Monday, August 3, 2009

വയനാട്‌

വയനാട്‌ എന്ന നാലക്ഷരങ്ങള്‍ക്ക്‌ പോലും തണുപ്പായിരുന്നു...

മണിയങ്കോട്ടെ 'കുരവുകള്‍' നിറഞ്ഞ വയലുകളിലും,കറുത്ത ചെളി അടിഞ്ഞു കൂടിയ പുഴയോരങ്ങളിലും.ടാര്‍ പൊട്ടി പൊളിഞ്ഞ്‌ കുഴികള്‍ വരിയിട്ട കൊച്ചു പാതയോരത്തു നിന്നുമെല്ലാം പെറുക്കിയെടുക്കാവുന്ന എന്റെ ചിതറിയ ഓര്‍മ്മകളില്‍ പച്ചക്കര്‍പ്പൂരത്തിന്റെ ഓക്കാനിപ്പിക്കുന്ന കയ്പ്പുണ്ട്‌......കാപ്പിപ്പൊട്ടിന്റെയും,മലഞ്ചേരട്ടയുടെയും തൊലിയിലെ തവിട്ടു നിറമുള്ള മിനുസമുണ്ട്‌.....സ്റ്റീല്‍ കോപ്പയിലെ കഞ്ഞിവെള്ളത്തിനടിയില്‍ രണ്ടോ മൂന്നോ വറ്റുകള്‍ക്ക്‌ വിരലുകള്‍ കൊണ്ട്‌ പരതുന്ന ഭ്രാന്തന്‍ നാരായണന്റെ നിര്‍ജീവമായ കണ്ണുകളിലെ നിസ്സഹായതയുണ്ട്‌....


തോണിക്കടവ്‌ പണിയ കോളനിയിലേക്ക്‌ നീളുന്ന മെലിഞ്ഞ വരമ്പിന്റെ ഒരു വശത്ത്‌ ശോഷിച്ച തോടാണു..മിക്കപ്പോഴും അതിലെ തെളിഞ്ഞ വെള്ളത്തിലൂടെ മലത്തിന്റെ മഞ്ഞത്തുണ്ടുകള്‍ ഒഴുകിയും, ഉരുണ്ടും വരും..അത്‌ ദൂരെ വേങ്ങക്കാടുകള്‍ക്കുമപ്പുറം മനുഷ്യ വാസമുണ്ടെന്ന്‌ എപ്പോഴും ഓര്‍മ്മിപ്പിച്ചു..ഇപ്പുറം വിശാലമായ 'കുരവു'കളാണു..വേനല്‍ക്കാലത്ത്‌ പോലും ഈര്‍പ്പം നിറഞ്ഞിരിക്കുന്ന കുരവുകളില്‍ ക്രിഷി ചെയ്യുന്നത്‌ പോയിട്ട്‌ ഒന്നു നടക്കുക പോലും അസാദ്ധ്യമാണു..പണ്ടെങ്ങോ അവിടെ പാടം പൂട്ടാനിറങ്ങിയ പണിയന്‍ തന്റെ മുതലാളിയുടെ എരുമകളോടും,നുകത്തോടുമൊപ്പം ചളിയില്‍ താഴ്ന്നു പോയ കഥ വല്യച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌..കുരവിന്റെ ഒരു മൂലയ്ക്കു നിന്ന്‌ തുള്ളിയാല്‍ വിശാലമായ വയലിന്റെ അങ്ങേയറ്റവും താളത്തില്‍ തുള്ളുന്നത്‌ അവിശ്വസനീയമായ കാഴ്ചയായിരുന്നു.


