Wednesday, December 9, 2009

ഇബ്രായിയും,ബിന്ദുവും,മറ്റു ചിലരും..

സബിലിനും,സുനുവിനും,ബിന്‍സുവിനും,രജീഷിനുമൊപ്പം എരമംഗലത്തുള്ള സ്കൂളിലേക്ക്‌ പറമ്പിന്‍ മുകളിലെ കയറ്റം കയറുമ്പോഴാണു ചില്ലിനു താഴെ മഞ്ഞ വരയിട്ട കറുത്ത ജീപ്പ്‌ എന്തൊക്കെയോ സാധനങ്ങള്‍ കുത്തി നിറച്ച്‌ കൊണ്ട്‌ താഴോട്ട്‌ പോയത്‌. നിരത്തിന്‍മേല്‍ ഇളകിക്കിടന്ന ഒന്നര ഇഞ്ച്‌ കല്ലുകള്‍ ചിതറിത്തെറിച്ചു..ജീപ്പിനു പിന്നില്‍ അട്ടിയിട്ട മരപ്പെട്ടികള്‍ക്കിടയില്‍ തണ്ടിനു സമാന്തരമായി തകരപ്പാട്ട കെട്ടിയ തുരുമ്പിച്ച സൈക്കിള്‍ സബിലാണു കണ്ടത്‌.

"സര്‍ക്കസ്‌"

അവന്‍ വിളിച്ച്‌ കൂവി.നാലു മണി വരെ സ്കൂളില്‍ എങ്ങനെ ഒപ്പിച്ചുവെന്ന്‌ അറിയില്ല. മനസ്സ്‌ നിറയെ പാട്ട കെട്ടിയ സൈക്കിളായിരുന്നു. സ്കൂള്‍ വിട്ടെത്തിയ ഉടനെ ചോറു പോലും തിന്നാതെ വയലിലേക്കോടി. തേക്കു മരത്തിനു മുകളിലെ പുളിയുറുമ്പിന്‍ കൂടു പോലെ ഒരു ടെന്റ്‌ ഉയര്‍ന്നിരിക്കുന്നു.വാഴയുടെ ഉണ്ണിക്കാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന ട്യൂബ്‌ ലൈറ്റുകള്‍ കെട്ടിയ വിളക്കിന്‍ കാലിനു താഴെ വട്ടത്തില്‍ പുല്ലു ചെത്തി വ്രിത്തിയാക്കിയിറ്റുണ്ട്‌. ചൂടി കെട്ടിയാണൂ അതിരിട്ടിരിക്കുന്നത്‌.മുഷിഞ്ഞ താര്‍പ്പായ കൊണ്ടുണ്ടാക്കിയ ടെന്റിന്റെ മുന്‍ വശം ചെറിയ സ്റ്റേജാണു. കര്‍ട്ടനും,അലങ്കാരവുമെല്ലാം സാരികള്‍ കൊ ണ്ടാണു.

ആകാശം ഇരുണ്ടപ്പോഴേക്കും ട്യൂബ്‌ ലൈറ്റുകള്‍ തെളിഞ്ഞു. ഭാസ്കരേട്ടന്റെ പറമ്പിലെ പീറ്റത്തെങ്ങിന്റെ ഒത്ത നടുക്ക്‌ നീണ്ട രണ്ട്‌ കോളാമ്പി സ്പീക്കറുകള്‍. ഒന്ന്‌ പടിഞ്ഞാറു കാഞ്ഞിക്കാവിലേക്കും അടുത്തത്‌ കിഴക്ക്‌ തുരുത്യാട്ടേക്കും തിരിഞ്ഞ്‌ ഒച്ച വച്ചു..

