Thursday, May 26, 2011

ഈശ്വരാ ഇക്കൊല്ലവും കൈ പൊട്ടണേ...!!

പണ്ട് കാലത്ത് ഓരോ പെണ്ണുങ്ങളും ചുരുങ്ങിയത് 5 കൂടിയത് 20 തവണയെങ്കിലും പ്രസവിച്ചിരുന്നു !! ഒരു തവണ തന്നെ പ്രസവിക്കുന്നതിന്റെ അപാരമായ വേദനയും, പ്രസവിച്ചു കഴിഞ്ഞാല് ചാടുന്ന വയറിനെ ഒതുക്കി 'വടിവ്' വീണ്ടെടുക്കാനുള്ള ഭാഗീരഥ പ്രയത്നങ്ങളും ഓര്ക്കുമ്പോള് ഗര്ഭം തന്നെ വേണ്ട്ന്നു വച്ചാലോ എന്ന് ആലോചിക്കുന്ന വ്രികോദരകള് ഏറെയുണ്ടത്രെ !  അപ്പോഴാണു ആയമ്മമാര് അന്ന് ആണ്ടോടാണ്ട് പെറ്റ് കൂട്ടി വീടുകള് നഴ്സറി പരുവമാക്കിയത്... !
ഇവര്ക്ക് വേദനയും പ്രശ്നങ്ങളുമൊന്നുമില്ലേ എന്നത് എന്റെ ഏറെക്കാലത്തെ സംശയമായിരുന്നു.


സംഭവം ഇതാണു..

രണ്ടാമത്തെ പ്രസവത്തില് വേദന 60-70 ശതമാനം ആയി കുറയും. അങ്ങനെ ഒരു പത്താമത്തെ പിള്ള ആകുമ്പോഴേക്കും കാര്യം സ്മൂത്ത് ആകുമെന്നും പെണ്ണുങ്ങള് പാട്ടും പാടി പ്രസവിക്കുമെന്നുമാണു വിദഗ്ദ മതം ( വിദഗ്ദ ആരെന്ന് വെളിപ്പെടുത്തുന്നില്ല ! )

പേറിനെ പറ്റി ഒരു ഖണ്ടിക ഉപന്യസിച്ചത് എന്റെ ' കൈപൊട്ടല്' സീരീസിനെകുറിച്ചും അതിന്റെ ഉപ കഥകളെക്കുറിച്ചും ഏതാണ്ടൊരു ധാരണ ക്ഷമ അത്രക്കൊന്നും ഉണ്ടാകാന് സാധ്യത ഇല്ലാത്ത നിങ്ങള്ക്ക് കിട്ടാന് വേണ്ടിയാകുന്നു..

ഒരു തരം വക്കു പൊട്ടിയ ഉപമ അല്ലേ ??

ഞാന് ഈ ടൈപ് ചെയ്യുന്ന വലത് കൈ 5 കൊല്ലങ്ങള്ക്കിടയില് 4 തവണ പൊട്ടിയിട്ടുണ്ട് ! അതന്നെ കാര്യം !

എല്ലാം അവധിക്കാലത്താണു.
മൂന്നു തവണ വയനാറ്റില് നിന്നും, ഒരു തവണ കോഴിക്കോട്ടു നിന്നും.

ആദ്യം വീടിന്റെ ഇത്തിരി ഉയര്ന്ന ചേരിയില് നിന്നും മുറ്റത്തേക്ക് വീണു കൈ പൊട്ടി.

അടുത്ത തവണ പേപ്പര് ബോയ് ആയിരുന്ന കുഞ്ഞമ്മാവനെ ' ഹെല്പ്പി ' കിട്ടിയ് സമ്മാനം.  മരം കോച്ചുന്ന തണുപ്പത്ത് ( വെറുതെ ഒരു രസത്തിനു പറയുന്നതല്ല, മരം ശരിക്കും കോച്ചും ! ) മഴ പോലെ പെയ്യുന്ന മഞ്ഞില് കൂടെ അമ്മാവന് ഏതാണ്ടൊരു ധാരണ വച്ച് സൈക്കിള് ഓടിക്കവേ അതൊരു ഗട്ടറിലും ഞാന് അടുത്തുള്ള വയലിലും വീണു.
 മൂന്നാമത്തെ തവണ അഞ്ചു പത്ത് അടി താഴെ തോട്ടില് അലക്കുന്ന അമ്മയേയും കാത്ത് കമാനത്തിന്റെ മുകളില് ഇരുന്ന് തോട്ടിലേക്ക് കാലും നീട്ടി തവളകളെ കല്ലെറിഞ്ഞ് രസിക്കവെ ചക്കയിട്ട പോലെ തോട്ടിലേക്ക് വീണു.
നാലാമത്തെ പൊട്ടല് ഒരല്പ്പം വ്യത്യസ്തമാകുന്നു. ഗുരുവിനെ വന്ദിക്കാന് കാണിച്ച ശുഷ്കാന്തിയുടെ ഫലമായിട്ട് !!

