‍ !

മണ്ഡരിപ്പപ്പന്റെ ജീവിതം പോലെ തന്നെ വിചിത്രമായിരുന്നു അവന്റെ മരണവും..കാഞ്ഞിക്കാവിലെ ഗോവിന്ദേട്ടന്റെ വാഴക്കള്ളികള്‍ക്കിടയില്‍ പപ്പന്‍ ഒരു പേക്കന്‍ തവളയേപ്പോലെ ചത്തു മലച്ചു കിടന്നു..കറുത്തു ചുരുണ്ട ലിംഗത്തെ അനാവ്രിതമാക്കി പൂര്‍ണ്ണ നഗ്നനായി..സൊസൈറ്റിയിലേക്ക്‌ പാലും കൊണ്ടു പോയ ഗോവിന്ദേട്ടന്‍ തന്നെയാണു പപ്പന്റെ ശരീരം ആദ്യം കണ്ടത്‌...വെയിലുദിച്ചപ്പോഴേക്കും തോട്ടിന്‍ വക്കത്തെ വാഴത്തോട്ടം ആളുകളെക്കൊണ്ട്‌ നിറഞ്ഞു..അപ്പോഴേക്കും ഒരു ചെറിയ തുണിക്കഷ്ണം ആരോ പപ്പന്റെ അരക്കെട്ടിനു മേല്‍ അലക്ഷ്യമായി ഇട്ടിരുന്നു..

പപ്പന്റെ നഗ്നതെയെയും,ലിംഗത്തിന്റെ സ്വഭാവത്തെയും പറ്റിയെല്ലാം എന്തിനിങ്ങനെ ഊന്നി പറയുന്നുവെന്നു തോന്നുന്നുണ്ടോ...??എങ്കില്‍ കേള്‍ക്കുക,അതിനു കാരണമുണ്ട്‌..
കാഞ്ഞിക്കാവിന്റെ എന്നല്ല കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ അടിവസ്ത്രമിടാതെ തെങ്ങിലും,കവുങ്ങിലുമൊക്കെ കയറി ജീവിച്ച ഒരേ ഒരു തൊഴിലാളി പപ്പനായിരികും..!!
ഒരു അരക്കിറുക്കിന്റെ ആനുകൂല്യമുണ്ടായിരുന്നതിനാല്‍ ആരും ആ ദുസ്വഭാവം ( ശരിക്കും അതൊരു ദുസ്വഭാവമായൊരുന്നോ ? ) ചോദ്യം ചെയ്തിരുന്നില്ല.പപ്പനു സുഹ്രുത്തുക്കളായി ആരുമുണ്ടായിരുന്നില്ല..അല്ലെങ്കില്‍ എല്ലാവരും പപ്പന്റെ സുഹ്രുത്തുക്കളായിരുന്നു..

കാഞ്ഞിക്കാവിലെ തെങ്ങുകള്‍ക്കാകെ മണ്ടരി ബാധിച്ചു തുടങ്ങിയ നാളുകളില്‍ തന്നെയാണു പപ്പന്റെ സമ്രിദ്ധമായ തലമുടിയും കൊഴിയാന്‍ തുടങ്ങിയത്‌..പീടികയിലെ ഭാസ്കരേട്ടന്‍ തമാശക്ക്‌ പറഞ്ഞു 'പപ്പനും മണ്ടരി പിടിച്ചതാണെന്ന്'. ആ സംഭവം പതുക്കെ പപ്പനെ ' മണ്ടരി' പപ്പനാക്കി..

പപ്പന്റെ നഗ്നത ആദ്യമായി അനാവരണം ചെയ്യപ്പെട്ട സംഭവം രസകരമാണു..സ്കൂളില്‍ പോകുന്ന കാലമാണു ( സ്കൂളില്‍ പടിക്കുന്ന എന്ന വാചകം മനപൂര്‍വം തന്നെ ഒഴിവാക്കിയതാണു ) തട്ടിയും മുട്ടിയും ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും പപ്പനു നല്ല പോലെ മീശ വന്നിരുന്നു..അത്‌ സ്കൂള്‍ തുറന്ന ഉടനെ ഉള്ള ഒരു ദിവസമായിരുന്നു..പുതുതായി ചാര്‍ജെടുത്ത റോസി ടീച്ചര്‍ അമ്മയോടൊപ്പം സ്റ്റാഫ്‌ റൂമില്‍ ഹെഡ്‌ മാഷോട്‌ സംസാരിച്ചിരിക്കുകയായിരുന്നു..ആ സമയത്താണു അടുക്കളയുടെ ചാര്‍ജ്‌ വഹിക്കുന്ന പപ്പന്‍ അന്ന് ഉച്ചക്ക്‌ പയര്‍ തികയില്ലെന്ന അടിയന്തിര വാര്‍ത്ത അറിയിക്കാന്‍ ഓടിപ്പാഞ്ഞ്‌ വന്നത്‌. സ്റ്റാഫ്‌ റൂമിലേക്ക്‌ അലറിക്കൊണ്ട്‌ ചാടിയതും സഞ്ചയികയില്‍ പണമടയ്ക്കാന്‍ വന്ന ഏതോ ഒരു പഹയന്‍ പപ്പനുടുത്ത മുണ്ടിന്റെ കോന്തലയില്‍ ചവിട്ടിയതും ഒരുമിച്ച്‌..! മുണ്ട്‌ വെളിയിലും പപ്പന്‍ അകത്തും..അലര്‍ച്ച കേട്ടു തിരിഞ്ഞു നോക്കിയ റോസ്സി റ്റീച്ചര്‍ ബോധം കെട്ടു വീണു.ഡോക്ടറെ വിളിക്കാന്‍ ആളു പോയി. രണ്ട്‌ മൂന്നു മിനുട്ടുകള്‍ ലോകം നിശബ്ദമായി..പപ്പന്‍ പതുക്കെ നടന്നു മുണ്ടുമെടുത്ത്‌ ക്ലാസ്സില്‍ പോയി ഇരുന്നു. ഏതായാലും പപ്പന്റെ എന്തോ കണ്ട്‌ പേടിച്ച്‌ ബോധം കെട്ടു വീണ റോസ്സി റ്റീച്ചര്‍ സമനില വീണ്ടെടുത്ത്‌ ജോലിക്ക്‌ ജോയിന്‍ ചെയ്യാന്‍ ഒരാഴ്ച സമയമെടുത്തു.

എന്നാല്‍ നമ്മുടെ പപ്പനെ ആഗോള പ്രശസ്തനാക്കിയ സംഭവം നടന്നത്‌ ഒരു ഓണക്കാലത്തായിരുന്നു.കള്ളക്കര്‍ക്കിടകം തിമര്‍ത്താടി കടന്നു പോയിട്ടും മഴ പെയ്ത്‌ കൊണ്ടിരുന്നു..ആ അവസരത്തിലാണു കാഞ്ഞിക്കാവില്‍ ഭ്രാന്തക്കുറുക്കനിറങ്ങുന്നത്‌.. മനുഷ്യരേയും,പൂച്ചയേയും,പശുക്കളേയും കുറുക്കന്‍ ഒരു പോലെ കടിച്ചുരുട്ടി...ആരുമാരും പുറത്തിറങ്ങാതെയായി..
അന്നൊരു രാത്രി പാറക്കുളത്തെ ഷാപ്പില്‍ നിന്ന് പള്ള നിറയെ മൂത്ത കള്ളും കുടിച്ച്‌ പപ്പനും മൂന്നു നാലു 'ഷാപ്‌ മേറ്റ്സും ' കയ്യില്‍ കിട്ടിയ മട്ടലും,കമ്പിപ്പാരയുമൊക്കെയായി കുറുക്കനെ കൊല്ലാനിറങ്ങി. കൊയില്യത്തെ കാവിലും,പാട്ടു പുരക്കലെ കുറ്റിക്കാട്ടിലുമെല്ലാം തല്ലി ഒച്ചയുണ്ടാക്കി..ഒടുവില്‍ അയനിക്കാട്ടെ കാടു മൂടി വിജനമായ ഇടവഴിയില്‍ നിന്ന് കുറുക്കന്‍ പുറത്ത്‌ ചാടി പപ്പനും കൂട്ടരും നാടിളക്കി പിന്നാലെപ്പാഞ്ഞു.കാഞ്ഞിക്കാവിലെ കനാല്‍ റോഡിലേക്ക്‌ കയറിയ കുറുക്കനെ വിടാതെ പപ്പനും ടീമും കുതിച്ചു. നെയ്ത്ത്‌ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോള്‍ പപ്പനും കൂട്ടരും അറിയാതെ കുറുക്കനെ ഓവര്‍ ടേക്ക്‌ ചെയ്ത്‌ പോയി ! പിന്നെ സംഭവിച്ചത്‌ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല.
കമ്പിപ്പാരയും,ഓല മടലും വലിച്ചെറിഞ്ഞ്‌ പപ്പന്‍ മുന്നിലും,കുറുക്കന്‍ പിന്നിലും കൂട്ടുകാര്‍ നാലു വഴിക്കും ഓടി..! ചളിയാണെന്നോര്‍ക്കാതെ പപ്പന്‍ കനാലിലേക്കെടുത്തു ചാടി . പിന്നാലെ കുറുക്കനും..
അരണ്ട നിലാ വെളിച്ചത്തില്‍ കുറുക്കന്‍ ആര്‍ത്തിയോടെ നോക്കുന്നത്‌ തന്റെ ' ചുക്കു മണി' യിലേക്കാണെന്ന് മനസ്സിലാക്കിയ പപ്പന്‍ കണ്ണുമടച്ച്‌ കമിഴ്ന്ന് കിടന്നു..ചന്തിയുടെ ഒരു കഷണവും കടിച്ച്‌ കുറുക്കന്‍ ഓടിപ്പോയി. നാലര മാസമാണു മെഡിക്കല്‍ കോളേജിലും,ബാലുശ്ശേരി ഗവണ്‍മന്റ്‌ ആശുപത്രിയിലുമൊക്കെയായി പപ്പന്‍ കിടന്നത്‌..

