Sunday, February 21, 2010

പാരലല്‍ ജീവിതത്തില്‍ നിന്നും ഒരേട്‌..

" ഇതേത്‌ നായിന്റെ മോന്‍ വരച്ചതാ...ഇമ്മാവേലിയേത്‌ ജിമ്മിലെ മെംബെറാ..?..ഓന്റെ പള്ള പോര.." ചുവരിലെ തെര്‍മോക്കോള്‍ കഷണത്തിന്‍മേല്‍ പതിച്ച 'ഓണാശംസകളിലെ' ചിത്രം നോക്കി മേല്‍പ്പറഞ്ഞ കമന്റ്‌ പാസ്സാക്കിയത്‌ എണ്‍പത്‌ കഴിഞ്ഞ കണാരേട്ടനോ,കോയക്കാക്കയോ അല്ല. വേദി ബീവറേജ്‌ കൌണ്ടറിലെ ണീണ്ട ക്യൂവോ,കുറുവങ്ങാട്ടെയോ മുണ്ടോത്തെയോ കള്ളുഷാപ്പും അല്ല.സ്ഥലത്തെ എണ്ണപ്പെട്ട പാരലെല്‍ കോളേജുകളിലൊന്നിലെ , പാട്ടും നാടകവുമൊക്കെ അസാരം തലയ്ക്കു പിടിച്ച ഒരു ഹ്യുമാനിറ്റീസ്‌ കുമാരന്‍..
അവനാപ്പറഞ്ഞത്‌ മാവേലിയെ സാഭിമാനം വരച്ച ഞാന്‍ കേട്ടില്ലെങ്കിലും ചിത്രം ഒട്ടിച്ച നായരു മാഷ്‌ കേട്ടു.അതോടെ കുമാരനെ പൂര്‍ണ്ണമായും നാടക,ആല്‍ബം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊള്ളാന്‍ അനുവദിച്ചു. തെളിച്ചു പറഞ്ഞാല്‍ കുമാരന്‍ ഔട്ട്‌.
കുമാരനു അവസാന വാണിംഗ്‌ കിട്ടിയത്‌ 2 മാസങ്ങള്‍ക്കു മുന്‍പാണു.
അന്ന് നായരു മാഷ്‌ ഘോര ഘോരം ക്ലാസ്സെടുക്കുകയാണു.നിശ്ശബ്ദമായ ക്ലാസ്‌ മുറി.ബോര്‍ഡില്‍ സമവാക്യങ്ങള്‍ എഴുതിക്കൊണ്ടിരിക്കേ 'ചറപറാ ചറ പറാ'ന്നൊരു ഒച്ച മാഷിന്റെ കര്‍ണ്ണ പടങ്ങളെ ഉണര്‍ത്തി.
എഴുത്തു നിര്‍ത്തി കൈകള്‍ പിറകില്‍ കെട്ടി മാഷ്‌ പിന്നിലേക്ക്‌ ചെന്നു കുമാരന്റെ അടുത്തെത്തിയതും മാഷ്‌ നിന്നു..അവന്റെ ഉന്തിയ കീഴ്ചുണ്ടില്‍ മാഷിന്റെ കണ്ണുകളുടക്കി.
" പ്ടേ"
എന്താണു സംഭവിച്ചതെന്ന് അടുത്തിരുന്നവന്‍മാര്‍ക്കു പോലും മനസ്സിലായില്ല.ചുണ്ടിനടിയില്‍ തിരുകിയിരുന്ന 'ഹന്‍സ്‌' ഡെസ്കിനു മേല്‍ തുപ്പലിനൊപ്പം ചിതറി വീണു..
അതു കുമാരനെന്ന രണ്ടാം വര്‍ഷ അണ്ടര്‍ ബിരുദ വിദ്യാര്‍ത്ഥിയുടെ കാര്യം.