കാരയാട്ടെ കളരിയില് കൂടെയുള്ളവരെല്ലാം സ്ഥലം വിട്ടപ്പോഴും ' ചടിത്തിരിഞ്ഞ് കുമ്പിട്ട് വീണു ' ഗുരുക്കളെ പ്രണമിക്കാന് കാണിച്ച് കൂട്ടിയ അഭ്യാസം ഓവറായി. അടിതെറ്റി, പണികിട്ടി, കൈ പൊട്ടി. !

ഇതാണു ആ പൊട്ടല് ചരിത്രം !

പക്ഷെ, അനുബന്ധമായി ചില രസകരമായ കാര്യങ്ങള് കൂടെ പറയാനുണ്ട്.
ഏതാണ്ട് മൂന്നാമത്തെ കൈ പൊട്ടല് ആയപ്പോഴേക്കും വേദനയെല്ലം കുറഞ്ഞിരുന്നു ( ഒന്നാമത്തെ ഖണ്ടികയിലെ പേറിനെക്കുറിച്ചുള്ള പ്രതിപാദ്യം :) റെഫര് ചെയ്യുക )
ഒരു തവണ പോലും ആശുപത്രിയില് പോയി ' പ്ലാസ്റ്റര് ഇട്ടില്ല' .
ആദ്യ രണ്ട് തവണ കല്പെറ്റയിലെ ചെറിയേക്കനും മൂന്നാമത്തെ തവണ ' ചെറിയേക്കന് സ്മാരക' ഉഴിച്ചില് കേന്ദ്രത്തിലെ ഉഴിച്ചില്കാരും നാലാമത്തെ തവണ സ്വന്തം കളരി ഗുരുക്കളുമാണ് കൈ തൈലമിട്ട് ഉഴിഞ്ഞതും, മുളഞ്ചീന്ത് വച്ച് കെട്ടിയും ശരിപ്പെടുത്തിയത്.

ചെറിയേക്കന്റെ ഉഴിച്ചില് ഇപ്പോഴും മനസ്സിലുണ്ട്. തൈലമിട്ട്, തള്ളവിരല് അമര്ത്തി, ഞെക്കി ഒരു തടവലുണ്ട് ! കണ്ണില് നനവു പടരുമെങ്കിലും അതൊരു ലഹരിയുള്ള വേദനയായിരുന്നു..

വസ്ത്രാക്ഷേപ സമയത്തെ പാഞ്ചാലിയുടെ സാരി പോലത്തെ ഒരു തുണിയുണ്ട്. ഉഴിച്ചില് കഴിഞ്ഞ ഉടനെ കൈത്തണ്ടയുടെ രണ്ട് ഭാഗത്തും മുളക്കഷണങ്ങള് ചേര്ത്ത് വച്ച് ഈ തുണി ചുരുട്ടിക്കെട്ടും. എന്നിട്ട് വേറൊരു തുണി വട്ടത്തില് മാല പോലെ കെട്ടി കൈ കോര്ത്ത് കഴുത്തില് തൂക്കും..

ഈ പതിവു പരിപാടി കഴിഞ്ഞുള്ള മടക്കയാത്രകളാണു എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മടക്കയാത്രകള് !
അത് ശശിയമ്മാവനോ കുഞ്ഞമ്മാവനോടൊപ്പമോ ആയിരിക്കും. ഹോട്ടല് ഗ്രീന് ലാന്റില് നിന്നും കറുമുറാ മൊരിയുന്ന ഇളം ചൂടുള്ള പൊറോട്ടയും നല്ല കൊഴുത്ത മഞ്ഞ നിറത്തിലുള്ള മുട്ടക്കറിയും !
പിന്നെ രണ്ട് പുസ്തകങ്ങള് നിര്ബന്ധം.
അതിലൊന്ന് ബാലരമയോ, ബാലമംഗളമോ, പൂമ്പാറ്റയോ ആയിരിക്കും. മറ്റേത് മുഴുനീള ചിത്രകഥ. ഒന്നുകില് ജമ്പോ, അല്ലെങ്കില് മാന്ത്രികനായ മാന്ഡ്രേക്, ഫാന്റം, സീമാന്...