ഇപ്പോള്‍ കാഞ്ഞിക്കാവിലെ പല്ലു കൊഴിഞ്ഞ മുത്തശ്ശിമാര്‍ക്ക്‌ പേരക്കുട്ടികളെ ' സോപ്പിട്ടുറക്കാന്‍ ' കുറേ ' പ്രാന്തന്‍' കഥകള്‍ സമ്മാനിച്ച്‌ പപ്പന്‍ പോയി..ബാധ്യതകളെപ്പറ്റി ആശങ്കപ്പെടാനില്ലാത്ത,സങ്കടങ്ങളില്ലായിരുന്ന, ശത്രുക്കളില്ലായിരുന്ന പപ്പന്‍ എന്തിനായിരുന്നു കള്ളില്‍ ഫ്യുറഡാന്‍ കലക്കിക്കുടിച്ച്‌ ആത്മഹത്യ ചെയ്തത്‌ ??? അറിയില്ല, ആര്‍ക്കും !!

Monday, August 3, 2009

വയനാട്‌

വയനാട്‌ എന്ന നാലക്ഷരങ്ങള്‍ക്ക്‌ പോലും തണുപ്പായിരുന്നു...

മണിയങ്കോട്ടെ 'കുരവുകള്‍' നിറഞ്ഞ വയലുകളിലും,കറുത്ത ചെളി അടിഞ്ഞു കൂടിയ പുഴയോരങ്ങളിലും.ടാര്‍ പൊട്ടി പൊളിഞ്ഞ്‌ കുഴികള്‍ വരിയിട്ട കൊച്ചു പാതയോരത്തു നിന്നുമെല്ലാം പെറുക്കിയെടുക്കാവുന്ന എന്റെ ചിതറിയ ഓര്‍മ്മകളില്‍ പച്ചക്കര്‍പ്പൂരത്തിന്റെ ഓക്കാനിപ്പിക്കുന്ന കയ്പ്പുണ്ട്‌......കാപ്പിപ്പൊട്ടിന്റെയും,മലഞ്ചേരട്ടയുടെയും തൊലിയിലെ തവിട്ടു നിറമുള്ള മിനുസമുണ്ട്‌.....സ്റ്റീല്‍ കോപ്പയിലെ കഞ്ഞിവെള്ളത്തിനടിയില്‍ രണ്ടോ മൂന്നോ വറ്റുകള്‍ക്ക്‌ വിരലുകള്‍ കൊണ്ട്‌ പരതുന്ന ഭ്രാന്തന്‍ നാരായണന്റെ നിര്‍ജീവമായ കണ്ണുകളിലെ നിസ്സഹായതയുണ്ട്‌....


തോണിക്കടവ്‌ പണിയ കോളനിയിലേക്ക്‌ നീളുന്ന മെലിഞ്ഞ വരമ്പിന്റെ ഒരു വശത്ത്‌ ശോഷിച്ച തോടാണു..മിക്കപ്പോഴും അതിലെ തെളിഞ്ഞ വെള്ളത്തിലൂടെ മലത്തിന്റെ മഞ്ഞത്തുണ്ടുകള്‍ ഒഴുകിയും, ഉരുണ്ടും വരും..അത്‌ ദൂരെ വേങ്ങക്കാടുകള്‍ക്കുമപ്പുറം മനുഷ്യ വാസമുണ്ടെന്ന്‌ എപ്പോഴും ഓര്‍മ്മിപ്പിച്ചു..ഇപ്പുറം വിശാലമായ 'കുരവു'കളാണു..വേനല്‍ക്കാലത്ത്‌ പോലും ഈര്‍പ്പം നിറഞ്ഞിരിക്കുന്ന കുരവുകളില്‍ ക്രിഷി ചെയ്യുന്നത്‌ പോയിട്ട്‌ ഒന്നു നടക്കുക പോലും അസാദ്ധ്യമാണു..പണ്ടെങ്ങോ അവിടെ പാടം പൂട്ടാനിറങ്ങിയ പണിയന്‍ തന്റെ മുതലാളിയുടെ എരുമകളോടും,നുകത്തോടുമൊപ്പം ചളിയില്‍ താഴ്ന്നു പോയ കഥ വല്യച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌..കുരവിന്റെ ഒരു മൂലയ്ക്കു നിന്ന്‌ തുള്ളിയാല്‍ വിശാലമായ വയലിന്റെ അങ്ങേയറ്റവും താളത്തില്‍ തുള്ളുന്നത്‌ അവിശ്വസനീയമായ കാഴ്ചയായിരുന്നു.


അഞ്ചു വയസ്സായിട്ടും അമ്മയുടെ മുലയില്‍ നിന്ന്‌ കടി വിടാതെ ഒരു പരാദത്തിനെപ്പോലെ പറ്റിക്കൂടിയ എന്റെ ' ബാധ ' എന്നെന്നേക്കുമായി 'ഒഴിപ്പിക്കാന്‍ ' ഓടമ്പത്തെ കല്യാണി വല്യമ്മ അമ്മയ്ക്കു പറഞ്ഞു കൊടുത്ത ഒരു അറ്റകൈ' ഉച്ഛാടനപ്രക്രിയ' യായിരുന്നു 'പച്ചക്കര്‍പൂര പ്രയോഗം'.
ഓടമ്പം മുതല്‍ തോണിക്കടവ്‌ വരെ,ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും തിങ്ങി ഞെരുങ്ങി വളരുന്ന പച്ചക്കര്‍പ്പൂരത്തിന്റെ ഇലകള്‍ നുള്ളിയെടുത്ത്‌ തിരുമ്പുന്ന കല്ലില്‍ അരച്ചെടുത്ത്‌ രണ്ട്‌ മുലകളിലും അസ്സലായങ്ങ്‌ തേച്ചു പിടിപ്പിക്കുക..കഴിഞ്ഞു...
പതിവുപോലെ തോട്ടിന്‍ വക്കത്തെ ' നായാട്ടും' കഴിഞ്ഞ്‌ പാഞ്ഞെത്തിയ ഞാന്‍ അമ്മയുടെ ഒരു മുല അപ്പാടെ വായിലാക്കിയതും പച്ചക്കര്‍പ്പൂരത്തിന്റെ കയ്പ്പ്‌ മൂര്‍ദ്ധാവു വരെ പാഞ്ഞു കയറിയതും ഒരുമിച്ച്‌ കഴിഞ്ഞു...
ഒരാഴ്ച്ച മുന്‍പു കുടിച്ച പാലും കൂടെ അടുക്കള കോലായില്‍ ചര്‍ദ്ദിച്ചു..അന്നവസാനിച്ചതാണെന്റെ മുലകുടി.

പരിപ്പെടുത്ത കാപ്പിയുടെ പുറംതോടിനെയാണു കാപ്പിപ്പൊട്ടെന്നു വിളിക്കുന്നത്‌..
റോഡരികിലോ,'കളത്തിലോ' കൂട്ടിയിട്ട കാപ്പിപ്പൊട്ട്‌ ദൂരെ നിന്നും നോക്കിയാല്‍ ഒരാന കിടക്കുന്നതായിട്ടേ തോന്നുള്ളൂ.എത്ര തണുപ്പുള്ള ദിവസമാണെങ്കിലും കാപ്പിപ്പൊട്ടിന്റെ കൂനയിന്‍മേല്‍ നല്ല ചൂടുണ്ടാകും..അതിന്‍മേല്‍ കയറികിടക്കുന്നത്‌ നല്ല സുഖമുള്ള ഏര്‍പ്പാടാണു.
കാപ്പിക്കുരു വിളവെടുത്ത്‌ കഴിഞ്ഞാല്‍ കുരു പെറുക്കുന്ന ഒരു പതിവുണ്ട്‌.ഇതിനു ആളുകള്‍ വേറെ വരും.സ്ഥലം മേസ്തിരിയെ (മണിയങ്കോട്‌ എസ്റ്റേറ്റിലെ അന്നത്തെ മേസ്തിരി എന്റെ വല്യച്ഛനായിരുന്നു ) സോപ്പിട്ട്‌ കുരു പെറുക്കാനുള്ള ' അവകാശം ' നേടിയെടുക്കും.ഈ കാപ്പിക്കുരുവിന്റെ അളവ്‌ കൂട്ടിക്കാണിക്കാന്‍ ' പെറുക്കല്‍ തൊഴിലാളികള്‍ക്ക്‌' ഒരു സൂത്രവിദ്യയുണ്ട്‌.കാപ്പിത്തോട്ടത്തില്‍ യഥേഷ്ടം കാണപ്പെടുന്ന മലഞ്ചേരട്ടയെ കൂടി പെറുക്കി ചാക്കിലിടും. തൂക്കിയെടുക്കുമ്പോള്‍ നല്ല ഭാരം കാണും ചാക്കിനു. കരാറുകാരന്‍ ചാക്കുകളിലെ കുരു കളത്തില്‍ കൊണ്ട്‌ പോയി വിരിക്കുമ്പോള്‍ ചേരട്ടകള്‍ ഓരോന്നായി നാലു ഭാഗത്തേക്കും ഇഴഞ്ഞു പോകും.

