Monday, September 21, 2009

ചില വാമൊഴി ചിന്തകള്‍..

ബാലുശ്ശേരിയുടെ വാമൊഴി നിഖണ്ടു തയ്യാറാക്കുക എന്നത്‌ ഈയുള്ളവന്റെ ഒരു എളിയ സ്വപ്നമാകുന്നു. മലയാള ഭാഷാ പദ സഞ്ചയത്തിനെ കൂടുതല്‍' സമ്പന്നമാ'ക്കാനുള്ള ഈ ഉദ്യമത്തിനിടെ വീണുകിട്ടിയ ചില പായാരങ്ങളാണെനിക്ക്‌ ഇത്തവണ പറയാനുള്ളത്‌.
കഥാപാത്രങ്ങളില്‍ മരിച്ചവരും,ജീവിച്ചിരിക്കുന്നവരുമുണ്ട്‌..


ഗോപാലന്‍ നായരില്‍ തുടങ്ങാം..
പറമ്പിന്‍ മുകള്‍ അങ്ങാടിയില്‍ ചായപ്പീട്യ അതായത്‌ ഹോട്ടല്‍ നടത്തുന്നു. കാലം ഇച്ചിരി മുന്‍പാണു..പാറക്കുളം ഷാപ്പില്‍ നിന്ന് മടങ്ങുന്നവരൊന്നും നായരുടെ ഹോട്ടലില്‍ കയറാതെ വീട്ടില്‍ പോകാറില്ല..ടി.ഗോപാലന്‍ നായരുടെ സാമര്‍ഥ്യം അഥവാ അതി ബുദ്ധി വെളിപ്പെടുത്തുന്ന ഈ സംഭവം നാട്ടില്‍ പാട്ടാക്കിയത്‌ നായരുടെ ബെസ്റ്റ്‌ ഫ്രെണ്ട്‌ ആയ കലന്തന്‍ ഹാജി തന്നെയാണു..( ഹാജിയും,നായരും ചിലപ്പോള്‍ ചെറിയ 'വര്‍ഗീയ'സംഘര്‍ഷങ്ങളിലൊക്കെ എത്തിപ്പെടാറുണ്ടു. " അല്ലേലും ഇങ്ങളു മുട്ട മുറിയന്‍മാര്‍ക്ക്‌ കത തീരേ ഇല്ല ". ഹാജി വിട്ടു കൊടുക്കില്ല ." പാത്ത്യാലും , തൂറ്യാലും കയ്കാത്ത ഇങ്ങളെ കൂട്ടര്‍ക്കാ പെരുത്ത കത"..അപ്പോഴേക്കും നല്ല കറുത്ത സ്റ്റ്രോങ്ങ്‌ കട്ടന്‍ ചായ കൊണ്ടു വച്ചിട്ടുണ്ടാകും കരുണന്‍ ഗോപാലന്‍ നായരുടെയും ഹാജിയുടെയും മുന്നില്‍.അതോടെ തീരും ലഹള. ഹാജിയെപ്പറ്റി വഴിയേ പറയാം )
ഒരു ദിവസം ഉച്ച തിരിഞ്ഞ സമയം.. ഹോട്ടലില്‍ നല്ല തിരക്ക്‌..
ഗോപാലന്‍ നായരും,സഹായി കരുണേട്ടനും ഓടി നടന്നു പണിയെടുക്കുന്നു.
റോഡരികിലെ ബെഞ്ചില്‍ ഒരറ്റത്ത്‌ കലന്തന്‍ ഹാജി കട്ടന്‍ അടിച്ചിരിക്കുന്നുണ്ട്‌..
പൊടുന്നനെയാണത്‌ സംഭവിച്ചത്‌.