അനുബന്ധ വ്യവസായങ്ങള്‍ അതിനും മുന്‍പേ മുളച്ചു പൊങ്ങിയിരുന്നു..കാഞ്ഞിരത്തിങ്ങലെ വീടിനു മുന്നില്‍ അന്ധനായ ഹരിദാസേട്ടന്റെ ' ഓട്ടല്‍ ' തലപൊക്കി..സര്‍ക്കസ്‌ കാരന്‍ ഇബ്രാഹിം ഐശ്വര്യമായി പേരുമിട്ടു

" ഹോട്ടല്‍ പെട്ടെന്ന്‌ "

നൊവീനോ ബാറ്ററിയുടെ കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയില്‍ വറുത്ത കടലയുമായി ട്രൌസര്‍ കുമാരന്‍മാര്‍ കറങ്ങി നടന്നു. അവര്‍ താളത്തില്‍ പറഞ്ഞു കൊണ്ടേയിരുന്നു..

"കാടലൈ...."

സ്റ്റേജിന്റെ പിന്നില്‍ നിന്നും മൈക്ക്‌ ടെസ്റ്റ്‌ ചെയ്തു കൊണ്ട്‌ തറുവെയ്‌ കുട്ടിക്കാ വെളിച്ചത്തേക്ക്‌ വന്നു.

" മക്കളേ.........യ്‌.."ചൂടിക്കിപ്പുറത്ത്‌ മേല്‍ക്കുമേല്‍ ഇരിക്കുന്ന കുട്ടിപ്പട ആ വിളിക്ക്‌ കാതോര്‍ത്തിരിക്കുകയാണു..

"ഓ.....യ്‌.."

തറുവെയ്‌ കുട്ടി കൂട്ടത്തില്‍ കാരണവരാണു.സര്‍ക്കസ്സിലെ പ്രധാന ജോക്കറും..വിനോദും ഇബ്രാഹിമും സാഹസികന്‍മാരാണു..പിന്നെ പെണ്ണു വേഷക്കാരായ 'ബിന്ദു'വും, ' രാധ'യും. ബിന്ദു തടിച്ച്‌ കൊഴുത്ത്‌ മദാലസ. രാധ കറുത്ത സ്ലിം ബ്യൂട്ടി.ഓരോ ഐറ്റം നമ്പര്‍ ഡാന്‍സിനും ശേഷം മെയ്കകപ്പോടെ ഇവര്‍ ബക്കെറ്റ്‌ പിരിവിനിറങ്ങും.അപ്പോള്‍ രണ്ടിന്റെയും,അഞ്ചിന്റെയും നോട്ടുകള്‍ നീട്ടുന്ന വീരന്‍മാര്‍ ഇരുട്ടില്‍ വച്ച്‌ 'രാധ'യുടെയും,'ബിന്ദു'വിന്റെയും വയറിനും,കൈക്കും പിടിച്ച്‌ ആനന്ദം കണ്ടെത്തും..കാഴ്ച്ചക്കാര്‍ക്കിടയില്‍ നിന്നും ബിന്ദു അപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിക്കും.

" തറേയിക്കുട്ടിക്കാ "

ഇബ്രായിക്കയാകും മൈക്കെടുക്കുന്നത്‌.

"ഇക്കാക്ക രണ്ടിനു പോയി മോളെ,ഇഞ്ഞി പറയ്‌ "

"ഇബ്രായിക്കാ.."

" എന്താന്ന്‌..? "

"പന്നിത്താന്‍ കണ്ടി ഉണ്ണിക്കുറുപ്പ്‌ പറയാണു.."

"ഉണ്ണിത്താന്‍ കണ്ടി പന്നിക്കുറുപ്പ്‌..?"

"അല്ല ഇക്ക പന്നിത്താന്‍ കണ്ടി ഉണ്ണിക്കുറുപ്പ്‌ പറയാണു.."

" ഇഞ്ഞി മനിച്ചനെ ടെന്‍ശനടിപ്പിക്കാണ്ട്‌ കാര്യം പറയി കുട്ട്യോ.."

