Wednesday, August 31, 2011

+ 2 മതിയായില്ല ! ഒരു + 5 എങ്കിലും വേണ്ടിയിരുന്നു !!

കോക്കല്ലൂർ പ്ലസ്-ടു വിനെ കുറിച്ച് വെറുതെ അങ്ങ് പറഞ്ഞ് തുടങ്ങിയാൽ എന്തിലും നന്മ മാത്രം ദർശിക്കുന്ന ദോഷൈക ദൃക്കുകൾക്ക് സങ്കടം വരുമെന്നതിനാൽ ഒരു ഭയങ്കര സത്യം വെളിപ്പെടുത്തിക്കൊണ്ട് ആരംഭിക്കാം..അത് ഇപ്രകാരമാകുന്നു ; കേരളത്തിലെ ആദ്യ 10 പ്ലസ്-ടു കളിൽ ഒന്നാകുന്നു കോക്കല്ലൂർ !! വ്യക്തിപരമായി പറയുകയാണെങ്കിൽ വിദ്യാർത്ഥി ജീവിതത്തിലെ ഒരു സുവർണ്ണ കാലഘട്ടം...ഒരു തെറിച്ച ഘട്ടമെന്ന് കൂട്ടിച്ചേർത്താൽ തെറ്റില്ല..
ആൺകുട്ടികൾക്കില്ലാത്ത എന്തൊക്കെയോ അതിമനോഹരമായ കഴിവുകൾ പെൺകുട്ടികൾക്ക് ഉണ്ടെന്ന് തോന്നിയതും ഇവിടെ വച്ച്..
പുക ആദ്യമായി പേടിയില്ലാതെ ആസ്വദിച്ച് വലിച്ചതും,പാൻ പരാഗിന്റെ എരിവും ഹൻസിന്റെ മഞ്ഞയും തലയിൽ കയറിയതും ഇവിടെ വച്ച്..ഒപ്പം വടകര സിഫി ഷോപ്പേസ് ഷോപ്പിന്റെ ഉത്ഘാടനത്തിനു അച്ഛൻ വാങ്ങിത്തന്ന കരുത്ത ടീ ഷർട്ട് ഇട്ട് കൊണ്ടെടുത്ത ചിത്രം മാതൃഭൂമിയിലും മാധ്യമത്തിലും മനോരമയിലും ജില്ലാതല കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ വാർത്തയുമായി വന്നതും ഇവിടെ വച്ച് ! ഇനി ഈ പായാരം ഇപ്പോൾ തികട്ടി വന്നതിന്റെ കാരണം പറയാം..അവിടം വിട്ട് പോയവരെ ഇനി കാണുമെന്ന് വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു, പക്ഷെ കാലം ചില അത്ഭുതങ്ങൾ കാണിക്കാറുണ്ടല്ലോ..അങ്ങനെ വർഷങ്ങൾക്ക് ശേഷം ഈ വെർച്വൽ ലോകത്ത് ഒരു ഗെറ്റ് റ്റുഗതർ! 
ലോകത്തിന്റെ പല കോണുകളിലേക്ക് പറന്ന് പോയവർ..കാലം നാടുമായി ചങ്ങലക്കിട്ടവർ...കാടും മലയും താണ്ടി നാടിനു കാവലിരിക്കുന്നവർ..ഡോക്ടർമാരും നഴ്സുമാരും..ആനിമേറ്റർമാരും ആർടിസ്റ്റുകളും..വിദേശികളെ നാണിപ്പിക്കുന്ന സോഫ്റ്റ് വെയർ വിദഗ്ദർ..പര്യവേഷകർ..ഉന്നത ഉദ്യോഗസ്ഥർ..സ്വന്തം സ്ഥാപനങ്ങൾ നടത്തുന്നവർ..അങ്ങനെ ഒരു കൂട്ടം !! 
