Friday, March 11, 2011

ഒരു ' മരണപ്പായാരം '

മൂത്തമ്മയുടെ ബന്ധു മരിച്ചു.


ഇത്തിരി ദൂരെയാണു.

കോഫീ ഹൌസ്സിലെ സഖാവ്‌ ഭതീഷിന്റെ സ്കൂട്ടര്‍ വാങ്ങിയാണ്‍ പോയത്‌. മൂത്തച്ചനുമുണ്ട്‌.

നട്ടപ്പാതിര !

താമരശ്ശേരി കൊയിലാണ്ടി റോഡില്‍ പുട്ടില്‍ തേങ്ങ തിരുകും പോലെ ഇട്ടിരിക്കുന്ന ഹമ്പുകള്‍ ഓരോന്നു കയറുമ്പോഴും മൂത്തച്ചന്‍ ചുമച്ച്‌ കൊണ്ടിരുനു.

( ഒരു പുരുഷായുസ്സില്‍ കുടിച്ചാല്‍ തീരാത്ത അത്രയും ചാരായം കുടിച്ച്‌ കുടിച്ച്‌, മിനുറ്റിനു മിനുറ്റ്‌ ബീഡി വലിച്ചു തള്ളി 25 കൊല്ലം മുന്‍പ്‌ സൈഡ്‌ ആയതയിരുന്നു പുള്ളി.

മേരിക്കുന്ന്‌ ആശുപത്രിയില്‍ രക്തം നിറഞ്ഞ കഫം തുപ്പി നാളുകള്‍ എണ്ണി കഴിഞ്ഞു, മാസങ്ങള്‍..

അനിയന്‍ അതായത്‌ എന്റെ അച്ഛന്‍ ഊണും ഉറക്കവും ഇല്ലാതെ കൂടെ കഴിഞ്ഞു. ഒടുവില്‍ എല്ലാവരുടെയും കണക്ക്‌ കൂട്ടലുകള്‍ തെറ്റിച്ച്‌ മൂത്തച്ചന്‍ ഉയിര്‍തെണീറ്റു.)

12.45 കഴിഞ്ഞു അവിടെ എത്താന്‍.

കറണ്ട്‌ പോലും എത്തിയിട്ടില്ലാത്ത ആ കുഞ്ഞു വീട്ടില്‍ ആളുകള്‍ എത്തുന്നേ ഉള്ളു.സ്ഥലത്തെ കോണ്‍ഗ്രസ്സ്‌ കമ്മറ്റിയുടെയും, ഒരു ജനശ്രീയുടെയും രണ്ട്‌ കുടുംബശ്രീകളുടെയുമായി നാലു റീത്തുകള്‍ അടുക്കള വശത്ത്‌ പാത്രം കഴുകുന്ന വാഴച്ചോട്ടില്‍ ചാരി വച്ചിരിക്കുന്നു.

നാലു റീത്തുകളിലെയും കൈയക്ഷരങ്ങള്‍ ഒരേ പോലെ ഇരിക്കുന്നു. ഒരേ കടയില്‍ നിന്നും വാങ്ങിയതായിരിക്കണംണാട്ടിലെ മരണങ്ങള്‍ ആ പൂക്കച്ചവടക്കാരനു ഭാഗ്യം എത്തിക്കുന്നു.!

ദൂരെ വയലിനക്കരെ ആംബുലന്‍സിന്റെ ബീക്കണ്‍ ലൈറ്റ്‌ തെളിഞ്ഞ്‌ കണ്ടു.

സ്റ്റ്രെച്ചറില്‍ നിന്നും മ്രിത ശരീരം പായിലേക്ക്‌ മാറ്റി.എവിടുന്നൊക്കെയോ ആരൊക്കെയോ കയറി വന്നു..വരിയായി മാറിയ ആള്‍ക്കൂട്ടം ക്ഷമയോടെ ചലിച്ചു കൊണ്ടിരുനു.

അകത്തു നിന്നും ഇറങ്ങി വന്ന പൂച്ച ആളുകളെ ഗൌനിക്കാതെ മുറ്റത്തേക്കിറങ്ങി ചവിട്ടു കല്ലിന്‍മേല്‍ പോയിരുന്ന്‌ കാലുയര്‍ത്തി സ്വന്തം തുടകള്‍ നക്കി വ്രിത്തിയാക്കി.

പെട്ടെന്നാണു ആ കരച്ചില്‍ കേട്ടത്‌. പത്തു മുപ്പത്തഞ്ച്‌ കൊല്ലത്തെ കഥകള്‍ ഒരു പദ്യത്തിന്റെ രൂപത്തില്‍ ഈണത്തില്‍ കരഞ്ഞും കൊണ്ട്‌ ആ സ്ത്രീ ബന്ധുക്കളോടൊപ്പം വന്നു കയറി.

വരി മുറിഞ്ഞ്‌ ആള്‍ക്കൂട്ടമായി. എല്ലാവരും ആ സ്ത്രീക്കു ചുറ്റുമായി. അവര്‍ ഒരു കൈ മരിച്ചയാളിന്റെ ദെഹത്തു വച്ച്‌ മറ്റേ കൈ കൊണ്ട്‌ മൂക്ക്‌ പിഴിഞ്ഞു. പൊടുന്നനെ എന്തോ ഓര്‍ത്ത്‌ അവര്‍ തല പൊക്കി. ഒരു കുതിപ്പിനു എണീറ്റ്‌ മുറ്റത്തേക്ക്‌ ഇറങ്ങി. കൂട്ടിയിട്ടിരിക്കുന്ന അനേകം ചെരിപ്പുകള്‍ക്കിടയില്‍ നിന്ന് സ്വന്തം ഒരു ജോടി ചെരിപ്പുകള്‍ കണ്ടു പിടിച്ച്‌ കൈയിലെടുത്ത്‌ സുരക്ഷിതമായ മറ്റൊരു മൂലയിലേക്ക്‌ മാറ്റി വച്ചു.എന്നിട്ട്‌ വീണ്ടും കോലായിലേക്ക്‌ കയറിപ്പോയി.