Tuesday, November 16, 2010

രണ്ടു പാമ്പ്‌ കടി അനുഭവങ്ങള്‍..

8.30 നു അസ്സംബ്ലി കൂടിയപ്പോള്‍ തന്നെ എന്തോ വിശേഷം ഉണ്ടെന്ന്‌ തോന്നിയതാണു. തെറ്റിയില്ല. ഭവിതയുടെയും, ശ്രീബിതയുടെയുമെല്ലാം തൊണ്ട തുറന്നുള്ള ' അഖിലാണ്ട മണ്ടല' ത്തിനു ശേഷം സുധാകരന്‍ മാഷ്‌ ഉറക്കെ പ്രഖ്യാപിച്ചു,
 ചിത്ര രചനാ മത്സരം !
ബാലുശേരി സ്കൂളില്‍ നടക്കുന്ന പഞ്ചായത്ത്‌ തല മത്സരത്തിലേക്കുള്ള യോഗ്യതാ മത്സരമാണു.
സ്കൂള്‍ ലീഡര്‍ എന്‍. വി. കവിത' ഡിസ്പേര്‍സ്‌' വിളിച്ച്‌ കൂവിയതോടെ കുട്ടികള്‍ അച്ചടക്കത്തോടെ നാലുപാടും ചിതറിയോടി ക്ലാസ്സില്‍ കയറി.
 ഇന്ത്യയുടെ പ്രധാന മന്ത്രി പദങ്ങള്‍ നെഹ്രു കുടുംബത്തിന്റെ അടുക്കള കാര്യമായിരുന്നു എന്നു പറഞ്ഞ പോലെ ആയിരുന്നു തുരുത്യാട്‌ സ്കൂളിലെ ലീഡര്‍ വാഴ്ച്ചയും !


