Wednesday, July 11, 2012

റെഡ്‌ സ്പോട്സ്

ജീവിതം എന്നും കുറെ ചുവന്ന അടയാളങ്ങളാല്‍ സമൃദ്ധം ആയിരുന്നു.
പെറുക്കി അടുക്കി വച്ചപ്പോള്‍ നെഞ്ചു ചോര്‍ന്നു കുറെ ചുവന്ന മഷി ഒലിച്ചുപോയി..
അതില്‍ കുറെ വേദനകളും കുറച്ചേറെ ചിരികളും ഉണ്ടായിരുന്നു. ചിരികളെ എടുത്തോളുക അവ എല്ലാവര്ക്കും അവകാശപ്പെട്ടത് ആകുന്നു. വേദനകള്‍ കൊണ്ട് പോകരുത് അവ ശാപമോക്ഷങ്ങള്‍ക്ക് അതീതര്‍ ആണ്.ഇവിടെ ഇരിക്കട്ടെ..

വീട്ടില്‍ നിന്ന് അഞ്ചു മിനുറ്റ് നടക്കാന്‍ ഉള്ള ദൂരമേ ഉള്ളു കാഞ്ഞിക്കാവിലെ രാമന്‍ പുഴ ഓരത്തേക്ക്.
അവിടെ ആണ് ശ്രീദേവിയുടെ വീട്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എങ്ങാനും ആണ് അവളെ അവസാനമായി കണ്ടത്.ഉരുണ്ട കണ്ണുകളും ചുരുണ്ട മുടിയും ഉള്ള ശ്രീദേവി. കല്യാണം ഒക്കെ കഴിഞ്ഞു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു. നല്ല കൂട്ടുകാരായി. ചെറിയ ചെറിയ ആനക്കാര്യങ്ങള്‍ പറയവേ അവള്‍ ഒരു കഥ പറഞ്ഞു തന്നു, തിരിച്ചു പോകാന്‍ അവള്‍ എന്നും വെമ്പല്‍ കൊള്ളുന്ന ബാല്യത്തിലെ ഏതോ ഒരു ദിവസം..ഒരു ചുവന്ന അടയാളത്തിന്റെ കഥ !

കൌമാരക്കാരികള്‍ ആയ പെണ്‍കുട്ടികള്‍ക്ക് എപ്പോഴും എന്തെങ്കിലും ഭീകര രഹസ്യങ്ങളും മാരകമായ പ്രത്യേകതകളും കാണുമല്ലോ :) അതില്‍ ഒന്നാണ് ആര്‍ത്തവവും അനുബന്ധ ബദ്ധപ്പാടുകളും.മാസ മുറ ആകുന്ന ദിവസങ്ങളില്‍ ഒന്നും രാത്രിയില്‍ നേരാം വണ്ണം പഠിക്കാനോ ഹോം വര്‍ക്ക്‌ ചെയ്യാനോ ചിലര്‍ക്ക് കഴിയാറില്ല. ഇവര്‍ രാവിലെ ക്ലാസില്‍ വരുമ്പോള്‍ ഉള്ളം കൈയില്‍ ഒരു ചുവന്ന പൊട്ടു വരച്ചു വരും.
ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ പതുക്കെ ആരുമാരും ശ്രദ്ധിക്കാതെ കൈ വിടര്‍ത്തി ചുവന്ന പൊട്ടു കാണിച്ചു കൊടുക്കും.അതോടെ ടീച്ചര്‍ അവളോട്‌ ഇരുന്നോളാന്‍ പറയും. അടുത്ത ആളിനോട് ചോദ്യം ചോദിക്കും.
ഈ പരിപാടി അനര്‍ഗനിര്‍ഗളം തുടര്‍ന്ന് കൊണ്ടിരിക്കെ ക്ലാസിലെ കാന്താരി ആയ ഒരു ചെറുക്കന്‍ ഇത് കണ്ടു പിടിച്ചു !
ടീച്ചര്‍ ചോദ്യം ചോദിക്കുന്നു, പെണ്‍കുട്ടി കൈയിലെ ചുവന്ന പൊട്ടു കാണിക്കുന്നു , ടീച്ചര്‍ ഇരുന്നോലാന്‍ പറയുന്നു ! ആഹഹ ..
പിറ്റേന്ന് ചോദ്യം ഇവന്റെ മുന്നിലും എത്തി.
ഒരു നിമിഷം പാഴാക്കാതെ അവന്‍ പതുക്കെ ഉള്ളം കൈ വിടര്‍ത്തി രാവിലെ വരച്ചു വച്ച ചുവപ്പ് അടയാളം കാണിച്ചു കൊടുത്തു. എന്നിട്ട് ഇളിച്ചു നിന്നു.
പിന്നീട് സംഭവിച്ചത് ഒന്നും പ്രതീക്ഷിച്ചത് ആയിരുന്നില്ല. ടീച്ചര്‍ ഈ വിദ്വാനെയും കൂട്ടി ഓഫീസ്‌ റൂമിലേക്ക്‌ പോയി.തിരിച്ചു വരുമ്പോള്‍ രണ്ടു കൈയിലും ചുവപ്പ് വൃത്തത്തിനു പകരം നീളത്തില്‍ തിണര്‍ത്ത ' റെഡ്‌ ലൈന്‍സ്‌ ' ഉണ്ടായിരുന്നു അത്രേ !
                                                         
