Thursday, July 23, 2009

വല്യമ്മ

വല്യമ്മ ഒരു വ്യക്തിയുടെ പരിമിതികള്‍ക്കും അപ്പുറത്തേക്കു വളര്‍ന്നിരുന്നുവെന്നു ഞാന്‍ മനസ്സിലാക്കിയതു വളരെ വൈകിയായിരുന്നു തെളിച്ചുപറഞ്ഞാല്‍ വല്യമ്മയുടെ മരണശേഷം..!വാക്കുകള്‍ക്കും വരകള്‍ക്കും അതീതമായിരുന്നു എന്റെ വല്യമ്മ..വെറുതെയെന്നാലും ഈ കുറിപ്പിനെ നിങ്ങള്‍ക്കു ഒരു പശ്ചാത്താപ കുറിപ്പെന്നോ, അറിയപ്പെടാതെ ജീവിച്ചു ആരൊരുമറിയാതെമരിക്കുന്ന നാട്ടിന്‍പുറത്തുകാരില്‍ആയിരങ്ങളിലൊരുവളുടെ അപ്രധാനജീവചരിത്രമെന്നോ വിളിക്കാം.

പലപ്പൊഴും വല്യമ്മ ഒരു അഭയമായിരുന്നു..കാലിലെ പൊട്ടു പഴുത്തു വേദനിച്ചു സ്കൂളില്‍ പൊകില്ലെന്നും പറഞ്ഞു കരയുന്നതു പോലുള്ള സമയങ്ങളില്‍ അച്ഛന്റെ കത്തുന്ന ദേഷ്യത്തിനു മുന്‍പില്‍ വല്യമ്മ സ്വയം ഒരു മനുഷ്യ കവചമാകുമായിരുന്നു..വല്യമ്മ കുടിക്കും പോലെ കട്ടന്‍ ചായ കുടിക്കുന്നതില്‍ ഞാന്‍ അഭിമാനിച്ചു. തല്ലുകൊള്ളിത്തരങ്ങള്‍കാണിക്കുമ്പൊഴും ഒരു അദ്രിശ്യ സംരക്ഷണമായി വല്യമ്മ എന്റെ ചുറ്റുമുണ്ടായിരുന്നിരിക്കണം.അല്ലെങ്കില്‍ "അച്ചിരുതെയിയമ്മെന്റെതൊള്ളേലുള്ളത്‌ എന്തിനു കേപ്പിക്ക്യാ..കുണ്ടനെ ഒന്നും ചെയ്യണ്ട"എന്നു ജഗജില്ലികളായ എന്റെ 'ശത്രുക്കള്‍'പിറുപിറുക്കില്ലായിരുന്നല്ലോ..?

കല്ലങ്കി കുളത്തില്‍ കുളിക്കാന്‍ വല്യമ്മയോടൊത്തുള്ള പോക്ക്‌ അനിര്‍വചനീയമായിരുന്നു..വല്യമ്മ തേക്കുന്ന എം.എം ബാര്‍ സോപ്പിന്റെ കാരമണം കുളത്തിലാകെ പരക്കും. രണ്ടു തൊണ്ടുകളുടെ ചകിരി ചീന്തി പരസ്പരം കെട്ടി ഉണ്ടാക്കുന്ന യന്ത്രത്തില്‍ കമിഴ്ന്നു കിടന്നു ഗമയില്‍ ഒരു താറാവിനെ പോലെ നാലാമത്തെയൊഅഞ്ചാമത്തെയോ പടവിനും മുകളിലൂടെ വെള്ളം തെറിപ്പിച്ച്‌ 'നീന്തുമ്പോള്‍'ഞാന്നു കിടക്കുന്ന മുലകളിലും,ചുളിവു വീണ കാലുകളിലുമെല്ലാം അലക്കു സോപ്പ്‌ തേയ്ക്കുകയാകും വല്യമ്മ..അതു കഴിഞ്ഞ്‌ വിസ്തരിച്ച്‌ മൂന്നു മുങ്ങല്‍ ഉണ്ട്‌..സോപ്പിന്റെ പത വട്ടത്തില്‍ വല്യമ്മയ്ക്കു ചുറ്റും മെല്ലെ പരക്കും..അലക്കി വച്ച മുണ്ടുകള്‍ ഒന്നൊന്നായി കൈത്തണ്ടയിലേക്കു കയറ്റുമ്പോള്‍ കരയ്ക്കു കയറി തുവര്‍ത്തി തുടങ്ങിയിരിക്കണം ഞാന്‍..എത്ര ഭംഗിയായി തോര്‍ത്തിയാലും വല്യമ്മ ഒന്നു കൂടെ തല പിടിച്ചു തോര്‍ത്തും..വല്യമ്മ ബ്ലൌസ്‌ ഇട്ടിരുന്നത്‌ വല്ലെടത്തും വിരുന്നു പോകുമ്പോള്‍ മാത്രമായിരുന്നു.