കഥകളിലെ സുബ്രഹ്മണ്യന്‍റെ വാഹനം മയില്‍ ആയിരുന്നെങ്കില്‍ വയനാടിന്റെ വാഹനം ട്രാക്ടര്‍ ആണ് ! ലക്കിടിയിലെ മരവിപ്പിക്കുന്ന കോടയിലൂടെ ബസ്‌ ഊളിയിട്ടു ഇരമ്പിക്കയരുമ്പോള്‍ ആദ്യം കണ്ടുമുട്ടുന്ന വാഹനം ഒരു ട്രാക്ടര്‍ ആയിരുന്നു. ഫെര്‍ഗൂസന്റെ മാസേ ട്രാക്ടര്‍ !
തെള്ളിത്തെറിക്കുന്ന വാലും പരുന്തിന്റെ തലയും വശങ്ങളിലെ അസ്ഥിപന്ച്ചരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നീണ്ട മൂക്കും മൂക്കിന്റെ അറ്റത്ത്‌ ഞണ്ടിന്റെ കണ്ണുകള്‍ പോലെ എറിച്ചു നില്‍ക്കുന്ന ലൈറ്റുകളും തകരം കൊണ്ട് പൊതിഞ്ഞു മുന്‍പില്‍ ഗ്ലാസ്‌ ഉള്ളതോ രഥത്തിന്റെ ആകൃതിയില്‍ കമ്പിയില്‍ തുണി ചുറ്റിയോ ആയിരിക്കും ഡ്രൈവറുടെ കാബിന്‍ . ടിപ്പര്‍ ലോറികളുടെ 'ചന്തി പൊക്കല്‍ ' സാങ്കേതിക വിദ്യയുടെ തുടക്കക്കാര്‍ ഈ ട്രാക്ടറുകള്‍ ആണ് !
തോണിക്കടവിന്റെ അപ്പുറത്തുള്ള മലന്തോട്ടത്തില്‍ നിന്നും കാപ്പിവിറകും ചുള്ളിക്കമ്പുകളും അല്ലെങ്കില്‍ മലയരികിലെ വയലില്‍ വിളഞ്ഞ ചാക്ക് കണക്കിന് നെല്ലും വഹിച്ചു ട്രാക്ടര്‍ മുറ്റത്ത്‌ വന്നു നിന്നാല്‍ സിമന്റിട്ട ഇറയത്ത്‌ പൊളിച്ച വായും കുടുക്ക് പൊട്ടിയ ട്രൌസറും ആയി നമ്മള്‍ ഹാജരായിട്ടുണ്ടാകും !

ഗിയറിന്റെ ഒരു വശത്ത് എവിടെയോ ഡ്രൈവര്‍ ഗോപാലേട്ടന്‍ ഞെക്കുമ്പോള്‍ അതാ മാജിക്‌ !! വിറക്‌ നിറഞ്ഞ ടെയിലറിന്റെ പിന്‍ഭാഗം ആകാശത്തേക്ക് പൊങ്ങുന്നു..! കുനിഞ്ഞു നോക്കിയപ്പോള്‍ നായയുടെ ലിംഗം പോലെ എന്തോ ഒന്ന് ഒരു തോടിന്റെ ഉള്ളില്‍ നിന്ന് മറ്റൊന്നായ്‌ പൊങ്ങി വന്നു ടെയിലറിനെ ഉയര്‍ത്തുകയാണ് ! വിറക്‌ ചറപറഎന്ന് വീണു തീരുന്നതോടെ ടെയിലറും പൂര്‍വ സ്ഥിതിയില്‍ ആകുന്നു ഒപ്പം നമ്മളും നിവര്‍ന്നു , വായടച്ച്  എളിക്ക് കുത്തിയ കൈ താഴ്ത്തുന്നു.

ട്രാക്ടറിന്റെ ഒപ്പം മനസ്സില്‍ എഴുതിവച്ച കുറച്ചു പേരുകള്‍ ഉണ്ട്..അശോകേട്ടനും ഇന്ദിര ചേച്ചിയും , ഗോപാലേട്ടന്‍ , പ്രകാശേട്ടന്‍ അങ്ങനെ അങ്ങനെ..
ആനയെപ്പോലത്തെ പശുക്കള്‍ കുന്നിന്‍ പുറത്തെ ആഞ്ഞു വീശിയാല്‍ കഴുത്ത് മുറിയുന്ന കടുംപച്ച പുല്ലു തിന്നു മേയുമ്പോള്‍ ഇടയന്മാരായ കുഞ്ഞമ്മാവനും ഞാനും ഏതെന്കിലും മരക്കൊമ്പില്‍ ആയിരിക്കും.അങ്ങനെയൊരു ദിവസമാണ് അത് കണ്ണില്‍ പെട്ടത്.
തരകന്റെ വീടിനു മുന്നിലൂടെ മണിയങ്കോട്ടെയ്ക്ക് ഇറങ്ങിപ്പോകുന്ന ചെമ്മണ്‍ പാതയില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ ഇരുന്നു അശോകേട്ടനും ഇന്ദിര ചേച്ചിയും പ്രണയിക്കുന്നു ! രണ്ടു പേരും ഗ്ലാമര്‍ താരങ്ങളാണ് . ഉരുക്കിന്റെ കൈകളും വെള്ളാരം കല്‍ കണ്ണുകളും ഉള്ള അശോകേട്ടന്‍ ,  ചിരിക്കുമ്പോള്‍ മാത്രം തെളിഞ്ഞു വരുന്ന നുണക്കുഴികളും ചെറുതാകുന്ന കണ്ണുകളും  പകുത്തു മെടഞ്ഞു രിബ്ബന്‍ കെട്ടി പിന്നോട്ടിട്ട നീണ്ട മുടിയുള്ള മെലിഞ്ഞ ഇന്ദിര ചേച്ചി..
എന്തോ ആകട്ടെ കാലത്തിന്റെ ക്രൂരതകളില്‍ എനിക്ക് നഷ്ടമായ നൂറു കണക്കിന് അമൂല്യ സ്നേഹങ്ങളില്‍ രണ്ടു പേരാകുന്നു അവരും.. :)

ഗോപാലേട്ടന് നന്നായി പ്രായമായിരിക്കുന്നു.
ഓരോ ഗ്ലാസ്‌ ശര്‍ക്കര കാപ്പിയിലും ഓരോ സാധു ബീടിയിലും സമൃദ്ധമായിരുന്ന വല്യച്ചന്റെയും ഗോപാലെട്ടന്റെയും വാസു ഗൌടരുടെയും ( ഞങ്ങള്‍ക്ക്  വാസുക്കൌണ്ടന്‍ ) സായാഹ്നങ്ങള്‍ മിക്ക രാത്രികളിലും എന്റെ ഉറക്കം കളയാരുണ്ട്..അവ അത്രയ്ക്ക് പ്രിയപ്പെട്ടത്‌ ആയിരുന്നു ഏതെന്കിലും വാതില്പ്പാളിക്കോ മേശയ്ക്കോ പിന്നില്‍ ഉണ്ടായിരുന്ന എനിക്കും..

അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു ദേവിഏടത്തി. ( വര്‍ഷങ്ങള്‍ക്കു ഇപ്പുറം യാദ്രിശ്ചികമായി എനിക്ക് മറ്റൊരു ദേവിയേടത്തിയെ കിട്ടിയിട്ടുണ്ട്. ദേവി പിള്ള, അല്പ്പ നേരം ചാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് സ്നേഹവും കരുതലും എല്ലാം പകര്‍ന്നു തരുന്ന ഒരു നന്മ മരം)
നമുക്ക്‌ വയനാട്ടിലെ ദേവി ഏടത്ത്തിയിലേക്ക് വരാം. അമ്മയുടെ കൂടെ അവരും നഴ്സായിരുന്നു പണ്ട്.അവരുടെ വീട് ഒരു കുന്നിന്റെ താഴ്വരയിലാണ്. കാപ്പിതോട്ടത്തില്‍ കൂടെ ഊര്ന്നിരങ്ങണം അവിടെയെത്താന്‍ . ഭംഗിയുള്ള ഒരു കൊച്ചു വീട്. മുറ്റത്ത്‌ ഒരു വശത്ത് പനമ്പ് കൊണ്ട് ഉണ്ടാക്കിയ വൃത്തിയുള്ള കൂട്ടില്‍ പ്ലാവിലകള്‍ ചവച്ചു കൊണ്ട് ഒന്നോ രണ്ടോ ആടുകള്‍ സദാ സമയവും കാണും. താഴെ വയലില്‍ ധാരാളം പച്ചക്കറി കൃഷിയും കാണും. അവിടേയ്ക്കുള്ള യാത്രയില്‍ ഒന്നിലാണ്  എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു നിധി കിട്ടുന്നത് .
ഒരു മുറി നിറയെ പുസ്തകങ്ങള്‍ !! അന്ന് വരെ അത്രയും കഥാ പുസ്തകങ്ങള്‍ ഞാന്‍ ഒരുമിച്ചു കണ്ടിരുന്നില്ല.രണ്ടാഴ്ച പട്ടിണി കിടന്ന ശേഷം ഭക്ഷണത്തിന് മുന്നിലെത്തിയ ആളുടെ അവസ്ഥയില്‍ ആയ ഞാന്‍ . അന്ന് വൈകുന്നേരം ഒരു കെട്ടു പുസ്തകങ്ങളും ചുമലിലെറ്റിയാണ് വീട്ടിലേക്കു പോന്നത്. ഇതൊരു പതിവായി. ഒന്നും രണ്ടും തവണയല്ല. വര്‍ഷങ്ങള്‍ !പുസ്തകങ്ങലോടുള്ള ആര്‍ത്തി കാരണം ദേവിയേടത്തിക്ക് സുന്ദരിയായ ഒരു മകള്‍ ഉണ്ടായിരുന്നു എന്ന കാര്യം പോലും എന്റെ ശ്രദ്ധയില്‍ പെടാതെ പോയി എന്നതാണ് ഒരു ദു:ഖ സത്യം !

