Tuesday, August 23, 2011

പൂവേ പൊലി..പൊലി.!!


ഓണം !!
ആ കൊല്ലം ആരും ചാകല്ലേ എന്നായിരിക്കും പ്രാർത്ഥന..
കാരണം പൂവിടൽ മുടങ്ങും, അതന്നെ :))
അങ്ങനെ ആരുമാരും മരിക്കാത്ത എല്ലാ കൊല്ലങ്ങളിലും ഞങ്ങൾ പൂവിട്ട് കൊണ്ടേ ഇരുന്നു..

അത്തത്തിന്റെ തലേന്ന് സ്കൂൾ വിട്ട് വന്നാലുടൻ കൈക്കോട്ടും മങ്കൊട്ടയുമായി (മൺ-കൊട്ട) പറമ്പിലേക്ക് ഓട്ടം.കൊത്തിയിളക്കി രണ്ട് മൂന്ന് കൊട്ട മണ്ണ് മുറ്റത്ത് തുളസിത്തറയ്ക്ക് അരികിൽ കൂട്ടിയിടും. എളിക്ക് കൈകുത്തി വല്യമ്മ വന്ന് സ്ഥാനമൊക്കെ നിർണ്ണയിച്ചാൽ പൂത്തറ കെട്ടലായി. കൂമ്പനെ മണ്ണ് കൂട്ടി, നനച്ച്  നിലം തല്ലി കൊണ്ട് ചുറ്റും അടിച്ച് ഉറപ്പിച്ചൽ അസ്സൽ തറയായി ! ചളുങ്ങി ചപ്പ്ലീസായ ഒരു അലുമിനിയപ്പാത്രത്തിൽ കലക്കിയ ചാണകവുമായി അമ്മ റെഡി !  കുന്തിച്ചിരുന്ന് ചാണകം മെഴുകിക്കഴിഞ്ഞാൽ പൂത്തറ ഇങ്ങനെ മിനുങ്ങും..ആഹഹ.

പുലർച്ചെ എന്ന് വച്ചാൽ ഒരു നാലു മണിക്ക്  എണീക്കും..ഇറയത്ത് തൂക്കിയിട്ട പൂക്കുട്ടകൾ ഓരോന്നായി എടുത്ത് കഴുത്തിൽ തൂക്കും..ചുരുങ്ങിയത് 3 കൊട്ടകൾ ഉണ്ടാകും ഒരാൾക്ക്..ഓരോരുത്തർക്കും പറിക്കാൻ ഓരോ പൂക്കളുമുണ്ട്, അത് പുറപ്പെടുമ്പോൾ തന്നെ ധാരണയിലെത്തും..
“ ഉണ്ണ്യേ ഇങ്ങി മുള്ളുമ്പൂവും,വേല്യേരീം പറയ്ക്കണം..വെള്ളറണ്ടേലെ മതിലുമ്മലുള്ള അരിപ്പൂവ് കോവുമ്മലേ കൂട്ടർ എണീക്കും മുൻപ് പറയ്ക്കണം ഇല്ലേൽ തണ്ടുപോലും അയിറ്റ്യേൾ ബാക്കി വെക്കൂല..”
മുള്ളുമ്പൂവ് (തൊട്ടാവാടി) പറിയ്ക്കുന്നത്  ഇത്തിരി സാഹസപ്പെട്ട പരിപാടി ആണെങ്കിലും എനിക്ക് പെരുത്തിഷ്ടപെട്ട ഏർപ്പാടായിരുന്നു..എന്താന്ന് ചോദിച്ചാൽ ഒരു പറമ്പിൽ തന്നെ വെളുക്കും വരെ ഇരുന്ന് പറച്ചാലും തീരാത്ത പൂവുണ്ടാകും ..ചേമ്പില കൊണ്ട് ഉണ്ടാക്കിയ കുമ്പിളിൽ മുള്ളുമ്പൂവ് അങ്ങനെ കൂമ്പാരമായി കിടക്കും !!