അഞ്ചു വയസ്സായിട്ടും അമ്മയുടെ മുലയില്‍ നിന്ന്‌ കടി വിടാതെ ഒരു പരാദത്തിനെപ്പോലെ പറ്റിക്കൂടിയ എന്റെ ' ബാധ ' എന്നെന്നേക്കുമായി 'ഒഴിപ്പിക്കാന്‍ ' ഓടമ്പത്തെ കല്യാണി വല്യമ്മ അമ്മയ്ക്കു പറഞ്ഞു കൊടുത്ത ഒരു അറ്റകൈ' ഉച്ഛാടനപ്രക്രിയ' യായിരുന്നു 'പച്ചക്കര്‍പൂര പ്രയോഗം'.
ഓടമ്പം മുതല്‍ തോണിക്കടവ്‌ വരെ,ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും തിങ്ങി ഞെരുങ്ങി വളരുന്ന പച്ചക്കര്‍പ്പൂരത്തിന്റെ ഇലകള്‍ നുള്ളിയെടുത്ത്‌ തിരുമ്പുന്ന കല്ലില്‍ അരച്ചെടുത്ത്‌ രണ്ട്‌ മുലകളിലും അസ്സലായങ്ങ്‌ തേച്ചു പിടിപ്പിക്കുക..കഴിഞ്ഞു...
പതിവുപോലെ തോട്ടിന്‍ വക്കത്തെ ' നായാട്ടും' കഴിഞ്ഞ്‌ പാഞ്ഞെത്തിയ ഞാന്‍ അമ്മയുടെ ഒരു മുല അപ്പാടെ വായിലാക്കിയതും പച്ചക്കര്‍പ്പൂരത്തിന്റെ കയ്പ്പ്‌ മൂര്‍ദ്ധാവു വരെ പാഞ്ഞു കയറിയതും ഒരുമിച്ച്‌ കഴിഞ്ഞു...
ഒരാഴ്ച്ച മുന്‍പു കുടിച്ച പാലും കൂടെ അടുക്കള കോലായില്‍ ചര്‍ദ്ദിച്ചു..അന്നവസാനിച്ചതാണെന്റെ മുലകുടി.

പരിപ്പെടുത്ത കാപ്പിയുടെ പുറംതോടിനെയാണു കാപ്പിപ്പൊട്ടെന്നു വിളിക്കുന്നത്‌..
റോഡരികിലോ,'കളത്തിലോ' കൂട്ടിയിട്ട കാപ്പിപ്പൊട്ട്‌ ദൂരെ നിന്നും നോക്കിയാല്‍ ഒരാന കിടക്കുന്നതായിട്ടേ തോന്നുള്ളൂ.എത്ര തണുപ്പുള്ള ദിവസമാണെങ്കിലും കാപ്പിപ്പൊട്ടിന്റെ കൂനയിന്‍മേല്‍ നല്ല ചൂടുണ്ടാകും..അതിന്‍മേല്‍ കയറികിടക്കുന്നത്‌ നല്ല സുഖമുള്ള ഏര്‍പ്പാടാണു.
കാപ്പിക്കുരു വിളവെടുത്ത്‌ കഴിഞ്ഞാല്‍ കുരു പെറുക്കുന്ന ഒരു പതിവുണ്ട്‌.ഇതിനു ആളുകള്‍ വേറെ വരും.സ്ഥലം മേസ്തിരിയെ (മണിയങ്കോട്‌ എസ്റ്റേറ്റിലെ അന്നത്തെ മേസ്തിരി എന്റെ വല്യച്ഛനായിരുന്നു ) സോപ്പിട്ട്‌ കുരു പെറുക്കാനുള്ള ' അവകാശം ' നേടിയെടുക്കും.ഈ കാപ്പിക്കുരുവിന്റെ അളവ്‌ കൂട്ടിക്കാണിക്കാന്‍ ' പെറുക്കല്‍ തൊഴിലാളികള്‍ക്ക്‌' ഒരു സൂത്രവിദ്യയുണ്ട്‌.കാപ്പിത്തോട്ടത്തില്‍ യഥേഷ്ടം കാണപ്പെടുന്ന മലഞ്ചേരട്ടയെ കൂടി പെറുക്കി ചാക്കിലിടും. തൂക്കിയെടുക്കുമ്പോള്‍ നല്ല ഭാരം കാണും ചാക്കിനു. കരാറുകാരന്‍ ചാക്കുകളിലെ കുരു കളത്തില്‍ കൊണ്ട്‌ പോയി വിരിക്കുമ്പോള്‍ ചേരട്ടകള്‍ ഓരോന്നായി നാലു ഭാഗത്തേക്കും ഇഴഞ്ഞു പോകും.