തീപ്പെട്ടി കൊള്ളികള്‍ കൊണ്ടോ,തീക്കൊള്ളി കൊണ്ടോ കളിക്കാന്‍ തുടങ്ങുമ്പോഴേക്കും ആരെങ്കിലും ചോദിക്കും
"ചെക്കന്‍ നാരാണനെ കണ്ട്‌ പേടിച്ചതാ" ?
നാരായണന്‍ ഇന്നും മനസ്സിനൊരു വിങ്ങലാണു..മുഷിഞ്ഞ്‌ കീറിയ പാന്റും കുടുക്കു തെറ്റിയിട്ട കുപ്പായവും ചപ്രത്തലമുടിയും മഞ്ഞപ്പല്ലുകളുമുള്ള നാരായണനു മുഴുത്ത ഭ്രാന്തായിരുന്നു..
നാരായണന്റെ അമ്മ നാരായണിക്കും ഭ്രാന്തായിരുന്നു.അവരെന്നും വയലില്‍ വന്നിരുന്ന്‌ പാട്ടുപാടി ഒരു വടി കൊണ്ട്‌ കട്ടകള്‍ തല്ലിപ്പൊടിച്ച്‌ തിരികെ പോകും..
നാരായണന്‍ വരുന്നത്‌ ഒരു മുഴുവന്‍ തീപ്പെട്ടിയുമായായിരിക്കും.വീടിന്റെ തൊട്ടു മുന്‍പില്‍ ഒരു മുളങ്കൂട്ടവും,വെളുത്ത വലിയ പാറയുമുണ്ടായിരുന്നു.കോളനിയിലെ തോണ്ടനും,കയമയും അവരുടെ പെണ്ണുങ്ങളുമൊക്കെ അവിടുന്ന്‌ മുളയരിയും,കറി വയ്ക്കാന്‍ മുളങ്കൂമ്പും കൊണ്ടുപോകുമായിരുന്നു. വെളുത്ത പാറ ഉള്ളില്‍ സ്വര്‍ണ്ണമുണ്ടെന്ന്‌ പറഞ്ഞു ആരൊക്കെയോ പൊട്ടിച്ച്‌ കടത്തികൊണ്ടു പോയി..ആ പാറയുടെ മുകളില്‍ കയറിയിരിക്കും നാരായണന്‍.ഓരോ കൊള്ളികളായി എടുത്ത്‌ കത്തിക്കും.ഒടുവില്‍ ഏതാനും കൊള്ളികള്‍ കൂട്ടിയിട്ട്‌ തീപ്പെട്ടിയുള്‍പ്പെടെ കത്തിക്കും.. തീ കെട്ടടങ്ങിയാല്‍ എന്റെ വീടിന്റെ മുന്നില്‍ വന്ന്‌ പതുക്കെ ഒരു കൂമന്‍ മൂളുന്ന പോലെ മൂളും..അപ്പോ വല്യമ്മ ഒരു സ്റ്റീല്‍ കോപ്പയില്‍ നിറയെ കഞ്ഞിവെള്ളവുമായി വരും.ചളി പറ്റിയ വിരലുകള്‍ കൊണ്ട്‌ നാരായണന്‍ അത്‌ വാങ്ങി കുടിക്കും.ഒടുവില്‍ പാത്രത്തില്‍ വിരലിട്ട്‌ വറ്റിന്‍ മണികള്‍ പെറുക്കി തിന്നും..പിന്നെ കയറ്റം കയറി അപ്രത്യക്ഷമാകും..കുറച്ചു കാലം കൂടെ നാരായണന്‍ മണിയങ്കോട്‌ ഉണ്ടായിരുന്നു..പിന്നെ നാരായണനെ ആരും കണ്ടിട്ടില്ല..

വന്യജീവികളെ ഭീകര ജീവികളായി ചിത്രീകരിക്കുന്ന ഫ്ലാറ്റ്‌ - റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ കാല്‍ നക്കികള്‍ ആയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആയുധമാക്കി മനുഷ്യനെ വനത്തിന്റെ ശത്രുവാക്കി മാറ്റുന്ന അവസ്ഥയാണ് ഇന്ന്..

നാട്ടിലേക്ക്‌ വന്യ മൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ കാടിന് ചുറ്റും കുഴി വെട്ടാനും വൈദ്യുതി വേലി സ്ഥാപിച്ചു ബുദ്ധിമാന്‍മാര്‍ ആകാനും കാണിക്കുന്ന ഉത്സാഹത്തിന്റെ കോടിയില്‍ ഒരംശം കാട്ടിനകത്ത് സ്വൊയിര്യതോടെ ജീവിക്കാന്‍ മൃഗങ്ങളെ അനുവദിക്കുന്നതില്‍ നമ്മള്‍ കാണിക്കുന്നുണ്ടോ ? വേനലിന്റെ തുടക്കത്തില്‍ കബനിയും അതിന്റെ കൈ വഴികളും വറ്റി വരണ്ടു വെറും മണല്‍ വഴികള്‍ ആയി കിടക്കുന്നത് അഞ്ചു പത്തു കൊല്ലമായി സ്ഥിരം കാഴ്ച ആണ്. വനതിനകത്തു ജല ലഭ്യത ഉറപ്പാക്കാന്‍ ഫലപ്രദമായ ഒരു നടപടിയും ഒരു സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. കടുവയെ കൊന്നതില്‍ നിലവിളിക്കുന്ന പത്രം തന്നെ ആണ് കാട്ടിലൂടെ രാത്രി യാത്ര നിരോധിച്ചതില്‍ പ്രതിഷേധിച്ചു കര്‍ണ്ണാടക സര്‍ക്കാരിനെ പുലഭ്യം വിളിക്കുന്നത്‌. .,.ഒരു പകുതി ദിവസത്തെ വേതനം വേണ്ടെന്നു വച്ചാല്‍ തീരാവുന്നത്തെ ഉള്ളു പല ബാന്ഗ്ലൂര്‍ വാസികളുടെയും രാത്രി യാത്ര പ്രതിസന്ധി. പക്ഷെ ചെയ്യില്ല. കാരണം മിക്കവര്‍ക്കും മൃഗങ്ങള്‍ want to see them at zoo only ആണ്.

ലക്കിടി മുതല്‍ മുത്തങ്ങ വരെ ഏതാണ്ട് നാല്‍പ്പത്തഞ്ച് കിലോമീറ്റര്‍ മാത്രം ദൂരത്തിനിടെ കാടിനെ മുടിച്ചു പണിത നൂറില്‍ അധികം റിസോര്‍ട്ടുകള്‍ ഞാന്‍ എണ്ണിയിട്ടുണ്ട്. എന്റെ കാഴ്ചയില്‍ പെടാതെ പോയവ അതിലും അധികം ഉണ്ടായേക്കാം. കാടിനെ ഊറ്റി വിഭവങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ മത്സരിച്ചു പൊങ്ങി വരുകയാണ്. മൂന്നു ലക്ഷം ലിറ്റര്‍ കള്ളു മാത്രം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ മായാജാലക്കാര്‍ ആയ അബ്കാരികള്‍ ഏഴു ലക്ഷം ലിറ്റര്‍ കള്ളു വില്‍ക്കുന്ന അത്ഭുത വിദ്യ പോലെ വൈത്തിരിയിലെ കാടിനെ മുഴുവന്‍ പിഴിഞ്ഞാലും കിട്ടുന്നതിനേക്കാള്‍ ' കാട്ടു തേന്‍ ' ഇവിടെ ലഭ്യമാണ്. ഈ കടകള്‍ക്ക്‌ നിയന്ത്രണം വേണം.കാരണം ആദിവാസികള്‍ക്ക്‌ ജോലി കൊടുക്കുന്നു എന്ന വ്യാജേനെ പലരും കാടിനെ തത്വ ദീക്ഷയില്ലാതെ കൊല്ലാക്കൊല ചെയ്യുകയാണ് .

