Tuesday, November 10, 2009

സില്‍മ..സില്‍മ..സില്‍മ..

വിട പറയുന്ന മഴക്കാലത്തിനു ചീഞ്ഞളിയുന്ന മാമ്പഴത്തിന്റെ ഗന്ധമുള്ളതായി തൊന്നിയിട്ടുണ്ട്‌..
അപ്പോഴൊക്കെ സ്കൂളിലേക്കുള്ള തീര്‍ത്ഥയാത്രകളില്‍ വയല്‍ വരമ്പത്തെ പുല്‍ക്കൊടികളില്‍ ചുമപ്പിലും,വയലറ്റിലും ചിരിക്കുന്ന സൂര്യന്‍മാരെ എണ്ണിയാലൊടുങ്ങാത്ത അത്രയും തവണ കണ്ടിരിക്കുന്നു..
കിണഞ്ഞു ശ്രമിച്ചിട്ടും ഈ ഇരുപത്തി ആറാമത്തെ വയസ്സില്‍ ഒരു മങ്ങിയ സൂര്യനെ പോലും അവിടെ കാണാന്‍ കഴിയുന്നില്ല ! എവിടെയാണു തെറ്റിയത്‌..?
ഏന്താണു ബാല്യത്തോടൊപ്പം നഷ്ടമായത്‌..? അങ്ങേയറ്റം വിലപ്പെട്ട,വ്യത്യസ്ഥമായ ഒരു വീക്ഷണ കോണ്‍..
അതിന്റെ അഭാവം സ്രിഷ്ടിക്കുന്ന അന്ധത ഭയാനകമാണെന്ന തിരിച്ചറിവ്‌ എന്നിലെന്ന പോലെ നിന്നിലും നഷ്ടബോധം ഉളവാക്കുന്നില്ലേ ?ടെലിവിഷന്‍ ഒരു അത്ഭുത യന്ത്രം തന്നെയാണു..
ഒരു ജനതയില്‍ അതു വരുത്തിത്തീര്‍ത്ത മാറ്റം പതിനായിരക്കണക്കിനു നവോത്ഥാന നായകര്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട്‌ ഉണ്ടാക്കിയതിലും അധികമായിരിക്കും എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല..
കാഞ്ഞിക്കാവിലെയും,തുരുത്യാട്ടേയും മുന്നൂറോളം ചെറുതും വലുതുമായ വീടുകളില്‍ എന്റെ പരിമിതമായ അറിവില്‍ 1989 ല്‍ (വെറും 20 കൊല്ലങ്ങള്‍ക്കപ്പുറം) ആകെ ഉണ്ടായിരുന്നത്‌ 3 ടെലിവിഷനുകള്‍ മാത്രമായിരുന്നു. ആദ്യം ശനിയാഴ്ച്ചയും പിന്നെ ഞായറാഴ്ചകളിലും ഈ വീടുകള്‍ ഉത്സവപ്പറമ്പു പോലെ പുരുഷാരത്തെ കൊണ്ട്‌ നിറയും..
ഒരാഴ്ച്ചത്തെ നീണ്ട കാത്തിരിപ്പിനു ശേഷം 'സില്‍മ' കാണാന്‍ എത്തുന്നവര്‍..
കുപ്പായം മാത്രമിട്ട്‌ ' ഇച്ചീച്ചി വീത്തല്‍' പ്രക്രിയ എളുപ്പമാക്കാന്‍ ട്രൌസറും,ജെട്ടിയുമിടാതെ വരുന്ന സുന്ദരികളും,സുന്ദരന്‍മാരും,ലുങ്കിക്കടിയില്‍ കാക്കിയോ,വരകള്‍ നിറഞ്ഞതോ ആയ വലിയ ട്രൌസറുകളിട്ട കൊമ്പന്‍ മീശക്കാര്‍-ഇവരെ സ്ഥിരം ചാരായം മണക്കും.,ബ്ലൌസ്‌ ഇടാതെ ഞാന്ന മുലകള്‍ ആട്ടി കാതിലെ തോട ഊരിയ ഓട്ടയില്‍ ഓലക്കണ്ണി ചുരുട്ടി വച്ച്‌ കുനിഞ്ഞു വരുന്ന വല്യമ്മമാര്‍.ഒക്കത്തും വിരല്‍ത്തുമ്പത്തും ഓരോ കിളുന്തുകളെയും തൂക്കി അമ്മമാര്‍,അവര്‍ സുന്ദരികളും,വിരൂപകളും ഉണ്ടായിരുന്നു..