അതിൽ ആദ്യമായി എന്റെ ചിത്രം വരച്ച് തന്ന ദീഷ്മ മുരളീധരനും,.ഈ പോസ്റ്റ് എഴുതാൻ നിർബന്ധിച്ച് ചീത്ത വിളിച്ച ഷിറാസ് അബ്ദുൾ ഖാദറും, മൈസൂരിലെ അപരിചിതമായ ചുറ്റുപാടിൽ ജീ മെയിലിൽ ആശ്വാസവാക്കുകൾ പറഞ്ഞ് കൂട്ടുകൂടാൻ മനസ്സ് കാണിച്ച നമിതയും, യൂ.പി സ്കൂൾ മുതൽ പ്ലസ് ടു വരെ ഒപ്പമുണ്ടായിരുന്ന പെൻസിൽ എന്ന് ഞാൻ വിളിച്ച് പോന്ന രംഷിലും ഉൾപ്പെടുന്നു..ഒരു പട്ടാളക്കാരന്റെ മുഖമുണ്ടായിരുന്ന ആനന്ദ് ഇൻഷുറൻസ് വിദഗ്ദനായതും ഒരു ഇൻഷുറൻസ് വിദഗ്ദന്റെ മുഖമുണ്ടായിരുന്ന സാഗേഷ് ഒരു പട്ടാളക്കാരനായതും ഇതേ കാലത്തിന്റെ കളി !

ധനേഷിന്റെയും (ഇനി മുതൽ മണ്ടം കുളം എന്ന് വിളിക്കപ്പെടും ) എന്റെയും,പ്രഭീഷിന്റെയും ( ധ്യാന നിരതനായി ഇരുന്ന് ഒരു വിജയൻ മാഷിനും പിടികൊടുക്കാതെ ഉറക്കം തൂങ്ങാനുള്ള സവിശേഷ കഴിവ് ഉണ്ടായിരുന്നതിനാൽ ടിയാൻ പ്രഭുവാനന്ദ സ്വാമികൾ എന്ന് അറിയപ്പെട്ടു ) എല്ലാം സ്വകാര്യ അഹംകാരമായിരുന്നു സുഷിത എന്ന പൂച്ചക്കണ്ണി !! ലവൾ ഞങ്ങളുടെ ക്ലാസ്സിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ( എന്ന് വച്ചാൽ ‘എ’ , ‘ബി’ ഡിവിഷനുകളിലെ കുറുക്കന്മാരുടെ ശ്രദ്ധ ) തിരിയുന്നതിനു കാരണമായി.. അവളുടെ ഒരു കടാക്ഷത്തിനായി ഞങ്ങൾ...ഛെ അല്ലെങ്കിൽ ഞാൻ ഇല്ല..സോ ഒന്ന് കൂടെ വായിക്കുക അവളുടെ ഒരു കടാക്ഷത്തിനായി അത്യാവശ്യം ഇളക്കമുള്ള സകല പ്രമാണിമാരും പല പല വീര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരുന്നു..അവൾ വരുന്നില്ലെന്ന് കേട്ട് ടൂറിനു നൽകിയ പേരു പോലും പിൻ വലിച്ച് ഫിൽ ഇൻ ദി ബ്ലാങ്ക് എന്ന ചേലിലുള്ള കുറ്റിത്താടിയും നീട്ടി നടന്നവന്മാർ ഉണ്ട് ! ഒരിക്കൽ കെമിസ്ട്രി പ്രാക്ടിക്കലിനു തീപ്പെട്ടി എടുക്കാൻ മറന്ന് പോയത് അവൾ ഒന്ന് ‘സ്റ്റാറ്റസ്’ ഇട്ടതിന്റെ ഏഴാം മിനുറ്റിൽ ഷിബുവേട്ടന്റെ പീടികയിലെ ഏതാണ്ട് മുഴുവൻ തീപ്പെട്ടികളുമവളുടെ ഡെസ്കിലെത്തിയെന്ന് ഐതിഹ്യം ! അതിനായുള്ള മഹായജ്ഞത്തിനിടെ ഒൻപതടി ഉയരമുള്ള സ്കൂൾ മതിൽ ചാടി കാൽക്കുഴ ഉളുക്കിയ ഉളുപ്പില്ലാത്തവന്മാർ കൂട്ടമായി ലീവ് എടുത്തതോടെ പിറ്റേന്ന് ക്ലാസ് പ്രതിസന്ധിയിലാകുകയും ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിക്കുകയും ചെയ്തത് ഒരു നേയ്ക്കഡ് സത്യം !! 
