Tuesday, October 13, 2009

മണം..

മണം..
അതിനെ ഗന്ധമെന്നു വിളിച്ചാല്‍ അതിന്റെ മണം ഇത്തിരി കുറഞ്ഞു പോകും..
അതു കൊണ്ടു ക്ഷമിക്കുക. മണങ്ങളെപ്പറ്റി പടിക്കുന്ന ഒരു ശാസ്ത്ര ശാഖ തന്നെ നിലവിലുണ്ടു എന്നു കേട്ടിട്ടുണ്ട്‌. ഓര്‍മ്മ വച്ച നാളു മുതല്‍ ലഭിക്കുന്ന കാക്കത്തൊള്ളായിരം മണങ്ങളാണു മസ്തിഷ്കത്തിലെ പ്രത്യേക കേന്ദ്രങ്ങളില്‍ സൂക്ഷിക്കപ്പെടുന്നത്‌. അതു കൊണ്ടാണു കണ്ണും കൈയും കെട്ടിയിട്ടാലും ഒരു പനിനീര്‍പ്പൂവിന്റെ അരികിലെത്തിയാല്‍ അതു പനിനീരാണെന്ന് തിരിച്ചറിയാന്‍ നമുക്ക്‌ അധ്വാനം വേണ്ടി വരാത്തത്‌.

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മണങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധ്വീനങ്ങള്‍ ചെലുത്തിയിട്ടുണ്ടോ എന്ന് ?
അധികമൊന്നും ചിന്തിക്കാന്‍ കാര്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാകണം ഞാന്‍ ഒരുപാട്‌ ആലോചിച്ചിട്ടുണ്ട്‌..വിസ്മയിച്ചിട്ടുണ്ട്‌..അപ്പോള്‍ ചിരി വന്നിട്ടുണ്ട്‌ , നെഞ്ചു വേദനയും മനം പുരട്ടലുമുണ്ടായിട്ടുണ്ട്‌..
ഒരേ മണം നിരവധി തവണ അനുഭവിച്ചാലും ഒന്നുറപ്പാണു ആദ്യ അനുഭവത്തിന്റെ സന്തോഷിപ്പിക്കുന്നതോ സങ്കടപ്പെടുത്തുന്നതോ ആയ ഓര്‍മ്മകളെ തല്ലിയുണര്‍ത്തുന്നതായിരിക്കും ആവര്‍ത്തനങ്ങള്‍..!
മണിയങ്കോട്ടെ വിജയ മന്ദിരം എസ്റ്റേറ്റിന്റെ വിശാലമായ വയലുകളില്‍ ആനയെപ്പോലുള്ള പോത്തുകളെക്കൊണ്ട്‌ പണിയര്‍ ഉഴുതു മറിക്കുമ്പോള്‍ കറുത്തിരുണ്ട ചളിയില്‍ നിന്നുയരുന്ന ചൂടുള്ള മണം നടക്കാന്‍ പടിക്കുന്ന ഞാന്‍ മൂക്കു വിടര്‍ത്തി ആസ്വദിച്ചിരുന്നിട്ടുണ്ട്‌..മണിക്കൂറുകളോളം..
വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ മണം നിരവധി തവണ എന്നെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്‌..കാഞ്ഞിക്കാവിലും, ഉള്ളിയേരിയിലും, തുരുത്യാട്ടുമൊക്കെ...അത്തരം അവസരങ്ങളില്‍ ഒന്നോ രണ്ടോ നിമിഷങ്ങള്‍ കണ്ണടച്ചു നില്‍ക്കുമ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞത്‌ ശൈശവത്തിന്റെ നിഷ്കളങ്കതയും,സുരക്ഷിതത്ത ബോധവും,ഭാരമില്ലായ്മയും, കുസ്രുതികളുമൊക്കെയാണെന്ന് രോമാഞ്ചത്തോടെ,അവാച്യമായ അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌..