ജാതിയോ,നിറമോ,വയറിന്റെ വലിപ്പമോ നോക്കാതെ അവരുടെ കുട്ടികള്‍ ഈ ജനങ്ങള്‍ക്കിടയില്‍ പുഴുക്കളെപ്പോലെ ഇഴഞ്ഞ്‌ നടക്കും..ശാലിച്ചേച്ചിയുടെ കറുത്ത കൈയില്‍ മുറുക്കെ പിടിച്ച്‌ കുന്നത്തര കമ്പനിയിലെ പരുക്കന്‍ നീല തുണി കൊണ്ടടിച്ച ട്രൌസറും ഇട്ടഈ ഉണ്ണിയും അവിടെ പതുങ്ങും..


നാലു മണിക്കു തന്നെ വല്യമ്മ ചൂട്ടു കെട്ടിത്തരും(തെങ്ങോല അതിന്റെ തന്നെ ഒരു കണ്ണി കൊണ്ട്‌ മുറുക്കി കെട്ടിയാല്‍ ചൂട്ടാകുന്നു,വയസ്സന്‍മാര്‍ ക്ഷമിക്കുക) ഇറയുടെ നിഴല്‍ തുളസ്സിത്തറയുടെ ഒത്ത നടുക്കെത്തിയാല്‍ കറക്ട്‌ നാലേ മുക്കാലായിട്ടുണ്ടാകും(അതു വല്യമ്മയുടെ ഒരിക്കലും തെറ്റാത്ത കാല്‍ക്കുലേഷനുകളില്‍ ഒന്ന്‌!) പിനെ ഒരു ഓട്ടമാണു..
വയല്‍ വരമ്പത്ത്‌ രണ്ടു കൈകളും നീട്ടി ബാലന്‍സ്‌ ചെയ്ത്കൊണ്ട്‌...മുന്നിലും പിന്നിലുമായി പത്തോ,ഇരുപതോ ആളുകള്‍..ഇടുങ്ങിയ വഴിയില്‍ നിന്ന്‌ എളാങ്കോട്ടെ സിമന്റ്‌ പടികള്‍ കയറുമ്പോഴെ കാണാം വിശാലമായ കോലായുടെ ഏതാണ്ട്‌ മുഴുവന്‍ ഭാഗവും ആളുകളെക്കൊണ്ട്‌ നിറഞ്ഞിട്ടുണ്ടാകും.
പേരെഴുതിക്കാണിക്കാന്‍ തുടങ്ങുമ്പോഴെ പുകയില മണക്കുന്ന ശ്വാസവുമായ്‌ പിന്നില്‍ കാലു നീട്ടിയിരിക്കുന്ന ഏതെങ്കിലും വല്യമ്മ ചോദിക്കും
"എത്തറ റീലാ..? "
മീന്‍ മുറിക്കുന്നിടത്ത്‌ പൂച്ച ഇരിക്കും പോലെ ഇരിപ്പുറപ്പിച്ച ഏതെങ്കിലും ഒരു മുറിയന്‍ ട്രൌസര്‍ കാരന്‍ വിളിച്ചു കൂക്കും
"പയിനാലു "
ചെവിക്ക്‌ പിന്നില്‍ വച്ച കൈ മാറ്റി അതേ വല്യമ്മ പറയും
" ന്നാ മോന്ത്യാവുമ്പളെക്ക്‌ തീരുന്ന ലച്ചണൊന്നൂല്ല.."