കിഴക്കയില്‍ അമ്പലത്തിലെ തിറയ്ക്കു വല്യമ്മയുടെ കൂടെ അല്ലാതെ പോയിരുന്നില്ല ഒരിക്കലും..സത്യത്തില്‍ അതിനും ഉണ്ട്‌ ഒരു രഹസ്യ കാരണം..ചുവന്ന ചാന്തും,ചന്ദനവും പൂശി ഉണ്ടക്കണ്ണിനു ചുറ്റും മഷിയെഴുതി കയ്യിലൊരു 'സിഗ്‌ സാഗ്‌'വാളുമായി കൂക്കി വിളിച്ചും കൊണ്ട്‌ പെണ്ണുങ്ങളുടെയും കുട്ടികളുടെയും ഇടയിക്ക്പാഞ്ഞു കയറുന്ന കോമരം മുന്നൂറ്റന്‍ ബാലേട്ടനോട്‌"ഇഞ്ഞി കുണ്ടനെ പേടിപ്പിക്കല്ല വാലാ" എന്നു പറയാനുള്ള ധൈര്യം വല്യമ്മയ്ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. രണ്ടു കൈകളും കൊണ്ട്‌ എന്നെ മുറുക്കി പിടിച്ചിട്ടുണ്ടാകും അപ്പൊള്‍ വല്യമ്മ..

വല്യമ്മയുടെ വര്‍ത്തമാനം വായും പൊളിച്ചിരുന്നു കേട്ടു പോകും.കാരണവരുടെ കോണകത്തിന്റെ കഥ അങ്ങനെ കേട്ടതാണു ഞാന്‍. ഞങ്ങളുടെത്‌ ഉള്‍പ്പെടെ പഴയ നായര്‍ തറവാടുകളിലെ പെണ്ണുങ്ങളുടെ അവസ്ഥ വല്യ കഷ്ടായിരുന്നത്രെ..ആണുങ്ങള്‍നാടുമുഴുവന്‍ നിരങ്ങി നടന്നു അവിടുന്നുമിവിടുന്നുമൊക്കെ എന്തെങ്കിലും തിന്നു വരും.വീട്ടില്‍ കുറെ ജീവികള്‍ വേറെ ഉണ്ടെന്ന ബോധം പോലും ഉണ്ടാകില്ലത്രെ അവര്‍ക്ക്‌..അത്തരം ദിവസങ്ങളില്‍പെണ്ണുങ്ങള്‍ എല്ലാം ചേര്‍ന്നു വല്ല കിഴങ്ങോ,നീണ്ടിയോ കൊത്തിക്കൊണ്ടു വന്നു പുഴുങ്ങി തിന്നും.പക്ഷെ ഇതൊന്നും കാരണവന്‍മാര്‍ എന്നു വിളിക്കുന്ന ചെറ്റകളുടെ('ചെറ്റ'വല്യമ്മയുടെ പ്രയോഗമല്ല്ള,കഥ കേട്ടു കഴിഞ്ഞ എനിക്കു തോന്നിയതാ..)കണ്ണില്‍ പെടാന്‍ പാടില്ല.പക്ഷെ ഒരു ദിവസം ഇത്തരമൊരു പുഴുങ്ങലിന്റെ സമയത്താണു കാരണവര്‍ വന്നു കയറുന്നത്‌.."ദെന്താ ദാക്ഷാണ്യേ കലത്തില്‍..?"പാവം ദാക്ഷാണ്യമ്മയുടെയും സഹപെണ്ണുങ്ങളുടെയും പകുതി ജീവന്‍ പോയി..എന്നാലും ഒരു ധൈര്യം അങ്ങു വരുത്തി പറഞ്ഞു സമര്‍ത്ഥയായ ദാക്ഷായണി."അതോ..അതു ഞാളെ കൊറച്ച്‌ വേഷ്ടീം മുണ്ടുമൊക്ക്യാ.."കാരണവര്‍ ആരാ മോന്‍..?കാരണവര്‍ ഇതു കേട്ടതും അയാളുടെ കോണകം അഴിച്ച്‌ കലത്തിലേക്കിട്ടിട്ടു പറഞ്ഞു."ഇന്നാ ഇന്റെ കോണോന്‍ കൂടി പുയുങ്ങിക്കോ..കൊറച്ചീസായി വെള്ളം കാണിച്ചിട്ട്‌.."അമ്മയും മൂത്തമ്മയുമൊക്കെ ഇതു കേട്ടു ആര്‍ത്തു ചിരിക്കും..

