Wednesday, July 13, 2011

നെടൂളാന്‍ !!

മന്ദന്‍ കാവിലെ ഇളയമ്മയ്ക്ക്‌ എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. ആ ഒരു കാരണം കൊണ്ട്‌ തന്നെ ഇളയമ്മയുടെ വരവ്‌ ഏറ്റവുമധികം സന്തോഷിപ്പിച്ചിരുന്നത്‌ എന്നെ ആയിരിക്കണം.
രാത്രി ആഹാരത്തിനു ശേഷം കോലായില്‍ കാലും നീട്ടിയിരുന്ന്‌ പെണ്ണുങ്ങള്‍ക്കൊപ്പം കഥ കേള്‍ക്കുക എന്തൊരു സുഖമുള്ള ഏര്‍പ്പാടാകുന്നു ! മന്ദങ്കാവില്‍ ഒരുപാട്‌ തവണ പോയിട്ടുള്ളതിനാല്‍ ഇളയമ്മയുടെ വിവരണങ്ങള്‍ മനസ്സില്‍ ചിത്രീകരിച്ചെടുക്കാന്‍ എനിക്ക്‌ നന്നായി കഴിഞ്ഞിരുന്നു. അത്‌ കൊണ്ട്‌ തന്നെ കഥാവസാനം ഏറ്റവുമധികം ആഘാതമേല്‍ക്കുന്നതും എനിക്ക്‌ തന്നെ !

കീഴ്ക്കോട്ട്‌ കടവില്‍ നിന്നും പുഴയരികിലൂടെ ഒരു ഇരുപത്‌ മിനുറ്റ്‌ നടന്ന്‌ കൊയില്യത്ത്‌ എത്താനാകുമ്പോള്‍ ഒരു കടവുണ്ട്‌. അവിടെയാണു ഇനി പറയാന്‍ പോകുന്ന സംഭവം നടന്നത്‌.
മഴക്കാലമാണു.
സായം സന്ധ്യ. തിരി മുറിയാതെ പെയ്യുന്ന മഴയത്ത്‌ രണ്ട്‌ കൂട്ടുകാര്‍ പുഴ കടക്കാന്‍ കാത്ത്‌ നില്‍ക്കുന്നു.ഒരാളുടെ കൈയില്‍ വലിയൊരു മഴുവുണ്ട്‌.
കോരിച്ചൊരിയുന്ന മഴയില്‍ തോണിക്ക്‌ കാത്ത്‌ നിന്നിട്ട്‌ വലിയ കാര്യമില്ലെന്ന്‌ തോന്നിയതിനാല്‍ അവര്‍ പുഴക്ക്‌ കുറുകെ നീന്താന്‍ തീരുമാനിച്ചു. നീന്തും മുന്‍പ്‌ സൌകര്യത്തിനായി മഴു ഊരി മരത്തിന്റെ പിടി ഒരാളും ഇരുമ്പിന്റെ ഭാഗം മറ്റെ ആളും പിടിച്ചു. അക്കരെയെത്തിയത്‌ ഒരാള്‍ മാത്രം.! ഇരുമ്പ്‌ കൈവശമുള്ള ആള്‍ മാത്രം ! പിറ്റേന്ന്‌ നീലിച്ച്‌ രക്തമൂറ്റിയ നിലയില്‍ മറ്റേ ആളുടെ മ്രിത ദേഹം രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെ കരയ്ക്കടിഞ്ഞു. പിന്നീട്‌ അതിലെ നീന്തുന്നവരും, കടവില്‍ കുളിക്കാനിറങ്ങുന്നവരുമെല്ലാം ഇരുമ്പായി ഒരു മൊട്ടുസൂചിയെങ്കിലും കൈയില്‍ കരുതിക്കൊണ്ടിരുന്നു.

ഏതാണ്ട്‌ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു തണുത്ത രാത്രി.
നല്ല നിലാവുണ്ട്‌. നഗരത്തില്‍ നിന്നും സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ ലാസ്റ്റ്‌ ബസ്‌ കിട്ടാതെ നടന്ന്‌ അവശനായി വരുന്ന ഒരു യുവാവ്‌ പുലച്ചുടലയ്ക്ക്‌ മുന്നിലെ വിജനമായ പ്രദേശത്ത്‌ കലുങ്കിനു മുകളില്‍ ഒരാളിരിക്കുന്നത്‌ കണ്ടു ! അടുത്ത്‌ എത്തിയപ്പോള്‍ കൈലിമുണ്ടും ഇരുണ്ട നിറത്തിലുള്ള കുപ്പായവുമിട്ട അയാളെ ഇതിനു മുന്‍പ്‌ അവിടെയെങ്ങും കണ്ടില്ലെന്ന്‌ യുവാവ്‌ ഉറപ്പിച്ചു. പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത്‌ അയാള്‍ കലുങ്കിനരികിലേക്ക്‌ ചെന്നു. തീപ്പെട്ടിയുണ്ടോയെന്ന് അപരിചിതനോട്‌ ചോദിച്ചു. അയാള്‍ തീപ്പെട്ടി നീട്ടിയപ്പോള്‍ യുവാവ്‌ കൈയും നീട്ടി. തീപ്പെട്ടി താഴെ അപരിചിതന്റെ കാല്‍ക്കല്‍ വീണു. യുവാവ്‌ കുനിഞ്ഞ്‌ തീപ്പെട്ടിയെടുക്കവെ അപരിചിതന്‍ കൈലി മുണ്ട്‌ പൊക്കി. രണ്ട്‌ കുതിരക്കാലുകള്‍ !!!! യുവാവ്‌ ഒരലര്‍ച്ചയോടെ പിന്നോട്ട്‌ മറഞ്ഞു.