" ഫൂ "
പലഹാര അലമാരയ്ക്കു പിന്നില്‍ മരച്ചീനിപ്പുഴുക്ക്‌ ( ഈ ആഹാരത്തിന്റെ ' ബാലുശ്ശേരിയന്‍' പേരു പറഞ്ഞാല്‍ തിരുവനന്തപുരത്തെ എന്റെ മിത്രം ഷമീം ഫാറൂഖ്‌ അടുത്ത നിമിഷം എന്റെ ഫ്രെണ്ട്ഷിപ്‌ കട്ടു ചെയ്യും ! ) തിന്നുകയായിരുന്ന മീങ്കാരന്‍ പോക്കരാണു തുപ്പിയത്‌.
പൊതുവെ തുറിച്ച ഉണ്ടക്കണ്ണുകള്‍ രണ്ടൂം വെളിയിലേക്ക്‌ തള്ളിച്ച്‌ പോക്കര്‍ പ്ലേറ്റുമായി എണീറ്റ്‌ ഗോപാലന്‍ നായരുടെ നേരെ നിന്നു..
" ദെന്താ കോവാലാ പുയിക്കിലു വണ്ടോ..? "
ഹോട്ടലും പരിസരവും നിശ്ചലമായി.ഗോപാലന്‍ നായര്‍ കൂളായി പോക്കരുടെ അടുത്ത്‌ വന്നു,പ്ലേറ്റ്‌ വാങ്ങി അടുപ്പിച്ച്‌ നോക്കി. പിന്നെ പുഴുക്കില്‍ കറുത്തുരുണ്ടു മിനുത്ത്‌ കിടക്കുന്ന ആ സാധനമെടുത്ത്‌ വായിലിട്ടു.. താളത്തില്‍ ചവച്ചരച്ച്‌ പോക്കരുടെ ചൂടുവെള്ളവുമെടുത്ത്‌ കുടിച്ച്‌ കലന്തന്‍ ഹാജിയെ നോക്കി എല്ലാരോടുമെന്നോണം ഉറക്കെ ഒരു ' ആത്മഗതം '
" പുയിക്കിലാ ഇമ്മളെ കരുണന്‍ മുന്തിരി കൊണ്ടച്ചിട്ടത്‌.."
കരുണന്‍ വാ പൊളിച്ചു നില്‍ക്കെ എല്ലാം ശാന്തമായി.പോക്കര്‍ അതേ പുഴുക്കു തന്നെ പ്ലേറ്റ്‌ വടിച്ചു തിന്ന് അഞ്ച്‌ വിരലും മാറി മാറി നക്കി എണീറ്റ്‌ പോയി.
അന്ന് രാത്രി ഗോപാലന്‍ നായര്‍ ഹോട്ടല്‍ അടച്ച്‌ നിരയെടുത്ത്‌ വക്കുമ്പോള്‍ ഹാജിയാര്‍ തന്റെ സംശയം ചോദിച്ചു..
" അത്‌ മുന്തിര്യെന്ന്യായ്നോ ന്റെ പഹയാ..? "
നടുവിലെ നിരയിലെ പഴുതില്‍ കറുത്ത്‌ എണ്ണമയമുള്ള താക്കോലിട്ടു തിരിക്കവേ ഗോപാലന്‍ നായര്‍ പതുക്കെ പ്രതിവചിച്ചു.