                                                                  *******


പ്രബി ഒരു പ്രത്യേക സ്വഭാവക്കാരന്‍ ആയിരുന്നു. മൂക്കത്ത് ദേഷ്യം.
വിശാലമായ ഞങ്ങളുടെ കോളജിലെ കാക്കതൊള്ളായിരം ഡിപ്പാര്‍ട്മേന്റുകളില്‍ പ്രബിയുടെ ' അപ്ളി ' കിട്ടിയ ഒരു കുട്ടിയെന്കിലും അക്കാലത്ത് ഉണ്ടായിരുന്നു. !
ഒന്ന് പോലും ലക്ഷ്യം കണ്ടില്ലെങ്കിലും അവന്‍ വളരെ അച്ചടക്കത്തോടെ , അര്‍പ്പണ ബോധത്തോടെ ' അപ്ളികള്‍ ' കൊടുത്തു കൊണ്ടേ ഇരുന്നു.
കോളജിലെ സ്റ്റോര്‍ കീപ്പറെ ഒരിക്കല്‍ തന്തയ്ക്കു വിളിച്ചതിനു പ്രിന്സിയുടെ അറസ്റ്റ്‌ വാറണ്ട് കിട്ടിയ വീരന്‍ കൂടെ ആകുന്നു ടിയാന്‍ .
ഞങ്ങളുടെ രാജസ്ഥാന്‍ ടൂറിനിടെ കൂട്ടത്തിലെ സ്മാര്‍ട്ട് ഏന്‍ഡ് സ്പോര്‍ട്സ്‌ ബോയിയെ കുണ്ടന്‍ അടിച്ചു ഞങ്ങളെ എല്ലാം ഷോക്ക്‌ അടിപ്പിച്ച ആളും ഈ പ്രബി തന്നെ !
പ്രബി ഒരിക്കല്‍ ലാബില്‍ വളഞ്ഞു കുത്തി ഇരുന്നു തവളയുടെ നെര്‍വും കിര്‍വും ഒക്കെ ഊരി എണീറ്റ്‌ പോകവേ അവന്റെ മുണ്ടിന്റെ പിന്നില്‍ ഒരു ചുവന്ന പൊട്ടു കണ്ടു. വലിയ ശരീരവും താങ്ങി നടന്നു നീങ്ങവേ കാണെക്കാണെ ആ പൊട്ടു വലുതായി വന്നു. പിന്നീട് അറിഞ്ഞു പൈല്‍സ്‌ ആയിരുന്നു എന്ന്. അതിനു ശേഷം ഒരിക്കലും ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കുമ്പോള്‍ അവനോടു ദേഷ്യം തോന്നിയില്ല.