ഇരുട്ടിൽ തിളങ്ങുന്ന കൂവ്വപ്പൂവ് പറയ്ക്കുന്നത് തോട്ടിൽ ഇറങ്ങി നിന്നാണു..വെളിയൻ തോടിന്റെ ഇരുകരയിലുമായി തുരുത്യാട്ടെ കുട്ടികൾക്ക് മുഴുവൻ പറയ്ക്കാനുള്ള കൂവ്വ മത്സരിച്ചെന്നോണം തഴച്ച് വളർന്നിരുന്നു..വീട്ടിലെ ആലയുടെ-തൊഴുത്തിന്റെ പിന്നിൽ ആൾപ്പൊക്കത്തിൽ കടുമ്പച്ചക്കാടായി നിന്ന കൃഷ്ണമുടിയിൽ ഓണം കഴിയും വരെ പറിച്ചാലും പൂക്കൾ ബാക്കിയാകും..ചുവന്ന കൃഷ്ണമുടിയിൽ എപ്പോഴും മഞ്ഞ ചിറകുള്ള പൂമ്പാറ്റകൾ പാറിക്കളിച്ച് കൊണ്ടിരുന്നു..

കുറച്ച് മുൻപ് പൂക്കൊട്ടയെപറ്റി പറഞ്ഞില്ലേ ?
പൂക്കൊട്ട ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാണു. തെങ്ങോലയോ പനയോലയോ ഈർക്കിലെല്ലാം കളഞ്ഞ് ചെത്തി വൃത്തിയാക്കി മെടയുന്നു.. മെടഞ്ഞ കണ്ണികൾ വിട്ട് പോകാതിരിക്കാൻ കാരമുള്ള് കുത്തി വയ്ക്കും..മെടഞ്ഞ് മുകളിലെത്തുമ്പോൾ മുള്ള് ഊരി മുകളിൽ കുത്തും..അങ്ങനെ അരമണിക്കൂർ കൊണ്ട് കൊട്ടയാകും..പിന്നെ നല്ല ചാക്കുനൂൽ ഒരു രണ്ട് കൈ നീളത്തിൽ മുറിച്ചെടുത്ത് കൊട്ടയുടെ രണ്ട് വശത്തും കോർത്ത് കെട്ടുന്നതോടെ പൂക്കൊട്ട തയ്യാർ !!
ഇത് പുക കൊള്ളിക്കലാണു പിന്നെ. അതിനു കൊട്ടകൾ എല്ലാം കൂടെ അടുപ്പിനു അരികിൽ അടുക്കളയുടെ മൂലയിൽ ഉറിയുടെ താഴെ എങ്ങാനും കെട്ടിയിടും..നാലഞ്ചു ദിവസം പുക കൊണ്ടാൽ പൂക്കൊട്ട ഒരു മൂന്നു നാലു വർഷം ഈട് നിൽക്കും !!  പൂക്കൊട്ടകൾ ഉണ്ടാക്കാൻ വിദഗ്ദരായിരുന്നു, ചേനികണ്ടിയിലെ രാഘവക്കുറുപ്പും ( ഞങ്ങളുടെ എല്ലാം രാഘോൻ കുട്ട്യാട്ടൻ :) ) അദ്ദേഹത്തിന്റെ മകൻ ബാലൻ നമ്പ്യാരും..പിന്നെ ദാമോദരൻ മൂത്തച്ഛൻ അസ്സലായി കൊട്ട മെടയുമായിരുന്നു..(ചാരായം കുടിച്ച് ബീഡി ഒക്കെ വലിച്ച് അലമ്പായി നടക്കുന്ന പുള്ളി ഓണമായാൽ ഒരു ആട്ടിൻ കുട്ടിയെപ്പോലെ വല്യമ്മയുടെ നിർദ്ദേശാനുസരണം കൊട്ട മെടയുന്നത് രസകരമായ കാഴ്ചയായിരുന്നു :)) )