"ഉണ്ണിക്കുറുപ്പ്‌ പറയാണു,ആള്‍ക്കാരെ ഇങ്ങനെ കൊതിപ്പിക്കാതെ രാധ മോളോട്‌ ഡിങ്ക്‌..ഡാങ്ക്‌..ഡീം..കളിക്കാന്‍ പറയീന്നു.."

ഇബ്രായിക്ക ഉഷാറായി.

"മോളേ രാധേ.."

ചുരിദാറിന്റെ ഷാള്‍ മാറിടത്തേക്ക്‌ വലിച്ചിറക്കി രാധ വന്നു."ഇങ്ങി റെഡ്യാണോ മോളേ..?"

" ആ ഇക്കാ.."

"വിനോദേ....യ്‌.."ആ വിളിയുടെ ഒലി അടങ്ങും മുന്‍പ്‌ ലൈറ്റുകള്‍ അണയും..സാരിക്കര്‍ട്ടന്‍ മുഴുവനായി പൊങ്ങുന്നതിനു മുന്‍പേ കോളാമ്പി പാടിത്തുടങ്ങും.." എക്‌ ദോ തീന്‍..ചാര്‍ പാഞ്ച്‌ സാത്താട്ട്‌.."ചുവപ്പും പച്ചയും നീലയും കവറുകല്‍ കൊണ്ടു മൂടിയ ലൈറ്റുകള്‍ മാറി മാറി കത്തി സ്റ്റേജില്‍ വര്‍ണ്ണമഴ പെയ്യും..അവിടെ രാധ ആടിത്തിമര്‍ക്കും..അവളുടെ കാല്‍ച്ചുവട്ടില്‍ ഇപ്പൂത്തി പലകകള്‍ ഞെരിഞ്ഞമരും.വിയര്‍ത്ത്‌ കുളിച്ച്‌ ഇറങ്ങി വരുന്ന രാധ ബക്കെറ്റുമെടുത്ത്‌ പിരിവിനിറങ്ങുമ്പോള്‍ ചൂടിക്കരികില്‍ നിന്നിരുന്ന പിശുക്കന്‍മാരും,കൈയില്‍ ഒന്നുമില്ലാത്ത ഓട്ടക്കീശക്കാരും പിന്നില്‍ ഇരുട്ടിലേക്ക്‌ നീങ്ങും..

സുഖ ശോധന കഴിഞ്ഞ്‌ ബീഡിയും കത്തിച്ച്‌ വരുന്ന തറുവെയ്‌ കുട്ടിക്ക ഇബ്രായിക്കയോട്‌ മൈക്ക്‌ വാങ്ങിയാല്‍ കുട്ടിപ്പട ആര്‍ത്തു വിളിക്കയായ്‌..പാട്ടു കേള്‍ക്കാനാണു..എത്ര കേട്ടാലും മതിയാകാത്ത,ആ പാട്ട്‌ ഇക്ക പാടുമ്പോള്‍ പൈഡ്‌ പെപ്പറിന്റെ കഥയിലെ എലികളെപ്പോലെ കുട്ടികള്‍ ചെവികൂര്‍പ്പിച്ചിരിക്കും..ചുളിവുവീണ കഴുത്തിലെ മുഴ ഇളക്കിക്കൊണ്ട്‌ ആ വയസ്സന്‍ ഉറക്കെ പാടും.

" ഇഞ്ചി പെരുംചീരകം

മഞ്ഞളു കൊത്തമ്പാരി

അമ്മീമ്മലിട്ടിട്ടിട്ട്‌ നീട്ടിയരച്ചോളെ..

പണ്ടോരു വല്യമ്മ

അഞ്ചാറു കോമാങ്ങഅണ്ട്യോടക്ക മീണുങ്ങീട്ട്‌...."

വാ പൊളിച്ചിരുന്നു കേള്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും താളത്തില്‍ തലയാട്ടും..ചെറുതായി മഞ്ഞു വീഴുന്നുണ്ടാകും അപ്പോള്‍..