ഇതേ സാധനം,അതായത്‌ മഞ്ഞക്കുപ്പായമിട്ട 'ഹന്‍സന്‍' മനോജ്‌ മാഷിന്റെ അരയില്‍ സ്ഥിരമുണ്ടാകും.(പാരലല്‍ കോളജില്‍ മാഷന്‍മാര്‍ നിയമങ്ങള്‍ക്കതീതരാകുന്നു )
സ്റ്റാഫ്‌ മീറ്റിങ്ങിനു ശേഷമുള്ള പതിവു കൂടലുകളുകളിലൊന്നില്‍ മനോജ്‌ മാഷ്‌ മഞ്ഞ പാക്കറ്റ്‌ കൈവെള്ളയില്‍ കുടഞ്ഞിട്ട്‌ ഒരു ഉരുള ഉരുട്ടി മേല്‍ ചുണ്ടിനടിയിലും,വേറൊന്നുരുട്ടി കീഴ്ച്ചുണ്ടിനടിയിലും തിരുകി വച്ചു.എന്നിട്ട്‌ തലയൊന്നു ആഞ്ഞു കുടഞ്ഞ്‌ നായരു മാഷെ നോക്കി ഒരു പ്രസ്താവന.
" പണ്ടാരം, ഇന്നിട്ടും തലയ്ക്കു പിടിക്കുന്നില്ല.."
ഒരു തരം 'സേവ'യും പതിവില്ലാത്തതിനാല്‍ പ്ലേറ്റിലെ മുളകു പുരട്ടിയ കടല കൊറിക്കുകയായിരുന്ന നായരുമാഷ്‌ മനോജിനു മനോഹരമായ ഒരു ഉപദേശം നല്‍കി.'കൂടല്‍ ചരിത്രത്തിന്റെ' താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ആ വാക്കുകള്‍ അഭ്യസ്ത വിദ്യന്‍മാരായ എല്ലാ 'ഹാന്‍സന്‍മാര്‍ക്കും' ,'ശംഭു'മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ യാതൊരു വിധ സെന്‍സറിങ്ങും നടത്താതെ ഇവിടെ തുറന്നെഴുതാം..
" ഒരുരുള കൂടെ ഉരുട്ടിയുണ്ടാക്കി മൂലത്തിലും വച്ചോ.ണന്നായി പിടിക്കും.."

പ്രണയം,കാമം,അധികാരമോഹം.കലഹത്തിന്റെ ഈ ത്രിപീടികകള്‍ മറ്റേത്‌ പ്രസ്ഥാനത്തിനേയുമെന്നോണം പാരലല്‍ കോളേജുകളെയും തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട്‌..
എന്റെ കൂടെ ബാലുശ്ശേരിയില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പു ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒരു ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മാത്രമായിരുന്നു..പക്ഷേ ആ തകര്‍ന്ന കപ്പലില്‍ നിന്ന്‌ തെറിച്ച്‌ വീണൊലിച്ചു പോയി പല തുരുത്തുകളില്‍ പാതിയുണങ്ങിയും,പച്ച പിടിച്ചും ജീവിതം നെയ്തവര്‍ക്കൊപ്പം സഹപ്രവര്‍ത്തകനായപ്പോള്‍ കിട്ടിയ നുറുങ്ങുകളില്‍ നിന്നാണു ആ സംഭവത്തിന്റെ ഈ പുനസ്രിഷ്ടി നടക്കുന്നത്‌..
'പ്രഭാതം' ! അതുയര്‍ന്നു വന്ന നാടിന്റെ പേരു ലോകം മുഴുവനും എത്തിച്ചു.ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിമിതികള്‍ക്കപ്പുറത്തേക്കു പോലും പലപ്പോഴും അതു വളര്‍ന്നു.
'പ്രഭാത'ത്തിലെ കുമാരന്‍ മാഷെ പറ്റിയാണു പറഞ്ഞു വരുന്നത്‌.
ആര്‍തര്‍ കോനന്‍ ഡോയിലിലേക്കാള്‍ പ്രശസ്തി ഷെര്‍ലെക്‌ ഹോംസിനു കിട്ടിയ പോലെ 'പ്രഭാ'തത്തേക്കാള്‍ കുമാരന്‍ മാഷ്‌ ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടു. 'പ്രഭാതം' കുമാരന്‍ മാഷിന്റെ ലളിത ഗാനങ്ങളും,നാടകങ്ങളും ആകാശവാണിയില്‍ നിരന്തരം വന്നു കൊണ്ടിരുന്നു.