ഞാന്‍ ഒന്നില്‍ പടിക്കുമ്പോള്‍ സുധാകരന്‍ മാഷിന്റെ മൂത്ത മകന്‍ വിജി ആയിരുന്നു സ്കൂള്‍ ലീഡര്‍. മൂന്നില്‍ പടിക്കുമ്പോള്‍ സുധാകരന്‍ മാഷിന്റെ ഇളയ മകന്‍ സോജി ആയി സ്കൂള്‍ ലീഡര്‍. നാലില്‍ പടിക്കുമ്പോള്‍ എന്നെ തോല്‍പ്പിച്ച്‌ നാണം കെടുത്തി സുധാകരന്‍ മാഷിന്റെ സഹോദര പുത്രി കവിത സ്കൂള്‍ ലീഡറായി..
അന്ന്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ തെക്കെ കൊയില്യത്തെ ഇടവഴിയില്‍ വച്ച്‌ എന്റെ ആത്മ സുഹ്രുത്ത്‌ സബില്‍ കവിതയ്ക്ക്‌ ' കീ ജെയ്‌' വിളിച്ചു.യോഗ്യതാ മത്സരം വന്നെത്തി. രണ്ട്‌ തലയും ' കൂര്‍മ്പിച്ച' കൂറക്കാട്ടം പോലത്തെ പെന്‍സിലുമായി ഞാന്‍ തയ്യാറായി ചെന്നു.. മത്സരം പൊടിപൊടിച്ചു. വരയ്കേണ്ടത്‌ ഒരു ഡെസ്ക്‌ ആയിരുന്നു. തകര്‍ത്തു വരച്ചു. വരച്ച്‌ കഴിഞ്ഞ്‌ എങ്ങനെ പിടിച്ചു നോക്കിയിട്ടും എനിക്കതൊരു മേശയായി തോന്നിയെങ്കിലും ' മൂക്കില്ലാ ' സിദ്ധാന്തം അനുസരിച്ച്‌ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പിറ്റേന്ന്‌ തന്നെയാണു ബാലുശേരിയില്‍ മത്സരം. എന്നെ കൊണ്ടു പോകാന്‍ നിയോഗിക്കപ്പെട്ടത്‌ രാമന്‍ മാഷാണു. അദ്ധേഹത്തെ കുറിച്ച്‌ ഒരു ലഘു ഉപന്യാസം തയ്യാറാക്കിയില്ലെങ്കില്‍ അത്‌ ഒരുപാട്‌ തലമുറകളോട്‌ ചെയ്യുന്ന കൊടും പാതകം ആകുമെന്നതിനാല്‍ അങ്ങനെ ചെയ്തു. ദയവായി വായിക്കുക.എന്നും പുഴയ്ക്ക്‌ അക്കരെ നിന്നും പുഴയോളം പ്രായമുള്ള ആടുന്ന പാലം കടന്ന്‌ വന്നിരുന്ന രാമന്‍ മാഷ്‌ രോഗി ആയിരുന്നെന്ന്‌ മാലേരി കൊളോറത്തെ അബ്ദുക്ക പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.
ഒരു മരം കയറ്റ കഥയുമായി തുടങ്ങാം. മരത്തില്‍ കയറാനും ' ഞെള്ളി' ക്കമ്പുകളില്‍ തൂങ്ങാനും ഒരു ജന്‍മ വാസന ഞാന്‍ കാട്ടിയിരുന്നു.
മൂത്തമ്മയും വല്യേട്ടനുമെല്ലാം കല്ല്‌ പൊട്ടിച്ചിരുന്ന പാറയ്ക്ക്‌ സമീപത്തെ പീറ്റത്തെങ്ങിന്റെ എതാണ്ട്‌ മുക്കാല്‍ ഭാഗത്തോളം വലിഞ്ഞു കേറിയ ഒരു ഇടത്തരം കുരങ്ങിന്റെ മാത്രം വലിപ്പം ഉണ്ടായിരുന്ന എന്നെ പുതുക്കുടി കണ്ടിയിലെ കാര്‍ത്യായനി വല്യമ്മ കണ്ടില്ലായിരുന്നേല്‍ ഒരു പക്ഷെ ഇങ്ങനെ പായാരമെഴുതി നിങ്ങള്‍ക്ക്‌ പണിയുണ്ടാക്കാന്‍ ഞാന്‍ ഇന്നിവിടെ ഉണ്ടാകുമായിരുന്നില്ല.. രണ്ടാമത്തെ മരംകയറ്റ അനുഭവമാണു ഞാന്‍ പറഞ്ഞു വരുന്നത്‌. ഉണ്ടക്കന്‍ പ്രഭീഷിനോട്‌ ബെറ്റ്‌ വച്ചാണു സ്കൂളിലെ മൂത്രപ്പുരയ്ക്ക്‌ പിന്നിലെ മെലിഞ്ഞ കവുങ്ങില്‍ കയറിയത്‌.