Wednesday, January 12, 2011

വീണ്ടും ചില പാരലല്‍ വിശേഷങ്ങള്‍..

പാരലെല്‍ കോളേജിന്റെ പടിയിറങ്ങിയിട്ട്‌ ജനുവരിയില്‍ എട്ടു മാസം തികയുകയാണു..
എന്റെ കഞ്ഞിയും, പയറും,ബീഫ്‌ ഫ്രൈയുമൊക്കെ ആയിരുന്നു ക്രൈസ്റ്റും, ഗാലക്സിയും, ഇന്‍സൈറ്റും,കാമ്പസ്സുമൊക്കെ..
എന്തൊക്കെയോ കാണിച്ച്‌ കൂട്ടി.. എപ്പോഴൊക്കെയോ മുടിഞ്ഞ ആത്മാര്‍ത്ഥത കാണിച്ചു..ചിലപ്പോഴൊക്കെ അങ്ങേയറ്റം അലംഭാവം കാണിച്ചു..

ഓര്‍ത്തെടുക്കാന്‍ ഒരു ചാക്ക്‌ അനുഭവങ്ങള്‍ ഓരോ കോളേജില്‍ നിന്നും കിട്ടി..അതില്‍ വിശപ്പിന്റെ ചൂടുള്ളതും, ചിരിയുടെ കൊലുസ്സുള്ളതും, ചര്‍ദ്ദിലിന്റെ പുളിപ്പുള്ളതുമായ കഥകളുണ്ട്‌..
അക്കൂട്ടാത്തില്‍ ' കണ്ണീര്‍ക്കഥകള്‍' ഞാനങ്ങ്‌ നിര്‍ത്തി..( ഗുരുവായൂരപ്പന്‍ കോളേജിലെ ഒരു നല്ല കൂട്ടുകാരി ആയിരുന്ന രേഷ്മ - ഇപ്പോള്‍ രേഷ്മാ പ്രവിത്ത്‌, കഴിഞ്ഞ 'പാരലെല്‍ പോസ്റ്റ്‌ ' വായിച്ച്‌ ഓണ്‍ ലൈന്‍ ആയി എന്റെ വേളക്ക്‌ പിടിച്ചു..അതില്‍ ബസ്സിനു പൈസയില്ലാതെ പേരാമ്പ്രയിലെ വാച്ചു പീടികകളില്‍ എന്റെ പൊട്ട വാച്ച്‌ വില്‍ക്കാന്‍ കയറിയ കാര്യം നിരത്തിയിരുന്നു..അതിലൊരു വാച്ച്‌ കട അവളുടെതായിരുന്നത്രെ !! ഇനി അതു പോലത്തെ പോസ്റ്റുകള്‍ എഴുതി അവളെ കരയിപ്പിച്ചാല്‍ അവള്‍ അവളുടെ തന്നെ സിസ്റ്റെം തല്ലിപ്പൊട്ടിക്കുമെന്ന് ഒരു വാണിംഗ്‌ തന്നിട്ടുണ്ട്‌ :) )


ഹിസ്റ്ററിയും, ഷാജഹാനും, കള്ളുഷാപ്പും, അപ്പുക്കുട്ടി നായരും തമ്മില്‍ എന്താണു..???
കണ്ണ്‍ തള്ളണ്ട.. ബന്ധം ഉണ്ട്‌..അതു പറയാം..അതു വരുത്തി വച്ച പുകിലും..
ഹിസ്റ്റെറിയുടെ രാജന്‍ മാഷെ ഒന്നു ഹെല്‍പ്‌ ചെയ്തതാണു..അല്ലെങ്കിലും ഞാന്‍ വെറും ഔട്ട്‌ ഓഫ്‌ സിലബസ്സ്‌ ആയിരുന്നെന്ന് ഒരുപാട്‌ പടിപ്പിസ്റ്റുകള്‍ പരാതിപ്പെട്ടിട്ടുണ്ട്‌..
സംഭവം പറയാം..
പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക്‌ മുഗള്‍ രാജാക്കന്‍മാരെ ക്രമത്തില്‍ ഓര്‍ക്കണം..പി.എസ്‌.സി, പുഴുക്കള്‍ ഉപയോഗിക്കുന്ന കുറേ സൂത്ര വാക്യങ്ങള്‍ ഉണ്ട്‌..അത്‌ ഞാന്‍ വിട്ടു.ഒരു മണിക്കൂര്‍ തല പുകച്ച്‌ ഞാനൊരു സൂത്രവാക്ക്യമുണാക്കി.
അത്‌ ഇപ്രകാരമാകുന്നു..

