Saturday, July 9, 2011

രണ്ട്‌ ഷാരസ്യാര്‍മാരും ഞാനും !

ആരും തല പുകയ്ക്കുകയോ പുണ്ണാക്കുകയോ വേണ്ട !
ഷാരസ്യാര്‍മാര്‍ എന്റെ അല്ല. ഞാന്‍ പിഷാരടിയുമല്ല.
ബഷീര്‍ അഭിപ്രായപ്പെട്ട പോലെ വേണെങ്കില്‍ പൈസ വാങ്ങി ഒരു ജാതി രെജിസ്റ്റ്രേഷന്‍ നടത്താം, എന്നിട്ട്‌ ബഷീര്‍ 'മുഹമ്മദ്‌ ബഷീര്‍ നമ്പൂതിരിപ്പാട്‌' ആയ പോലെ അടിയനും വല്ല വിഘ്നേഷ്‌ എംബ്രാന്തിരിയോ വേറെ ഏതെങ്കിലും പുലിയോ ആകാവുന്നതാണു. !
പീക്കിരിപ്പിള്ളേര്‍ മുതല്‍ പീ എച്ച്‌ ഡിക്കാരും, എഴുത്തുകാരും,പത്രാധിപന്‍മാരും,കണ്ടക്ടര്‍മാരും, മാഷന്‍മാരും, മാഷികളും, ആരാച്ചാരും ഡോക്ടറുമുള്‍പ്പെടെ സമൂഹത്തിലെ എല്ലാ അഴുക്കുചാലിലുമുള്ളവര്‍ പേരിനൊപ്പം ജാതി പ്രദര്‍ശിപ്പിക്കാന്‍ അടികൂടുന്ന ഉത്തരാധുനിക കാലത്ത്‌, അല്ലെങ്കില്‍ ആധുനികോത്തര കാലത്ത്‌ എന്ത്‌ കൊണ്ടും ഇത്‌ നന്നായിരിക്കും !


ആദ്യത്തെ തല്ല് ബിന്ദു പിഷാരടിയുമായിട്ടാകുന്നു.
ഒരു സത്യം ആദ്യമേ പറഞ്ഞോട്ടെ, നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ അക്ഷരങ്ങള്‍ കൊണ്ടെന്നെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെ മുറ്റത്ത്‌ കെട്ടിത്തൂക്കുകയോ വിചാരണ ചെയ്യുകയോ ആവാം എന്നാലുമ്പേരിനൊപ്പം ജാതി ചേര്‍ക്കുന്ന സമ്പ്രദായത്തിനു ഞാനെതിരാണു.
തറവാട്ട്‌ പേരിനാല്‍ ആളെ തിരിച്ചറിയാന്‍ സ്വാതി ഇളമണ്‍ എന്നോ,ഭര്‍ത്താവിന്റെ വാല്‍ ആനെന്ന് മറ്റാരെങ്കിലും ധരിച്ചു കളയുമെന്ന ഭയങ്കരമായ പേടിയില്ലെങ്കില്‍ ബിന്ദു അനില്‍ എന്നോ,സ്വന്തം പിതാവിനോട്‌ ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും നീതി കാട്ടാന്‍ സലില മുല്ലന്‍ എന്നോ,സഫിക്സ്‌ ലോകത്തെ ആണ്‍കുത്തക തകര്‍ത്ത്‌ തരിപ്പണമാക്കി സിബി സരസമ്മയെന്നോ പേരു വയ്ക്കുന്നതില്‍ അഭംഗി തോന്നിയിട്ടില്ല. കൂടെ പറഞ്ഞോട്ടെ ജാതി തൊട്ടുള്ള കളി തീക്കളി ആകുന്നു ! അത്‌ കൊണ്ട്‌ സൌഹ്രിദങ്ങളുടെ അദ്രിശ്യാവകാശങ്ങളില്‍ ഒന്നായാണു ബിന്ദുവിനോട്‌ അഭിപ്രായം രേഖപ്പെടുത്തിയത്‌..പേരു കണ്ടിട്ടല്ല, അവളുടെ ഈ മെയില്‍ വിലാസം കണ്ടിട്ട്‌.
അതിപ്രകാരമാകുന്നു. " ഷാരസ്യാര്‍ അറ്റ്‌ ഹോട്‌ മെയില്‍ ഡോട്ട്‌ കോം"
എന്തോ ഒരു ദഹനക്കേട്‌..
( തരം പോലെ ക്രിമി കടി,ഇളക്കം,ഇത്യാദികളായ മനോഹര പദങ്ങള്‍ ഉപയോഗിക്കാം )
തുറന്ന് ചോദിച്ചു.
"പ്രിയ ബിന്ദു, കണാരന്‍ തിയ്യന്‍, പറാന്‍ പൊലയന്‍, ചാത്തുപ്പറയന്‍,തോണ്ടന്‍ പണിയന്‍, നിഖില്‍ കുറിച്യന്‍ തുടങ്ങിയ പേരുകളോ, അത്‌ പോലെ തിയ്യന്‍ അറ്റ്‌ ജീമെയില്‍ ഡോട്‌ കോം, ചെറുമന്‍ അറ്റ്‌ യാഹൂ ഡോട്‌ കോം എന്നൊക്കെയോ ഉള്ള വിലാസങ്ങള്‍ എവിടെ?? അപ്പോള്‍ എവിടെയോ പൊരുത്തക്കേടില്ലെ??
എന്തായാലും മാന്യമായ ഭാഷയില്‍ ഭര്‍ത്സിച്ച്‌ കൊണ്ട്‌ ഒരു മറുപടി മെയില്‍ കിട്ടി.
അതിന്റെ വിശാലമായ ഉള്ളടക്കം ഇങ്ങനെ 'സംഹരിക്കാം'
" എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "

അടുത്ത തല്ല് ജാതി ചോദിച്ചിട്ട്‌ കിട്ടിയതല്ല !
അത്‌ കൊണ്ട്‌ ആരും ഞാന്‍ ഈ ഷാരസ്യാരെ കുറ്റപ്പെടുത്തുകയാണെന്ന് ധരിക്കരുത്‌.
നളിനി പിഷാരടി നായിക, പതിവ്‌ പോലെ ഞാന്‍ വില്ലന്‍.
ഇന്ത്യ 20-20 പൊറാട്ട്‌ കപ്പ്‌ വാങ്ങിയതിന്റെ പിറ്റേ ദിവസം.
നളിനിയുടെതായി ഒരു സ്റ്റാറ്റസ്‌.
"ഇന്ത്യ 5 വിക്കറ്റിനു ജയിക്കും,ഞാന്‍ ഉറങ്ങാന്‍ പോകുന്നു,"
തൊട്ടു താഴെ നളിനി തന്നെ എഴുതിയുണ്ടാക്കിയ ഒരു കുറിപ്പും.
പോസ്റ്റെഡ്‌ അറ്റ്‌ 5 പി.എം.
ഏത്‌ സ്ത്രീ സ്റ്റാറ്റസ്സിനും സംഭവിക്കും പോലെ പിപീലികാ ഘോഷയാത്ര ആരംഭിച്ചിട്ടുണ്ട്‌.
കൂട്ടത്തിലൊന്ന് ഈ കശ്മലന്റെ ആകുന്നു
" ഇത്‌ ഇവള്‍ കളി കഴിഞ്ഞ ശേഷം ഇട്ടതാണെന്ന് തോന്നുന്നു. എന്തിനു വിഡ്ഡികള്‍ ആകണം?? "
കമന്റ്‌ ഇട്ട ശേഷം ആണു ചിന്തിച്ചത്‌, പേരു മാത്രമെ അറിയുള്ളു പ്രായം അറിയില്ല.ഇവള്‍ എന്നൊക്കെ വലിയ വായില്‍ വിളിച്ച്‌ പറഞ്ഞല്ലോ.
പക്ഷെ അപ്പോഴേക്കും സംഭവിക്കാനുള്ളത്‌ സംഭവിച്ചു !
ഷാരസ്യാര്‍ എന്നെ അണ്‍ഫ്രണ്ട്‌ ചെയ്തു !
എന്നിട്ടും അരിശം തീരാഞ്ഞിട്ട്‌ എന്റെ കമന്റിനു താഴെ നഞ്ഞില്‍ മുക്കിയ ഒരു മനോഹര കമന്റ്‌ !
"ഫേസ്‌ ബുക്കില്‍ ഞാന്‍ ഒരുപാട്‌ ചീത്ത ആളുകളെ കണ്ടിട്ടുണ്ട്‌, അതില്‍ ഏറ്റവും ചീത്ത ആകുന്നു വിഘ്നേഷ്‌ !"
മനോഹരമായ ആ വാക്‌ പുരസ്കാരം ഇപ്പോഴും നന്ദിയോടെ മനസ്സില്‍ സൂക്ഷിക്കുന്നു !!