കാടുമായി സമരസപ്പെട്ടുള്ള ജീവിതമായിരുന്നു വയനാടിന്റെ. ചെമ്ബ്രയുടെ അടിവാരത്തുള്ള എന്റെ ബന്ധുവീടിന്റെ മുറ്റത്ത്‌ പത്തിരുപത്‌ കൊല്ലങ്ങള്‍ മുന്‍പ്‌ എന്നും രാവിലെ കടുവയുടെയോ ആനയുടെയോ കാല്‍പ്പാടുകള്‍ കാണാമായിരുന്നു..വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ ഒരു ആടിനെയോ പശുവിനെയോ അവറ്റ കൊണ്ട് പോവുകയും ചെയ്തു. പക്ഷെ അതില്‍ പ്രതിഷേധിച്ചു അവര്‍ ആരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരെയും കൂട്ടി തോക്കും വാക്കത്തിയുമായി കാട് കയറി പോയില്ല...ആര്‍ത്തി പൂണ്ട നവ കുടിയേറ്റക്കാര്‍ പക്ഷെ അങ്ങനെ അല്ല.ലക്കിടിയില്‍ ആരംഭിക്കുന്നു ഈ മാനഭംഗപ്പെടുത്തല്‍ മറ്റെത്രയോ സ്ഥലങ്ങളില്‍ ഇടം കണ്ടെത്താന്‍ കഴിയുമായിരുന്നിട്ടും ഓറിയന്റല്‍ ഹോട്ടല്‍ മാനേജ്മെന്റ് സ്കൂളിന് അവരുടെ ഭീമന്‍ കൊണ്ക്രീറ്റ്‌ സൌധം പടുത്തുയര്‍ത്താന്‍ കാട് തന്നെ വേണ്ടി വന്നു. ഇന്നും വയനാട്ടിലേക്ക്‌ കയറുമ്പോള്‍ ഒരു രാക്ഷസന്‍ ചിരിക്കുന്നത് പോലെ കാടിന്റെ ചോര പുരണ്ട അതിന്റെ വെള്ളപ്പല്ലുകള്‍ ഇളിച്ചു കാട്ടും. അവിടന്നങ്ങോട്ട് കണ്ണും പൂട്ടിയുള്ള കൈയേറ്റം ആണ്.വെറും അരക്കിലോമീറ്റര്‍ ചുറ്റളവില്‍ അവിടെ ഉയര്‍ന്നു വന്നത് /വന്നു കൊണ്ടിരിക്കുന്നത് ഒരു കൊണ്ക്രീറ്റ്‌ വനമാണ് !
കല്‍പ്പറ്റയും ബത്തേരി യും കേന്ദ്രീകരിച്ചു ലാന്‍ഡ്‌ ഡെവലപ്പേഴ്സ് അരങ്ങു തകര്‍ക്കുന്നു. വയനാട്ടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകള്‍ ഒരു അശ്ലീല സിനിമാ പോസ്റ്റര്‍ പോലെ വഴിയരികില്‍ ഉണ്ട്. കാടും പച്ചപ്പും നിറഞ്ഞ വന പ്രാന്ത പ്രദേശത്തിന്റെ അരികില്‍ പ്രസിദ്ധമായ ഒരു തടാകത്തിന്റെ തൊട്ടടുത്ത്‌ ആണ് എമേര്‍ജിംഗ് കേരളയുടെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ പൂര്‍ണ്ണമായും ഉടമസ്ഥത കൈയാളുന്ന മെഡിക്കല്‍ കോളജ്‌ വരാന്‍ പോകുന്നത്.

വയനാടിനു ഒരു പുതിയ വന നയം ആവശ്യമാണ്‌. ., കാടിനെ കൈയേറി ഒരൊറ്റ റിസോര്‍ട്ട് ഇനി പണിയാന്‍ അനുവദിക്കരുത്. അനധികൃതമായ റിസോര്‍ട്ടുകളും വനത്തിനുള്ളിലെ ക്യാമ്പുകളും പൊളിച്ചു മാറ്റണം. വന വിഭവങ്ങള്‍ വില്‍ക്കുന്നത് പരിമിതപ്പെടുത്തണം - നിരുല്സാഹപ്പെടുത്തണം .കാട്ടിനുള്ളില്‍ വര്ഷം മുഴുവന്‍ ജല ലഭ്യത ഉറപ്പു വരുത്തണം, അതിനായി കുഴല്‍ കിണറുകളോ കനാലുകളോ കബനിയുമായി കൂട്ടി ഇണക്കണം. കാടിനെ സംരക്ഷിക്കാന്‍ എന്നും ശ്രദ്ധിക്കുന്ന കര്‍ണ്ണാടകയുടെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കണം, വേട്ടയ്ക്ക് ആയാലും വിനോദത്തിനു ആയാലും കാട്ടില്‍ കയറുന്നവര്‍ക്ക് പിന്നെ അതിനു തോന്നാന്‍ പാടില്ലാത്ത വിധം ശിക്ഷ വ്യവസ്ഥ ചെയ്യണം.

കാട്ടിനുള്ളില്‍ ഉള്ളവരെ അവിടെ ജീവിക്കാന്‍ അനുവദിക്കൂ. അവര്‍ നാട്ടില്‍ ഇറങ്ങില്ല.


എന്നെ സംബന്ധിച്ചിടത്തോളം വയനാടിനു വല്ലാത്തൊരു വശ്യതയാണു..അതെന്നും എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു..സ്വന്തം നാട്ടില്‍ ഒരു അഭയാര്‍ത്ഥി മാത്രമാണു നീയെന്ന്‌ പരിഹസിച്ച്‌ കൊണ്ടിരിക്കുന്നു..

Monday, July 27, 2009

മധു

പി.എസ്‌.സി.പരീക്ഷ കഴിഞ്ഞ്‌ വരും വഴി ഉള്ളിയേരിയില്‍ നിന്ന്‌ ആ ബസ്സില്‍ കയറിപ്പറ്റിയത്‌ നന്നെ ക്ലേശിച്ചിട്ടായിരുന്നു.. തിക്കിത്തിരക്കി പിന്നിലൂടെ കയറാന്‍ ശ്രമിക്കുമ്പോഴാണു 'മുന്നിലത്തെ വാതില്‍ക്കല്‍ നിന്ന 'കിളി'ചിലച്ചത്‌,മുന്നിലൂടെ കയറാന്‍..ഓടിച്ചെന്നു ഡോറില്‍ ചാടിക്കയറി. നിറയെ പെണ്ണുങ്ങള്‍.വിയര്‍പ്പിന്റെ രൂക്ഷമായ മണം..അവര്‍ക്കിടയിലൂടെ അസഹ്യത അഭിനയിച്ചു കാണിച്ചും കൊണ്ട്‌ പിന്നോട്ടു പോകാന്‍ ഒരുങ്ങവേയാണു ഒരു പാളിയ നോട്ടത്തില്‍ ഡ്രൈവറെ കണ്ടത്‌.സത്യത്തില്‍ തരിച്ചു പോയി. മധു..!

പന്ത്രന്ട് കൊല്ലങ്ങള്‍ക്ക്‌ ശേഷമാണു മധുവിനെ കാണുന്നത്‌..എരമംഗലത്തെ യു.പി.സ്കൂളില്‍ ഞാന്‍ അഞ്ചില്‍ ചേരുമ്പോള്‍ മധു ആ ക്ലാസ്സില്‍ രണ്ടാമത്തെ കൊല്ലമായിരുന്നു.ആറില്‍ എന്തോ അത്ഭുതം സംഭവിച്ച്‌ ഞങ്ങള്‍ക്കൊപ്പം മധു ഏഴില്‍ എത്തി.ഏഴില്‍ ദയനീയമായി പരാജയപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ മധുവായിരുന്നു..പരസ്യമായി ആരും അംഗീകരിച്ചിരുന്നില്ലെങ്കിലും പടിപ്പിസ്റ്റുകളായ പെണ്‍ കുട്ടികള്‍ക്ക്‌ വരെ മധുവിന്റെ മുരിക്കിന്‍ പൂവിതള്‍ പോലുള്ള സിന്ദൂരക്കുറിയും,'ബാബുവാന്റണി' സ്റ്റൈലിലുള്ള മുടിയും ഇഷ്ടമായിരുന്നു.

നമ്മുടെ കഥാ നായകന്റെ പ്രധാന ശത്രു സംസ്ക്രിതം പടിപ്പികുന്ന ദാസന്‍ മാഷായിരുന്നു.കാഴ്ച ശക്തി വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന മാഷ്‌ മധുവിന്റെ അടുത്തെത്തിയാല്‍ മൂക്കു പിടിച്ച്‌,മുഖം ചുളിച്ച്‌ തന്റെ തലശ്ശേരി ശൈലിയില്‍ മുരളും.."പ്ഫ,അനക്കൊന്നു കുളിച്ചൂടെ പഹയാ,മരം മണത്തിട്ടു വയ്യ.." അതു വാസ്തവമായിരുന്നു.മധുവിനെ അസ്സലായി കവുങ്ങു മണക്കും.അവന്‍ കൂലിക്കു അടക്ക പറിക്കാന്‍ പോകുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു.അതിന്റെ പേരില്‍ ഇത്തിരി അനുകമ്പയൊക്കെ അവനു അദ്ധ്യാപകരില്‍ നിന്നു കിട്ടിയിരുന്നു.. ദാസന്‍ മാഷ്‌ തന്നെയാണു അവനു വിശേഷപ്പെട്ട മറ്റൊരു പേരു കൂടെ ചാര്‍ത്തി കൊടുത്തത്‌..അടുപ്പിനരികിലെ ജനാല ചില്ലു പോലത്തെ കണ്ണടയിലൂടെ ദാസന്‍ മാഷിനു ഇടക്കിടെ പിന്‍ ബെഞ്ചിലേക്കൊരു നോട്ടമുണ്ട്‌.ആ നിമിഷത്തില്‍ എന്തെങ്കിലും ഒരു ഇളക്കം കണ്ണില്‍ പെട്ടാല്‍ നല്ലൊരളവ്‌ തുപ്പല്‍ തെറിപ്പിച്ചു കൊണ്ട്‌ മാഷ്‌ മുരളും "സ്റ്റാന്റപ്‌..മധു സ്റ്റാന്റപ്‌.."മുന്‍ ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന ബേബി രസിത കുപ്പായക്കൈ കൊണ്ടു മുഖം തുടക്കുമ്പോള്‍ ഞണ്ടിന്റെ ഇറുക്കു കാലുകള്‍ക്കിടയിലെന്ന പോലെ മാഷിന്റെ വിരലുകള്‍ക്കിടയില്‍ ഞെളി പിരി കൊള്ളുകയാവും മധു..അത്തരമൊരു അവസരത്തില്‍ ദാസന്‍ മാഷ്‌ മധുവിനോടു ചോദിച്ചു.."പറയെടാ നിനക്കാരാ മധുവെന്നു പേരിട്ടത്‌..? പറയ്‌..മലം മമ നാമ:.." അങ്ങനെയൊരു സംഭവമുണ്ടായെങ്കിലുംദാസന്‍ മാഷൊഴികെ അധികമാരും മധുവിനെ മലം എന്നു വിളിച്ചത്‌ കേട്ടിട്ടില്ല..