പറിക്കാൻ ഏറ്റവും അധികം ക്ഷമ ആവശ്യമുള്ള പൂവ് തുമ്പ ആകുന്നു..! തല ഒന്നായി നുള്ളിയെടുക്കാതെ പൂവ് മാത്രം ഇതർത്തെടുക്കുക അൽ‌പ്പം പ്രയാസമുള്ള പണി തന്നെ..എന്നിട്ടും ശാലിച്ചേച്ചി( അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ മകൾ) രണ്ട് കൊട്ട തുമ്പയൊക്കെ ദിവസവും പറിച്ചിരുന്നു ! കുയിൽ കാക്കയ്ക്ക് പണികൊടുക്കും പോലെ ഞാൻ എന്റെ കൊട്ടയുടെ മൂലയിലുള്ള ഇത്തിരി തുമ്പ കൂടി ചേച്ചിയുടെ കൊട്ടയിലിട്ട് വീട്ടിലെത്തി പ്രഖ്യാപിക്കും “ നോക്ക് !! തുമ്പ നോക്ക് ..രണ്ട് കൊട്ട !! ഞാനും ശാലീം കൂടെ പറച്ചതാ :))

മിക്ക ദിവസങ്ങളിലും ചീവീട് കരയുന്ന പ്രഭാതങ്ങളിൽ ഇരുട്ടിൽ തപ്പി പറമ്പിലേക്ക് കാൽ വയ്ക്കുമ്പോഴെ കൊളോറത്തെ പറമ്പിൽ പാട്ടു കേൾക്കും !! ഓണപ്പാട്ട്..കല്യാണി അമ്മ ആയിരിക്കും. അവർ അസ്സലായി പാടും..ഗോവിന്ദേട്ടന്റെ വിതച്ച വയലിൽ കാവൽ നിൽക്കുമ്പോളെല്ലാം ആ അമ്മ ഇനിയുമെനിയും കേൾക്കാൻ ഞാൻ കൊതിച്ച പാട്ടുകൾ പാടിയിരുന്നു..പേരക്കുട്ടികളെ സഹായിക്കാൻ കുമ്പിളിൽ തുമ്പപ്പൂവിറുക്കവേ കല്യാണി അമ്മ പാടുകയാണു..അവരുടെ നേർത്ത, നനുത്ത ശബ്ദം ഇപ്പോഴും എന്റെ കാതുകളെ അലോസരപ്പെടുത്തുന്നുണ്ട്..നഷ്ടബോധം ഓർമ്മിപ്പിച്ച്..
“ആനാ പോകുന്നാ
പൂമരത്തിന്റേ
ചോടെ പോകുന്നത്താരടാ..
ആരാനുമല്ലാ
കൂരാനുമല്ലാ
കുറ്റിക്കാട്ടിലെ
കുറുമ്പന്നി..
പന്നിവാലുമ്മൽ
തൂവലുംകെട്ടി..
.........................
എന്റെ വല്യമ്മ മരിച്ചു, കല്യാണി അമ്മ മരിച്ചു,രാഘവ ക്കുറുപ്പ് മരിച്ചു...അവരോടൊപ്പം അവർ എന്തൊക്കെയോ കൊണ്ട് പോയപോലെ..ഓണങ്ങൾ അങ്ങനെ ശൂന്യമായ പോലെ..എന്തായാലും പാട്ട് പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്ക് പടരും..
പൂവേ പൊലി പൊലി..
പൂവേ പൊലി പൊലി...

തുമ്പയും, വേലിയേരിയും,സോപ്പിൻ കായും (വയലിൽ കാണുന്ന കളയുടെ അരി. അത് ഉതിർത്ത് കയ്യിലിട്ട് ഒരിത്തിരി വെള്ളം ചേർത്ത്  തിരുമ്മിയാൽ സോപ്പ് പോലെ പതയും ! ) ഒക്കെ ചിലപ്പോൾ തലേന്ന് വൈകുന്നേരം തന്നെ പറച്ച് സൂക്ഷിക്കാറുണ്ട്..പക്ഷെ പൂക്കളത്തിൽ തൃക്കാക്കരപ്പനെ മൂടാൻ അന്നന്ന് പറയ്ക്കുന്ന പുത്തൻ തുമ്പ തന്നെ വേണം !