പ്രസ്തുത പൂച്ചക്കണ്ണിയുടെ അന്താരാഷ്ട്ര ആരാധകരിൽ അഗ്ര ഗണ്യനായിരുന്നു ശ്രീമാൻ ഷിറാസ് അബ്ദുൽഖാദർ എന്ന മാഹിക്കാരൻ..ഇവനെ ആദ്യമായി ശ്രദ്ധിക്കുന്നത് ഒന്നാം വർഷത്തെ ഓണ പരീക്ഷയുടെ പേപ്പറുമായി വന്ന ബാലൻ മാഷ് ഒരു കാര്യം പറഞ്ഞപ്പോഴാണു.. എല്ലാരും മാർക്ക് മോഹിച്ച് വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തിനെ ‘അങ്ങനെത്തന്നെ അങ്ങനെ തന്നെ’ എന്ന ലൈനിൽ പ്രശംസിച്ച് സോപ്പിട്ടെഴുതിയിട്ടും പരമാവധി 110 മാർക്ക് കിട്ടിയപ്പോൾ കന്നിക്കൊയ്ത്തിലെ നായിക കാണിച്ചത് ചെറ്റത്തരമാണെന്നും കാമുകനെ വിട്ട് ‘മറ്റേതോ നാട്ടിൽ പോയി ആനന്ദം നാട്ടി’യത് ശരിയായില്ലെന്നും പൊളിച്ചെഴുതിയ ഷിറാസിനു ബാലൻ മാഷ് കൊടുത്തത് 120 മാർക്ക് !! അതെന്തായാലും കോക്കല്ലൂർ വിട്ട് അധികം വൈകാതെ, കൃത്യമായി പറഞ്ഞാൽ 28-8-2001 നു ഷിറാസിന്റെ മനോഹരമായ മലയാളം കൈപ്പടയിൽ എനിക്ക് ഒരു കത്ത് വന്നു..22-8-2001 നു എഴുതിയ ആ കത്തിൽ അവൻ ഇങ്ങനെ തുടങ്ങുന്നു
.....”സ്നേഹം നിറഞ്ഞ ഗംഗാ സുഖമെന്ന് കരുതുന്നു..ഞാൻ ഇപ്പോൾ മാഹി ഗവ: കോളജിൽ ബി എസ് സി ഫിസിക്സിനു പഠിക്കുന്നു............അങ്ങനെ തുടർന്ന് പോകുന്ന് കത്ത് അവസാനിക്കുന്നത് ഇങ്ങനെ........” 
നിന്റെ ക്ലാസ്സിലെ ആ പൂച്ചക്കണ്ണിയെ എനിക്ക് മറക്കാൻ കഴിയുന്നില്ല..അവൾ ഇപ്പോൾ എവിടെയാ..?”

പ്ലസ്-ടു ജീവിതത്തിലെ ‘സംഭവ ബഹുല’മായ ഏടുകളിൽ ഒന്ന് ലോകപ്രശസ്തമായ പല മനോഹര സിനിമകളും ( പീപ്പിംഗ് ടോം, മാതാഹരി, കിന്നാരത്തുമ്പികൾ,അവളൊരു വസന്തം...എന്നിത്യാദികൾ ) കാണാൻ അവസരമൊരുക്കി തന്ന ‘ ബാലുശ്ശേരി പ്രഭാത്, കൊയിലാണ്ടി ചിത്ര, അമ്പാടി, കാക്കൂർ അനശ്വര,നന്മണ്ട മഞ്ജുഷ തുടങ്ങിയ ടാക്കീസുകളുമായുള്ള ഹൃദയ ബന്ധമാണു...കൂട്ടത്തിൽ പ്രഭാതിനെ ഞങ്ങൾ സ്നേഹത്തോടെ ‘ തറവാട്’ എന്ന് വിളിച്ച് പോന്നു ! 
ഇന്ന് മേൽ‌പ്പറഞ്ഞ ഒറ്റ ടാക്കീസിന്റെയും തറ പോലും അവിടെ എവിടെയും ഇല്ല..(നമ്മുടെ കുട്ടികൾ എത്ര നിർഭാഗ്യവാന്മാർ J ) ഞാനല്ലാതെ വേറെ ഒരാൾ സ്വയം ഭോഗം ചെയ്യുന്ന കാഴ്ച ജീവിതത്തിൽ ഒരേ ഒരു തവണ ആണു കണ്ടിട്ടുള്ളത്..അത് പ്രഭാതിൽ വച്ചാകുന്നു..മാതാഹരിയുടെ ഇടവേളക്ക് മൂത്രമൊഴിക്കാൻ പോയപ്പോൾ ഒരു മദ്ധ്യ വയസ്കൻ കുനിഞ്ഞ് നിന്ന് ഹസ്ത മൈഥുനം ചെയ്യുന്നു ! ഞാൻ മൂത്രമൊഴിക്കാതെ തിരിച്ച് പോയി.

