Saturday, November 21, 2009

സ്വപ്നങ്ങളെ,നിങ്ങള്‍..

എന്റെ നല്ല സുഹ്രിത്താണു ഗംഗ. ക്ഷമിക്കണം ഗംഗ അവളുടെ യഥാര്‍ത്ഥ പേരല്ല. അവള്‍ക്ക്‌ മറ്റൊരു നദിയുടെ പേരാണൂ.നിഗൂഡതകളെ ഗര്‍ഭം ധരിച്ചൊഴുകുന്ന ഗംഗാ നദിയെ എനിക്കിഷ്ടമാണു..അതു കൊണ്ട്‌ അവളെ ഞാന്‍ ഗംഗ എന്നു വിളിക്കുന്നു.
ഒച്ചകളും നിറങ്ങളും നിറഞ്ഞ ബാല്യത്തില്‍ ഞാനുള്‍പ്പെടുന്ന 'ബല്യ' ആള്‍ക്കാരെ അമ്പരപ്പോടെ നോക്കി നിന്ന കുറെ കൊച്ചു പാവാടക്കാരില്‍ ഒരു ചീനാപ്പറങ്കി (-: അവളിന്നൊരു ലൈബ്രേറിയനാണു. അതു കൊണ്ടാണു ഞാന്‍ അവളോടു തന്നെ ആ പുസ്തകം തേടിക്കൊണ്ടു തരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌..
ഫ്രോയിഡിന്റെ 'സ്വപ്നങ്ങളുടെ വ്യാഖ്യാനം'.


സ്വപ്നങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയുന്നവരെ ഞാന്‍ ആദരിക്കുന്നു. തീര്‍ച്ചയായും അത്‌ മഹത്തരമാണു. ഇഴഞ്ഞു നടക്കുന്ന പാമ്പുകള്‍ കാരണം നിലത്ത്‌ കാല്‍ വെക്കാന്‍ കഴിയാതെ വന്ന്‌ കരയുന്നത്‌ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കാണുന്ന സ്ഥിരം സ്വപ്നമായിരുന്നു. മനസ്സിലെ ലൈംഗിക വികാരമാണതിനു പിന്നിലെന്ന്‌ എവിടെയോ വായിച്ചു. പക്ഷെ അതിനു മുന്‍പു തന്നെ അമ്മയോടു പറഞ്ഞിരുന്നു.അമ്മ ചിരിച്ചു..
പാറക്കെട്ടിനു മുകളില്‍ നിന്ന്‌ കൊക്കയിലേക്ക്‌ പൊടുന്നനെ പതിക്കുന്നത്‌ അനുഭവിക്കും പോലെയാണു സ്വപ്നത്തില്‍. കിടക്കയില്‍ എഴുന്നേറ്റിരിക്കുമ്പോള്‍ ഹ്രിദയം നിയന്ത്രണം വിട്ട്‌ മിടിക്കുന്നുണ്ടാകും
പക്ഷെ നിറഞ്ഞു വീര്‍ത്ത മൂത്രസഞ്ചി ഒഴിപ്പിക്കാന്‍ വ്രിക്ക മസ്തിഷ്കത്തിന്റെ സഹായത്തോടെ തീര്‍ത്ത നാടകമായിരുന്നു അതെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കു പറയാന്‍ കഴിയും.
എവിടേക്കോ എന്തിനെയോ പേടിച്ച്‌ ഓടുകയാണെങ്കിലും ഒരടി മുന്നോട്ടു പോകാനാകാതെ നിസ്സഹായനാകുന്ന അവസ്ഥ സ്വപ്നത്തിലുണ്ടാകുന്നത്‌ മനസ്സില്‍ വളരുന്ന അപകടകരമായ അപകര്‍ഷതാ ബോധത്തിന്റെ സ്രിഷ്ടിയാണെന്ന്‌ അറിഞ്ഞ്‌ കൊണ്ട്‌ തന്നെ സമ്മതിക്കുന്നു ഒന്നിലധികം തവണ ഞാനാ സ്വപ്നം കണ്ട്ട്ടുണ്ട്‌.