( കമ്പോണ്ടര്‍ നമ്പീശനെ അനുകരിച്ച്‌ പശുവിന്റെ മലദ്വാരത്തില്‍ കൈയിട്ട്‌ ആയുസ്സിന്റെ ബലം കൊണ്ട്‌ മാത്രം ചവിട്ട്‌ കൊള്ളാതെ രക്ഷപ്പെട്ട്‌ നാട്ടില്‍ ഫെയ്മസ്‌ ആയ വിരുതനാണു ഉണ്ടക്കന്‍ )
ഒത്ത നടുക്കെത്തിയപ്പോള്‍ താഴെയ്‌ നിന്ന്‌ " ഡാാ‍ " കേട്ടു.
ഉണ്ടക്കന്റെ പതിഞ്ഞ നാദമല്ല, പാറപ്പുറത്ത്‌ ചിരട്ട ഉരക്കുന്ന മധുര ശബ്ദം.. രാമന്‍ മാഷ്‌ !
നീല കോറ ട്രൌസറില്‍ മൂത്രമൊഴിച്ചിരുന്നോ അന്ന്‌ എന്നത്‌ ഇന്നും സംശയം ഉള്ള കാര്യമാണു. നിരങ്ങി ഇറങ്ങി. വടിയെത്തുന്ന ഉയരം മുതല്‍ താഴെ എത്തും വരെ പൊതിരെ കിട്ടി. ഓഫീസ്‌ റൂമില്‍ അരിച്ചാക്കിന്റെ മുകളില്‍ കയറ്റി നിര്‍ത്തിയിട്ടും കിട്ടി.
ഇന്നും അത്ഭുതത്തോടെ ഓര്‍ക്കുന്ന ഒരു കാര്യമുണ്യ്‌. രാമന്‍ മാഷ്‌ പടിപ്പിച്ച എന്തെങ്കിലും ഒന്നു എനിക്ക്‌ ഓര്‍മയില്ല. അല്ലെങ്കില്‍ അദ്ധേഹം എന്തെങ്കിലും പടിപ്പിച്ചിരുന്നതായും ഓര്‍ക്കുന്നില്ല.
സ്വന്തം വിദ്ധ്യാര്‍ത്തികളെ മുജ്ജന്‍മ ശത്രുക്കളായി കണ്ടിരുന്ന അദ്ധേഹം ഒന്ന്‌ ചിരിച്ചു കണ്ടിട്ടുള്ളത്‌ ചുരുണ്ട മുടികളും, കറുത്ത തൊലിയും, മഷിയിട്ട കണ്ണുകളും ഉണ്ടായിരുന്ന സ്വന്തം മകളോട്‌ മാത്രമായിരുന്നു.
ഉയരം കുറഞ്ഞ മേശയിന്‍മേല്‍ കാലും കയറ്റി വച്ച്‌ ചൂരലിന്റെ ഒത്ത നടു കണ്ടെത്തി അവിടെ ചൂണ്ടുവിരല്‍ വച്ച്‌ ചൂരല്‍ ബാലന്‍സ്‌ ചെയ്ത്‌ തിരിച്ച്‌ നിറഞ്ഞ സംത്രിപ്തിയോടെ സ്വന്തം കഴിവില്‍ കോള്‍മയിര്‍ കൊണ്ട്‌ കുട്ടികളെ ഒരു നോട്ടമുണ്ട്‌ രാമന്‍ മാഷ്ക്ക്‌.
 പക്ഷെ കുട്ടികളുടെ നോട്ടം അദ്ധേഹത്തിന്റെ വെള്ള ട്രൌസറിലും ചിലപ്പോള്‍ അവ്യക്തമായി കാണുന്ന ലിംഗത്തിലും ആയിരിക്കും.
അത്തരമൊരു അത്ഭുത ദര്‍ശനം ലഭിച്ച ഒരു ദിവസം പിന്‍ ബെഞ്ചില്‍ എന്റെ വലത്‌ വശത്തിരുന്ന ബിന്‍സു നിയന്ത്രണം വിട്ട്‌ ചിരിച്ച്‌ പോയി.
ചാടിയെണീറ്റ രാമന്‍ മാഷ്‌ ബിന്‍സുവിനെ തലങ്ങും വിലങ്ങും തല്ലി.
ഞെളിപിരി കൊണ്ട ബിന്‍സു തല്ലിനൊടുവില്‍ ഞങ്ങളെല്ലാം മനസ്സില്‍ മാത്രം ഉരുവിട്ടിരുന്ന ആ മുട്ടന്‍ തെറി ക്ലാസ്സ്‌ ഏതാണ്ട്‌ മുഴുവന്‍ കേള്‍ക്കേ വിളിച്ച്‌ പറഞ്ഞു.