ക്രിസ്മസ്‌ അവധിക്കാലത്തെ ഒരു ശനിയാഴ്ച്ച.പതിവിലും ഒരു പാടു നേരത്തെ 'പ്രഭാത'ത്തിന്റെ പ്രാന്തത്തിലെ പൂവാലന്‍മാരുടെ രോമാഞ്ചമായ ഒരു തിടമ്പ്‌ കോളേജിന്റെ പടി കയറി പോയി.പിന്നാലെ കുമാരന്‍ മാഷും ! പത്തു മിനുട്ട്‌ 'ക്ഷമിച്ച്‌' നിന്ന ശേഷം രണ്ടു പേരുടെയും പോക്കു കണ്ടു നിന്ന ഒരു പൂവാലന്‍ പാത്തും പതുങ്ങിയും പ്രഭാതത്തിന്റെ മതിലു ചാടി ചെന്നു.
പത്താം ക്ലാസ്സിന്റെ സിമന്റ്‌ തറയില്‍ കുമാരിക്ക്‌ 'സ്പെഷല്‍ ക്ലാസ്സ്‌' എടുക്കുകയായിരുന്ന കുമാരന്‍ മാഷ്‌ അന്തിച്ചു നിന്നു.തടി കാര്യമായി കേടായില്ലെങ്കിലും മാഷ്‌ പുറത്തായി.
ക്രിത്യം ഒരാഴ്ച കഴിഞ്ഞ്‌ 'പ്രഭാത'ത്തിന്റെ വിളിപ്പാടകലെ മറ്റൊരു 'പ്രഭാതം' ഉയര്‍ന്നു വന്നു. 'സുപ്രഭാതം' !മാഷ്‌ സ്പെഷല്‍ ക്ലാസ്സെടുത്ത്‌ സഹായിച്ച കുട്ടി പോലും എത്തി നോക്കാതിരുന്നതിനാല്‍ 'സുപ്രഭാതം' ഏതാനും പ്രഭാതങ്ങള്‍ക്കകം പൂട്ടി..പക്ഷെ ഇന്നും കുമാരന്‍ മാഷ്‌ 'സുപ്രഭാതം' കുമാരന്‍ മാഷാണു..
(ഈ സംഭവം മുഴുവന്‍ ദ്രിസാക്ഷി വിവരണമല്ല..ഈ ഒരു വിവാദം ഒഴിച്ചു നിര്‍ത്തിയാല്‍ കുമാരന്‍ മാഷ്‌ സ്നേഹ നിധിയായ അദ്ധ്യാപകനായിരുന്നു..എനിക്കദ്ധേഹം സ്വന്തം പിതാവിനെ പോലെയുമായിരുന്നു..മേല്‍ വിവരിച്ച 'കഥ' സത്യത്തില്‍ ഇന്നും ഞാന്‍ വിശ്വസിക്കുന്നില്ല..പിന്നെന്തിനെഴുന്നള്ളിക്കുന്നു എന്നാണോ സംശയം..? ഉത്തരം ഇതാ..എന്റെ പായാരം..)