                             ബാലന്‍ നമ്പ്യാരെയും
                            അപ്പുക്കുട്ടി നായരെയും,
                            ഹുസൈനിനെയും.
                            ജനങ്ങള്‍
                           ഷാപ്പില്‍ നിന്നും
                           ഔട്ട്‌ ആക്കി !

സംഭവം ഹിറ്റ്‌ ആയി.. കുമാരി കുമാരന്‍മാര്‍ ആ ' കവിതാ ശകലം ' നോട്ടിന്റെയും, ടെക്സ്റ്റിന്റെയുമെല്ലാം ചട്ടയിലും, പേജിലുമൊക്കെ കുറിച്ചെടുത്തു..
ഇനി ഞാന്‍ അത്‌ വിവരിക്കാം.
മേല്‍പ്പറഞ്ഞ കവിത ഇങ്ങനെ ഓര്‍ക്കണം..
ബാലന്‍ നമ്പിയാര്‍ = ബാബര്‍
അപ്പുക്കുട്ടി നായര്‍ = അക്ബര്‍
ഹുസൈന്‍ = ഹുമയൂണ്‍
ജനങ്ങള്‍ = ജഹംഗീര്‍
ഷാപ്‌ = ഷാജഹാന്‍
ഔട്ട്‌ = ഔറംഗസീബ്‌

( ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ ഷാപ്പിനെ ഷാജഹാനോട്‌ തലക്കകത്ത്‌ ആള്‍വാസം ഉള്ളവര്‍ താരതമ്യപ്പെടുത്തില്ല )
പക്ഷെ കുട്ടികള്‍ പടിച്ചു.. പാട്ടാകുകയും ചെയ്തു..
പക്ഷെ പത്താം ക്ലാസ്സില്‍ ഞാന്‍ ഘോര ഘോരം പ്രസ്തുത കവിത ' ചമയ്ക്കുമ്പോള്‍ ' ഒന്‍പതാം ക്ലാസ്സിലെ അമിട്ടു പോലത്തെ ഒരു പെണ്‍കൊച്ച്‌ കണ്ണ്‍ അവിടത്തെ ബോര്‍ഡിലും കാത്‌ ഇവിടത്തെ ക്ലാസ്സിലുമായി ഇരിപ്പുണ്ടയിരുന്നു..!!!
എന്റെ ഹിസ്റ്ററിക്കവിതയിലെ നായകനായ അപ്പുക്കുട്ടി നായരുടെ സ്വന്തം മകള്‍ രമണിയുടെ സ്വന്തം മകള്‍ ശ്രുതി !
ഇന്റെര്‍വെലിനു പുറത്തിറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ കായംകുളം കൊച്ചുണ്ണിയെപ്പോലെ ശ്രുതി വഴിയിലേക്ക്‌ കയറി നിന്നു..
" മാഷ്കിന്നെ മനസ്സിലായോ ? "
മനസ്സിലായില്ലെങ്കിലും പറഞ്ഞു.
" പിന്നേ...എന്തൊക്കെയുണ്ട്‌..? നന്നായി പടിക്കുന്നില്ലേ ? "
അവള്‍ ആരാ മോള്‍..?
" എന്നാല്‍ പറയീ ആരാ??"
കുടുങ്ങി. മാനം രക്ഷിക്കാന്‍ ചോദിച്ചു, അശ്വതി അല്ലെ?
അവള്‍ ഒറ്റച്ചിരി.
എന്റെ മുണ്ട്‌ അഴിഞ്ഞു പോകാതിരിക്കാന്‍ ഞാന്‍ മുറുക്കെ പിടിച്ചു..
" മാഷേ ഞാന്‍ രമണീന്റെ മോളാ..എടക്കോട്ടെ.."
എന്റെ തലയില്‍ ഒരു കൊള്ളിയാല്‍ മിന്നി..
എടക്കോട്ടിലെ രമണി..!
മിന്നല്‍ അടങ്ങി ഇടി വരും മുന്‍പ്‌ അവള്‍ അടുത്ത വെടി പൊട്ടിച്ചു.
" മാഷ്‌ അച്ചാച്ചനെ പറ്റി എന്തൊക്കെയോ പറയുന്നേ കേട്ടിക്കല്ലോ..?"
മനസ്സിലായി..എല്ലാം മനസ്സിലായി.. ഇവള്‍ എടക്കോട്ടിലെ അപ്പുക്കുട്ടി നായരുടെ ഒരേ ഒരു കൊച്ചു മകള്‍ ശ്രുതി !
ഞാന്‍ 19 ാ‍ം അടവ്‌ ആദ്യമെടുത്ത്‌ പ്രയോഗിച്ചു.
ഒരു മുട്ടന്‍ കള്ളത്തരം പറഞ്ഞു..
" ആ അത്‌ ശ്രുതിമോള്‍ ഞാന്‍ ഒരു സാങ്കല്‍പ്പിക കവിത പാടിയതല്ലേ..? "
ശ്രുതി വിടുന്നില്ല..അവളുടെ ശ്രുതി അല്‍പ്പം അപശ്രുതി ആയ പോലെ എനിക്ക്‌ തോന്നി..
" ന്നിറ്റിങ്ങളു ബാലന്‍ നമ്പിയാരേം പറ്റീം പാടീക്കല്ലോ..? അച്ചച്ചന്റെ ബെസ്റ്റ്‌ ഫ്രെണ്ടല്ലേ നമ്പിയാരു വല്യച്ചന്‍..?