ഹോട്ടല്‍ 'പെട്ടെന്നില്‍'നിന്നുള്ള 'ആമ്പ്ലേറ്റിന്റെ' സുഗന്ധം മൂക്കിന്റെ പാലത്തെ തകര്‍ത്തു കേറുന്നു..

നീണ്ട സൈക്കിള്‍ യജ്ഞത്തിനു ശേഷം വിശ്രമിക്കുന്ന വിനോദ്‌ അടുത്ത ഐറ്റത്തിനായി എണീക്കുന്നു..നഗ്നമായ നെഞ്ചില്‍ വലിയൊരു കരിങ്കല്‍.അതിനു മുകളില്‍ മറ്റൊരു പാളി കൂടെ.രണ്ടു മിനുട്ട്‌ പ്രാര്‍ത്ഥിച്ച്‌ ഇബ്രായിക്ക ചുറ്റിക എടുക്കുന്നതും പെണ്ണുങ്ങള്‍ കണ്ണു പൊത്തുന്നതും ഒരുമിച്ച്‌..ഒറ്റയടി..പൊട്ടിയില്ല.സൂചി നിലത്തിട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദതയെ മുറിച്ച്‌ അടുത്ത അടി കൂടെ..കല്ല്‌ രണ്ടായി പിളര്‍ന്നു.വിനോദ്‌ ഞരങ്ങി.ജെഗ്ഗില്‍ പച്ച വെള്ളവുമായി വന്ന ബിന്ദു വിനോദിനു ബോധം വരുന്ന വരെ അടുത്തിരുന്നു കരയും..

രണ്ടു ദിവസങ്ങള്‍ കൂടുമ്പോള്‍ നാടകം ഉണ്ടാകും.'വെള്ളരിക്കണ്ടത്തിലെ കൊലപാതകം",ഫാത്തിമയുടെ ബാപ്പ ആരു? " 'ഒരു പ്രേമ ലേഖനം '.. തുടങ്ങിയ നാടകങ്ങളെല്ലാം ദിവസവും ഹൌസ്‌ ഫുള്ളായി ഓടി..ആകാംക്ഷയോടെ കാത്തിരിക്കുന്ന ലേലത്തോടെ ആയിരിക്കും എല്ലാ ദിവസത്തെയും പരിപാടി തീരുന്നത്‌.ആരെങ്കിലും സംഭാവന ചെയ്ത കോഴിയോ,ബക്കെറ്റോ ഒക്കെ ആയിരിക്കും ലേല വസ്തു.സ്ഥലത്തെ പ്രമാണിമാര്‍ രണ്ടായി പിരിയും.അഞ്ചു രൂപയില്‍ തുടങ്ങുന്ന ലേലം അഞ്ഞൂറിലെത്തുമ്പോഴേക്കും ആവേശം കൊടുമുടി കയറിയിട്ടിട്ടുണ്ടാകും. വിനോദ്‌ ഒരു ടീമിനടുത്തും,ഇബ്രായിക്ക അടുത്ത ടീമിനടുത്തും നിലയുറപ്പിക്കും.

" എന്താ രാജ രാജ വര്‍മ്മയുടെ പെട്ടിയിലെ പുത്തന്‍ തീര്‍ന്നോ എന്നു ചോദിച്ചു കൊണ്ടു ഉപ്പു കണ്ടം ബ്രദേര്‍സ്‌ അഞ്ഞൂറ്റി ഇരുപത്‌ രൂപ "

തറുവെയ്‌ കുട്ടിക്ക ആര്‍ത്ത്‌ വിളിക്കും-

"അഞ്ഞൂറ്റി ഇരുപത്‌ ഒരു വട്ടം അഞ്ഞൂറ്റി ഇരുപത്‌ ഒന്നര വട്ടം.."

"ഇക്കാക്കാ.."

വിനോദാണു..