കഥകളിലെ സുബ്രഹ്മണ്യന്‍റെ വാഹനം മയില്‍ ആയിരുന്നെങ്കില്‍ വയനാടിന്റെ വാഹനം ട്രാക്ടര്‍ ആണ് ! ലക്കിടിയിലെ മരവിപ്പിക്കുന്ന കോടയിലൂടെ ബസ്‌ ഊളിയിട്ടു ഇരമ്പിക്കയരുമ്പോള്‍ ആദ്യം കണ്ടുമുട്ടുന്ന വാഹനം ഒരു ട്രാക്ടര്‍ ആയിരുന്നു. ഫെര്‍ഗൂസന്റെ മാസേ ട്രാക്ടര്‍ !
തെള്ളിത്തെറിക്കുന്ന വാലും പരുന്തിന്റെ തലയും വശങ്ങളിലെ അസ്ഥിപന്ച്ചരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നീണ്ട മൂക്കും മൂക്കിന്റെ അറ്റത്ത്‌ ഞണ്ടിന്റെ കണ്ണുകള്‍ പോലെ എറിച്ചു നില്‍ക്കുന്ന ലൈറ്റുകളും തകരം കൊണ്ട് പൊതിഞ്ഞു മുന്‍പില്‍ ഗ്ലാസ്‌ ഉള്ളതോ രഥത്തിന്റെ ആകൃതിയില്‍ കമ്പിയില്‍ തുണി ചുറ്റിയോ ആയിരിക്കും ഡ്രൈവറുടെ കാബിന്‍ . ടിപ്പര്‍ ലോറികളുടെ 'ചന്തി പൊക്കല്‍ ' സാങ്കേതിക വിദ്യയുടെ തുടക്കക്കാര്‍ ഈ ട്രാക്ടറുകള്‍ ആണ് !
തോണിക്കടവിന്റെ അപ്പുറത്തുള്ള മലന്തോട്ടത്തില്‍ നിന്നും കാപ്പിവിറകും ചുള്ളിക്കമ്പുകളും അല്ലെങ്കില്‍ മലയരികിലെ വയലില്‍ വിളഞ്ഞ ചാക്ക് കണക്കിന് നെല്ലും വഹിച്ചു ട്രാക്ടര്‍ മുറ്റത്ത്‌ വന്നു നിന്നാല്‍ സിമന്റിട്ട ഇറയത്ത്‌ പൊളിച്ച വായും കുടുക്ക് പൊട്ടിയ ട്രൌസറും ആയി നമ്മള്‍ ഹാജരായിട്ടുണ്ടാകും !

ഗിയറിന്റെ ഒരു വശത്ത് എവിടെയോ ഡ്രൈവര്‍ ഗോപാലേട്ടന്‍ ഞെക്കുമ്പോള്‍ അതാ മാജിക്‌ !! വിറക്‌ നിറഞ്ഞ ടെയിലറിന്റെ പിന്‍ഭാഗം ആകാശത്തേക്ക് പൊങ്ങുന്നു..! കുനിഞ്ഞു നോക്കിയപ്പോള്‍ നായയുടെ ലിംഗം പോലെ എന്തോ ഒന്ന് ഒരു തോടിന്റെ ഉള്ളില്‍ നിന്ന് മറ്റൊന്നായ്‌ പൊങ്ങി വന്നു ടെയിലറിനെ ഉയര്‍ത്തുകയാണ് ! വിറക്‌ ചറപറഎന്ന് വീണു തീരുന്നതോടെ ടെയിലറും പൂര്‍വ സ്ഥിതിയില്‍ ആകുന്നു ഒപ്പം നമ്മളും നിവര്‍ന്നു , വായടച്ച്  എളിക്ക് കുത്തിയ കൈ താഴ്ത്തുന്നു.