പറിച്ച് കളയാൻ പ്രയാസമുള്ള മറ്റൊരു ഏടാകുന്നു പഠനയാത്ര ! സലീലും, വിശാലും. ഷിറാസും.സിറാജും,മൻസൂറും അഫ്സലും എല്ലാമടങ്ങുന്ന ബി-ഗ്യാങ്, ലിബീഷും,സിബീഷും,ശ്രീകുമാറും എല്ലാമടങ്ങുന്ന എ-ഗ്യാംഗ് , പിന്നെ ഞാനും, മണ്ടംകുളവും, നക്കീരനും ( വിപിൻ ദാസ് എന്ന മാന്യ ദേഹത്തിനെ ഇരട്ടപ്പേരാകുന്നു നക്കീരൻ..ശ്രീ വീരപ്പൻ രാജ്കുമാറിനെ തട്ടി കാട്ടിൽ കൊണ്ടിട്ടതും മധ്യസ്ഥം വഹിക്കാൻ നക്കീരൻ ഗോപാലൻ പോയതും ഈ കാലത്തായിരുന്നു..മീശയും താ‍ടിയും കൂട്ടി ഒട്ടിച്ച് നക്കീരന്റെ കൃതാവ് ഫേമസായിരുന്നു..ഏതാണ്ട് ഈ ഗോപാലന്റെ കൃതാവു പോലെ എന്തോ കാട്ടിക്കൂട്ടി സ്കൂളിൽ ഷൈൻ ചെയ്യാൻ വന്ന വിപിന് ഞങ്ങൾ കനിഞ്ഞ് നൽകിയ പേരാകുന്നു ‘നക്കീരൻ’ ), പാതാളം ശ്രീജിത്തും ( ഊണിനു ശേഷമുള്ള പതിവു പരദൂഷണത്തിനിടെ ഒരു സിനിമാ നടിയുടെ സ്വകാര്യ ഭാഗത്തേക്ക് ചർച്ചിക്കൽ അതിക്രമിച്ചപ്പൊൾ ശ്രീമാൻ ശ്രീജിത്തിനു നാവില ആദ്യം വന്ന ഉപമ ക്രമേണ അവന്റെ ഇരട്ടപ്പേരുമായി – പാതാളം !  ഏതായാലും ആ പേരു വീണത് നന്നായി. ഇപ്പോൾ സാപ്പിൽ വല്യ ഇഞ്ചിനീയറായ അന്നത്തെ നരന്ത് പയ്യൻ എസ് പി ശ്രീജിത്തിനെയും ഇവനെയും മാറിപ്പോകാതിരിക്കാൻ ഈ പേർ ഉപകരിച്ചു.., ) എച്ചുസ്മീ ദിപിൻ എന്ന ക്ലാസ്സിലെ ചിരി അമിട്ട്, ആസ്ഥാന ബുജി ശ്രീമാൻ പ്രത്യുഷ് അവർകൾ എല്ലാം ഉൾപ്പെടുന്ന സി-ഗ്യാംഗ്.. 