( വാസ്തവം.! എന്റെ വിവാദ കവിതയിലെ എല്ലാ കഥാപാത്രങ്ങളും യഥാര്‍ത്ഥങ്ങളാണ്‍..അതില്‍ ഹുമയൂണ്‍ ക്ഷമിക്കണം ഹുസൈന്‍ മാത്രമെ കള്ളു കുടിക്കാത്തതുള്ളൂ..)
ഒടുവില്‍ ഞാന്‍ കീഴടങ്ങി.
ഒരു വിധത്തില്‍ അവളെ പറഞ്ഞു മനസ്സിലാക്കി.. തടിയൂരി..
പക്ഷെ വൈകുന്നേരം അവള്‍ വീട്ടിലേക്ക്‌ പോയത്‌ എന്റെ മനസ്സിലേക്ക്‌ ഒരു ബക്കറ്റ്‌ തീ കോരിയിട്ടാണു..
വര്‍ക്ക്‌ ഷോപ്പിന്റെ മുന്നില്‍ നിന്ന്‌ ഒന്നാം നിലയിലെ ഓഫീസിലേക്ക്‌ നോക്കി ശ്രുതി ഒരു വിരട്ടല്‍.
" മാഷേ ഞാന്‍ അച്ചാച്ചനോട്‌ പറഞ്ഞു കൊടുക്കും "
ടെന്‍ഷന്‍ തീര്‍ക്കാന്‍ അന്നു രണ്ട്‌ വിത്സ്‌ വാങ്ങി വലിച്ചു..
പിറ്റേന്ന്‌ വൈകുന്നേരം പറമ്പിന്‍ മുകളിലെ കയറ്റം വലിഞ്ഞു കയറുമ്പോള്‍ ആകാശത്തു നിന്ന്‌ പൊട്ടി വീണ പോലെ എതിരേ വരുന്നു അപ്പുക്കുട്ടി നായര്‍ !!
തീര്‍ന്നില്ല നായരുടെ എന്തൊ ഒരു കവര്‍ തൂക്കിപ്പിടിച്ചും കൊണ്ട്‌ ശ്രുതിയും..
മനസ്സില്‍ നാമം ജപിച്ചു കൊണ്ട്‌ അങ്ങേരെ കടന്ന്‌ അപ്പുറമെത്തി...
പൊടുന്നനെ ഒരു വിളി..
" ഇങ്ങി ഗംഗന്റെ മോനല്ലേ..? ആടെ നിക്ക്‌.."
ഭൂമി പിളര്‍ന്ന്‌ സീതയെ കൂട്ടികൊണ്ട്‌ പോയ പോലെ എന്നെയും കൊണ്ട്‌ പോകാന്‍ ആഗ്രഹിച്ചു പോയി..
മോഷ്ടിച്ച വാഴക്കുലയുമായി ജന്‍മിക്ക്‌ മുന്നില്‍ ചെന്നുപെട്ട കുടിയാനെപ്പോലെ തല കുനിച്ചു നിന്നു..
അപ്പോള്‍ അപ്പുക്കുട്ടി നായര്‍ ഒന്നുകൂടെ അടുത്തേക്ക്‌ വന്നു. മുണ്ടിന്റെ കുത്തഴിച്ച്‌ നായര്‍ ഒന്നുകൂടെ പൊക്കി മടക്കി കുത്തി. ഞാന്‍ ഉറപ്പിച്ചു. അടി വീണു..
അപ്പുക്കുട്ടി നായര്‍ ഉറക്കെ ചോദിച്ചു..
" സമയെത്ത്രായി..? ഇന്റെ വാച്ച്‌ ഉച്ചക്ക്‌ നിന്നു പോയി.."
എന്നിട്ട്‌ സ്വന്തം വാച്ചിനു രണ്ട്‌ കൊട്ട്‌..
" ആറു മണി.."
പറഞ്ഞത്‌ ഞാന്‍ ആണെങ്കിലും വരണ്ട തൊണ്ടയില്‍ നിന്നും പുറത്തു വന്നത്‌ ഒരു സ്ത്രീ ശബ്ദമാണു
കാഴ്ച കമ്മിയായ നായര്‍ ഏതാണാ പെണ്ണെന്ന്‌ അറിയാന്‍ എന്റെ പിന്നിലേക്ക്‌ നോക്കി. ഞാന്‍ മുരടനക്ക്‌
വീണ്ടും പറഞ്ഞു..
" അപ്പൂട്ടിയാരെ ആറു മണി കഴിഞ്ഞു.."
ക്ലാസ്സില്‍ സിംഹമായ മാഷ്‌ അച്ചാചന്റെ മുന്നില്‍ വളഞ്ഞ്‌ കുത്തി നിന്ന് വിറക്കുന്നത്‌ കണ്ട്‌ ഉണ്ടക്കണ്ണുകള്‍ 90 ഡിഗ്രി മേലോട്ടുയര്‍ത്തി ഒരു കൈയില്‍ കവറും തൂക്കി മറ്റേ കൈ കൊണ്ട്‌ പ്രിഷ്ട്ടത്തില്‍ ചൊറിഞ്ഞും കൊണ്ട്‌ ശ്രുതി നില്‍ക്കുന്നു.
പോട്ടെയെന്നും പറഞ്ഞ്‌ നടന്നു.. അടുത്ത വളവ്‌ തിരിയാന്‍ തുടങ്ങുമ്പോള്‍ വെറുതെയൊന്ന് തിരിഞ്ഞ്‌ നോക്കി..
ആ മൈക്രോ നിമിഷത്തില്‍ തന്നെ ശ്രുതിയും തിരിഞ്ഞ്‌ നോക്കി.
അപ്പോള്‍ അവള്‍ ചിരിച്ച ആ " ആക്കിച്ചിരി " മരണം വരെ ഞാന്‍ മറക്കില്ല :)