" എണക്കെന്തിന്റെ ചൂടാ കല്‍ന്താ..? നല്ല്യസ്സല്ല് തീട്ട വണ്ടാ..അയിന്റ്യൊരു കൊയ്പ്പ്‌ പ്പളും പോയിറ്റില്ല തൊള്ളേന്ന് "
പറഞ്ഞു കഴിഞ്ഞ്‌ നായര്‍ ആഞ്ഞൊന്ന് കാര്‍ക്കലിച്ച്‌ തുപ്പി..നാട്ടില്‍ തല്ലുണ്ടാക്കിയും , ഒളിവെട്ടു നടത്തിയും ( അന്യന്റെ ഭാര്യയെ വളച്ചെടുത്ത്‌ തഞ്ചത്തില്‍ പ്രാപിക്കുന്ന വിദഗ്ദമായ ഏര്‍പ്പാടിന്റെ നാടന്‍ ഭാഷ്യമാകുന്നു ' ഒളിവെട്ട്‌ ' ) തലവേദന ഉണ്ടാക്കുന്നവന്‍മാരെ നന്നാക്കാന്‍ പിതാക്കന്‍മാര്‍ ചെയ്യുന്ന കടുംകൈയാണു ഗള്‍ഫിലേക്കുള്ള നാടു കടത്തല്‍. ' ചിന്താവിഷ്ടയായ ശ്യാമള' യില്‍ ശബരിമലയ്ക്കു പോയി വന്ന ശ്രീനിവാസന്റെ കഥാപാത്രത്തിനു സംഭവിച്ച മാതിരിയുള്ള മാറ്റവുമായി വരുന്നവന്‍മാരുണ്ട്‌ ഗള്‍ഫീന്ന്..അതിനൊരു കൊച്ചു ഉദാഹരണമാണു സുനിയുടെ കഥ..

രണ്ടരക്കൊല്ലത്തെ ഗള്‍ഫ്‌ വാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ സുനി വയല്‍ വരമ്പത്തെ കൊച്ചയെ അതായത്‌ കൊറ്റിയെ വിരല്‍ ചൂണ്ടി പീടികയിലെ സുധാകരേട്ടനോട്‌ ചോദിച്ചു.
" സുധാകരന്‍ ചേട്ടാ , ആ വരമ്പത്ത്‌ നില്‍ക്കുന്ന വെളുത്ത പക്ഷിയേ കാണുന്നില്ലേ, അതിന്റെ പേരെന്തായിരുന്നു..? "
നെല്ലു വിതച്ച കണ്ടത്തില്‍ കൊച്ചകളേയും,കുളക്കോഴികളെയും ഓടിക്കാന്‍ കുടുക്കില്ലാത്ത ട്രൌസറിന്റെ രണ്ട്‌ കീശയിലും ചരലു നിറച്ച്‌ വരമ്പത്ത്‌ കുത്തിയിരിക്കുന്ന സുനിയെ ഒരു നിമിഷം ഓര്‍ത്തു പോയി സുധാകറേട്ടന്‍.ഏതായാലും അങ്ങനെ ചോദിച്ച ദിവസം തന്നെ കൊടിത്തുവ്വയില്‍ ചവിട്ടിപ്പോയ സുനി
" ഊയിന്റ്യമ്മോ ചൊറിഞ്ഞൊറിഞ്ഞ്‌ ഇനിക്കിപ്പം പ്രാന്ത്‌ പിടിക്ക്യേ.." ന്ന്
നിലവിളിച്ച കാര്യവും പുറം ലോകം അറിഞ്ഞത്‌ സുധാകരേട്ടനില്‍ നിന്നാണു..ഇനി കലന്തന്‍ ഹാജിയിലേക്കു വരാം. ലോക പരിചയം കമ്മിയായ ഹാജി പറമ്പിന്‍ മുകളല്ലാതെ പുറത്ത്‌ പോയത്‌ ഒന്ന് ഹജ്ജിനു മക്കയിലേക്കും,മറ്റൊന്ന് മരു മകളുടെ പ്രസവത്തിനു കോഴിക്കോട്ടേക്കും..
പട്ടണത്തില്‍ ഹാജിക്കു പിണഞ്ഞ അമളി അങ്ങാടിപ്പാട്ടാക്കാന്‍ ' അറാമ്പിറന്ന ' ഏതോ ഒരു ബാലുശ്ശേരിക്കാരന്‍ ഹാജിയുടെ തൊട്ടടുത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു.
കലന്തന്‍ ഹാജിയുടെ രണ്ടാമത്തെ കെട്ടിലെ മൂന്നാമത്തെ മകന്റെ ഒന്നാമത്തെ ബീവിയുടെ രണ്ടാമത്തെ പ്രസവം നടന്നത്‌ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു.