എറണാകുളത്തും ഏറ്റുമാനൂരുമൊക്കെയായി രണ്ട് മുഴുവൻ ദിവസങ്ങൾ..രണ്ടാം ദിവസം മറൈൻ ഡ്രൈവിൽ ചെലവിടാനെത്തിയ സായാഹ്നം മറ്റാരു മറന്നാലും മറക്കാത്ത രണ്ട് ആത്മാക്കളുണ്ട്, ഒന്ന് ഈ പായാരം പയ്യനും മറ്റൊന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ധനേഷ് എന്ന സുസ്മേരവദനനായ സംഗീതവിദ്വാനും ! കാര്യം പറയാം..ലവന്റെ ആദ്യ മധുസേവ ! ‘കട്ട’ ഇട്ട 60 രൂപയുമായി അരണ്ട ചുവന്ന വെളിച്ചമുള്ള ബാറിൽ നുഴഞ്ഞ് കയറി ഒരു കുപ്പി ബിയർ വാങ്ങി. പതുങ്ങി പുറത്ത് വന്ന് തുരുക്ക് കടിച്ചൂരി ഫിഫ്റ്റി – ഫിഫ്റ്റി അടിച്ചു. കുപ്പി കടലിലേക്ക് എറിഞ്ഞ് കളഞ്ഞിട്ട് ഡാ നിനക്ക് ഫിറ്റായെന്ന് ഞാനും, ഡാ നിനക്കും ഫിറ്റായെന്ന് അവനും സർട്ടിഫൈ ചെയ്ത ശേഷം കൈയും കോർത്ത് പിടിച്ച് ഗുൽമോഹറിന്റെ ചുവട്ടിൽ ‘അന്താക്ഷരി‘ കളിക്കുന്ന രജീഷ് മാഷിന്റെ മുന്നിലെ ഒരു ടീമിൽ ചേർന്ന് ‘ഷാ’ യിൽ അവസാനിച്ചാൽ ‘ഹാ ‘ യിൽ പാടിത്തുടങ്ങി അലമ്പാക്കി സകല പെൺ കുട്ട്യോളെയും വെറുപ്പിച്ചു..

അന്ന് രാത്രി ഭക്ഷണശേഷം കുട്ടികൾ മെല്ലെ മെല്ലെ ബസ്സിൽ കയറി ഇരിക്കാൻ തുടങ്ങിയപ്പോൾ മണ്ടം കുളവും ഞാനും ബസിന്റെ പിന്നിൽ ഒരു വശത്ത് ചാരി നിന്ന് അരക്കുപ്പി ബിയറിന്റെ ‘മാരകമായ’ കിക്കിൽ ‘ചൊറിച്ച് മല്ലി ‘ കളിക്കുകയായിരുന്നു.
“ഡാ ‘ തല മുട്ടരുത് ; “ – ഞാൻ
“ ഡാ ‘ തലക്ക് നല്ല മുടി ആണല്ലോ ‘ “ – ലവൻ
“ നിങ്ങൾ എന്താ മൂക്ക് റാഞ്ചിയ കളി കളിക്കുന്നത് “
ഞാൻ കണ്ണ് മിഴിച്ച് മണ്ടംകുളത്തിനെ നോക്കി. ലവനെന്താ പെൺ ശബ്ദമോ ? ലവൻ ഇളിച്ച് കൊണ്ട് എന്നെ നോക്കി. അപ്പോൾ ലവനല്ല.! പിന്നെ ആർ ?? ഞങ്ങൾ രണ്ടും ഒരേ ആംഗിളിൽ മേലോട്ട് നോക്കി..അവിടെ 115 വാട്ടിൽ ചിരിച്ച് മുഴുവൻ പല്ലും കാട്ടി ലവൾ, ചാന്ദിനി ! ക്ലാസ്സിലെ ഞങ്ങളുടെ പ്രധാന കൂട്ടുകാരിയും ആരാധികയും ..!!
എസ്കേപ് !!!

15 കാരിയെ പീഡിപ്പിച്ചു, 17 കാരിയെ കയറിപ്പിടിച്ചു..എന്നൊക്കെയുള്ള വാർത്തകൾ വായിച്ച് സങ്കടപ്പെട്ട് വെള്ളമിറക്കുന്ന , ഒരു പീഡനം പോലും നടത്താൻ കഴിയാതെ പോയ വല്യപ്പച്ചന്റെ അവസ്ഥ പോലെ ആയിരുന്നു റാഗിംഗ് വാർത്തകൾ വായിച്ച് മനക്കോട്ടകൾ കെട്ടുന്ന ഞങ്ങളുടേത്..രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ഓൾഡ് മങ്ക് എന്ന് പറഞ്ഞ മാതിരി പ്ലസ് വണ്ണിലേക്ക് ജൂനിയറുമാർ ഇരച്ച് വന്നത് ആയിടെയാണ് !! ഇതിൽ ഏതിനെ പീഡിപ്പിക്കുമെന്ന കൺഫ്യൂഷനിൽ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞ് കണ്ണീർ ധാര ധാരയായി ഒഴുകി.. 