" നായിന്റെ മോന്‍..!! "

തൊട്ടടുത്ത നിമിഷം അവന്‍ അപസ്മാരമിളകി വീഴുകയും ചെയ്തു.
രണ്ടാമതും തല്ലാന്‍ ഓടിവന്ന രാമന്‍ മാഷ്‌ നിരാശനായി..

നിര്‍ദേശ പ്രകാരം ഏഴു മണിക്ക്‌ കോവിലകം താഴെ എത്തി.
7.15 നു " വോയേജ്‌ ' പുറപ്പെടും.
വെള്ള നിറവും, കൂര്‍ത്ത മുന്‍ഭാഗവും, നീലയും ചുവപ്പും വരകളുമുണ്ടായിരുന്ന വോയേജ്‌ ബസ്‌ ഒരു വിമാനത്തെ ഓര്‍മ്മിപ്പിച്ചു. തുരുത്ത്യാടെയും കാഞ്ഞിക്കാവിലെയും സംഭാഷണ പദാവലിയില്‍ പോലും ' വോയേജ്‌' സ്ഥാനം പിടിച്ചിരുന്നു.

" ഇങ്ങ്യെന്ത്‌ കളിക്ക്യാ ? വോയേജ്‌ തത്തമ്പത്തെ കേറ്റം കേറുന്ന പോലെ ?? ഒന്ന് വേഗങ്ങ്‌ നടന്നൂട്‌. "

കല്ലങ്കി ഭാസ്കരേട്ടന്റെ മഞ്ഞ ജീപ്പ്‌ പൊടിപറത്തി മണ്ണ്‍ റോഡിലൂടെ പറമ്പിന്‍ മുകളിലേക്ക്‌ പോകുമ്പോള്‍ ബീഡി വലിച്ചും, മുറുക്കിയും കല്ലങ്കി താഴെ ഇരിക്കുന്ന അസൂയക്കാരായ വയസന്‍മാരില്‍ ആരെങ്കിലും കമന്റടിക്കും
" വോയേജാന്നാ ഓന്റെ വിജാരം "
വൊയേജ്‌ ക്രിത്യം 7.45 നു ബാലുശേരി എത്തി. 8.30 നു മത്സരം തുടങ്ങി. എന്നെ ക്ലാസ്സിലാക്കി രാജന്‍ മാഷ്‌ പുറത്ത്‌ പോയി.
മത്സരത്തിനു വിഷയം കിട്ടിയത്‌ ' താമരക്കുളം 'എന്നായിരുന്നു..ആശ്വാസമായി.. താമര എന്റെ വീക്‌ നെസ്സ്‌ ആണു. എല്ലാരും ' ന' 'ന' എന്നെഴുതി അതിന്റെ കാലുകളെ എല്ലാം കൂട്ടി യോജിപ്പിച്ച്‌ താമര ഉണ്ടാക്കാറുള്ളപ്പോള്‍ അമ്മ പടിപ്പിച്ച ഇതളുകള്‍ ഉള്ള താമര വരച്ച്‌ ക്ലാസ്സില്‍ ഞാന്‍ ഷൈന്‍ ചെയ്യാറുണ്ടായിരുന്നു. ആ ധൈര്യത്തില്‍ ചെറുതും വലുതുമായി നാലു താമരകള്‍ വരച്ചു. " റ" ആവര്‍ത്തിച്ചെഴുതി വെള്ളം ഉണ്ടാക്കി. " എക്സ്‌" എന്ന് ഇംഗ്ലിഷില്‍ എഴുതി അതിന്റെ മുന്‍ ഭാഗം തലയും പിന്‍ഭാഗം വാലുമാക്കി മീനുകളെ വരച്ചു. നല്ല നാലു താറാവുകളെയും വരച്ചിട്ടു. സത്യം പറയട്ടെ വിയര്‍ത്തു കുളിച്ചു. നല്ല സംത്രിപ്തി തോന്നി.
രാജന്‍ മാഷെത്തി ചിത്രം നല്ലോണം നോക്കി.
രണ്ട്‌ മണിക്കൂര്‍ ബസ്സ്‌ സ്റ്റാന്റില്‍ കുത്തനെ കാത്തിരുന്ന് വോയേജിനു തന്നെ മടങ്ങി.
പിറ്റേന്ന് രാവിലെ റാണിയും മക്കളും കളിക്കാന്‍ ഈര്‍ക്കിലിന്റെ ഓല ഇരിയുമ്പോള്‍ സുധാകരന്‍ മാഷ്‌ വിളിച്ചു. രാമന്‍ മാഷ്‌ എതിരെ ഇരിക്കുന്നുണ്ട്‌.

" എങ്ങനെ ഉണ്ടായിരുനു രാമാ മ്മളെ വിഘ്നേഷിന്റെ ചിത്രം..?

ചൂരല്‍ ബാലന്‍സ്‌ ചെയ്യാന്‍ ശ്രമിച്ചും കൊണ്ട്‌ രാമന്‍ മാഷ്‌ പ്രതിവചിച്ചു.

" ഒരു വസ്തൂനും കൊള്ളുേല കുണ്ടന്റെ ചിത്തറം "

അന്ന് പതിനൊന്ന് മണിയുടെ ഇടവേളക്കും, ഉച്ചക്കഞ്ഞിക്ക്‌ ശേഷമുള്ള സമയത്തുമൊന്നും റാണിയും മക്കളും കളിച്ചില്ല. ഈര്‍ക്കില്‍ കോലായില്‍ കിടന്ന് ഉണങ്ങി.