പറമ്പിന്‍ മുകളില്‍ നിന്ന് ബസ്സ്‌ കയറിയ ഹാജിയാര്‍ക്ക്‌ ഇത്തിരി മുന്നിലാണു സീറ്റ്‌ കിട്ടിയത്‌. നേരു പറഞ്ഞാല്‍ ഹാജ്യാര്‍ തനിച്ച്‌ ബസ്സില്‍ ആദ്യായിട്ടാണു.ണല്ല തിരക്ക്‌. നന്‍മണ്ട എത്തിയപ്പോ കണ്ടക്ടര്‍ ഹാജിയുടെ അടുത്തെത്തി.
കണ്ടക്ടറോട്‌ എന്താ പറയെണ്ടതെന്ന് ആലോചിക്കവേ തൊട്ടടുത്ത്‌ പര്‍ദ്ദയുടുത്ത്‌ നിന്ന പെണ്ണ്‍ പണം കൊടുത്ത്‌ കണ്ടക്ടറോട്‌
" ഒരു ഫാത്തിമ "
ഹാജ്യാര്‍ക്കു സന്തോഷായി. ' ഫാത്തിമ ' ബസ്സ്‌ സ്റ്റോപിന്റെ പേരാണെന്നൊന്നും അറിയാത്ത ഹാജി ഒരു അന്‍പതിന്റെ നോട്ടെടുത്ത്‌ കണ്ടക്ടര്‍ക്ക്‌ നീട്ടിയിട്ട്‌ തട്ടിവിട്ടു.
" ഒരു കലന്തന്‍ "സ്ഥലത്തെ പ്രമാണിമാരായിരുന്ന കുഞ്ഞിരാമേട്ടനും,അപ്പു നമ്പ്യാര്‍ക്കും എക്സ്‌.കേശവേട്ടനോട്‌ പുളിച്ച ചീത്ത കേട്ട സംഭവം നടന്നത്‌ പത്തിരുപത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പാണു.
കേശവേട്ടന്റെ മിലിട്ടറി ബഡായികള്‍ പ്രസിദ്ധമാണു.
അതിലൊരു സൂപ്പര്‍ ബഡായി പറഞ്ഞിട്ട്‌ സംഭവം വിവരിക്കാം.
കാശ്മീരില്‍ അതിര്‍ത്തി കാക്കുകയാണു കേശവേട്ടന്‍.തണുപ്പ്‌ ഏതാണ്ടൊരു മൈനസ്‌ 25 ഡിഗ്രി.
പാക്കിസ്ഥാന്‍ കാര്‍ ഘോര ഘോരം നുഴഞ്ഞു കയറുന്നുകേശവേട്ടന്റെ ബറ്റാലിയന്‍ വലിയൊരു കിടങ്ങിന്റെ മുന്‍പില്‍ എത്തിപ്പെട്ടു. ആരെങ്കിലുമൊരാള്‍ അപ്പുറത്തെത്തി കുറ്റിയടിച്ച്‌ കയറു കെട്ടിയാല്‍ എല്ലാര്‍ക്കും തൂങ്ങി അപ്പുറത്തെത്താം.ചിന്തിച്ച്‌ നില്‍ക്കാന്‍ സമയമില്ല..
ക്യാപ്റ്റന്‍ കേശവേട്ടനെ ഒന്നു നോക്കി (യത്രേ )
കേശവേട്ടന്‍ മുന്നോട്ട്‌ വന്ന് സല്യൂട്ടടിച്ചു. പിന്നെ കൊട്ടയില്‍ നിന്നും നല്ലൊരു ഉണ്ട തെരെഞ്ഞെടുത്ത്‌ പീരങ്കിയിലിട്ടു. കൂടെയുള്ള തമിഴന്‍ ജവാനോട്‌ തീ കൊടുക്കാന്‍ പറഞ്ഞു.