പതിനൊന്നു മണിയുടെ "മൂത്രെയിക്കാനുള്ള" ബെല്ലിനും,"കഞ്ഞി"ക്കു ശേഷവും തോട്ടിന്‍ വക്കത്തെ നടപ്പാതയിലും കോങ്കോടു കുന്നിന്റെ താഴ്‌വാരത്തെ കൊയ്ത്തു കഴിഞ്ഞ വയലിലും നൂറുകണക്കിനു'ബസ്സു'കളിറങ്ങും..കോപ്പി ബുക്കിന്റെ പേജ്‌ ചതുരത്തില്‍ ചെറുതായി കീറി ബസ്സിന്റെ പേരും,നമ്പറും എഴുതും.പിന്നെ നടുക്ക്‌ പെന്നു കൊണ്ടൊരു ഓട്ടയുണ്ടാക്കി കുപ്പായക്കുടുക്കിന്‍മേല്‍ കോര്‍ത്തിടും.ഇനി മത്സര പാച്ചിലാണു..ആ കാലത്തെ വേഗ രാജാക്കന്‍മാരായ'മണികണ്ട ട്രാവത്സ്‌','പ്രകാശ്‌' തുടങ്ങിയ വണ്ടികളുടെയെല്ലാം'ഉട്മസ്ഥാവകാശം'മധുവിനു മാത്രമായിരുന്നു..!സ്കൂളില്‍ നിന്നും പോന്ന ശേഷം ഒരിക്കല്‍ കൂടെ മധുവിനെ കണ്ടിരുന്നു.കാരാട്ടു പാറയിലെ പണിക്കരുടെ വീട്ടില്‍ വച്ച്‌..
ഒരു വെള്ളരിക്കാലമായിരുന്നു അത്‌.അയല്‍ വാസിയായ ദിവാകരന്‍ നായരുടെ കയ്പ്പയും,പയറുമെല്ലാം ആരോ പറിച്ച്‌ വയലിലെ കിണറ്റിലിട്ടിരിക്കുന്നു.പല ഏജന്‍സികള്‍ വഴിയായി അന്വേഷണം പൊടി പൊടിച്ചു..സംശയത്തിന്റെ വിരലുകള്‍ പലര്‍ക്ക്‌ നേരെയും അവര്‍ കാണാതെ ചൂണ്ടപ്പെട്ടു.കുറ്റവാളി രംഗത്തു വന്നില്ല.ഒടുവില്‍ നാലാളു കേള്‍ക്കേ ദിവാകരന്‍ നായര്‍ ഞെട്ടിക്കുന്ന ആ പ്രഖ്യാപനം നടത്തി.."മഷിയിട്ടു നോക്കാന്‍ പോകുന്നു"

മഷി നോക്കാന്‍ ഒരു 'ബാല്യേക്കാരന്‍' വേണം.എവിടെയൊക്കെയോ അലഞ്ഞു ഒടുവില്‍ നായര്‍ എന്റെ വീട്ടിലെത്തി,വല്യമ്മയോട്‌ പറഞ്ഞ്‌ എന്നെ 'തരമാക്കി.'പിറ്റേന്ന് നല്ല വെയിലത്തായിരുന്നുഞ്ഞങ്ങള്‍ പണിക്കരുടെ പടി കയറിച്ചെന്നത്‌.കസ്റ്റമേര്‍സ്‌ ആരും ഉണ്ടായിരുന്നില്ലെങ്കിലും അര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു അകത്തേക്കു പ്രവേശനം ലഭിക്കാന്‍. നടുവിലത്തെ അകത്ത്‌ വെളിച്ചത്തെക്കാളേറെ ഇരുട്ടായിരുന്നു.പണിക്കരുടെ മുഖം ശരിക്കും കണ്ടില്ല.ചെറിയൊരു നിലവിളക്ക്‌ കത്തിച്ചു വച്ചിരിക്കുന്നു.ചുവടെ ഒരു ഓട്ടുകിണ്ണത്തില്‍ കാല്‍ ഭാഗത്തോളം കറുത്ത എണ്ണയും."വെളക്കിന്റെ തിരി തെളിയുന്നേടത്ത്‌ ഭഗോതിയെ കാണുന്നില്ലേന്ന് നോക്ക്വാ..വാളൊക്കെ പിടിച്ച്‌ ചോന്ന സാര്യൊക്കെ ചിറ്റി.."ചന്ദനപ്പടിയിട്ട്‌ ഇരുന്ന ഉടനെ പണിക്കരുടെ ശബ്ദമുയര്‍ന്നു. നോക്കി,ഒന്നും കണ്ടില്ല.കണ്ണു തിരുമ്പി പിന്നേം നോക്കി..ഒന്നുമില്ല.! പണിക്കര്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.ഇരുപതു മിനുട്ട്‌ കഴിഞ്ഞു.ഒന്നുമുണ്ടായില്ല.എണ്ണയില്‍ ആടിയുലയുന്ന മഞ്ഞയും ചുവപ്പും കലര്‍ന്ന വിളക്കിന്‍ തിരിയുടെ ജ്വാല മാത്രം..ഇടങ്കണ്ണിട്ടു നോക്കിയപ്പോള്‍ പണിക്കര്‍ തലങ്ങും വിലങ്ങും തലയാട്ടുന്നത്‌ കണ്ടു.ദിവാകരന്‍ നായര്‍ എഴുന്നേറ്റ്‌ കോലായിലേക്കു പോയി.ഇത്തിരി കഴിഞ്ഞ്‌ എന്നെ പുറത്തേക്കു വിളിച്ചു.ഉടന്‍ അകത്തു നിന്നും ഒരലര്‍ച്ച കേട്ടു."ഡാ..." പേടിച്ചു പോയി.എന്നെയാണോ എന്നു ശങ്കിച്ചു നില്‍ക്കുമ്പോള്‍ വിളി കാത്തിരുന്ന പോലെ അവന്‍ പറമ്പിന്റെ ഏതോ മൂലയില്‍ നിന്ന് ഒരു കൈ കൊണ്ട്‌ കുടുക്കില്ലാത്ത ട്രൌസര്‍ വലിച്ചു പിടിച്ച്‌ മറ്റേ കൈ കൊണ്ട്‌ സാങ്കല്‍പ്പിക സ്റ്റിയറിംഗ്‌ തിരിച്ച്‌ ഒച്ചയുണ്ടാക്കി തുപ്പലു തെറുപ്പിച്ച്‌ ഹോണടിച്ച്‌ പാഞ്ഞു കയറി വന്നു..മധു..!
ഞാന്‍ സൂക്ഷിച്ച്‌ കുപ്പായത്തില്‍ നോക്കി,'മണികണ്ടയൊ' 'പ്രകാശോ'?ഇല്ല ബോര്‍ഡ്‌ വച്ചിട്ടില്ല."അങ്ങട്ടേലെ ചെറിയോനാ" മധു കൈയും കാലും കഴുകാന്‍ പോയപ്പോള്‍ പണിക്കര്‍ കോലായിലേക്കു തല നീട്ടി ഉറക്കെ ചോദിച്ചു"ഓനെ പാമ്പോ,നായോ,അണ്ണക്കൊട്ടനോ അങ്ങനെന്തെങ്കിലും കടിച്ചിക്ക്യോ നായരേ..?" ചോദ്യം കേട്ട്‌ ദിവാകരന്‍ നായര്‍ എന്റെ നേരെ നോക്കി.."ഉം" ഞാന്‍ മൂളി തലയാട്ടി. തൊട്ടു കഴിഞ്ഞ ഓണത്തിനു മാലേരി കൊളോറത്തെ പറമ്പില്‍ നിന്ന് മുള്ളിന്‍ പൂവ്‌ പറിക്കുമ്പോള്‍ വെള്ളരണ്ടയിലെ തടിച്ച്‌ കറുത്ത നായ കടിച്ചുരുട്ടിയ കാര്യം ഓര്‍ത്തു.കുരുമുളകിന്റെ ഇല കനലിലിട്ട്‌ പഴുപ്പിച്ച്‌ വല്യമ്മ കാല്‍ വണ്ണയിലെ മുറിവില്‍ അമര്‍ത്തി പിടിച്ചതും.."ന്നാലത്‌ തന്നെ കാര്യം..അങ്ങനത്തോല്‍ മഷീല്‍ നോക്ക്യാലെന്ത്‌ കാണാനാ..?"അപ്പോഴേക്കും മധു വന്ന് ചമ്രം പടിഞ്ഞിരുന്നു. നെറ്റിയിലും തോളിലുമെല്ലാം ഭസ്മം പൂശിയിറ്റുണ്ട്‌.."മധ്വോ, ഞ്ഞി എന്താ കാണുന്നത്‌?" പണിക്കരാണു. "ഭഗോതി" മധുവിന്റെ വായിലും കണ്ണിലുമെല്ലാം ഭക്തി നിറഞ്ഞു.
" ഇങ്ങി വയലും വയല്വക്കത്തെ കെണറും കണ്ടോ ?
" ആ " മധു തലയാട്ടി..
"ദിവാന്‍ നാരെ പയറും കയ്പേം പറയ്ക്കുന്നോനെ കാണുന്നുണ്ടോ ങ്ങി ?"
മധു ഒന്നു കൂടെ കുനിഞ്ഞു നോക്കി." ണ്ട്‌ ന്നാലും മീട്‌ കാണുന്നില്ല '
പണിക്കരൊന്നിളകിയിരുന്നു." അത്‌ സാരല്ല.ഓന്റെ കൈയിലെന്താള്ളത്‌ ?"
"ഒരു ചോന്ന ടോര്‍ച്ചും,കൊട്വാളും "എല്ലാം മനസ്സിലായി എന്ന പോലെ ദിവാകരന്‍ നായര്‍ തലയാട്ടി." ഓനെങ്ങോട്ടാ പോയേന്ന്‌ കണ്ടോ ങ്ങി ? "പണിക്കര്‍ക്കു ഹരം പിടിച്ചു.
" വയലീന്നു നേരെ റോടുമ്മ ക്യറി എടത്തോട്ട്‌ "
ദിവാകരന്‍ നായരുടെ തലയാട്ടലിനു ശക്തി കൂടി." ന്നാ ഭഗോതിയെ തൊയ്തിട്ട്‌ ങ്ങി പോയ്ക്കോ മധ്വൊ "
കേള്‍ക്കാന്‍ കാത്തിരുന്ന എന്നോണം മധു എണീറ്റ്‌ കുപ്പായമെടുത്തിട്ട്‌ ഗിയര്‍ മാറ്റി ചാടി ഇറങ്ങിപ്പോയി.എന്നെ കണ്ട ഭാവം പോലും നടിക്കാതെ.
ദിവാകരന്‍ നായര്‍ അന്നു വൈകുന്നേരം തന്നെ 'കള്ളനെ പിടിച്ചു' പോലീസെത്തി.പുലിവാലുമായി.ഒടുവില്‍ സ്റ്റേഷനില്‍ ചെന്ന്‌ 'കള്ളനോട്‌' മാപ്പു പറഞ്ഞാണു നായര്‍ തടിയൂരിയത്‌..