ട്രാക്ടറിന്റെ ഒപ്പം മനസ്സില്‍ എഴുതിവച്ച കുറച്ചു പേരുകള്‍ ഉണ്ട്..അശോകേട്ടനും ഇന്ദിര ചേച്ചിയും , ഗോപാലേട്ടന്‍ , പ്രകാശേട്ടന്‍ അങ്ങനെ അങ്ങനെ..
ആനയെപ്പോലത്തെ പശുക്കള്‍ കുന്നിന്‍ പുറത്തെ ആഞ്ഞു വീശിയാല്‍ കഴുത്ത് മുറിയുന്ന കടുംപച്ച പുല്ലു തിന്നു മേയുമ്പോള്‍ ഇടയന്മാരായ കുഞ്ഞമ്മാവനും ഞാനും ഏതെന്കിലും മരക്കൊമ്പില്‍ ആയിരിക്കും.അങ്ങനെയൊരു ദിവസമാണ് അത് കണ്ണില്‍ പെട്ടത്.
തരകന്റെ വീടിനു മുന്നിലൂടെ മണിയങ്കോട്ടെയ്ക്ക് ഇറങ്ങിപ്പോകുന്ന ചെമ്മണ്‍ പാതയില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ ഇരുന്നു അശോകേട്ടനും ഇന്ദിര ചേച്ചിയും പ്രണയിക്കുന്നു ! രണ്ടു പേരും ഗ്ലാമര്‍ താരങ്ങളാണ് . ഉരുക്കിന്റെ കൈകളും വെള്ളാരം കല്‍ കണ്ണുകളും ഉള്ള അശോകേട്ടന്‍ ,  ചിരിക്കുമ്പോള്‍ മാത്രം തെളിഞ്ഞു വരുന്ന നുണക്കുഴികളും ചെറുതാകുന്ന കണ്ണുകളും  പകുത്തു മെടഞ്ഞു രിബ്ബന്‍ കെട്ടി പിന്നോട്ടിട്ട നീണ്ട മുടിയുള്ള മെലിഞ്ഞ ഇന്ദിര ചേച്ചി..
എന്തോ ആകട്ടെ കാലത്തിന്റെ ക്രൂരതകളില്‍ എനിക്ക് നഷ്ടമായ നൂറു കണക്കിന് അമൂല്യ സ്നേഹങ്ങളില്‍ രണ്ടു പേരാകുന്നു അവരും.. :)

ഗോപാലേട്ടന് നന്നായി പ്രായമായിരിക്കുന്നു.
ഓരോ ഗ്ലാസ്‌ ശര്‍ക്കര കാപ്പിയിലും ഓരോ സാധു ബീടിയിലും സമൃദ്ധമായിരുന്ന വല്യച്ചന്റെയും ഗോപാലെട്ടന്റെയും വാസു ഗൌടരുടെയും ( ഞങ്ങള്‍ക്ക്  വാസുക്കൌണ്ടന്‍ ) സായാഹ്നങ്ങള്‍ മിക്ക രാത്രികളിലും എന്റെ ഉറക്കം കളയാരുണ്ട്..അവ അത്രയ്ക്ക് പ്രിയപ്പെട്ടത്‌ ആയിരുന്നു ഏതെന്കിലും വാതില്പ്പാളിക്കോ മേശയ്ക്കോ പിന്നില്‍ ഉണ്ടായിരുന്ന എനിക്കും..

അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു ദേവിഏടത്തി. ( വര്‍ഷങ്ങള്‍ക്കു ഇപ്പുറം യാദ്രിശ്ചികമായി എനിക്ക് മറ്റൊരു ദേവിയേടത്തിയെ കിട്ടിയിട്ടുണ്ട്. ദേവി പിള്ള, അല്പ്പ നേരം ചാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് സ്നേഹവും കരുതലും എല്ലാം പകര്‍ന്നു തരുന്ന ഒരു നന്മ മരം)
നമുക്ക്‌ വയനാട്ടിലെ ദേവി ഏടത്ത്തിയിലേക്ക് വരാം. അമ്മയുടെ കൂടെ അവരും നഴ്സായിരുന്നു പണ്ട്.അവരുടെ വീട് ഒരു കുന്നിന്റെ താഴ്വരയിലാണ്. കാപ്പിതോട്ടത്തില്‍ കൂടെ ഊര്ന്നിരങ്ങണം അവിടെയെത്താന്‍ . ഭംഗിയുള്ള ഒരു കൊച്ചു വീട്. മുറ്റത്ത്‌ ഒരു വശത്ത് പനമ്പ് കൊണ്ട് ഉണ്ടാക്കിയ വൃത്തിയുള്ള കൂട്ടില്‍ പ്ലാവിലകള്‍ ചവച്ചു കൊണ്ട് ഒന്നോ രണ്ടോ ആടുകള്‍ സദാ സമയവും കാണും. താഴെ വയലില്‍ ധാരാളം പച്ചക്കറി കൃഷിയും കാണും. അവിടേയ്ക്കുള്ള യാത്രയില്‍ ഒന്നിലാണ്  എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു നിധി കിട്ടുന്നത് .
ഒരു മുറി നിറയെ പുസ്തകങ്ങള്‍ !! അന്ന് വരെ അത്രയും കഥാ പുസ്തകങ്ങള്‍ ഞാന്‍ ഒരുമിച്ചു കണ്ടിരുന്നില്ല.രണ്ടാഴ്ച പട്ടിണി കിടന്ന ശേഷം ഭക്ഷണത്തിന് മുന്നിലെത്തിയ ആളുടെ അവസ്ഥയില്‍ ആയ ഞാന്‍ . അന്ന് വൈകുന്നേരം ഒരു കെട്ടു പുസ്തകങ്ങളും ചുമലിലെറ്റിയാണ് വീട്ടിലേക്കു പോന്നത്. ഇതൊരു പതിവായി. ഒന്നും രണ്ടും തവണയല്ല. വര്‍ഷങ്ങള്‍ !പുസ്തകങ്ങലോടുള്ള ആര്‍ത്തി കാരണം ദേവിയേടത്തിക്ക് സുന്ദരിയായ ഒരു മകള്‍ ഉണ്ടായിരുന്നു എന്ന കാര്യം പോലും എന്റെ ശ്രദ്ധയില്‍ പെടാതെ പോയി എന്നതാണ് ഒരു ദു:ഖ സത്യം !

തീപ്പെട്ടി കൊള്ളികള്‍ കൊണ്ടോ,തീക്കൊള്ളി കൊണ്ടോ കളിക്കാന്‍ തുടങ്ങുമ്പോഴേക്കും ആരെങ്കിലും ചോദിക്കും
"ചെക്കന്‍ നാരാണനെ കണ്ട്‌ പേടിച്ചതാ" ?
നാരായണന്‍ ഇന്നും മനസ്സിനൊരു വിങ്ങലാണു..മുഷിഞ്ഞ്‌ കീറിയ പാന്റും കുടുക്കു തെറ്റിയിട്ട കുപ്പായവും ചപ്രത്തലമുടിയും മഞ്ഞപ്പല്ലുകളുമുള്ള നാരായണനു മുഴുത്ത ഭ്രാന്തായിരുന്നു..
നാരായണന്റെ അമ്മ നാരായണിക്കും ഭ്രാന്തായിരുന്നു.അവരെന്നും വയലില്‍ വന്നിരുന്ന്‌ പാട്ടുപാടി ഒരു വടി കൊണ്ട്‌ കട്ടകള്‍ തല്ലിപ്പൊടിച്ച്‌ തിരികെ പോകും..
നാരായണന്‍ വരുന്നത്‌ ഒരു മുഴുവന്‍ തീപ്പെട്ടിയുമായായിരിക്കും.വീടിന്റെ തൊട്ടു മുന്‍പില്‍ ഒരു മുളങ്കൂട്ടവും,വെളുത്ത വലിയ പാറയുമുണ്ടായിരുന്നു.കോളനിയിലെ തോണ്ടനും,കയമയും അവരുടെ പെണ്ണുങ്ങളുമൊക്കെ അവിടുന്ന്‌ മുളയരിയും,കറി വയ്ക്കാന്‍ മുളങ്കൂമ്പും കൊണ്ടുപോകുമായിരുന്നു. വെളുത്ത പാറ ഉള്ളില്‍ സ്വര്‍ണ്ണമുണ്ടെന്ന്‌ പറഞ്ഞു ആരൊക്കെയോ പൊട്ടിച്ച്‌ കടത്തികൊണ്ടു പോയി..ആ പാറയുടെ മുകളില്‍ കയറിയിരിക്കും നാരായണന്‍.ഓരോ കൊള്ളികളായി എടുത്ത്‌ കത്തിക്കും.ഒടുവില്‍ ഏതാനും കൊള്ളികള്‍ കൂട്ടിയിട്ട്‌ തീപ്പെട്ടിയുള്‍പ്പെടെ കത്തിക്കും.. തീ കെട്ടടങ്ങിയാല്‍ എന്റെ വീടിന്റെ മുന്നില്‍ വന്ന്‌ പതുക്കെ ഒരു കൂമന്‍ മൂളുന്ന പോലെ മൂളും..അപ്പോ വല്യമ്മ ഒരു സ്റ്റീല്‍ കോപ്പയില്‍ നിറയെ കഞ്ഞിവെള്ളവുമായി വരും.ചളി പറ്റിയ വിരലുകള്‍ കൊണ്ട്‌ നാരായണന്‍ അത്‌ വാങ്ങി കുടിക്കും.ഒടുവില്‍ പാത്രത്തില്‍ വിരലിട്ട്‌ വറ്റിന്‍ മണികള്‍ പെറുക്കി തിന്നും..പിന്നെ കയറ്റം കയറി അപ്രത്യക്ഷമാകും..കുറച്ചു കാലം കൂടെ നാരായണന്‍ മണിയങ്കോട്‌ ഉണ്ടായിരുന്നു..പിന്നെ നാരായണനെ ആരും കണ്ടിട്ടില്ല..