                                                                   *******


എട്ടാം ക്ലാസ്സില്‍ ഒരു അത്ഭുതം പോലെ ആണ് മലയാളത്തിന്റെ പുതിയ മാഷ്‌ വന്നു കയറിയത്., പിന്നീട് ഞങ്ങളുടെ എല്ലാം ഏറെ പ്രിയപ്പെട്ട മാഷ്‌ ആയി മാറിയ കിടാവ്‌ മാഷ്‌. ...,.
കുറുംപൊയിലിലെക്ക് പോകും വഴി സ്കൂള്‍ മുറ്റം വരെ വന്നിരുന്ന തേജസ് ബസ്സില്‍ പനായി സ്റ്റോപ്പില്‍ നിന്നും കയറുന്ന കിടാവ് മാഷ്‌ തല മുകളില്‍ തട്ടാതിരിക്കാന്‍ കൂനി കൂടി ബാഗും പിടിച്ചു നിന്നു. അത്രയ്ക്കായിരുന്നു മാഷിന്റെ ഉയരം ! ഞങ്ങള്‍ ആരെങ്കിലും എണീറ്റ്‌ സീറ്റ്‌ നല്‍കിയാല്‍ മാഷ്‌ സ്നേഹപൂര്‍വ്വം നിരസിക്കും .
കൊക്കല്ലൂര്‍ സ്കൂളില്‍ നിന്നു സ്ഥലം മാറ്റം കിട്ടി വന്നതാണ് മാഷ്‌. . , കൂടെ അവിടെ പ്രചരിച്ചിരുന്ന ഇരട്ടപ്പേരും  സ്കൂളിന്റെ പടികയറി വന്നു . " എട്ടടി വീരന്‍ " !
വന്ന പാടെ തുടങ്ങി ' പീഡനം '
കോപ്പി എഴുതാത്ത ആളുകള്‍ക്ക് പണി കിട്ടും !
അടുത്ത് വിളിച്ചു ഞണ്ട് ഇറുക്കുന്ന മാതിരി ഒരു പിടുത്തം. പിന്നെ ചുവന്ന ഫൌണ്ടെന്‍ പേന കൊണ്ട് നെറ്റിയില്‍ ഒരു പൊട്ടും തൊടുവിക്കും ! ഇതൊരു ചതി ആകുന്നു. എന്തെന്നാല്‍ ചുവന്ന ' പൊട്ടന്മാരെ ' മറ്റു കുട്ടികള്‍ക്കും മാഷന്മാര്‍ക്കും , മാഷികള്‍ക്കും ( മാഷി പ്രയോഗത്തിന് കടപ്പാട് : അക്ബര്‍ കക്കട്ടില്‍ ) കണ്ടാല്‍ വേഗം മനസ്സിലാകും. ഇവന്‍ കോപ്പി എഴുതാത്ത മടിയന്‍ !
എന്തായാലും നാള്‍ക്കു നാള്‍ ' ചുവന്ന പൊട്ടന്മാര്‍ ' കുറഞ്ഞു കുറഞ്ഞു വന്നു.
' സുന്ദരന്‍ ' എന്ന വിളിപ്പേര്‍ ഉണ്ടായിരുന്ന ഇജാസിനു ആയിരുന്നു ഏറ്റവും അധികം പൊട്ട് അണിയാന്‍ ' ഭാഗ്യം ' സിദ്ധിച്ചത്.
പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ പരീക്ഷ പേപ്പര്‍ തരുക ആയിരുന്ന കിടാവ്‌ മാഷ്‌ എന്റെ ഊഴം എത്തിയപ്പോള്‍ തോളില്‍ കൈ വച്ച് ഒന്ന് മൂളി. പിന്നെ പറഞ്ഞു
" അന്ന് പൊട്ടു തോടുവിച്ചതിനു ഗുണം ഉണ്ടായി "

                                                                