പന്ത്രണ്ടു കൊല്ലങ്ങള്‍ കഴിഞ്ഞിരിക്കുന്നു.വണ്ടി പറമ്പിന്‍ മുകള്‍ സ്റ്റോപ്പില്‍ എത്താറായപ്പോല്‍ ഞാന്‍ അവന്റെ ചുമലില്‍ തട്ടി വിളിച്ചു..മധു ഒന്നു നോക്കി.ചിരിച്ചു.പിന്നെ ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ഒന്നും പറയാന്‍ കഴിഞ്ഞില്ല..സന്തോഷം തോന്നി...അവന്‍ ചിരിച്ചല്ലോ... തിരക്കിനിടയിലൂടെ 'പറമ്പിന്‍ മുകളില്‍' ഊര്‍ന്നിറങ്ങി..മധുവിന്റെ 'മണികണ്ട ട്രാവസും','പ്രകാശു'മൊക്കെ ചീറിപ്പാഞ്ഞു പോയ അതേ നിരത്തിനരികില്‍..പി.എസ്‌.സി. ഹാള്‍ ടിക്കറ്റിന്റെ കഷണം കക്ഷത്തില്‍ തിരുകി വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സ്‌ മധുവിനെ അഭിനന്ദിക്കുവാന്‍ തിരക്കു കൂട്ടുകയായിരുന്നു..

Thursday, July 23, 2009

വല്യമ്മ

വല്യമ്മ ഒരു വ്യക്തിയുടെ പരിമിതികള്‍ക്കും അപ്പുറത്തേക്കു വളര്‍ന്നിരുന്നുവെന്നു ഞാന്‍ മനസ്സിലാക്കിയതു വളരെ വൈകിയായിരുന്നു തെളിച്ചുപറഞ്ഞാല്‍ വല്യമ്മയുടെ മരണശേഷം..!വാക്കുകള്‍ക്കും വരകള്‍ക്കും അതീതമായിരുന്നു എന്റെ വല്യമ്മ..വെറുതെയെന്നാലും ഈ കുറിപ്പിനെ നിങ്ങള്‍ക്കു ഒരു പശ്ചാത്താപ കുറിപ്പെന്നോ, അറിയപ്പെടാതെ ജീവിച്ചു ആരൊരുമറിയാതെമരിക്കുന്ന നാട്ടിന്‍പുറത്തുകാരില്‍ആയിരങ്ങളിലൊരുവളുടെ അപ്രധാനജീവചരിത്രമെന്നോ വിളിക്കാം.

പലപ്പൊഴും വല്യമ്മ ഒരു അഭയമായിരുന്നു..കാലിലെ പൊട്ടു പഴുത്തു വേദനിച്ചു സ്കൂളില്‍ പൊകില്ലെന്നും പറഞ്ഞു കരയുന്നതു പോലുള്ള സമയങ്ങളില്‍ അച്ഛന്റെ കത്തുന്ന ദേഷ്യത്തിനു മുന്‍പില്‍ വല്യമ്മ സ്വയം ഒരു മനുഷ്യ കവചമാകുമായിരുന്നു..വല്യമ്മ കുടിക്കും പോലെ കട്ടന്‍ ചായ കുടിക്കുന്നതില്‍ ഞാന്‍ അഭിമാനിച്ചു. തല്ലുകൊള്ളിത്തരങ്ങള്‍കാണിക്കുമ്പൊഴും ഒരു അദ്രിശ്യ സംരക്ഷണമായി വല്യമ്മ എന്റെ ചുറ്റുമുണ്ടായിരുന്നിരിക്കണം.അല്ലെങ്കില്‍ "അച്ചിരുതെയിയമ്മെന്റെതൊള്ളേലുള്ളത്‌ എന്തിനു കേപ്പിക്ക്യാ..കുണ്ടനെ ഒന്നും ചെയ്യണ്ട"എന്നു ജഗജില്ലികളായ എന്റെ 'ശത്രുക്കള്‍'പിറുപിറുക്കില്ലായിരുന്നല്ലോ..?

കല്ലങ്കി കുളത്തില്‍ കുളിക്കാന്‍ വല്യമ്മയോടൊത്തുള്ള പോക്ക്‌ അനിര്‍വചനീയമായിരുന്നു..വല്യമ്മ തേക്കുന്ന എം.എം ബാര്‍ സോപ്പിന്റെ കാരമണം കുളത്തിലാകെ പരക്കും. രണ്ടു തൊണ്ടുകളുടെ ചകിരി ചീന്തി പരസ്പരം കെട്ടി ഉണ്ടാക്കുന്ന യന്ത്രത്തില്‍ കമിഴ്ന്നു കിടന്നു ഗമയില്‍ ഒരു താറാവിനെ പോലെ നാലാമത്തെയൊഅഞ്ചാമത്തെയോ പടവിനും മുകളിലൂടെ വെള്ളം തെറിപ്പിച്ച്‌ 'നീന്തുമ്പോള്‍'ഞാന്നു കിടക്കുന്ന മുലകളിലും,ചുളിവു വീണ കാലുകളിലുമെല്ലാം അലക്കു സോപ്പ്‌ തേയ്ക്കുകയാകും വല്യമ്മ..അതു കഴിഞ്ഞ്‌ വിസ്തരിച്ച്‌ മൂന്നു മുങ്ങല്‍ ഉണ്ട്‌..സോപ്പിന്റെ പത വട്ടത്തില്‍ വല്യമ്മയ്ക്കു ചുറ്റും മെല്ലെ പരക്കും..അലക്കി വച്ച മുണ്ടുകള്‍ ഒന്നൊന്നായി കൈത്തണ്ടയിലേക്കു കയറ്റുമ്പോള്‍ കരയ്ക്കു കയറി തുവര്‍ത്തി തുടങ്ങിയിരിക്കണം ഞാന്‍..എത്ര ഭംഗിയായി തോര്‍ത്തിയാലും വല്യമ്മ ഒന്നു കൂടെ തല പിടിച്ചു തോര്‍ത്തും..വല്യമ്മ ബ്ലൌസ്‌ ഇട്ടിരുന്നത്‌ വല്ലെടത്തും വിരുന്നു പോകുമ്പോള്‍ മാത്രമായിരുന്നു.

കിഴക്കയില്‍ അമ്പലത്തിലെ തിറയ്ക്കു വല്യമ്മയുടെ കൂടെ അല്ലാതെ പോയിരുന്നില്ല ഒരിക്കലും..സത്യത്തില്‍ അതിനും ഉണ്ട്‌ ഒരു രഹസ്യ കാരണം..ചുവന്ന ചാന്തും,ചന്ദനവും പൂശി ഉണ്ടക്കണ്ണിനു ചുറ്റും മഷിയെഴുതി കയ്യിലൊരു 'സിഗ്‌ സാഗ്‌'വാളുമായി കൂക്കി വിളിച്ചും കൊണ്ട്‌ പെണ്ണുങ്ങളുടെയും കുട്ടികളുടെയും ഇടയിക്ക്പാഞ്ഞു കയറുന്ന കോമരം മുന്നൂറ്റന്‍ ബാലേട്ടനോട്‌"ഇഞ്ഞി കുണ്ടനെ പേടിപ്പിക്കല്ല വാലാ" എന്നു പറയാനുള്ള ധൈര്യം വല്യമ്മയ്ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. രണ്ടു കൈകളും കൊണ്ട്‌ എന്നെ മുറുക്കി പിടിച്ചിട്ടുണ്ടാകും അപ്പൊള്‍ വല്യമ്മ..