പറഞ്ഞ്‌ വരുന്നത്‌ വിചിത്രമെന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ള എന്റെ ചില സ്വപ്നാനുഭവങ്ങളെക്കുറിച്ചാണു.. അവ നടന്നത്‌ വര്‍ഷങ്ങളുടെ ഇടവേളകളിലാണു.


2005 വര്‍ഷത്തെ ഏതോ ഒരു ദിവസം.
എന്റെ ട്യൂഷന്‍ വിദ്യാര്‍ത്ഥിനിയും,പ്രിയ സുഹ്രിത്തുമായ അനു അവളുടെ പ്ലസ്ടു റെക്കോര്‍ഡ്‌ തന്നിരിക്കുന്നു.വരച്ച്‌ സഹായിച്ചു കൊടുക്കാന്‍. തുറന്നു പോലും നോക്കാതെ ഞാനത്‌ വീട്ടില്‍ കൊണ്ടു വച്ചു. പിറ്റേ ദിവസം പുലര്‍ച്ചെ ആ സ്വപ്നമുണ്ടായി..
ഒരു തണുത്ത പ്രഭാതമാണു..പേരാമ്പ്രയില്‍ ബസ്സിറങ്ങി ട്യൂഷന്‍ സെന്ററിലേക്ക്‌ നടക്കുന്നു.എപ്പോഴോ കൂടെ അനുവും ചേര്‍ന്നു. എതിരേ വന്ന പരിചയക്കാരന്‍ ആരോ ഒരാള്‍ അനുവിനെ ചൂണ്ടി ഇതാരാണെന്ന് ചോദിച്ചു..
" നിരംജന "
ഞാനങ്ങനെയാണു പ്രതിവചിച്ചത്‌.അനു ഒന്നും മിണ്ടാതെ അയാളോട്‌ ചിരിക്കുകയും ചെയ്തു. ഈ സ്വപ്നം തലങ്ങും വിലങ്ങും ആലോചിച്ച്‌ നടന്നു ഒരു പകല്‍ മുഴുവന്‍. പിറ്റേന്ന് ഉച്ചയ്ക്ക്‌ അനു ഫോണ്‍ ചെയ്തു. ചിത്രം വരയ്ക്കാന്‍ അവള്‍ തന്ന റെക്കോര്‍ഡ്‌ മാറിപ്പോയത്രേ. സുഹ്രിത്തിന്റെ പുസ്തകമാണു തന്നിരിക്കുന്നത്‌.സാരമില്ലെന്നും പറഞ്ഞ്‌ വിശേഷങ്ങള്‍ ചോദിച്ച്‌ സംഭാഷണം അവസാനിപ്പിച്ചു. വീട്ടിലെത്തി വെറുതെയാണു അനു തന്ന റെക്കോര്‍ഡ്‌ മറിച്ച്‌ നോക്കിയത്‌.പേരു വായിച്ചപ്പോള്‍ തല കറങ്ങും പോലെ തോന്നി.
" നിരംജന " !2007 ലെ വേനലവധിക്ക്‌ മറ്റ്‌ പണിയൊന്നും കിട്ടാതെ വന്നപ്പോള്‍ കുറച്ച്‌ ദിവസങ്ങള്‍ വടകര ബസ്സ്‌ സ്റ്റാന്‍ഡില്‍ പുസ്തകങ്ങള്‍ വിറ്റു.
പരിചയക്കാരെ കണ്ടു തുടങ്ങിയപ്പോള്‍ ദൂരേയ്ക്കു പോകാന്‍ മനസ്സ്‌ പ്രേരിപ്പിച്ചു.
പാലക്കാട്ടേക്ക്‌ തീവണ്ടി കയറി. അവിടെ കോഫീ ഹൌസ്സിലെ പ്രിയ സുഹ്രിത്തിനോട്‌ അല്‍പ്പം പണം കടം വാങ്ങി കുറച്ചൂടെ പുസ്തകങ്ങള്‍ വാങ്ങി വിറ്റു. മടുത്തപ്പോള്‍ വയനാട്‌ ബസ്സ്‌ പിടിച്ചു അമ്മാവന്‍ അഭയമായി.