ഒരു പത്തിരുപതു കൊല്ലം കൂടെ 'പ്രഭാതം' തിളങ്ങി നിന്നു.ഒടുവില്‍ മാനേജരും പ്രിന്‍സിപ്പലും തമ്മിലുള്ള അധികാര തര്‍ക്കങ്ങളില്‍ 'പ്രഭാതം' അസ്തമിച്ചു..ഇന്നാ പ്രദേശം ഒരു കുറ്റിക്കാടാണു..മാനേജര്‍ പിഷാരടി മാഷ്‌ സീരിയലിനു കഥയെഴുതിയും,പ്രിന്‍സിപ്പല്‍ കുറുപ്പു മാഷ്‌ രാഷ്ട്രീയം കളിച്ചും ഇപ്പോഴും ജീവിക്കുന്നു.പിളര്‍പ്പുകള്‍ പൂര്‍വാധികം ഭംഗിയായി പിന്നെയും തുടര്‍ന്നു. 'അക്കാദമി' 'ന്യൂ അക്കാദമിയും' 'ഓള്‍ഡ്‌ അക്കാദമി'യും ആയി. 'ആര്‍ട്സ്‌' 'ഗാലക്സിയും' 'അനശ്വരയു'മായി..അഞ്ഞൂറു മീറ്റര്‍ ചുറ്റളവില്‍ ആറോളം പാരലല്‍ കോളേജുകള്‍ ! ഈ ബഹുമതി ബാലുശ്ശേരിക്കു മാത്രം സ്വന്തം. 'പ്രസിഡന്‍സിയില്‍' കണക്കെടുക്കുന്ന സന്തോഷ്‌ മാഷ്‌ 'മലബാറില്‍' ഹിസ്റ്ററി എടുക്കുന്നു.'ക്രൈസ്റ്റില്‍' ഫിസിക്സ്‌ എടുക്കുന്ന സുധ ടീച്ചര്‍ 'ഓക്സ്ഫോര്‍ഡില്‍' കെമിസ്ട്രി എടുക്കുന്നു...


പാരലല്‍ കോളേജ്‌ മാഷിന്റെ സന്തത സഹചാരിയാണു ദാരിദ്ര്യം.
ആശയപരമായി,വിജ്ഞാന പരമായി പക്ഷെ സമൂഹത്തില്‍ അവന്‍ സമ്പന്നനാണു.രണ്ടും മൂന്നും നാലും കോളേജുകളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തൊണ്ട കീറിക്കരഞ്ഞാല്‍ കഞ്ഞിക്കുള്ള വക കിട്ടും.ഉള്ളില്‍ ഇന്നും തിരിച്ചറിയാന്‍ പ്രയാസമുള്ള വികാരത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്‌.ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണു.അന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്ഥനല്ല ഇന്നും ഞാനെങ്കിലും,ആ സംഭവം ഇന്നെന്നെ ലജ്ജിപ്പിക്കാറുണ്ടു.അതു വിവരിക്കും മുന്‍പു ഒരു മുങ്കൂര്‍ ജാമ്യമെടുക്കുന്നു.'ഒരു ഇരുപതു വയസ്സുകാരന്റെ വിവരമില്ലായ്മ'
പേരാമ്പ്രയിലെ ഒരു കൊച്ചു പാരലെല്‍ കോളേജ്‌.ആ ചെറിയ നഗരം എനിക്കു അന്നു വരെ അപരിചിതമാണു.ഓഫീസ്സില്‍ ക്ലാസ്സിന്റെ ഊഴം കാത്തിരിക്കെ ഏതോ ഒരു കുട്ടി ഫീസ്‌ അടയ്ക്കാന്‍ വന്നു.പണം കൈകാര്യം ചെയ്യുന്ന മാഷ്‌ ചില്ലറയില്ലാതെ വലയുന്നതു കണ്ടപ്പോള്‍ പോക്കറ്റില്‍ നിന്നും ഞാന്‍ ഇരുപത്‌ രൂപ എടുത്തു കൊടുത്തു.രണ്ടു മണിക്കൂര്‍ ക്ലാസ്സ്‌ മനോഹരമായി കഴിഞ്ഞു.എല്ലാം ശുഭം.ഉച്ചയ്ക്കു പേരാമ്പ്ര സ്റ്റാന്‍ഡില്‍ ബസ്സ്‌ കാത്തു നില്‍ക്കെ ഒരാന്തലോടെ തിരിച്ചറിഞ്ഞു.
'പോക്കറ്റ്‌ കാലിയാണു'.
.അഞ്ച്‌ രൂപ അന്‍പത്‌ പൈസ മതി ഉള്ളിയേരിയിലെത്താന്‍..അവിടുന്നെങ്ങനെയെങ്കിലും ആഞ്ഞൊന്നു നടന്നാല്‍ മുക്കാല്‍ മണിക്കൂര്‍ കൊണ്ട്‌ വീട്ടിലെത്താം.