പൂ പറയ്ക്കാൻ പോകുന്ന രാവിലെകളിൽ ഞങ്ങൾ നേരിടാറുള്ള രണ്ട് ഭീകരാക്രമണങ്ങൾ ഒന്ന് കൊടിത്തുവ്വയും മറ്റൊന്ന് ചാണകവും ആകുന്നു :) .. മുള്ളിൻപൂവോ വേലിയേരിയോ പറയ്ക്കാനുള്ള തത്രപ്പാടിൽ പറമ്പിൽ പടർന്ന് കിടക്കുന്ന തുവ്വ ഭീകരനെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല..പണികിട്ടും..ദേഹമാസകലം നീറാൻ തുടങ്ങുമ്പോൾ മനസ്സിലാക്കാം ആക്രമണത്തിന്റെ ഉത്തരവാദിത്തം കൊടിത്തുവ്വ ഏറ്റെടുത്തു എന്നു...പിന്നെ കാട്ടപ്പ പറിച്ച് തേക്കലായി..മറുമരുന്ന്..!
പശുവിനെ കെട്ടുന്ന ഏരിയകൾ ഏതാണ്ട് എല്ലാർക്കും ഒരു ധാരണ കാണും ഇരുട്ടിലും..അതിനാൽ അത്തരം സ്ഥലങ്ങളിൽ എത്തുമ്പൊൾ കാൽ നിലത്ത് വയ്ക്കുന്നത് അഫ്ഗാനിസ്ഥാനിലെ മൈനിട്ട റോഡിലൂടെ പോകും പോലെ ആയിരിക്കും..എന്നാലും കിട്ടേണ്ടവർക്ക് കിട്ടും ..സൂക്ഷിച്ച് കാൽ വയ്ക്കുമ്പോൾ കേൾക്കാം - ‘പ്ലക്ക് ‘ !!

യുദ്ധം കഴിഞ്ഞുള്ള യോദ്ധാക്കളെപോലെയാണു പൂ പറച്ചുള്ള വരവ്..
കൊട്ടകളു കുമ്പിളുകളുമെല്ലാം പൂത്തറയ്ക്ക് സമീപത്ത് വച്ച് കുളിക്കാൻ പൊകുന്നു..കല്ലങ്കി കുളത്തിൽ ചാടി നീന്തി വിശാലമായൊരു കുളി !തിടുക്കത്തിൽ തിരിച്ച് വന്ന് ചന്ദനം അരച്ച് തൊട്ട് , വിളക്ക് കത്തിച്ച്, പൂവിടൽ തുടങ്ങുകയായി..
തൃക്കാക്കരപ്പനെ ( മിനുത്ത ഒരു വെള്ളാരങ്കല്ല് ) തുളസി ഇലയ്ക്ക് മേലെ വച്ച് മറ്റൊരു തുളസി ഇലകൊണ്ട് മൂടുന്നു.. പിന്നെ അത് മറയും വിധം തുമ്പപ്പൂ ഇട്ട് അതിനു ചുറ്റും കളങ്ങൾ തീർക്കുന്നു..പൂത്തറ നിറഞ്ഞാൽ ചെമ്പരുത്തി കൊണ്ട് കുട ഉണ്ടാക്കി കുത്തും ( ചെമ്പരുത്തിയുടെ ഞെട്ട് കളഞ്ഞ് അതിലൂടെ ഈർക്കിൽ കടത്തിയാൽ കുട റെഡി ! ) ഒന്നാം ഓണത്തിനു ഒരു കുട, രണ്ടാം ദിവസം രണ്ട് കുട..ഒമ്പതാം ദിവസമാകുമ്പോഴേക്കും തറ മുഴുവൻ കുട കാണും :)