ഓരോ മൂന്നു ദിവസങ്ങള് കൂടുമ്പോഴും ഇതേ പ്രക്രിയ ആവര്ത്തിക്കും. പുതിയ പുസ്തകങ്ങള്ക്കും, ലഹരി നിറഞ്ഞ ആ വേദനയ്ക്കുമായി കല്പെറ്റ പോകാന് തിടുക്കം കൂട്ടും..

കാരയാട്ടെ കളരി സംഘത്തെ കുറിച്ച് കൂടെ പറഞ്ഞ് ഈ പായാരം ഉപ 'സംഹരിക്കാം'

നാലഞ്ചടി ആഴവും, ഒരു ടെന്നീസ് കോര്ട്ടിന്റെ വലിപ്പവുമുള്ള കുഴി. ഓല മേഞ്ഞ മേല്ക്കൂര.
ഒരു മൂലയില് ദൈവങ്ങള്, കുറുവടികള്, വലിയ വടികള്, ഒറ്റക്കോല്, തുരുമ്പിച്ച വാള്, പരിച , ഉറുമി ഇത്യാദികളായ മാരകായുധങ്ങളും കുറെ നിലവിളക്കുകളും.
എരമംഗലം സ്കൂളില് ആറില് പടിക്കുമ്പോഴാണു ഇതെല്ലാം.

പുലര്ച്ചെ നാലു മണിക്കെഴുന്നേറ്റ് പല്ലു തേപ്പ് കഴിഞ്ഞ്, കക്കൂസ്സില് പോയി വന്ന്, കട്ടഞ്ചായ കുടിച്ച് ദേഹമാസകലം എണ്ണയിട്ട് മിനുക്കി തോര്ത്ത് മുണ്ടുടുത്ത് ടോര്ച്ചുമെടുത്തിറങ്ങും. സബിലും, ജിനീഷും, ഭതീഷും റോടില് കാത്തു നില്ക്കുന്നുണ്ടാകും. ( കക്കൂസില് പോകുന്ന കാര്യം കേള്ക്കാന് അത്ര സുഗന്ധമുള്ള കാര്യമല്ലെങ്കിലും  മനപൂര്‍വം തന്നെ എഴുതിയതാണു. കാരണം ഈ പ്രക്രിയക്ക് സമയം കിട്ടാതെ കളരിയിലെത്തിയ വിദ്വാന് ഗുരുക്കള് സൂചിക്കിരുത്താന് പിടിച്ച് അമര്ത്തിയപ്പോള് അപ്പിയിട്ട് പോയതിനു ഈ ഞാന് സാക്ഷിയാണു ! - കാലുകള് രണ്ടും തറയ്ക്ക് സമാന്തരമായി ഒട്ടിച്ച് ഇരിക്കുന്ന ഏര്പ്പാടാണു സൂചിക്കിരിക്കല്. ഏതാണ്ട് ഇംഗ്ലീഷിലെ ' ടി' എന്ന അക്ഷരം തല തിരിച്ച് വച്ച പോലെ ഉണ്ടാകും ഈ പരിപാടിയുടെ നേരത്ത് അഭ്യാസി.

അന്ന് ഏറ്റവും നന്നായി സൂചിക്കിരുന്നത് കീര്ത്തിയും, സദാനന്ദേട്ടനുമായിരുന്നു. സദാനന്ദേട്ടന് അന്നേ ' കരാട്ടേക്കാരന്' ആയിരുന്നുവെന്ന് സൂചിക്കിരിക്കാന് മുക്കി മുക്കി കളിക്കുന്ന അസൂയാലുക്കള് പരക്കെ അഭിപ്രായപ്പെട്ടിരുന്നു.

കളരി നില്ക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ മക്കളായ ശ്രുതിക്കും, കീര്ത്തിക്കും കളരിയിലെ സകല കുറുക്കന്മാരുടെയും സവിശേഷ 'ശ്രദ്ധ' കിട്ടിയിരുന്നു.

ഏതായാലും നാലാമത്തെ കൈ പൊട്ടലോടെ അഭ്യാസം നിന്നു. എങ്കിലും കൈയില് അരച്ചു പുരട്ടാന് എവിടുന്നോ സംഘടിപ്പിച്ച മൂവിലപ്പെരിയിലയുമായി എന്റെ ഓലപ്പുരയും തേടിപ്പിടിച്ച്, ചേനികണ്ടിയിലെ പറമ്പിലൂടെ മണ്പടിയും കയറി ആലയുടെ അരിക് ചേര്ന്ന് വെളുക്കെ ചിരിച്ച് കൊണ്ട് കയറി വന്ന ഗുരുക്കളുടെ ചിത്രം മാഞ്ഞു പോകുന്നില്ല. നസീറിന്റെ പോലത്തെ നേര്ത്ത മീശയുണ്ടായിരുന്നു അദ്ധേഹത്തിനു..