ആ വല്യമ്മയുടെ കരിനാക്ക്‌ വളച്ച പോലെതന്നെ ഏഴു മണിക്ക്‌ അറിയിപ്പ്‌ കാണിക്കും
"ചലച്ചിത്രം വാര്‍ത്തകള്‍ക്ക്‌ ശേഷം തുടരും" പീക്കിരിപ്പിള്ളേര്‍ എണീറ്റ്‌ മൂത്രമൊഴിക്കാനോടും..ആണ്‍ കുട്ടികള്‍ മുന്നിലെ മിറ്റാരമ്പത്ത്‌ (മുറ്റ വരമ്പത്ത്‌ :) ) നിരന്ന്‌ നിന്ന്‌ ഇഞ്ചിക്ക്‌ മരുന്ന്‌ തളിക്കും പോലെ നീട്ടി മൂത്രമൊഴിക്കും.ചിലപ്പോ ഏറ്റവും കൂടുതല്‍ ദൂരം മൂത്രമെത്തിക്കുന്നത്‌ ആരാണെന്ന മത്സരം തന്നെ നടന്നെന്നിരിക്കും..!
പെണ്‍ കുട്ടികള്‍ പിന്നോട്ട്‌ നീട്ടിപ്പിടിച്ച പാവാടയുമായിരുന്നാണു ഈ കര്‍മ്മം നിര്‍വഹിക്കുന്നത്‌..എങ്കിലും ഏതെങ്കിലും ഒരുത്തിയെങ്കിലും നനഞ്ഞ പാവാടത്തുമ്പില്‍ മൂത്രത്തിന്റെ രൂക്ഷ ഗന്ധവും പേറി എത്താതിരിക്കില്ല.. ഹേമലതയോ,രാജേശ്വരിയോ,താടിക്കാരന്‍ ബാലക്രിഷ്ണനോ ഘോര ഘോരം വാര്‍ത്ത വായിക്കുമ്പോള്‍ അമ്മമാര്‍ പേന്‍ നോക്കും,വയസന്‍മാര്‍ ബീഡി വലിക്കും..എന്നും കേള്‍ ക്കുന്നത്‌ ഒരേ വാര്‍ത്ത തന്നെയല്ലേയെന്നു തോന്നാറുണ്ട്‌..വാര്‍ത്ത കഴിഞ്ഞ്‌ സിനിമ തുടങ്ങുന്നതോടെ എല്ലാം പഴയ പടിയാകും..സിനിമയുടെ അന്ത്യത്തില്‍ നായകന്റെ കാഴ്ച പോകുമ്പോള്‍,അല്ലെങ്കില്‍ കാന്‍സറുണ്ടെന്നു കാണിക്കാന്‍ നായികയുടെ മൂക്കില്‍ നിന്നു ചോരയൊലിക്കുമ്പോള്‍,പിന്നില്‍ വാതില്‍ പടിയില്‍ ഇരിക്കുന്ന ദേവകി അമ്മ മൂക്ക്‌ പിഴിയുന്നുണ്ടാകും..