ഒരു പരിചിത മുഖവും പ്രതീക്ഷിച്ച്‌ സ്റ്റാന്‍ഡില്‍ കുത്തനെ നിന്നു.മണിക്കൂറുകള്‍. ഷര്‍ട്ടിന്റെ ഒരു കീശയും,പാന്റിന്റെ 2 കീശകളും മാറി മാറി തപ്പി നോക്കി.വീണ്ടും വീണ്ടും. സ്റ്റാന്‍ഡു മുഴുവന്‍ താഴോട്ടു നോക്കി നടന്നു. ഒരഞ്ചിന്റെ തുട്ടെങ്കിലും..വിശപ്പിന്റെയും,ദാഹത്തിന്റെയും വിക്രിതമായ മുഖം ഒരിക്കല്‍ കൂടെ..ആരോ തള്ളി വിട്ട പോലെ നടന്നു.മൂന്നു വാച്ചു പീടികകളില്‍ കയറി. ദേഹത്ത്‌ ഇത്തിരി മൂല്യമുള്ളതായി ഒരു കറുത്ത കാസിയോ വാച്ച്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. സഹതാപം നിറഞ്ഞ നോട്ടങ്ങളല്ലാതെ ആരും വാച്ചു വാങ്ങിയില്ല.മെയിന്‍ രോഡിലൂടെ ഉള്ളിയേരിക്ക്‌ നടക്കാന്‍ ദുരഭിമാനം സമ്മതിച്ചില്ല.
സ്റ്റുഡന്‍സ്‌ ബൈക്കിലും,കാറിന്റെ പിന്‍സീറ്റിലുമൊക്കെയിരുന്ന് ചീറിപ്പാഞ്ഞു പോകും,അവര്‍ തീര്‍ച്ചയായും "മാഷെയ്‌ പോരുന്നോ " എന്നു ചോദിക്കും എന്നാലും പിറ്റേന്നു കോളേജില്‍ ഈ കഥ പടരും..
പേരാമ്പ്രയിലൂടെ പോകുന്ന കനാലിന്റെ കരയിലൂടെ നടന്നാല്‍ ഉള്ളിയേരി 19 ല്‍ എത്താമെന്ന് അറിയാമായിരുന്നു. നടന്നു..പക്ഷെ കായണ്ണയും പിന്നിട്ട്‌ കൂരാച്ചുണ്ട്‌ ഭാഗത്തേക്കാണു നടത്തമെന്ന് തിരിച്ചറിഞ്ഞത്‌ ഏതാണ്ടൊരു മണിക്കൂര്‍ നേരത്തെ 'മാരക' നടത്തിനു ശേഷമായിരുന്നു..
പിന്നെ ഓട്ടമായിരുന്നു തിരികെ.കായണ്ണയില്‍ തിരിച്ചെത്തി ഉള്ളിയേരിക്ക്‌ നടത്തം തുടര്‍ന്നു..തൊണ്ട വരണ്ടു പൊട്ടുമെന്നു ഉറപ്പായപ്പോള്‍ എത്ര പിടിച്ചു വച്ചിട്ടും കാലുകള്‍ ഒരു വീട്ടിലേക്കു നീങ്ങി..
മൂന്നാമത്തെ ഗ്ലാസ്സ്‌ വെള്ളം കൂടെ വായിലേക്ക്‌ കമഴ്ത്തിയപ്പോള്‍ ചുമച്ചു പോയി,മൂക്കിലൂടെ വെള്ളം വന്നു..ഗ്രാമത്തിന്റെ സകല നിഷ്കളങ്കതകളും കണ്ണുകളില്‍ പേറിയ ആ അമ്മ ചോദിച്ചു.
" ഇങ്ങളേടപ്പോക്വാ..ഏടന്ന് വരിയാ,,?"
നാവിന്‍ തുമ്പത്ത്‌ വന്ന നൂണ ഇതായിരുന്നു..