പിറ്റേന്ന് അതിൽ സീത എന്ന ഒരു പച്ച മുളകിനെ പീഡിപ്പിച്ച് എനിക്കും ധനേഷിനും പണികിട്ടി,അവളുടെ ദയ കൊണ്ട് അറസ്റ്റ് ഉണ്ടായില്ല..എന്നാൽ അറസ്റ്റ് ഉണ്ടായി ഞങ്ങളെ അല്ല അയൽ‌പ്പക്കത്തെ കൊല കൊമ്പന്മാർ - വിശാൽ, സലീൽ, ഷിറാസാദികൾ ! പുസ്തകമെടുത്ത് പോയ്ക്കോളാൻ വിധി വന്നു.. ഏതായാലും നയ തന്ത്രം പുരോഗമിക്കുകയും പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. സംഭവത്തിൽ ആർ നിരപരാധി എന്ന ചോദ്യം ദുരൂഹമായി ഇന്നും അവശേഷിക്കുന്നു..

ഇനി രണ്ട് പാരകൾ അവശേഷിക്കുന്നു..അവ കേവലം പായാരങ്ങൾ അല്ലെന്ന് വായികുമല്ലോ ? ഈ പാര മാഷിനും ടീച്ചർക്കും നീക്കിവച്ചില്ലെങ്കിൽ ‘പായാര’ത്തിന്റെ പേജ് ഉമിത്തീയാകുമെന്ന തോന്നൽ കൂടെ ഉണ്ടെന്ന് കൂട്ടിക്കോ :) വിജയൻ മാഷായിരുന്നു ആദ്യം അവതരിച്ചത്. ഒരു സ്ലോ മോഷൻ ഗാന രംഗം പോലെ മാഷ് ഇന്നും മനസ്സിലുണ്ട്. വെളുത്ത മുണ്ടും ചന്ദന നിറത്തിലുള്ള കുപ്പായവും ഒക്കെയായി..കെമിസ്ട്രിയിൽ ബിരുദമെടുത്ത് ഇംഗ്ലീഷ് മാഷ് ആയ വിജയൻ മാഷിനെ ഞങ്ങളുടെ പൂർവികർ ‘മങ്ങാട്ടച്ചൻ’ എന്ന് വിളിച്ചിരുന്നത്രെ! കണക്ക് പഠിപ്പിക്കാൻ ഇടക്കിടെ എക്കിൾ ശബ്ദം ഉണ്ടാക്കുന്ന രാധാകൃഷ്ണൻ മാഷും, പിന്നെ ചുവന്ന കവിളുകളും, പളുങ്കു കണ്ണുകളുമുള്ള രജീഷ് കുമാറും വന്നു.. മാട്രിക്സും, പ്രോബബിലിറ്റിയും ഒക്കെയായി കണക്കിൽ ശൂന്യ-മസ്തിഷകനായ എന്റെ കരളിൽ പോലും മാഷ് പറ്റിപ്പിടിച്ചു..
ഫിസിക്സ് പഠിപ്പിക്കാൻ അതി സുന്ദരിയായ ഗീത ടീച്ചർ ( പിന്നെ ടീച്ചറുടെ കല്യാണം കഴിഞ്ഞ് ഏറെക്കാലം പാലോറ സ്കൂളിൽ പഠിപ്പിച്ചു, ഇപ്പോഴും ഉണ്ടെന്ന് സംശയം) ടീച്ചർ പ്ലസ് വണ്ണിൽ തങ്ങി നിന്നപ്പോൾ അഥിതികളായി വന്ന ഷിജു രാജ് മാഷും, പ്രദീപ് മാഷും ഘോര ഘോരം ഇക്വേഷനുകൾ ഡെറിവേറ്റ് ചെയ്തോണ്ടിരുന്നു..സുവോളജി പറഞ്ഞ് തന്ന് ആറടി പൊക്കമുള്ള സ്നേഹ നിധിയായ റണ്ണിമാഷ് ഹൃദയത്തിന്റെ നാലറകളിലും തേരാപ്പാര കയറിയിറങ്ങി !! ഇടത് കൈ കൊണ്ട് എഴുതിയും വരച്ചും ഞങ്ങളെ വിസ്മയിപ്പിച്ച ബോട്ടണിയുടെ ബഷീർ മാഷ് പറയുമ്പോൾ ക്ലാസ്സിലെ പ്രധാന ഹൂറിയായ ഫഹ്മിദ പോലും വാ പൊളിച്ചിരുന്നു..