ഇതായിരുന്നു ജീവിതത്തിലെ ആദ്യ പാമ്പ് കടിയേറ്റ സംഭവം..!!


ഇനി രണ്ടാമതെത് ഇത് ഇപ്പോള്‍ പറഞ്ഞ പോലത്തെ താണ സാഹിത്യപ്പാമ്പാനെന്നു വിചാരിക്കരുത്..

അത് ഒറിജിനല്‍ ആയിരുന്നു..


ഏപ്രിലിലെ നല്ല ചൂടുള്ള രാത്രി.


ഏഷ്യാനെറ്റില്‍ വിപ്ലവഗാനം പാടി പടിക്ക്‌ പുറത്തായി മനോരമയില്‍ എത്തിയ വേണുവിന്റെ ന്യൂസ്‌ അവര്‍ കണ്ട്‌ ഉറങ്ങിപ്പോയി. പന്ത്രണ്ട്‌ മണിയായപ്പോള്‍ ഞെട്ടിയെണീറ്റു. കട്ടിലില്‍ വിയര്‍ത്ത്‌ കുളിച്ച്‌ കിടക്കുന്നു.
തലയ്ക്ക്‌ മുകളില്‍ ഫാന്‍ ഫിറ്റ്‌ ചെയ്യാന്‍ എനിക്ക്‌ പേടിയാണു. ഫാന്‍ പൊട്ടി വീണില്ലെങ്കിലും കുറഞ്ഞത്‌ സീലിങ്ങില്‍ പതിച്ച ഓടെങ്കിലും അടര്‍ന്നു വീണാലോ ??
വിയര്‍പ്പില്‍ നനഞ്ഞ വിരിപ്പും വലിച്ച്‌ പാതിയടഞ്ഞ കണ്ണുകളുമായ്‌ കോലായിലെത്തി. വിളക്കൊന്നും തെളിക്കാതെ തുണി വിരിച്ച്‌ ഒറ്റ വീഴല്‍. ഒരു മിനിറ്റ്‌ തികയും മുന്‍പ്‌ ആദ്യത്തെ കുത്ത്‌.
കരിങ്കണ്ണിയല്ല. ഇത്‌ തനി ഇഞ്ചെക്ഷന്‍. സൂചി കുത്തിയിറക്കി ഞെക്കിപ്പിടിച്ച്‌ വലിച്ചൂരുന്ന അനുഭവം. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അടുത്ത കുത്ത്‌. കാല്‍ മുട്ടിന്റെ പിന്‍ഭാഗത്ത്‌ തന്നെ.
തലയിലൂടെ ഏതോ ഒരു അപായ സന്ദേശം പാഞ്ഞു. ഉറക്കം എവിടെയോ പോയി. ചാടി എണീറ്റ്‌ ലൈറ്റ്‌ തെളിച്ചു. വിരിപ്പ്‌ വലിച്ച്‌ മാറ്റി.
തരിച്ച്‌ പോയി.
നിറയെ പുള്ളികളുള്ള ഒരു കൊച്ചു പാമ്പ്‌. !

എന്നെ ഒപാമ്പ്‌ കടിച്ചിരിക്കുന്നു.

വിശ്വസിക്കാനായില്ല.

അമ്മയെ വിളിക്കും മുന്‍പ്‌ ആനന്ദന്റെയും സോമന്റെയും, രാജീവന്റെയും മുഖങ്ങള്‍ മനസ്സില്‍ വന്നു.
ഇവര്‍ മൂന്നു പേരും, പാമ്പു കടി ഏറ്റവരാണു. രാജീവന്‍ ഒഴികെ മറ്റ്‌ രണ്ടു പേരും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു പോവുകയും ചെയ്തു.
 ആനന്ദനെയും സോമനെയും കടിച്ചത്‌ അണലിയായിരുന്നു. മണ്ണിന്റെ നിറമുള്ള അണലി.