സിനിമ തീരുന്നത്‌ വല്യ സങ്കടമാണു.. നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്സില്‍ വര്‍ത്തമാനം നുരഞ്ഞു നിറയും..യാഥാര്‍ത്യങ്ങളുമായി പതുക്കെ പൊരുത്തപ്പെടും..ഉണങ്ങിപ്പൊടിഞ്ഞ ഓലയുടെ മേല്‍ക്കൂരയും,ചാണകം മെഴുകിയ പരുക്കന്‍ നിലവുമുള്ള വീട്‌ മുന്നില്‍ വളര്‍ന്ന്‌ വലുതാകും.. കോണിക്കരികില്‍ കുത്തി നിര്‍ത്തിയ ചൂട്ടുകള്‍ ഒന്നില്‍ നിന്ന്‌ മറ്റൊന്നായി എരിയും..അഗ്നി പര്‍വതത്തില്‍ നിന്നും പൊട്ടിയൊലിച്ച ലാവ പോലെ വെളിച്ചത്തിന്റെ ചാലുകള്‍ നാലു പാടേക്കും ചിതറിയൊഴുകും..ചേനികണ്ടിയിലെ പറമ്പിലേക്ക്‌ കടക്കുമ്പോഴേ കോലായില്‍ കാലു നീട്ടിയിരിക്കുന്ന വല്യമ്മയുടെ ആത്മഗതം കേള്‍ക്കാം
" ഓ..സില്‍മക്കാര്‍ വര്‍ന്നുണ്ട്‌.."കോട്ടയത്തു കാരി സരസമ്മ നേഴ്സായിരുന്നു..പറമ്പിന്‍ മുകള്‍ ഹെല്‍ത്ത്‌ സെന്റെറില്‍ സ്ഥലം മാറ്റം കിട്ടിയെത്തി,നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തുരുത്യാട്ട്‌ വീടു വച്ചു. ടെലിഫോണ്‍സില്‍ ജോലിക്കാരനായ സരസമ്മയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ 'എലത്ത്‌' എന്നു വിളിച്ചു പോന്നു.."ഹെല്‍ത്ത്‌" എന്നതിന്റെ ഗ്രാമ്യ ഭാഷ്യം..
ഈ എലത്തിന്റെ വീട്ടില്‍ നല്ല വല്യ ടീവിയാണു..ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌.
വീ.സീ.പി.എന്ന യന്ത്രം അവിടെയേ ഉണ്ടായിരുന്നുള്ളു.
കാസറ്റ്‌ കട നടത്തുന്ന എലത്തിന്റെ മകന്‍ വരുമ്പോ ഏതെങ്കിലും കാസറ്റു കൊണ്ടു വരും.ഈ വിവരം നിമിഷങ്ങള്‍ക്കകം നാട്ടിലാകെ പാട്ടാകും..
"എലത്തിന്റ്യാട കേസറ്റിട്ടിക്കി.."
സിമന്റിട്ട മുറ്റത്ത്‌ ആളുകള്‍ കൂടുമ്പോള്‍ സരസമ്മ തല പുറത്തേക്ക്‌ നീട്ടും.
" കറണ്ടില്ല"
അവര്‍ക്ക്‌ മറുപടി ആവശ്യമായിരുന്നില്ല..അതുകൊണ്ടു തന്നെ ഉടന്‍ വാതിലടച്ച്‌ കുറ്റിയിടും..പൊടിമണ്ണു പറക്കുന്ന റോഡിലൂടെ ജനം തിരികെ നടക്കുമ്പോള്‍ അകത്ത്‌ ശങ്കറിന്റെയും,മമ്മൂട്ടിയുടെയുമൊക്കെ ഡയലോഗുകള്‍ കേള്‍ക്കും..എന്റെ ആരാധ്യനായ ഗുരുനാഥന്‍ രവിവര്‍മ്മ മാഷ്‌ തന്റെ കുട്ടിക്കാലത്ത്‌ 50 പൈസയുമായി സിനിമ കാണാന്‍ ബാലുശ്ശേരിയില്‍ വന്ന കഥ പറഞ്ഞു തന്നിരുന്നു..പത്തു പൈസ ആകെ യാത്ര ചെലവ്‌,പത്ത്‌ പൈസ ടിക്കറ്റിനു, അഞ്ചു പൈസക്കു ചായയും പലഹാരവും ! അവിശ്വസനീയമെന്ന്‌ ഞാനാ വാക്കുകളെ ആദ്യം കരുതിയ പോലെ ആരെങ്കിലും ഈ കുറിപ്പിനെ എന്റെ പായാരം മാത്രമെന്ന്‌ വിലയിരുത്തിയേക്കാം....പരിഭവമില്ല !