മലയാളം പഠിക്കാനുള്ള ആക്രാന്തത്തിൽ ഭോപാലിൽ നിന്ന് വന്ന ബിന്ദുടീച്ചർ എന്റെ ഒത്ത ഡയറിയിൽ ഓട്ടോഗ്രാഫ് എഴുതിയത് 4 മുഴു പേജുകൾ! മലയാളത്തിനു ഞങ്ങളുടെ സ്വന്തം കുഞ്ഞുണ്ണി മാഷായ കൂട്ടാലിടയിലെ ബാലൻ മാഷ്..എല്ല വ്യാഴാഴ്ച്ചയും ലേബർ ഇന്ത്യയുടെ കെട്ടുമായി വരുന്ന ഉണ്ണിക്കൃഷ്ണൻ മാഷ് ഇംഗ്ലീഷിനെ പ്രണയിക്കാൻ ആദ്യമായി ആഹ്വാനം ചെയ്തു..ഒടുവിൽ സാക്ഷാൽ മുരുകൻ മാഷും ! കോക്കല്ലൂരിന്റെയും കൊയിലാണ്ടിയുടെയുമെല്ലാം ഓൾ റൌണ്ടർ ആയിരുന്നു മുരുകൻ മാഷ് ! അസൂയക്കാർ അണ്ണാച്ചിയെന്നൊക്കെ വിളിച്ചപ്പൊൾ കടുകട്ടിയായ കണക്കുകളും, ഫിസിക്സും, ഓർഗാനിക് കെമിസ്ട്രിയുമെല്ലാം ലൈം ജ്യൂസ് പരുവത്തിൽ മാഷിന്റെ ആയ സൂത്രവാക്യങ്ങളിലൂടെ ഓരോ കുട്ടിക്കും പകർന്ന് കൊടുത്ത് അവരുടെ ഹൃദയങ്ങളിൽ ജീവിച്ചു !

ഇനി ഈ ഖണ്ഡിക അവർക്കായി സമർപ്പിക്കുന്നു..ഞങ്ങളിൽ നിന്ന് എന്നെന്നേക്കുമായി അടർന്ന് പോയവർക്കായി..ഒരു യാത്രാമൊഴി പോലും പറയാതെ ഞങ്ങളെ പിരിഞ്ഞുപോയവർക്കായി..റജീനയായിരുന്നു ആദ്യ നഷ്ടം..കറുത്ത പാവാടയും ചന്ദനനിറത്തിലുള്ള മുഴു കൈ കുപ്പായവും കറുത്ത തട്ടവും ഇട്ട് വന്നിരുന്ന റജീന ആകർഷകമായ വ്യക്തിത്തമായിരുന്നു..അവൾ ആവോളം സന്തോഷം ക്ലാസ്സിൽ നിറച്ചിരുന്നു..പ്ലസ്ടുവിനു ശേഷം നഴ്സിംഗ് പഠിക്കാൻ പോയ അവൾ ആത്മഹത്യ ചെയ്തു..വിവാഹ വാഗ്ദാനം ചെയ്ത് ഉപയോഗിച്ച ശേഷം വഞ്ചിച്ച പട്ടാളക്കാരനായ യുവാവിന്റെ ഇര.
ഉണ്ണിക്കൃഷ്ണൻ മാഷ് പോയത് കല്യാണം കഴിക്കാൻ പ്രായമായ സ്വന്തം പെൺകുട്ടിയെ തനിച്ചാക്കിയാണു..ഒരു തുണ്ട് കയറിൽ ആ വലിയ മനുഷ്യൻ.....
പ്രദീപ് കുമാർ എന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ, ഞങ്ങളുടെ ഫിസിക്സ് മാഷ് ഒരു രാത്രി അമ്മയ്ക്ക് വലിയൊരു കത്ത് എഴുതി വച്ച് വിഷം കഴിച്ചു....

പറച്ചിലിൽ ഒരുപാട് പേർ ഉൾപ്പെട്ടിട്ടില്ല, ഒട്ടനവധി സന്ദർഭങ്ങളും ഒഴിഞ്ഞ് പോയിട്ടുണ്ടാകാം..അവ എല്ലാം ഇവിടെ ഒരു കമന്റിലൂറ്റെയോ അല്ലെങ്കിൽ ഒരു മെയിൽ ആയോ എന്നെ തേടി എത്തുമെന്ന ഉറപ്പുണ്ട് J