കുന്നിനെ കുലുക്കി പീരങ്കി ഗര്‍ജ്ജിച്ചു.എല്ലാരും തരിച്ചു നില്‍ക്കെ വലിയ കിടങ്ങിന്റെ അപ്പുറത്തെ കരയില്‍ എളിക്കു കൈയും കുത്തി നില്‍ക്കുന്നു കേശവേട്ടന്‍ !
ആര്‍ക്കുമൊന്നും മനസ്സിലായില്ല. ജവാന്‍മാരെല്ലാം മറുകരയെത്തിയപ്പോള്‍ കേശവേട്ടന്‍ തന്നെ വെളിപ്പെടുത്തി.
'കുതിച്ചു പാഞ്ഞ പീരങ്കി ഉണ്ടയിന്‍മേല്‍ തൂങ്ങിക്കിടന്നു.ഉണ്ട ഇപ്പുറമെത്തിയപ്പോള്‍ കൈവിട്ട്‌ ചാടി '
ആ സംഭവത്തിനു തെളിവായി ഒരു പൊള്ളല്‍ പാട്‌ കേശവേട്ടന്‍ ഞങ്ങളെയെല്ലാം കാണിച്ചിട്ടുണ്ട്‌.എന്നാല്‍ ആ പാട്‌ കഞ്ഞിക്കലത്തിന്റെ വക്കു കൊണ്ട്‌ പൊള്ളിയതാണെന്നും, പട്ടാളത്തിലെ അരിവെയ്പ്പുകാരനായിരുന്നു കേശവേട്ടനെന്നുമുള്ള പ്രബലമായ വാദം കാഞ്ഞിക്കാവിലുണ്ട്‌. !
ഈ കേശവേട്ടന്റെ ഞാട്ടിക്കണ്ടത്തിലൂടെയാണു ഒരു ദിവസം മൊയ്തിക്കാക്കയുടെ പശു കയറും പൊട്ടിച്ചോടിയത്‌.! ഒന്നും രണ്ടുമല്ല എട്ടു പത്ത്‌ വയലുകളില്‍ നട്ട ഞാറു മുഴുവന്‍ കുട്ടിച്ചോറാക്കി ഒരു
' ഉഴുത്തു ' തന്നെ നടത്തിയാണു പശു വരമ്പത്ത്‌ കയറിയത്‌.
പുകിലായി..!
കേശവേട്ടന്‍ മൊയ്തിക്കാക്കയെ വരമ്പത്ത്‌ നിന്നു തന്നെ കൊങ്ങയ്കു പിടിച്ചു.
ഓടിയെത്തിയവരില്‍ നിന്ന് ഇത്തിരി ധൈര്യം കൂടുതലുള്ള കുഞ്ഞിരാമേട്ടനും,അപ്പു നമ്പ്യാരും കേശവേട്ടന്റെ ഇടയില്‍ കയറി..ദേഷ്യം കൊണ്ട്‌ കേശവേട്ടന്റെ പിരിച്ച മീശ കിടന്ന് വിറയ്ക്കുന്നുണ്ട്‌.
" ഇങ്ങളു കണ്ടോ കുഞ്ഞിമ്മക്കളേ ഇന്നായിന്റെ മോന്‍ ചെയ്തെച്ച പണി..? "
എന്ന് ചോദിക്കാനായിരുന്നു കേശവേട്ടന്‍ ഉദ്ദേശിച്ചതെങ്കിലും രോഷത്തിന്റെ പാരമ്യത്തില്‍ നാവില്‍ വികട സരസ്വതി വിളയാടിക്കളഞ്ഞു..ചോദിച്ചതിങ്ങനെ:
" ഇങ്ങളു കണ്ടോ നായിന്റെ മക്കളേ ഇക്കുഞ്ഞിമ്മോന്‍ ചെയ്തെച്ച പണി..? "
കൊല്ലം മൂന്നു നാലു കാത്തിരുന്ന് ഫോണ്‍ കിട്ടിയപ്പോള്‍ കുമാരന്‍ അമ്മ പാറുവിനെ നൂറു തവണ പറഞ്ഞു പടിപ്പിച്ചതാണു ആരെങ്കിലും വിളിച്ചാല്‍ റെസീവെര്‍ എടുത്ത്‌ ആദ്യം " ഹലോ " പറയണമെന്ന്..