                                                    " കോവാലന്‍ കുട്ട്യാരേ. " എന്നും ഉറക്കെ വിളിച്ചുള്ള കരച്ചില്‍ കേട്ടാണു എന്റെ മൂത്തച്ഛന്‍ ഗോപാലന്‍ കുട്ടി നായര്‍ അഞ്ചു കട്ട പിച്ചള ടോര്‍ച്ചും മിന്നിച്ച്‌ നിരത്തിന്‍മേല്‍ ചെന്ന്‌ നോക്കിയത്‌. നിലത്ത്‌ വീണു കിടക്കുന്ന ആനന്ദന്റെ കാല്‍ ചോരയില്‍ കുളിച്ചിരിക്കുന്നു.
അണലി പല്ലുകള്‍ ആഴ്ത്തി കടിച്ചു പറിക്കുമത്രേ.
എന്തായാലും ആനന്ദന്‍ ആശുപത്രിയിലെത്തിയില്ല.
സോമനെ അണലി കടിച്ചത്‌ കനാലിന്റെ അരികത്ത്‌ നിന്നാണു. മെഡിക്കല്‍ കോളേജില്‍ നീരു വന്ന്‌ നീല നിറമായാണു പാവം സോമന്‍ മരിച്ചത്‌.

മരം കയറ്റക്കാരനും സ്ഥലത്തെ പ്രധാന കുടിയനുമായിരുന്ന രാജീവന്‍ പാമ്പിന്റെ കടിയേറ്റ്‌ മരിച്ചില്ലെന്ന്‌ മാത്രമല്ല, തുരുത്യാട്ടെയും കാഞ്ഞികാവിലേയും വൈദ്യ ശാസ്ത്ര വിദഗ്ദര്‍ക്ക്‌ പുതിയൊരു അറിവും പകര്‍ന്ന്‌ നല്‍കി.

പടിഞ്ഞാറയിലെ ഇടവഴിയില്‍ വച്ചാണു രാജീവനെ പാമ്പ്‌ കടിച്ചത്‌.
എട്ടടി മൂര്‍ഖന്‍ !!
കടിച്ചാല്‍ എട്ടടി നടക്കും മുന്‍പ്‌ ആളു കാഞ്ഞു പോകുമെന്ന്‌ നാട്ടിന്‍ പുറത്തെ ഉറച്ച വിശ്വാസം.
 പക്ഷെ എട്ടല്ല,ഏതാണ്ട്‌ 64 അടി ഇഴഞ്ഞ്‌ രാജീവന്‍ ഉണ്ണിയേട്ടന്റെ വീട്ടില്‍ കയറി.
ആശുപത്രിയിലെത്തിയത്‌ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. മരം കയറിയും വെട്ടിയും ജീവിച്ച രാജീവനെ രക്ഷിച്ചതും മരങ്ങള്‍ തന്നെ ആയിരുന്നു. മരം കയറാന്‍ തളപ്പിട്ട്‌ വന്ന തഴമ്പില്‍ ആയിരുന്നു മൂര്‍ഖന്‍ കടിച്ചത്‌.അതിനാല്‍ വിഷം അകത്തെത്താന്‍ സമയമെടുത്തു.
ആശുപത്രി വിട്ട ശെഷം പാറക്കുളം ഷാപ്പില്‍ തിരിച്ചെത്തിയ രാജീവന്‍ സഹകുടിയന്‍മാരോട്‌ ആ രഹസ്യം പറഞ്ഞു. " ഇവിടത്തെ പത്ത്‌ കുപ്പി കള്ളിനു ആ മൂര്‍ക്കന്റെ ഒറ്റത്തുള്ളി വെഷത്തിന്റെ കിക്ക്‌ കിട്ടുല..


എനിവേ ഞാന്‍ അമ്മയെ വിളിച്ചു.