മണിയങ്കോട്ടെ വീട്ടില്‍ വിറക്‌ കീറാന്‍ വന്നിരുന്ന മൂത്തോറന്‍ കഥകളുടെ ഒരു ഭണ്ഡാരമായിരുന്നു.! അയാള്‍ ഒരു തോര്‍ത്ത്‌ മാത്രമെ ധരിക്കുമായിരുന്നുള്ളു. അതും വയനാട്ടിലെ തണുപ്പില്‍ !
കുന്തിച്ചിരുന്ന് ചായ ഊതിക്കുടിക്കവെ മൂത്തോറന്‍ കഥകളുടെ ഭാണ്ഡം തുറക്കും.
അത്തരമൊരു കഥയാണിത്‌. മൂത്തോറന്റെ അനുഭവം.
വ്രിശ്ചികമാസത്തിലെ മഞ്ഞുമൂടിയ ഒരു രാത്രി. മൂത്തോറന്‍ ദൂരെ എവിടുന്നോ വരുന്ന വരവാണു.ഓടമ്പത്തെ കുന്നിറങ്ങണം. ആകാശത്തേക്ക്‌ പടര്‍ന്ന് പന്തലിച്ച മഴ മരങ്ങളും, മെലിഞ്ഞ്‌ മിനുത്ത യൂക്കാലിപ്റ്റസ്‌ മരങ്ങളും തിങ്ങി ഞെരുങ്ങി വളരുന്ന ഓടമ്പത്തെ കുന്നിന്‍ മുകളില്‍ നട്ടുച്ചക്ക്‌ തന്നെ ടോര്‍ച്ചടിക്കാതെ പോകാന്‍ പ്രയാസമാണെന്നോര്‍ക്കണം !
പണ്ടെങ്ങോ എസ്റ്റേറ്റ്‌ പണിക്കാര്‍ താമസിച്ചിരുന്ന 'പാടി'ക്ക്‌ അരികിലെത്തിയപ്പോള്‍ ഇലകള്‍ ഞെരിയുന്ന ഒരു ശബ്ദം ! മൂത്തോറന്‍ തിരിഞ്ഞു നോക്കി. ആറേഴടി ഉയരമുള്ള ഒരു പോത്ത്‌ ! നട്ടപ്പാതിരയായിട്ടും ഇതിനെ ആരും അഴിച്ച്‌ കൊണ്ട്‌ പോകാത്തതെന്താണെന്ന് ചിന്തിക്കവെ മൂത്തോറന്റെ തലയില്‍ ഒരു കൊള്ളിയാല്‍ മിന്നി. ഒടിയന്‍ !!! അവന്‍ പൂച്ചയുടെയും, ആടിന്റെയും, പോത്തിന്റെയുമെല്ലാം രൂപത്തില്‍ വരും..ഇരകള്‍ ആരായാലും ഒരു തവണ തിരിഞ്ഞു നോക്കിയാല്‍ കഥ കഴിഞ്ഞു ! സ്വന്തം രൂപം സ്വീകരിച്ച്‌ കൈയിലുള്ള കൊള്ളി, വടി ഒടിക്കും. ഒപ്പം ഇര ആ കൊള്ളി പോലെ ഒടിഞ്ഞുവീണു പിടഞ്ഞു ചാകും !! മണിയങ്കോട്ടപ്പനെയും, സകല മല ദൈവങ്ങളെയും വിളിച്ച്‌ കരഞ്ഞു കൊണ്ട്‌ മൂത്തോറന്‍ ഓടി. ഒടിഞ്ഞില്ല പക്ഷെ ഒരാഴ്ച്ച പനിച്ചു കിടന്നു.

മരണത്തിന്റെ ദൂതുമായെത്തുന്ന 'നെടൂളാനെ' കണ്ടിട്ടുണ്ടോ?
ആള്‍ ഒരു പാവം പക്ഷിയാകുന്നു.ഒരു പ്രാവിന്റെ മാത്രം വലിപ്പം.
പകല്‍ മിണ്ടില്ല. രാത്രിയില്‍ നീട്ടി കൂവും.എന്നും കൂവില്ല.പിറ്റേന്ന് നാട്ടിന്‍പുറത്ത്‌ ആരെങ്കിലും മരിക്കാന്‍ ഉണ്ടെങ്കില്‍ മാത്രം !!
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരിക്കലല്ല ഒരുപാട്‌ തവണ നെടൂളാന്‍ കൂവിയതിന്റെ പിറ്റേന്ന് ആളുകള്‍ മരിച്ചു.!തെക്കെ കറ്റവത്തെ രാവുണ്ണി നായരും,തളീക്കുളങ്ങര ഗോപാലന്‍
നായരും, മിലിട്ടറി കോമന്‍ നമ്പിയാരും,എളോറത്ത്‌ കല്യാണി അമ്മയും,കക്കോട്ടുമ്മല്‍ മമ്മദ്‌ ഹാജിയും മരിച്ചതിന്റെ തലേ ദിവസങ്ങളില്‍ നെടൂളാന്‍ കൂവിയപ്പോള്‍ വല്യമ്മ അതിനെ തലയില്‍ കൈ വെച്ച്‌ ശപിച്ചിരുന്നു. " പണ്ടാരം കൂക്കുന്ന്ണ്ട്‌.. നാളെ ആര്യാണപ്പോ കൊണ്ട്വോക്ന്നത്‌ ??? "