പാലക്കാടന്‍ ചൂടുകാറ്റും, നീണ്ട യാത്രയും സമ്മാനിച്ച വിവരണാതീതമായ ക്ഷീണം കാരണം രാത്രി ബോധം കെട്ട പോലെ ഉറങ്ങി.ചെറിയ മുറിയിലെ ചൂടു കുറയാന്‍ ജനല്‍ പാളികള്‍ തുറന്നിട്ട ശേഷമായിരുന്നു അമ്മാവന്‍ പുറത്തേക്ക്‌ പോയത്‌.
പാതിരാത്രിയിലെപ്പോഴോ പതിയെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ജനലിന്റെ തണുത്ത കമ്പിയില്‍ പിടിച്ചിട്ടുണ്ടായിരുന്നു. പ്രയാസപ്പെട്ട്‌ കണ്ണുകള്‍ തുറന്നു.. നിലാവില്‍ ആ കമ്പിയില്‍ ഞാന്‍ മറ്റു രണ്ട്‌ കൈകള്‍ കൂടെ കണ്ടു.!! വെളുത്ത്‌ മെലിഞ്ഞ കൈകള്‍..അതിനു പിന്നില്‍ അലക്ഷ്യമായി വിതര്‍ത്തിട്ട നീളന്‍ മുടിയിഴകളുമായി,തിളങ്ങുന്ന കണ്ണൂകളുള്ള മെലിഞ്ഞ ആ പെണ്‍കുട്ടി !
ഒരു അലര്‍ച്ചയോടെ ഞാന്‍ കൈകള്‍ പിന്‍ വലിച്ചു.വിരിപ്പോടു കൂടി കട്ടിലില്‍ നിന്നും താഴെ വീണൂ. മേശ ഇളകി വെള്ളം നിറച്ച ഗ്ലാസ്സ്‌ ജാര്‍ എന്റെ തലക്കരികില്‍ വീണു ചിതറി. എഴുന്നേറ്റ്‌ പുറത്തേക്കോടാന്‍ ശ്രമിച്ചപ്പോള്‍ അടച്ചിട്ട വാതിലില്‍ തല ആഞ്ഞിടിച്ചു.വാതില്‍ തുറന്ന അമ്മാവന്‍ ഞാന്‍ കണ്ടത്‌ വീട്ടിലെ നായ ആയിരിക്കുമെന്ന് ആശ്വസിപ്പിച്ചു. അപ്രതീക്ഷിതമായ ഒരു നിമിഷത്തെ ഞെട്ടലിനല്ലാതെ വലിയ ഒരു അമ്പരപ്പിനു ആ സംഭവം വഴി മാറിയില്ല.കാരണം സ്വപ്നത്തിനും,യാഥാര്‍ത്ഥ്യത്തിനുമിടയിലെ ഒരു തരം അബോധാവസ്ഥയില്‍ ഇതിനു മുന്‍പും അവള്‍ ഒരുപാട്‌ തവണ എന്റടുത്ത്‌ വന്നിരുന്നു..എന്നും വെളുത്ത വസ്ത്രങ്ങള്‍ മാത്രമിട്ട്‌. നെറ്റിയില്‍ പതിയെ തലോടി അല്‍പ്പനേരമിരുന്ന് ഒന്നും മിണ്ടാതെ തിരികെപ്പോകുകയും ചെയ്യും.റിപ്പര്‍ ചന്ദ്രന്‍ കേരളത്തില്‍ ഭീതി വിതച്ചത്‌ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്ന കാലത്താണു..വല്യച്ഛന്‍ വീട്ടിലെ വാതിലുകള്‍ക്കെല്ലാം ഓരോ സാക്ഷകള്‍ കൂടെ പിടിപ്പിച്ചു.ഉറപ്പിനു ഇരുമ്പു ദണ്ടുകളും ഘടിപ്പിച്ചു.എന്നിട്ട്‌ ' കൊല്ലുന്നെങ്കില്‍ ആ നായിന്റെ മോന്‍ ആദ്യം എന്നെ തന്നെ കൊല്ലട്ടെ' എന്നും പറഞ്ഞ്‌ കോലായില്‍ തന്നെ കിടന്നുറങ്ങുകയും ചെയ്തു. എങ്കിലും ഇരുമ്പു വടി കൊണ്ടുള്ള അടിയേറ്റ്‌ പൊളിഞ്ഞ എന്റെ കുഞ്ഞ്‌ തലയോട്ടിക്കുള്ളില്‍ നിന്നും ചിതറിത്തെറിക്കുന്ന തലച്ചോര്‍ മണികള്‍ പലതവണ സ്വപ്നത്തില്‍ കണ്ടു..