വല്യമ്മയുടെ ഇളയ മകള്‍ അതായത്‌ എന്റെ അച്ഛന്റെ പെങ്ങള്‍ എന്നു പറഞ്ഞാല്‍ എന്റെ ഇളയമ്മയുടെ, മന്ദന്‍ കാവിലുള്ള വീട്ടിലേക്കു ഒരു നടത്തമുണ്ട്‌ വല്യമ്മയ്ക്ക്‌..ചില അവസരങ്ങളില്‍ എന്നെയും കൂട്ടും.കാഞ്ഞിക്കാവിലെ കനാലിന്റെ മരപ്പാലം കടന്ന്‌ തെരുവത്ത്‌ കടവിലെത്തും,പിന്നെ ഏതൊക്കെയോ ഊടുവഴികളിലൂടെ പറമ്പും,വയലും മാറി മാറി നടന്നു കീഴ്ക്കോട്ടു കടവിലാണു ചെന്നു നില്‍ക്കുന്നത്‌..അവിടുത്തെ പാലം കാഞ്ഞിക്കാവിലെതു പോലെ ഉറപ്പുള്ളതല്ല.അതു കൊണ്ടു വല്യമ്മയെ മുറുക്കെ പിടിക്കും പാലം കടക്കുമ്പോള്‍ വെള്ളത്തില്‍ വീണാലും വല്യമ്മ നീന്തി വന്ന്‌ രക്ഷിക്കുമെന്ന്‌ ഉറപ്പായിരുന്നു കല്ലങ്കി കുളത്തിലെ ഒന്നാം വര്‍ഷ നീന്തല്‍ വിദ്യാര്‍ത്ഥിയായ എനിക്ക്‌..വെള്ളയും,ചാരനിറത്തിലുമുള്ള താറാവുകള്‍ പുളച്ചു നീന്തുന്ന വയലിനു നടുവിലൂടെ കൊയിലോത്തെ പാമ്പിന്‍ കാവിനടുത്ത്‌ വന്നു കയറും..പിന്നെ ഇടുങ്ങിയ നിരത്തില്‍ പറങ്കി മാവുകളുടെ ഞാന്ന കൊമ്പുകള്‍ വകഞ്ഞു മാറ്റി കുന്നിന്‍ മുകളിലെ വീട്ടിലെത്തും..