മലയാണ്മയുടെ പല തീരാ നഷ്ടങ്ങൾക്കുമൊപ്പം പൂക്കളങ്ങളും...
കാർപെറ്റ് പോലെ ഇൻസ്റ്റന്റ് പൂക്കളങ്ങൾ വിപണിയിലുണ്ട്..അത് കാണുമ്പോൾ ഒരിക്കലും ചിരി വന്നിട്ടില്ല. വല്ലാത്ത സങ്കടമാണു..തൊട്ടടുത്ത തലമുറയോട് വല്ലാത്ത സഹതാപമാണു..കാര്യമില്ല..കാരണം നമുക്ക് മുൻപ് നടന്ന് പോയവർക്ക്  നമ്മോട് തോന്നിയത് ഇതേ വികാരം തന്നെ !!

എല്ലാർക്കും ഓണാശംസകൾ.




Wednesday, July 13, 2011

നെടൂളാന്‍ !!

മന്ദന്‍ കാവിലെ ഇളയമ്മയ്ക്ക്‌ എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. ആ ഒരു കാരണം കൊണ്ട്‌ തന്നെ ഇളയമ്മയുടെ വരവ്‌ ഏറ്റവുമധികം സന്തോഷിപ്പിച്ചിരുന്നത്‌ എന്നെ ആയിരിക്കണം.
രാത്രി ആഹാരത്തിനു ശേഷം കോലായില്‍ കാലും നീട്ടിയിരുന്ന്‌ പെണ്ണുങ്ങള്‍ക്കൊപ്പം കഥ കേള്‍ക്കുക എന്തൊരു സുഖമുള്ള ഏര്‍പ്പാടാകുന്നു ! മന്ദങ്കാവില്‍ ഒരുപാട്‌ തവണ പോയിട്ടുള്ളതിനാല്‍ ഇളയമ്മയുടെ വിവരണങ്ങള്‍ മനസ്സില്‍ ചിത്രീകരിച്ചെടുക്കാന്‍ എനിക്ക്‌ നന്നായി കഴിഞ്ഞിരുന്നു. അത്‌ കൊണ്ട്‌ തന്നെ കഥാവസാനം ഏറ്റവുമധികം ആഘാതമേല്‍ക്കുന്നതും എനിക്ക്‌ തന്നെ !

കീഴ്ക്കോട്ട്‌ കടവില്‍ നിന്നും പുഴയരികിലൂടെ ഒരു ഇരുപത്‌ മിനുറ്റ്‌ നടന്ന്‌ കൊയില്യത്ത്‌ എത്താനാകുമ്പോള്‍ ഒരു കടവുണ്ട്‌. അവിടെയാണു ഇനി പറയാന്‍ പോകുന്ന സംഭവം നടന്നത്‌.
മഴക്കാലമാണു.
സായം സന്ധ്യ. തിരി മുറിയാതെ പെയ്യുന്ന മഴയത്ത്‌ രണ്ട്‌ കൂട്ടുകാര്‍ പുഴ കടക്കാന്‍ കാത്ത്‌ നില്‍ക്കുന്നു.ഒരാളുടെ കൈയില്‍ വലിയൊരു മഴുവുണ്ട്‌.
കോരിച്ചൊരിയുന്ന മഴയില്‍ തോണിക്ക്‌ കാത്ത്‌ നിന്നിട്ട്‌ വലിയ കാര്യമില്ലെന്ന്‌ തോന്നിയതിനാല്‍ അവര്‍ പുഴക്ക്‌ കുറുകെ നീന്താന്‍ തീരുമാനിച്ചു. നീന്തും മുന്‍പ്‌ സൌകര്യത്തിനായി മഴു ഊരി മരത്തിന്റെ പിടി ഒരാളും ഇരുമ്പിന്റെ ഭാഗം മറ്റെ ആളും പിടിച്ചു. അക്കരെയെത്തിയത്‌ ഒരാള്‍ മാത്രം.! ഇരുമ്പ്‌ കൈവശമുള്ള ആള്‍ മാത്രം ! പിറ്റേന്ന്‌ നീലിച്ച്‌ രക്തമൂറ്റിയ നിലയില്‍ മറ്റേ ആളുടെ മ്രിത ദേഹം രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെ കരയ്ക്കടിഞ്ഞു. പിന്നീട്‌ അതിലെ നീന്തുന്നവരും, കടവില്‍ കുളിക്കാനിറങ്ങുന്നവരുമെല്ലാം ഇരുമ്പായി ഒരു മൊട്ടുസൂചിയെങ്കിലും കൈയില്‍ കരുതിക്കൊണ്ടിരുന്നു.