"ഞാന്‍ ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയില്‍ നിന്നു വരുന്നു..ഓഡര്‍ എടുക്കാന്‍.. നിങ്ങള്‍ക്കാവശ്യമുണ്ടോ.."
ക്ലാസ്സ്‌ നോട്ട്‌ തയാറാക്കിയ പുസ്തകമെടുത്തു നിവര്‍ത്തി ഞാന്‍.എന്നിട്ടും ഒന്നും മിണ്ടാതെ നിന്ന അവരെ നോക്കി ഇതും കൂടെ കൂട്ടിച്ചേര്‍ത്തു.
"ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ ഇതുവഴി മടങ്ങി വരുമ്പോ പറഞ്ഞാല്‍ മതി.."
തിരികെ കനാല്‍ റോടിലേക്ക്‌ കയറുമ്പോള്‍ ചെറിയ കുറ്റബോധമുണ്ടായിരുന്നു. പക്ഷെ ദാഹത്തിനും വിശപ്പിനും ഔചിത്യാനൌചിത്യങ്ങളെ വേര്‍തിരിച്ചറിയാനാകില്ല,അനുഭവിച്ചറിഞ്ഞതാണു..അതായത്‌ തെരുവത്ത്‌ കടവില്‍ എത്തും വരെ ഞാന്‍ വീണ്ടും വീണ്ടും 'ടിഷ്യു കള്‍ചര്‍' ഓര്‍ഡര്‍ എടുത്തു കൊണ്ടിരുന്നു.!
.ഒരിടത്തു നിന്നും വെള്ളത്തിന്റെ കൂടെ അവില്‍ കൂടെ കിട്ടി.
ഉള്ളിയേരി 19 ല്‍ കാലു കുഴഞ്ഞു വീഴുമെന്ന് ഭയന്നെങ്കിലും അതുണ്ടായില്ല. സന്ധ്യാ നേരത്തു വീട്ടിലെത്തി ഉമ്മറത്ത്‌ കയറി ഒരു കിടപ്പ്‌.. രാത്രിയില്‍ കടഞ്ഞു വേദനിക്കുന്ന കാലില്‍ എണ്ണ പുരട്ടി തരുന്ന അമ്മയോട്‌ പറഞ്ഞു. എണ്ണ പുരട്ടി പോകുമ്പോള്‍ അമ്മ കണ്ണുകള്‍ തുടച്ചു.


പി.എസ്‌.സി. പരീക്ഷ എഴുതി ജയിച്ചും, പ്രൈവറ്റ്‌ കമ്പനികളില്‍ വലിയ ഉദ്യോഗസ്ഥരുമായി മാറുമ്പോള്‍ പുതിയ മാഷന്‍മാരെയും,മാഷത്തികളെയും (അക്ബര്‍ കക്കട്ടിലിനോട്‌ കടപ്പാട്‌ ) പഴയ താരങ്ങള്‍ ഉപദേശിക്കും..
" കുടുങ്ങിപ്പോകരുത്‌..."
അതെ,ചിലപ്പോള്‍ പാരലല്‍ കോളെജ്‌ ഒരു കെണിയാണു.ആവശ്യത്തിനു ബഹുമാനവും,പേരും,പെരുമയും നല്‍കി തുച്ഛമെങ്കിലും വീട്ടിലേക്ക്‌ അരി വാങ്ങാനുള്ള കാശും നല്‍കി അത്‌ നിന്റെയും,എന്റെയും യൌവനത്തെ ഊറ്റിക്കുടിക്കുകയായിരുന്നു..പക്ഷെ ഉയരങ്ങളിലേക്കുള്ള കുതിപ്പില്‍ ഉറപ്പേറിയ ഒരു ചവിട്ടു പടിയായി പാരലല്‍ കോളജിനെ പരിഗണിച്ചവര്‍ക്കു അനുഭവങ്ങളുടെ പറുദീസയായിരുന്നു പാരലല്‍ കോളജ്‌..അത്‌ അക്ഷരാര്‍ത്ഥത്തില്‍ ഒരു സമാന്തര ലോകമാണു..അവിടുത്തെ മനുഷ്യരും അങ്ങനെത്തന്നെ..