വന്യജീവികളെ ഭീകര ജീവികളായി ചിത്രീകരിക്കുന്ന ഫ്ലാറ്റ്‌ - റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ കാല്‍ നക്കികള്‍ ആയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആയുധമാക്കി മനുഷ്യനെ വനത്തിന്റെ ശത്രുവാക്കി മാറ്റുന്ന അവസ്ഥയാണ് ഇന്ന്..

നാട്ടിലേക്ക്‌ വന്യ മൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ കാടിന് ചുറ്റും കുഴി വെട്ടാനും വൈദ്യുതി വേലി സ്ഥാപിച്ചു ബുദ്ധിമാന്‍മാര്‍ ആകാനും കാണിക്കുന്ന ഉത്സാഹത്തിന്റെ കോടിയില്‍ ഒരംശം കാട്ടിനകത്ത് സ്വൊയിര്യതോടെ ജീവിക്കാന്‍ മൃഗങ്ങളെ അനുവദിക്കുന്നതില്‍ നമ്മള്‍ കാണിക്കുന്നുണ്ടോ ? വേനലിന്റെ തുടക്കത്തില്‍ കബനിയും അതിന്റെ കൈ വഴികളും വറ്റി വരണ്ടു വെറും മണല്‍ വഴികള്‍ ആയി കിടക്കുന്നത് അഞ്ചു പത്തു കൊല്ലമായി സ്ഥിരം കാഴ്ച ആണ്. വനതിനകത്തു ജല ലഭ്യത ഉറപ്പാക്കാന്‍ ഫലപ്രദമായ ഒരു നടപടിയും ഒരു സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. കടുവയെ കൊന്നതില്‍ നിലവിളിക്കുന്ന പത്രം തന്നെ ആണ് കാട്ടിലൂടെ രാത്രി യാത്ര നിരോധിച്ചതില്‍ പ്രതിഷേധിച്ചു കര്‍ണ്ണാടക സര്‍ക്കാരിനെ പുലഭ്യം വിളിക്കുന്നത്‌. .,.ഒരു പകുതി ദിവസത്തെ വേതനം വേണ്ടെന്നു വച്ചാല്‍ തീരാവുന്നത്തെ ഉള്ളു പല ബാന്ഗ്ലൂര്‍ വാസികളുടെയും രാത്രി യാത്ര പ്രതിസന്ധി. പക്ഷെ ചെയ്യില്ല. കാരണം മിക്കവര്‍ക്കും മൃഗങ്ങള്‍ want to see them at zoo only ആണ്.