"അമ്മേ ഒച്ച വച്ച്‌ ആളെ കൂട്ടരുത്‌, ഇന്നെ പാമ്പ്‌ കടിച്ചു "

ഞാന്‍ മുന്നറിയിപ്പ്‌ കൊടുത്തില്ലായിരുന്നെങ്കിലും അമ്മ ഒച്ച വയ്ക്കുമായിരുന്നില്ല. കുറേ നേരത്തേക്ക്‌ അമ്മക്ക്‌ ഒച്ച പുറത്ത്‌ വന്നില്ല.
അര മണിക്കൂര്‍ കൊണ്ട്‌ ചുറ്റുപാടും വിവരമറിഞ്ഞു. മുറ്റത്ത്‌ ആള്‍കൂട്ടമായി.
ഞാന്‍ അഴിച്ചു വച്ചിരുന്ന അണ്ടര്‍ വെയര്‍ എടുത്തിട്ടു. ബോധം ഇല്ലാതാകുമ്പോള്‍ മുണ്ട്‌ അഴിഞ്ഞെങ്ങാന്‍ പോയാലോ? പിന്നെ ബോധം വന്നാല്‍ ജീവിച്ചിട്ട്‌ കാര്യമുണ്ടോ?
 തുടയില്‍ നല്ലൊരു കെട്ടും കെട്ടി. രഘുവേട്ടന്റെ ഇന്‍ഡിക്ക എത്തി, മൂത്തച്ഛന്‍മാരും, ഷബിലും ലിബിയും കയറി.. 10 മിനിറ്റ്‌ കൊണ്ട്‌ കോക്കല്ലൂരിലെ ആശുപത്രിയില്‍ എത്തി. എന്റെ റ്റ്യൂഷന്‍ വിദ്യാര്‍ഥിനി ആയിരുന്ന നഴ്സ്‌ പാമ്പിനെ ഇട്ട കുപ്പി കണ്ട്‌ ഓടിക്കളഞ്ഞു. അതെന്റെ ബീ.പി. കൂട്ടി. മെഡിക്കല്‍; കോളേജിലേക്ക്‌ വിടാന്‍ പറഞ്ഞു ഡോക്ടര്‍.
 ഞാന്‍ ഏതാണ്ട്‌ മരണം ഉറപ്പിച്ചു. വേണ്ടപ്പെട്ട കുറെപ്പേര്‍ക്ക്‌ എസ്‌. എം. എസ്‌. അയച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ഉണ്ടാകും..കാണണം എന്നുണ്ടെങ്കില്‍ വന്ന്‌ കണ്ടേക്കണം..
പക്ഷെ ആര്‍ക്കും വരേണ്ടി വന്നില്ല. ആറു മണിക്കൂര്‍ പാമ്പ്‌ കടി വിഭാഗത്തിലെ എ.സി. കുളിരില്‍ ഒബ്സര്‍വേഷനും, ശ്വാസം പിടിപ്പിക്കലിനുമെല്ലാം ശേഷം എന്നെ ഡിസ്ചാര്‍ജ്‌ ചെയ്തു.
തിരിച്ച്‌ വരാന്‍ ഇന്‍ഡിക്ക ഉണ്ടായിരുന്നില്ല. ചെരിപ്പു പോലും എടുത്തിരുന്നില്ല. ഒരു തോര്‍ത്തും കഴുത്തില്‍
ചുറ്റി കോവൂരില്‍ നിന്ന്‌ ആദ്യം കോഴിക്കോട്ടേക്കും പിന്നെ ഉള്ളിയേരിക്കും ബസ്‌ കയറി. ട്യൂട്ടോറിയല്‍ കോളേജില്‍ നിന്നും 700 രൂപ കടം വാങ്ങേണ്ടി വന്നു ഇന്‍ഡിക്കയുടെ വാടക കൊടുക്കാന്‍.

7 comments:

 1. അദ്ധേഹം തിരുത്തി അദ്ദേഹം ആക്കിയാല്‍ നന്നായിരുന്നു.
  അതോ ഇനി അദ്ധേഹം ആണോ ശരി. ?

  ReplyDelete
 2. അനുഭവം നന്നായി എഴുതി
  പുതിയ പോസ്റ്റൊന്നും വന്നില്ലല്ലൊ?
  ആശംസകള്‍!

  ReplyDelete
 3. വീണ്ടും അങ്ങൊരു അപാര സംഭവം ആകുന്നു.

  ReplyDelete
 4. എന്തുമാത്രം അനുഭവങ്ങളാ മാഷേ....:)nice

  ReplyDelete
 5. നമിച്ചു താങ്കളെ

  ReplyDelete