വല്യമ്മയുടെ വര്‍ത്തമാനം വായും പൊളിച്ചിരുന്നു കേട്ടു പോകും.കാരണവരുടെ കോണകത്തിന്റെ കഥ അങ്ങനെ കേട്ടതാണു ഞാന്‍. ഞങ്ങളുടെത്‌ ഉള്‍പ്പെടെ പഴയ നായര്‍ തറവാടുകളിലെ പെണ്ണുങ്ങളുടെ അവസ്ഥ വല്യ കഷ്ടായിരുന്നത്രെ..ആണുങ്ങള്‍നാടുമുഴുവന്‍ നിരങ്ങി നടന്നു അവിടുന്നുമിവിടുന്നുമൊക്കെ എന്തെങ്കിലും തിന്നു വരും.വീട്ടില്‍ കുറെ ജീവികള്‍ വേറെ ഉണ്ടെന്ന ബോധം പോലും ഉണ്ടാകില്ലത്രെ അവര്‍ക്ക്‌..അത്തരം ദിവസങ്ങളില്‍പെണ്ണുങ്ങള്‍ എല്ലാം ചേര്‍ന്നു വല്ല കിഴങ്ങോ,നീണ്ടിയോ കൊത്തിക്കൊണ്ടു വന്നു പുഴുങ്ങി തിന്നും.പക്ഷെ ഇതൊന്നും കാരണവന്‍മാര്‍ എന്നു വിളിക്കുന്ന ചെറ്റകളുടെ('ചെറ്റ'വല്യമ്മയുടെ പ്രയോഗമല്ല്ള,കഥ കേട്ടു കഴിഞ്ഞ എനിക്കു തോന്നിയതാ..)കണ്ണില്‍ പെടാന്‍ പാടില്ല.പക്ഷെ ഒരു ദിവസം ഇത്തരമൊരു പുഴുങ്ങലിന്റെ സമയത്താണു കാരണവര്‍ വന്നു കയറുന്നത്‌.."ദെന്താ ദാക്ഷാണ്യേ കലത്തില്‍..?"പാവം ദാക്ഷാണ്യമ്മയുടെയും സഹപെണ്ണുങ്ങളുടെയും പകുതി ജീവന്‍ പോയി..എന്നാലും ഒരു ധൈര്യം അങ്ങു വരുത്തി പറഞ്ഞു സമര്‍ത്ഥയായ ദാക്ഷായണി."അതോ..അതു ഞാളെ കൊറച്ച്‌ വേഷ്ടീം മുണ്ടുമൊക്ക്യാ.."കാരണവര്‍ ആരാ മോന്‍..?കാരണവര്‍ ഇതു കേട്ടതും അയാളുടെ കോണകം അഴിച്ച്‌ കലത്തിലേക്കിട്ടിട്ടു പറഞ്ഞു."ഇന്നാ ഇന്റെ കോണോന്‍ കൂടി പുയുങ്ങിക്കോ..കൊറച്ചീസായി വെള്ളം കാണിച്ചിട്ട്‌.."അമ്മയും മൂത്തമ്മയുമൊക്കെ ഇതു കേട്ടു ആര്‍ത്തു ചിരിക്കും..

വല്യമ്മയുടെ ഇളയ മകള്‍ അതായത്‌ എന്റെ അച്ഛന്റെ പെങ്ങള്‍ എന്നു പറഞ്ഞാല്‍ എന്റെ ഇളയമ്മയുടെ, മന്ദന്‍ കാവിലുള്ള വീട്ടിലേക്കു ഒരു നടത്തമുണ്ട്‌ വല്യമ്മയ്ക്ക്‌..ചില അവസരങ്ങളില്‍ എന്നെയും കൂട്ടും.കാഞ്ഞിക്കാവിലെ കനാലിന്റെ മരപ്പാലം കടന്ന്‌ തെരുവത്ത്‌ കടവിലെത്തും,പിന്നെ ഏതൊക്കെയോ ഊടുവഴികളിലൂടെ പറമ്പും,വയലും മാറി മാറി നടന്നു കീഴ്ക്കോട്ടു കടവിലാണു ചെന്നു നില്‍ക്കുന്നത്‌..അവിടുത്തെ പാലം കാഞ്ഞിക്കാവിലെതു പോലെ ഉറപ്പുള്ളതല്ല.അതു കൊണ്ടു വല്യമ്മയെ മുറുക്കെ പിടിക്കും പാലം കടക്കുമ്പോള്‍ വെള്ളത്തില്‍ വീണാലും വല്യമ്മ നീന്തി വന്ന്‌ രക്ഷിക്കുമെന്ന്‌ ഉറപ്പായിരുന്നു കല്ലങ്കി കുളത്തിലെ ഒന്നാം വര്‍ഷ നീന്തല്‍ വിദ്യാര്‍ത്ഥിയായ എനിക്ക്‌..വെള്ളയും,ചാരനിറത്തിലുമുള്ള താറാവുകള്‍ പുളച്ചു നീന്തുന്ന വയലിനു നടുവിലൂടെ കൊയിലോത്തെ പാമ്പിന്‍ കാവിനടുത്ത്‌ വന്നു കയറും..പിന്നെ ഇടുങ്ങിയ നിരത്തില്‍ പറങ്കി മാവുകളുടെ ഞാന്ന കൊമ്പുകള്‍ വകഞ്ഞു മാറ്റി കുന്നിന്‍ മുകളിലെ വീട്ടിലെത്തും..

അമ്മയ്ക്കും,മൂത്തമ്മമാര്‍ക്കുമൊപ്പം ഇരുന്നു പുര കെട്ടി മേയാനുള്ള ഓല മെടയുകയായിരുന്ന വല്യമ്മയുടെ പുറത്ത്‌ ഓല മടലു കൊണ്ട്‌ ഞാനൊന്നു കൊടുത്ത സംഭവം ഇന്നലെയെന്ന പോലെ ഓര്‍മ്മ വരുന്നുണ്ടിപ്പോള്‍..വളഞ്ഞ നട്ടെല്ലും കറുത്ത്‌ വിശാലമായ പുറവും പുറത്തെ ഇളകിക്കളിക്കുന്ന പേശികളും കണ്ടപ്പൊള്‍ തോന്നിയ ഒരു കൌതുകത്തിനാണു മട്ടലെടുത്തടിച്ചത്‌..വല്യമ്മയുടെ കരച്ചില്‍ കേട്ടപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നിപ്പോയി.ഓടി വന്ന 'പോക്കിരി' മൂത്തച്ഛനോട്‌ വല്യമ്മ ഏങ്ങിക്കരഞ്ഞും കൊണ്ടു പറഞ്ഞത്‌ "ഓനെ ഒന്നും ചെയ്യണ്ട ഓന്‍ കളിച്ചതാ" എന്നായിരുന്നു,.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയിട്ടും വല്യമ്മ പലപ്പൊഴും എന്നെ ചേര്‍ത്തു നിര്‍ത്തി ഓമനിക്കുകയും,പേന്‍ നോക്കുകയും ചെയ്തിരുന്നു.പണ്ടു വെളുത്താടന്‍ അലക്കി തേച്ചു കൊണ്ടുകൊടുത്തിരുന്ന വേഷ്ടിയും മുണ്ടും മടക്കി വച്ചിരുന്ന മരപ്പെട്ടിക്കടിയില്‍ നിന്നു ഇരുപതിന്റെയും,ഇരുപത്തഞ്ചിന്റെയും തുട്ടുകള്‍ പെറുക്കിയെടുത്ത്‌ തന്നിരുന്നു ബസ്സ്സിനു പോകാന്‍.ഞാന്‍ ഡിഗ്രിക്കു നഗരത്തിലെ കോളേജില്‍ പോയിത്തുടങ്ങിയപ്പോഴും..എപ്പോഴോ ഞാന്‍ വല്യമ്മയില്‍ നിന്ന്‌ അകന്നിരിക്കണം..ആ നിമിഷങ്ങളെയാണു ഞാനിന്ന്‌ ഏറ്റവും വെറുക്കുന്നത്‌.കിടക്കയിലും കോലായിലുമൊക്കെ മൂത്രമൊഴിച്ചും,മലം പുരണ്ട കൈകള്‍ ചുവരിലാകെ തേച്ചും ,പിച്ചും പേയും പറഞ്ഞും വല്യമ്മ അവശയായപ്പോള്‍ കൈ പിടിച്ചു നടത്തേണ്ടതിനു പകരം അറച്ചു മാറി നിന്നിരുന്നു ഞാനെന്ന്‌ ഇപ്പോള്‍ തിരിച്ചറിയുന്നു..ഒരുപാട്‌ ഒരുപാട്‌ വൈകി.. തറയിലെ കല്ലുകള്‍ ഇളകിപ്പൊങ്ങി നിന്നിരുന്ന തെക്കെ അകത്ത്‌ കാല്‍ തെറ്റി വീണു തല പൊട്ടി ചോര ഒഴുകി വല്യമ്മ അവശയായപ്പൊളും ഒരു കടമ നിര്‍വഹിക്കും പോലെയായിരുന്നോ ഞാന്‍ ആശുപത്രിയിലേക്കോടിയത്‌,?കിടന്ന കിടപ്പില്‍ എന്റെ കണ്‍മുന്നില്‍ കിടന്ന്‌ വല്യമ്മ മരിച്ചപ്പോഴും ഒരു തുള്ളി കണ്ണീര്‍ ഊറി വന്നില്ല ഈ നന്ദി കെട്ട കണ്ണുകളില്‍..വല്യമ്മയുടെ കഥകള്‍ കേട്ടാല്‍ മാത്രം അടയുമായിരുന്ന കണ്ണുകളില്‍..പക്ഷെ കുളിപ്പിച്ചു കിടത്തിയ വല്യമ്മയുടെ അടുത്ത്‌ ഈച്ചയെ അകറ്റി ഇരിക്കുമ്പോള്‍ മനസ്സ്‌ സകല പിടികളും വിടുവിച്ച്‌ ഓടിപ്പോയി പിന്നോട്ട്‌..അവിടെ നിറയെ ഉണ്ണിയും,വല്യമ്മയുമായിരുന്നു..പിന്നെ കരഞ്ഞു..പക്ഷെ അതു ഉണ്ണിയായിരുന്നു..വല്യമ്മയുടെ മാത്രം ഉണ്ണി..