മന്ദങ്കാവിലെ ഇളയമ്മയുടെ വീട്ടില്‍ വേനലവധി ചെലവഴിക്കുന്ന വേളകളിലെപ്പോഴോ ആയിരുന്നു ചകിരി ചീയുന്ന , തലയ്ക്കു പിടിക്കുന്ന മണമെന്നെ ആകര്‍ഷിച്ച്‌ പിടിച്ചത്‌.
മറ്റുള്ളവരില്‍ ഓക്കാനമുണ്ടാക്കുന്നു ആ മണമെന്ന് വളരെ സങ്കടത്തോടെ അധികം വൈകാതെ തിരിച്ചറിഞ്ഞു..ആകസ്മികമായി, ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ടാണു ആ മണം ഒരിക്കല്‍ കൂടെ എന്നെ തേടിയെത്തിയത്‌..ആറേഴു കൊല്ലങ്ങള്‍ കഴിഞ്ഞ്‌ പ്ലസ്റ്റ്‌-ടു ക്ലാസ്സിലെ കെമിസ്റ്റ്രി ലാബില്‍..!
സാക്ഷാല്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ രൂപത്തില്‍..
ലായനിയിലേക്ക്‌ എച്ച്‌.ടു.എസ്സ്‌.പാസ്സ്‌ ചെയ്യാന്‍ ടെസ്റ്റ്‌ ട്യൂബുമായി ക്യൂ നില്‍ക്കുമ്പോള്‍ അവാച്യമായ ആനന്ദം അനുഭവിച്ചിട്ടുണ്ട്‌..ഊഴമെത്തുമ്പോള്‍ എച്ച്‌.ടു.എസ്സ്‌. ഉണ്ടാക്കുന്ന വിചിത്രമായ ഗ്ലാസ്സ്‌ പാത്രത്തിന്റെ നോബ്‌ തിരിച്ച്‌ ആവശ്യത്തിലുമധികം ഹൈഡ്രജന്‍ സള്‍ഫൈഡ്‌ ടെസ്റ്റ്‌ ട്യൂബില്‍ നിറച്ചതിനു മുറിയുടെ മൂലയിലെവിടെയെങ്കിലും നില്‍ക്കുന്ന മുരുകല്‍ മാഷോട്‌ ചീത്ത കേട്ടിട്ടുണ്ട്‌..സ്വത സിദ്ധമായ ശൈലിയില്‍ അദ്ധേഹം പറയും
" എരുമയാ മോനെ , എങ്ങനെ സഹിക്കുന്നു..?"
രണ്ട്‌ കൊല്ലങ്ങള്‍ക്ക്‌ ശേഷം വീണ്ടും ആ മണം ആവോളം ആസ്വദിക്കാനുള്ള അവസരം കിട്ടി..അന്നേതായാലും ഡിഗ്രി ക്ലാസ്സില്‍ സാവിത്രി ടീച്ചറോട്‌ നല്ല ചീത്തയും കേട്ടു..പിന്നീടങ്ങോട്ട്‌ ട്രെയിന്‍ പുഴ കടക്കുമ്പോഴും, ബസ്സ്‌ വയലോരം പിന്നിടുമ്പോഴുമെല്ലാം നാസാരന്ധ്രങ്ങളെ ഒരുപാട്‌ ഉന്‍മത്തമാക്കിയിട്ടുണ്ട്‌ ഈ മണം.അപ്പോഴൊക്കെ മനസ്സില്‍ ആമകള്‍ താമസിക്കുന്ന മന്ദങ്കാവിലെ ' ചേരിക്കുണ്ടു'കളും, നിഴലുകള്‍ നിറഞ്ഞ കെമിസ്ട്രി ലാബുമായിരുന്നു..

പ്രണയത്തിനു ഉമിനീരിന്റെയും, ഇണയുടെ വിയര്‍പ്പിന്റെയും മണമാണെന്നു തോന്നുന്നു.. പ്രണയം ആളിപ്പടര്‍ന്ന കാലത്ത്‌ പൂജാ സ്റ്റോറുകളില്‍ നിന്നുയരുന്ന ചന്ദനത്തിരികളുടെ മണം മനം പുരട്ടലുണ്ടാക്കി...മറ്റാരുടെയോ മുന്‍പില്‍ താലിക്കായി തല നീട്ടുന്ന പ്രേയസിയുടെ മുഖം ചന്ദനത്തിരിയുടെ മണത്തോടൊപ്പം കടന്നു വന്നു.പല അവസരങ്ങളില്‍..അപ്പോഴൊക്കെ ഉള്ളില്‍ എന്തോ കൊളുത്തി വലിച്ചു..കണ്ണുകളില്‍ എരിവ്‌ വന്നു..

കാല -ദേശ-അവസരങ്ങള്‍ക്കതീതമായി മണ്ണെണ്ണയ്ക്ക്‌ മണിയങ്കോട്ടെ പുഴയോരത്തുണ്ടായിരുന്ന ഇടിഞ്ഞു പൊളിയാറായ റേഷന്‍ പീടികയുടെ മണമാണു..അരി തൂക്കിക്കൊടുക്കുന്ന മെലിഞ്ഞ ആ മനുഷ്യന്‍ വന്ന് മണ്ണെണ്ണ വീപ്പയുടെ മൂടി തുറക്കും..സുതാര്യമായ ഒരു റബ്ബര്‍ പൈപ്പ്‌ വീപ്പക്കകത്തേക്കിടും..ഒരറ്റം വായ്ക്കകത്താക്കി ഒറ്റ വലി..വായില്‍ നിറഞ്ഞ മണ്ണെണ്ണ പുറത്തേക്ക്‌ തുപ്പി പൈപ്പ്‌ കന്നാസ്സിലിടും..അപ്പോഴേക്കും മണ്ണെണ്ണയുടെ മണം ചുറ്റിലും പരന്നു തുടങ്ങിയിരിക്കും..ഇന്ന് അസ്തിവാരം പോലും ശേഷിക്കാതെ ആ കെട്ടിടം തകര്‍ന്നു പോയിട്ടും അതു വഴി കടന്നു പോകുമ്പോഴെല്ലാം മസ്തിഷ്കത്തെ ലഹരി പിടിപ്പിക്കുന്ന ആ മണം ഒഴുകിയെത്താറുണ്ട്‌..