പക്ഷെ പറമ്പില്‍ വിറകൊടിക്കുകയായിരുന്ന പാറുവമ്മ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഓടി വന്ന് റെസീവെറെടുത്ത്‌ ചോദിച്ചതിങ്ങനെ
" ഞാങ്കണ്ടത്തിലായിനൂം എന്താണലോ..? "
ബി.എഡ്‌.കോളേജില്‍ പടിക്കുന്ന ത്രിശ്ശൂര്‍ക്കാരന്‍ ചുള്ളന്‍ സഹപാടിയെക്കാണാന്‍ ബാലുശ്ശേരിയില്‍ വന്നപ്പോള്‍ ബസ്സ്‌ ക്ലീനര്‍ യാത്രക്കാരനോട്‌ " വേങ്കീ..വേങ്കീ.." എന്നു പറയുന്നതും, യാത്രക്കാരന്‍ മറുപടിയായി
" കിയാ..കിയാ.." എന്ന് പറഞ്ഞതും കേട്ട്‌ അന്തം വിട്ട്‌ താന്‍ ചൈനയിലോ, കൊറിയയിലോ എങ്ങാനുമാണോ എന്ന് സംശയിച്ചതും സംഭവിച്ച കാര്യമാണു..(ക്ലീനര്‍ "വേഗം ഇറങ്ങ്‌..വേഗം ഇറങ്ങ്‌.." എന്നും യാത്രക്കാരന്‍
" ഇറങ്ങാം..ഇറങ്ങാം" എന്നുമായിരുന്നു പറഞ്ഞത്‌ )
" ഓക്കലച്ചക്കുളിയാ.." എന്നു പറഞ്ഞാല്‍ പ്രിയ വായനക്കാരീ / രാ മനസ്സിലാക്കുക 'അവള്‍ക്ക്‌ കൊതിയാണെന്നാണു' ആ പഴയ ബാലുശ്ശേരിക്കാരന്‍ പറഞ്ഞത്‌..
സ്ഥാനപ്പേരു ബിരുദമായി നല്‍കി ഡോ.മോഹനനെ മോന്‍ ഡോക്ടര്‍ എന്നും,അഡ്വ. ഹമീദിനെ അമീദു വക്കീലെന്നും, എസ്‌. ഐ. വാസുവിനെ വാസു എസ്സൈ എന്നും വിളിക്കുന്നത്‌ ബാലുശ്ശേരിക്കാര്‍ മാത്രമാണോ എന്നറിയില്ല..എന്നാലും ഭാഷയിലെ വൈക്രിതങ്ങള്‍ക്കൊപ്പം നാട്ടിന്‍ പുറത്തിന്റെ നിഷ്കളങ്കത കൂടെ ചേരുമ്പോഴുണ്ടാകുന്ന വ്യതിയാനങ്ങള്‍ ചിരിക്ക്‌ വക നല്‍കുമെങ്കിലും അതില്‍ അനുപമമായ സൌന്ദര്യമുണ്ട്‌..ഫോണും,ടി.വി.യും. ഹാംബെര്‍ഗറും, പിസ്സയും വിഭാവനം ചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു ദേശത്തിന്റെ, പല തലമുറകളുടെ വികാര വിചാരങ്ങള്‍ പങ്കു വച്ചതിന്റെ വരണ്ടു മങ്ങിയ പാടുകളുണ്ട്‌...