ഏതാണ്ട്‌ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു തണുത്ത രാത്രി.
നല്ല നിലാവുണ്ട്‌. നഗരത്തില്‍ നിന്നും സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ ലാസ്റ്റ്‌ ബസ്‌ കിട്ടാതെ നടന്ന്‌ അവശനായി വരുന്ന ഒരു യുവാവ്‌ പുലച്ചുടലയ്ക്ക്‌ മുന്നിലെ വിജനമായ പ്രദേശത്ത്‌ കലുങ്കിനു മുകളില്‍ ഒരാളിരിക്കുന്നത്‌ കണ്ടു ! അടുത്ത്‌ എത്തിയപ്പോള്‍ കൈലിമുണ്ടും ഇരുണ്ട നിറത്തിലുള്ള കുപ്പായവുമിട്ട അയാളെ ഇതിനു മുന്‍പ്‌ അവിടെയെങ്ങും കണ്ടില്ലെന്ന്‌ യുവാവ്‌ ഉറപ്പിച്ചു. പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത്‌ അയാള്‍ കലുങ്കിനരികിലേക്ക്‌ ചെന്നു. തീപ്പെട്ടിയുണ്ടോയെന്ന് അപരിചിതനോട്‌ ചോദിച്ചു. അയാള്‍ തീപ്പെട്ടി നീട്ടിയപ്പോള്‍ യുവാവ്‌ കൈയും നീട്ടി. തീപ്പെട്ടി താഴെ അപരിചിതന്റെ കാല്‍ക്കല്‍ വീണു. യുവാവ്‌ കുനിഞ്ഞ്‌ തീപ്പെട്ടിയെടുക്കവെ അപരിചിതന്‍ കൈലി മുണ്ട്‌ പൊക്കി. രണ്ട്‌ കുതിരക്കാലുകള്‍ !!!! യുവാവ്‌ ഒരലര്‍ച്ചയോടെ പിന്നോട്ട്‌ മറഞ്ഞു.