ലക്കിടി മുതല്‍ മുത്തങ്ങ വരെ ഏതാണ്ട് നാല്‍പ്പത്തഞ്ച് കിലോമീറ്റര്‍ മാത്രം ദൂരത്തിനിടെ കാടിനെ മുടിച്ചു പണിത നൂറില്‍ അധികം റിസോര്‍ട്ടുകള്‍ ഞാന്‍ എണ്ണിയിട്ടുണ്ട്. എന്റെ കാഴ്ചയില്‍ പെടാതെ പോയവ അതിലും അധികം ഉണ്ടായേക്കാം. കാടിനെ ഊറ്റി വിഭവങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ മത്സരിച്ചു പൊങ്ങി വരുകയാണ്. മൂന്നു ലക്ഷം ലിറ്റര്‍ കള്ളു മാത്രം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ മായാജാലക്കാര്‍ ആയ അബ്കാരികള്‍ ഏഴു ലക്ഷം ലിറ്റര്‍ കള്ളു വില്‍ക്കുന്ന അത്ഭുത വിദ്യ പോലെ വൈത്തിരിയിലെ കാടിനെ മുഴുവന്‍ പിഴിഞ്ഞാലും കിട്ടുന്നതിനേക്കാള്‍ ' കാട്ടു തേന്‍ ' ഇവിടെ ലഭ്യമാണ്. ഈ കടകള്‍ക്ക്‌ നിയന്ത്രണം വേണം.കാരണം ആദിവാസികള്‍ക്ക്‌ ജോലി കൊടുക്കുന്നു എന്ന വ്യാജേനെ പലരും കാടിനെ തത്വ ദീക്ഷയില്ലാതെ കൊല്ലാക്കൊല ചെയ്യുകയാണ് .

കാടുമായി സമരസപ്പെട്ടുള്ള ജീവിതമായിരുന്നു വയനാടിന്റെ. ചെമ്ബ്രയുടെ അടിവാരത്തുള്ള എന്റെ ബന്ധുവീടിന്റെ മുറ്റത്ത്‌ പത്തിരുപത്‌ കൊല്ലങ്ങള്‍ മുന്‍പ്‌ എന്നും രാവിലെ കടുവയുടെയോ ആനയുടെയോ കാല്‍പ്പാടുകള്‍ കാണാമായിരുന്നു..വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ ഒരു ആടിനെയോ പശുവിനെയോ അവറ്റ കൊണ്ട് പോവുകയും ചെയ്തു. പക്ഷെ അതില്‍ പ്രതിഷേധിച്ചു അവര്‍ ആരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരെയും കൂട്ടി തോക്കും വാക്കത്തിയുമായി കാട് കയറി പോയില്ല...ആര്‍ത്തി പൂണ്ട നവ കുടിയേറ്റക്കാര്‍ പക്ഷെ അങ്ങനെ അല്ല.ലക്കിടിയില്‍ ആരംഭിക്കുന്നു ഈ മാനഭംഗപ്പെടുത്തല്‍ മറ്റെത്രയോ സ്ഥലങ്ങളില്‍ ഇടം കണ്ടെത്താന്‍ കഴിയുമായിരുന്നിട്ടും ഓറിയന്റല്‍ ഹോട്ടല്‍ മാനേജ്മെന്റ് സ്കൂളിന് അവരുടെ ഭീമന്‍ കൊണ്ക്രീറ്റ്‌ സൌധം പടുത്തുയര്‍ത്താന്‍ കാട് തന്നെ വേണ്ടി വന്നു. ഇന്നും വയനാട്ടിലേക്ക്‌ കയറുമ്പോള്‍ ഒരു രാക്ഷസന്‍ ചിരിക്കുന്നത് പോലെ കാടിന്റെ ചോര പുരണ്ട അതിന്റെ വെള്ളപ്പല്ലുകള്‍ ഇളിച്ചു കാട്ടും. അവിടന്നങ്ങോട്ട് കണ്ണും പൂട്ടിയുള്ള കൈയേറ്റം ആണ്.വെറും അരക്കിലോമീറ്റര്‍ ചുറ്റളവില്‍ അവിടെ ഉയര്‍ന്നു വന്നത് /വന്നു കൊണ്ടിരിക്കുന്നത് ഒരു കൊണ്ക്രീറ്റ്‌ വനമാണ് !
കല്‍പ്പറ്റയും ബത്തേരി യും കേന്ദ്രീകരിച്ചു ലാന്‍ഡ്‌ ഡെവലപ്പേഴ്സ് അരങ്ങു തകര്‍ക്കുന്നു. വയനാട്ടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകള്‍ ഒരു അശ്ലീല സിനിമാ പോസ്റ്റര്‍ പോലെ വഴിയരികില്‍ ഉണ്ട്. കാടും പച്ചപ്പും നിറഞ്ഞ വന പ്രാന്ത പ്രദേശത്തിന്റെ അരികില്‍ പ്രസിദ്ധമായ ഒരു തടാകത്തിന്റെ തൊട്ടടുത്ത്‌ ആണ് എമേര്‍ജിംഗ് കേരളയുടെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ പൂര്‍ണ്ണമായും ഉടമസ്ഥത കൈയാളുന്ന മെഡിക്കല്‍ കോളജ്‌ വരാന്‍ പോകുന്നത്.