"രാജ രാജ വര്‍മ്മയ്ക്ക്‌ ഒരു ദിവസം സിഗററ്റ്‌ വാങ്ങാന്‍ ഉപ്പു കണ്ടം ബ്രദേര്‍സിന്റെ ഒരുകൊല്ലത്തെ വരുമാനം തികയില്ലെന്ന്‌ പറഞ്ഞു കൊണ്ട്‌ രാജ രാജ വര്‍മ്മ അഞ്ഞൂറ്റി മുപ്പത്‌ രൂപ.."

ഒടുവില്‍ അറുന്നൂറിനൊ,എഴുന്നൂറിനോ ലേലം ഉറപ്പിക്കും,ഇരുപത്തു രൂപയുടെ ബക്കറ്റ്‌..

സ്കൂളില്ലാത്ത ദിവസങ്ങളില്‍ പകല്‍ സര്‍ക്കസ്‌ ടെന്റിനകത്ത്‌ പതുങ്ങിക്കയറും. ബിന്ദുവിനെയും,രാധയെയും കാണുകയാണു പ്രധാന ലക്ഷ്യം.അന്നൊരു ദിവസം സുഹ്രിത്തിനോടൊപ്പം ടെന്റിനുള്ളിലേക്ക്‌ ഒച്ചയുണ്ടാക്കാതെ നുഴഞ്ഞു കയറിയപ്പോള്‍ 'ബിന്ദു' ലുങ്കിയും ബനിയനുമിട്ട്‌ ചരിഞ്ഞ്‌ കിടന്ന്‌ മംഗളം വായിക്കുന്നു. തൊട്ടടുത്ത്‌ കിടന്നു വിനോദ്‌ ബിന്ദുവിന്റെ മുലകള്‍ പിടിച്ച്‌ കളിക്കുന്നു..!കൂക്കി വിളിച്ചും കൊണ്ട്‌ ഞങ്ങള്‍ ഓടിപ്പോയി..

അടുത്ത ഇടം തേടി പോകാനാകുമ്പോള്‍ ബിന്ദുവും,രാധയുമെല്ലാം സാരിയും,ചുരിദാറുമൊക്കെ തേടി വീടുകളിലെത്തും.ഒരിക്കല്‍ അച്ഛന്റെ ഗള്‍ഫുകാരന്‍ സുഹ്രിത്ത്‌ അമ്മയ്ക്കു കൊണ്ടു കൊടുത്ത ഓറഞ്ച്‌ സാരി ബിന്ദുവിനു കൊടുത്തിരുന്നു.പിറ്റേന്ന്‌ 'മാലിനിയുടെ തീരങ്ങള്‍' കളിക്കാന്‍ ബിന്ദു ആ സാരി ഇട്ടു.. അമ്മയേക്കാള്‍ സുന്ദരിയാണു ബിന്ദുവെന്ന്‌ തോന്നിപ്പോയി..

ടെന്റ്‌ പൊളിച്ചടുക്കുന്നതും,ട്യൂബ്‌ ലൈറ്റുകള്‍ പൊതിയുന്നതും വേദനയോടെ നോക്കി നില്‍ക്കുന്ന ഞങ്ങളെ നോക്കി തറുവെയ്‌ കുട്ടിക്ക ഒരിക്കല്‍ കൂടെ 'ഇഞ്ചി പെരുംചീരകം' പാടും..പൊടി പറത്തിക്കൊണ്ട്‌ വാടക ജീപ്പ്‌ ദൂരെ മറയുമ്പോള്‍ ദേഹം നിറയെ മുഴകളുണ്ടായിരുന്ന ഭാര്യയുടെ പിന്നില്‍ വണ്ടിയുന്തി ഹരിദാസേട്ടന്‍ വീട്ടിലേക്ക്‌ പോകും..വീണ്ടുമൊരു ഫെബ്രുവരി കൂടെ കഴിയുകയാകും അപ്പോള്‍..