കൂനിന്‍മേല്‍ കുരു എന്നോണമാണു 'കാലു കടച്ചില്‍' തുടങ്ങിയത്‌..കരഞ്ഞ്‌ കരഞ്ഞാണു ഉറക്കം..ഒരു രാത്രി വല്യമ്മ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ പറഞ്ഞു
" ഉണ്ണീക്കണ്ണനെ ഉറക്കത്ത്‌ കണ്ടാല്‍ എന്റെ ഉണ്ണീന്റെ കാലു കടച്ചില്‍ മാറും,കുട്ട്യോളു പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല കണ്ണനു.."
ജീവിതത്തില്‍ ആദ്യമായി ഒരാള്‍ എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു.
ഏതായാലും അന്നു രാത്രി ഞാന്‍ കണ്ടു.
നോക്കി വരയ്ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ള കണ്ണന്‍മാര്‍ തിങ്ങി നിറഞ്ഞു വന്നു സ്വപ്നത്തില്‍..പിറ്റേന്ന്‌ പതിവിലും വൈകിയാണു എഴുന്നേറ്റത്‌..കാലു കടച്ചില്‍ ഇല്ല !
എന്നിരിക്കിലും സിസ്റ്റര്‍ ജെസ്മി വിശ്വസിക്കും പോലെ കര്‍ത്താവു അത്ഭുതം കാണിച്ച്‌ കളഞ്ഞുവെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. ( സഭയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ കാണിച്ച തന്റേടത്തിനു മുന്നില്‍ തല കുനിക്കുന്നു.)
സെറിബ്രത്തിലെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട സ്വപ്നങ്ങള്‍,അതൊരു സവിശേഷ ഇമ്പള്‍സ്‌ ആയിരിക്കാം ( സിസ്റ്റത്തിനുള്ളില്‍ ഏതെങ്കിലും സോഫ്റ്റ്‌ വേറിന്റെ സഹായത്തോടെ റൈറ്റിംഗ്‌ ജോലി നടക്കുമ്പോള്‍ മോണിട്ടറില്‍ സി. ഡി. പാകമാകുന്നതിന്റെ ആനിമേഷന്‍ തെളിയാറില്ലേ.? ) ഈ ഇമ്പള്‍സ്സുകള്‍ പേശികളെ നിയന്ത്രിക്കുന്ന സെറിബലത്തിലെത്തി കാലിലേക്കു പ്രത്യേക മോട്ടോര്‍ ഇമ്പള്‍സുകള്‍ പുറപ്പെടുന്നതിനു കാരണമായിട്ടുണ്ടാകാം..രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സ്വപ്നങ്ങള്‍ വര്‍ഷങ്ങള്‍ പോലെ ദൈര്‍ഘ്യമുള്ളതായി തോന്നുന്നത്‌ എത്ര മാത്രം വിചിത്രമാണു..? ബ്ലാക്‌ ഹോളുകളുകളെ പോലെ..


സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്‌.ഒപ്പം അവ തരുന്ന സൂചനകള്‍ അജ്ഞത കാരണം അവഗണിക്കേണ്ടി വരുന്നതില്‍ പറഞ്ഞറിയിക്കാന്‍ പ്രയാസമുള്ളത്ര പ്രയാസവും..ഓ..പറഞ്ഞു പറഞ്ഞ്‌ ഗംഗയുടെ കാര്യം മറന്നു..അവളിപ്പോള്‍ പറമ്പിന്‍ മുകള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നുണ്ടാകും.കുഞ്ഞിക്കയ്യില്‍ പത്ത്‌ എണ്ണൂറു പേജുകള്‍ വരുന്ന ആ തടിച്ച പുസ്തകവും പിടിച്ച്‌..വാങ്ങാന്‍ ചെന്നില്ലെങ്കില്‍ ഇന്നു രാത്രി സ്വപ്നത്തിലായാലും അവള്‍ വന്നെന്നെ പെരുമാറും.അതാണു ടൈപ്പ്‌ (-;