മണിയങ്കോട്ടെ വീട്ടില്‍ വിറക്‌ കീറാന്‍ വന്നിരുന്ന മൂത്തോറന്‍ കഥകളുടെ ഒരു ഭണ്ഡാരമായിരുന്നു.! അയാള്‍ ഒരു തോര്‍ത്ത്‌ മാത്രമെ ധരിക്കുമായിരുന്നുള്ളു. അതും വയനാട്ടിലെ തണുപ്പില്‍ !
കുന്തിച്ചിരുന്ന് ചായ ഊതിക്കുടിക്കവെ മൂത്തോറന്‍ കഥകളുടെ ഭാണ്ഡം തുറക്കും.
അത്തരമൊരു കഥയാണിത്‌. മൂത്തോറന്റെ അനുഭവം.
വ്രിശ്ചികമാസത്തിലെ മഞ്ഞുമൂടിയ ഒരു രാത്രി. മൂത്തോറന്‍ ദൂരെ എവിടുന്നോ വരുന്ന വരവാണു.ഓടമ്പത്തെ കുന്നിറങ്ങണം. ആകാശത്തേക്ക്‌ പടര്‍ന്ന് പന്തലിച്ച മഴ മരങ്ങളും, മെലിഞ്ഞ്‌ മിനുത്ത യൂക്കാലിപ്റ്റസ്‌ മരങ്ങളും തിങ്ങി ഞെരുങ്ങി വളരുന്ന ഓടമ്പത്തെ കുന്നിന്‍ മുകളില്‍ നട്ടുച്ചക്ക്‌ തന്നെ ടോര്‍ച്ചടിക്കാതെ പോകാന്‍ പ്രയാസമാണെന്നോര്‍ക്കണം !
പണ്ടെങ്ങോ എസ്റ്റേറ്റ്‌ പണിക്കാര്‍ താമസിച്ചിരുന്ന 'പാടി'ക്ക്‌ അരികിലെത്തിയപ്പോള്‍ ഇലകള്‍ ഞെരിയുന്ന ഒരു ശബ്ദം ! മൂത്തോറന്‍ തിരിഞ്ഞു നോക്കി. ആറേഴടി ഉയരമുള്ള ഒരു പോത്ത്‌ ! നട്ടപ്പാതിരയായിട്ടും ഇതിനെ ആരും അഴിച്ച്‌ കൊണ്ട്‌ പോകാത്തതെന്താണെന്ന് ചിന്തിക്കവെ മൂത്തോറന്റെ തലയില്‍ ഒരു കൊള്ളിയാല്‍ മിന്നി. ഒടിയന്‍ !!! അവന്‍ പൂച്ചയുടെയും, ആടിന്റെയും, പോത്തിന്റെയുമെല്ലാം രൂപത്തില്‍ വരും..ഇരകള്‍ ആരായാലും ഒരു തവണ തിരിഞ്ഞു നോക്കിയാല്‍ കഥ കഴിഞ്ഞു ! സ്വന്തം രൂപം സ്വീകരിച്ച്‌ കൈയിലുള്ള കൊള്ളി, വടി ഒടിക്കും. ഒപ്പം ഇര ആ കൊള്ളി പോലെ ഒടിഞ്ഞുവീണു പിടഞ്ഞു ചാകും !! മണിയങ്കോട്ടപ്പനെയും, സകല മല ദൈവങ്ങളെയും വിളിച്ച്‌ കരഞ്ഞു കൊണ്ട്‌ മൂത്തോറന്‍ ഓടി. ഒടിഞ്ഞില്ല പക്ഷെ ഒരാഴ്ച്ച പനിച്ചു കിടന്നു.

മരണത്തിന്റെ ദൂതുമായെത്തുന്ന 'നെടൂളാനെ' കണ്ടിട്ടുണ്ടോ?
ആള്‍ ഒരു പാവം പക്ഷിയാകുന്നു.ഒരു പ്രാവിന്റെ മാത്രം വലിപ്പം.
പകല്‍ മിണ്ടില്ല. രാത്രിയില്‍ നീട്ടി കൂവും.എന്നും കൂവില്ല.പിറ്റേന്ന് നാട്ടിന്‍പുറത്ത്‌ ആരെങ്കിലും മരിക്കാന്‍ ഉണ്ടെങ്കില്‍ മാത്രം !!
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരിക്കലല്ല ഒരുപാട്‌ തവണ നെടൂളാന്‍ കൂവിയതിന്റെ പിറ്റേന്ന് ആളുകള്‍ മരിച്ചു.!തെക്കെ കറ്റവത്തെ രാവുണ്ണി നായരും,തളീക്കുളങ്ങര ഗോപാലന്‍
നായരും, മിലിട്ടറി കോമന്‍ നമ്പിയാരും,എളോറത്ത്‌ കല്യാണി അമ്മയും,കക്കോട്ടുമ്മല്‍ മമ്മദ്‌ ഹാജിയും മരിച്ചതിന്റെ തലേ ദിവസങ്ങളില്‍ നെടൂളാന്‍ കൂവിയപ്പോള്‍ വല്യമ്മ അതിനെ തലയില്‍ കൈ വെച്ച്‌ ശപിച്ചിരുന്നു. " പണ്ടാരം കൂക്കുന്ന്ണ്ട്‌.. നാളെ ആര്യാണപ്പോ കൊണ്ട്വോക്ന്നത്‌ ??? "