വയനാടിനു ഒരു പുതിയ വന നയം ആവശ്യമാണ്‌. ., കാടിനെ കൈയേറി ഒരൊറ്റ റിസോര്‍ട്ട് ഇനി പണിയാന്‍ അനുവദിക്കരുത്. അനധികൃതമായ റിസോര്‍ട്ടുകളും വനത്തിനുള്ളിലെ ക്യാമ്പുകളും പൊളിച്ചു മാറ്റണം. വന വിഭവങ്ങള്‍ വില്‍ക്കുന്നത് പരിമിതപ്പെടുത്തണം - നിരുല്സാഹപ്പെടുത്തണം .കാട്ടിനുള്ളില്‍ വര്ഷം മുഴുവന്‍ ജല ലഭ്യത ഉറപ്പു വരുത്തണം, അതിനായി കുഴല്‍ കിണറുകളോ കനാലുകളോ കബനിയുമായി കൂട്ടി ഇണക്കണം. കാടിനെ സംരക്ഷിക്കാന്‍ എന്നും ശ്രദ്ധിക്കുന്ന കര്‍ണ്ണാടകയുടെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കണം, വേട്ടയ്ക്ക് ആയാലും വിനോദത്തിനു ആയാലും കാട്ടില്‍ കയറുന്നവര്‍ക്ക് പിന്നെ അതിനു തോന്നാന്‍ പാടില്ലാത്ത വിധം ശിക്ഷ വ്യവസ്ഥ ചെയ്യണം.

കാട്ടിനുള്ളില്‍ ഉള്ളവരെ അവിടെ ജീവിക്കാന്‍ അനുവദിക്കൂ. അവര്‍ നാട്ടില്‍ ഇറങ്ങില്ല.


എന്നെ സംബന്ധിച്ചിടത്തോളം വയനാടിനു വല്ലാത്തൊരു വശ്യതയാണു..അതെന്നും എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു..സ്വന്തം നാട്ടില്‍ ഒരു അഭയാര്‍ത്ഥി മാത്രമാണു നീയെന്ന്‌ പരിഹസിച്ച്‌ കൊണ്ടിരിക്കുന്നു..

5 comments:

 1. varikalkkidayil brashumaayi nilkkunna kaarttoonist nannayi sobhikkunnundu !

  ReplyDelete
 2. Vayanadinu mathram swanthamaya parakruthiyudae avishkaram nannayittundu,Pinne unniettante Kuttikalavum.

  ReplyDelete
 3. what i just read has the power to pull my heart..or i should say tat magnetism which u said wayanad has..!

  ReplyDelete
 4. നാന്നായി എഴുതി
  സബീര്‍ മേലേതില്‍

  ReplyDelete
 5. പിറന്നിടത്ത് അഭയാര്‍ത്ഥിയാകല്‍. ഉം.

  ReplyDelete