അമ്മയ്ക്കും,മൂത്തമ്മമാര്‍ക്കുമൊപ്പം ഇരുന്നു പുര കെട്ടി മേയാനുള്ള ഓല മെടയുകയായിരുന്ന വല്യമ്മയുടെ പുറത്ത്‌ ഓല മടലു കൊണ്ട്‌ ഞാനൊന്നു കൊടുത്ത സംഭവം ഇന്നലെയെന്ന പോലെ ഓര്‍മ്മ വരുന്നുണ്ടിപ്പോള്‍..വളഞ്ഞ നട്ടെല്ലും കറുത്ത്‌ വിശാലമായ പുറവും പുറത്തെ ഇളകിക്കളിക്കുന്ന പേശികളും കണ്ടപ്പൊള്‍ തോന്നിയ ഒരു കൌതുകത്തിനാണു മട്ടലെടുത്തടിച്ചത്‌..വല്യമ്മയുടെ കരച്ചില്‍ കേട്ടപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നിപ്പോയി.ഓടി വന്ന 'പോക്കിരി' മൂത്തച്ഛനോട്‌ വല്യമ്മ ഏങ്ങിക്കരഞ്ഞും കൊണ്ടു പറഞ്ഞത്‌ "ഓനെ ഒന്നും ചെയ്യണ്ട ഓന്‍ കളിച്ചതാ" എന്നായിരുന്നു,.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയിട്ടും വല്യമ്മ പലപ്പൊഴും എന്നെ ചേര്‍ത്തു നിര്‍ത്തി ഓമനിക്കുകയും,പേന്‍ നോക്കുകയും ചെയ്തിരുന്നു.പണ്ടു വെളുത്താടന്‍ അലക്കി തേച്ചു കൊണ്ടുകൊടുത്തിരുന്ന വേഷ്ടിയും മുണ്ടും മടക്കി വച്ചിരുന്ന മരപ്പെട്ടിക്കടിയില്‍ നിന്നു ഇരുപതിന്റെയും,ഇരുപത്തഞ്ചിന്റെയും തുട്ടുകള്‍ പെറുക്കിയെടുത്ത്‌ തന്നിരുന്നു ബസ്സ്സിനു പോകാന്‍.ഞാന്‍ ഡിഗ്രിക്കു നഗരത്തിലെ കോളേജില്‍ പോയിത്തുടങ്ങിയപ്പോഴും..എപ്പോഴോ ഞാന്‍ വല്യമ്മയില്‍ നിന്ന്‌ അകന്നിരിക്കണം..ആ നിമിഷങ്ങളെയാണു ഞാനിന്ന്‌ ഏറ്റവും വെറുക്കുന്നത്‌.കിടക്കയിലും കോലായിലുമൊക്കെ മൂത്രമൊഴിച്ചും,മലം പുരണ്ട കൈകള്‍ ചുവരിലാകെ തേച്ചും ,പിച്ചും പേയും പറഞ്ഞും വല്യമ്മ അവശയായപ്പോള്‍ കൈ പിടിച്ചു നടത്തേണ്ടതിനു പകരം അറച്ചു മാറി നിന്നിരുന്നു ഞാനെന്ന്‌ ഇപ്പോള്‍ തിരിച്ചറിയുന്നു..ഒരുപാട്‌ ഒരുപാട്‌ വൈകി.. തറയിലെ കല്ലുകള്‍ ഇളകിപ്പൊങ്ങി നിന്നിരുന്ന തെക്കെ അകത്ത്‌ കാല്‍ തെറ്റി വീണു തല പൊട്ടി ചോര ഒഴുകി വല്യമ്മ അവശയായപ്പൊളും ഒരു കടമ നിര്‍വഹിക്കും പോലെയായിരുന്നോ ഞാന്‍ ആശുപത്രിയിലേക്കോടിയത്‌,?കിടന്ന കിടപ്പില്‍ എന്റെ കണ്‍മുന്നില്‍ കിടന്ന്‌ വല്യമ്മ മരിച്ചപ്പോഴും ഒരു തുള്ളി കണ്ണീര്‍ ഊറി വന്നില്ല ഈ നന്ദി കെട്ട കണ്ണുകളില്‍..വല്യമ്മയുടെ കഥകള്‍ കേട്ടാല്‍ മാത്രം അടയുമായിരുന്ന കണ്ണുകളില്‍..പക്ഷെ കുളിപ്പിച്ചു കിടത്തിയ വല്യമ്മയുടെ അടുത്ത്‌ ഈച്ചയെ അകറ്റി ഇരിക്കുമ്പോള്‍ മനസ്സ്‌ സകല പിടികളും വിടുവിച്ച്‌ ഓടിപ്പോയി പിന്നോട്ട്‌..അവിടെ നിറയെ ഉണ്ണിയും,വല്യമ്മയുമായിരുന്നു..പിന്നെ കരഞ്ഞു..പക്ഷെ അതു ഉണ്ണിയായിരുന്നു..വല്യമ്മയുടെ മാത്രം ഉണ്ണി..