'ലെക്സസ്‌' സോപ്പ്‌ തേച്ചിട്ടുണ്ടോ..?'ലെക്സ്‌' അല്ല..ഇനി കമ്പനി മാനനഷ്ടത്തിനു കേസു കൊടുത്താലും വേണ്ടില്ല എനിക്കാ സോപ്പിന്റെ മണം ഇഷ്ടമല്ല..അതെന്നെ വിഷാദത്തിന്റെ പടുകുഴിയിലേക്ക്‌ വലിച്ചെറിയും.. തലവേദനയും,ചങ്കെരിച്ചിലുമുണ്ടാക്കും..അര്‍ദ്ധ ബോധാവസ്ഥയില്‍ ഉടുതുണി പോലും ഉരിഞ്ഞു പോയ നിലയിലുള്ള അച്ഛനെയും താങ്ങി ഒച്ചയുണ്ടാക്കാതെ കരയുന്ന അമ്മയ്ക്കൊപ്പം മെഡിക്കല്‍ കോളേജിലെ പത്താമത്തെ വാര്‍ഡില്‍ സഹതാപമുറ്റുന്ന പരശ്ശതം മിഴിയിണകള്‍ക്ക്‌ മുന്‍പില്‍ ഒന്‍പത്‌ ദിവസങ്ങള്‍ കഴിച്ച്‌ കൂട്ടിയ നാളുകളില്‍ ഈച്ചയാറുന്ന കക്കൂസ്സില്‍ ആരോ കൊണ്ടു വച്ചിരുന്നു ഒരു തടിച്ച 'ലെക്സസ്‌' സോപ്പ്‌...വിസര്‍ജിക്കാനും,കുളിക്കാനും,മുഖം കഴുകാനും പോയി വരുന്നവരെ ആ സോപ്പ്‌ മണത്തു...


റോഡരികില്‍ വളരുന്ന ചെറിയൊരു മുള്‍ച്ചെടിയുണ്ട്‌..മഞ്ഞപ്പൂക്കളുണ്ടാകും,പച്ചക്കായകളും..മന്ദാരത്തിന്റെ കായ വീര്‍ത്തതു പോലെ..മുള്ളു കൊള്ളാതെ അതു പറിച്ചെടുത്ത്‌ വിരലുകള്‍ക്കിടയില്‍ അമര്‍ത്തിയാല്‍ അച്ചയോടെ പൊട്ടും..പൊട്ടിച്ചു കഴിഞ്ഞാല്‍ അര മണിക്കൂര്‍ നേരം കൈകള്‍ക്ക്‌ കൊതിപ്പിക്കുന്ന മണമാണു..എനിക്കത്‌ വയനാടിന്റെ സ്വന്തം മണമാണു..പറമ്പിന്‍ മുകളിലേക്ക്‌ പോകുന്ന അരീക്കുളങ്ങര കയറ്റത്തിന്റെ വലത്‌ ഭാഗത്ത്‌ ഒരു തണുത്ത പ്രഭാതത്തില്‍ ആ ചെടി കണ്ടെത്തിയ ശേഷം ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും അതിന്റെ കായ പൊട്ടിച്ച്‌ മണത്തിട്ടുണ്ട്‌..ഒരു നിമിഷം കണ്ണടച്ച്‌ ആഴത്തിലൊരു ശ്വാസമെടുത്ത്‌ മണിയങ്കോട്ടെ തണുത്ത വഴികളില്‍ പോയി വരികയും ചെയ്യും..


ഉണങ്ങുന്ന വ്രണങ്ങളുടെയും,മുഖക്കുരുവിന്റെ ഞെക്കിയാല്‍ പൊടിയുന്ന വെളുത്ത ആണിയുടെയ്ം,മൂക്കില്‍ ഉറയുന്ന സ്ലേഷ്മ ശേഷിപ്പിന്റെയും,കക്ഷത്തിലെ ചൂടു വിയര്‍പ്പിന്റെയും മണങ്ങള്‍ വിരസമായ സ്വകാര്യതകളില്‍ എനിക്ക്‌ ആസ്വദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സമ്മതിക്കുന്നതില്‍ സങ്കോചം തോന്നുന്നില്ല..ഈ കുറിപ്പ്‌ പൂര്‍ത്തിയാക്കുമ്പോഴും മനസ്സ്‌ രേഖപ്പെടുത്തിയ മണങ്ങള്‍ തീര്‍ന്നുവെന്ന് വിശ്വസിക്കുന്നില്ല..ആകസ്മിക നിമിഷങ്ങളില്‍ കടന്ന് പോയ പടവുകളികെ നനവും,വഴുക്കലും പേറി ഇനിയും മണങ്ങള്‍ വരും..വരണം..