                                                             *******


രാഗിണി ടീച്ചര്‍ അതീവ സുന്ദരി ആയിരുന്നു. എന്നെക്കാള്‍ ചെറുത്‌ ആയിരുന്നെങ്കില്‍ ഞാന്‍ അപ്ളി കൊടുത്തേനെ എന്ന് പ്രബി എന്നോട് പറഞ്ഞിരുന്നു ടീച്ചറെ പറ്റി.
നന്നായി സംസാരിക്കും, നന്നായി പഠിപ്പിക്കും , നന്നായി പാടും ! സെന്റോഫ് സമയത്ത്  " മറന്നിട്ടുമെന്തിനോ " എന്ന പാട്ട് ടീച്ചര്‍ അതീവ ഹൃദ്യമായി പാടി. പാടി തീരും മുന്‍പേ കരച്ചിലും തുടങ്ങി ! പെണ്‍കുട്ടികള്‍ എല്ലാം വട്ടം കൂടി ടീച്ചറെ തണുപ്പിച്ചു.
നാട്ടുകാര്‍ക്ക് ഒക്കെ റെക്കോര്‍ഡ്‌ വരച്ചു കൊടുത്ത്‌ ബാക്കി സമയം പോക്കുന്നു ഗീതയിലെ പാതിരാപ്പടവും കണ്ടു നടന്ന എനിക്ക് വര്‍ഷാവസാനം പണികിട്ടി !
സ്വന്തം റെക്കോര്‍ഡ്‌ അഞ്ചു ശതമാനം പോലും മുഴുവന്‍ ആയില്ല.
സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വന്നു. മുതു പാതിരായ്ക്ക് കോളജിന്റെ താഴ്വാരത്തെ ' റോസ് വില്ല ' എന്ന ഞങ്ങളുടെ കൊതുക് വളര്‍ത്തു കേന്ദ്രത്തില്‍ ഇരുന്നു ഒറ്റ വരയായിരുന്നു ! അന്ന് ലിമ്കയെ വിവരം അറിയിച്ചിരുന്നെങ്കില്‍ ഈ ഞാന്‍ ഇപ്പോള്‍ ഗിന്നസ്‌ ബുക്കില്‍ ഇരുന്നേനെ. അഞ്ചു മണിക്കൂര്‍ കൊണ്ട് നൂറ്റി ഇരുപതോളം മാരകമായ ചിത്രങ്ങള്‍ !
രാവിലെ വീര്‍ത്ത കണ്പോളയും ആയി ' ഒപ്പ് വാങ്ങാന്‍ ' ചെന്നു .
എന്റെ ചിത്രങ്ങളെയും , എഴുത്തിനെയും , എല്ലാം ഏറെ ഇഷ്ടത്തോടെ വീക്ഷിച്ച , പ്രോത്സാഹിപ്പിച്ച രാഗിണി ടീച്ചര്‍ മഷി എഴുതിയ ആ മനോഹര മിഴിയിണ തുറിച്ചു ഒരു നോട്ടം.
എന്തോ ഞാന്‍ കടുക് മണി പോലെ ചെറുതായി പോയി.
പിന്നെ ആക്രമണമായിരുന്നു !
ഞാന്‍ അല്ല. രാഗിണി ടീച്ചര്‍ .
ചുവന്ന മാഷിയുള്ള ബോള്‍ പോയിന്റ്‌ പെന്‍ പിച്ചാത്തി പിടിക്കും പോലെ പിടിച്ചു സര്‍വ്വ ശക്തിയും സംഭരിച്ചു നെടുകേയും കുറുകെയും ഓരോ വര !
അഞ്ചും പാത്തും പേപ്പര്‍ കൂട്ടി പിടിച്ചാണ് ഈ പ്രയോഗം.
അവസാനം കൈ കുഴഞ്ഞു കാണും ആഞ്ഞൊരു കുത്തും കൂടെ.
'മോളസ്കയിലെ' പൈല ഗ്ലോബോസയുടെ തോടിന്റെ ഉള്ളിലൂടെ കയറിയ നിബ് എമ്ബ്രിയോളജിയിലെ മൂന്നു മാസം പ്രായമായ ഭ്രൂണത്തിന്റെ തലയിലൂടെ പുറത്തു ചാടി !
നിറയെ ചുവന്ന കുത്തുകള്‍ ഉള്ള ആ പേജുകള്‍ അത്രയും ഒരുപാട് ഇഷ്ടത്തോടെ സൂക്ഷിച്ചു വച്ചു..
അഹംകാരത്തിനും തോന്നിവാസത്തിനും മീതെയുള്ള ആദ്യ റെഡ്‌ സ്പോട്ടുകള്‍ :)


                                                                 *******


2012 ജൂണിലെ നല്ല മഴയുള്ള ദിവസം അര്‍ദ്ധ രാത്രി കഴിഞ്ഞു രണ്ടു മണിക്ക് ആണ് തൃശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുന്നത്.
ഒരു ഓട്ടോ പോലും കണ്ടില്ല. അവസാനം മഴയുടെ നേര്‍ത്ത പാളിക്കുള്ളിലൂടെ ദൂരെ ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങള്‍ കണ്ടു.
ലോഡ്ജ് ..
കോണികള്‍ കയറിച്ചെന്നു.
വൃത്തിയില്ലാത്ത പരിസരം ആയിരുന്നെങ്കിലും എവിടെ എങ്കിലും ചെന്ന് വീഴാന്‍ ഉള്ള ത്വര ആയിരുന്നു ഉള്ളില്‍ .. അത് കാലിനെ മുന്നോട്ടു തന്നെ ചലിപ്പിച്ചു.
കൌണ്ടറിലെ ബെഞ്ചില്‍ മൂടി പുതച്ചു കിടക്കുന്ന ഒരു മനുഷ്യന്‍ .
വിളിച്ചു എഴുന്നേല്‍പ്പിച്ചു.
ഡബിള്‍ റൂം മാത്രമേ ഉള്ളു എന്ന് പറഞ്ഞു , സമ്മതിച്ചു. ഉടനെ അടുത്ത ചോദ്യം.
" തനിച്ചു ആണോ ? "
ചോദ്യത്തില്‍ എന്തോ പിശക് മണത്തു എങ്കിലും കൂടുതല്‍ സംസാരിച്ചില്ല. താക്കോല്‍ വാങ്ങി മുറിയിലെത്തി.
കട്ടിലില്‍ വീണതും മുട്ടയുടെ മണം !
പിടഞ്ഞെനീട്ടു. മൂട്ടയെ പേടിയാണ്. കുട്ടിക്കാലത്തെ ഉള്ള പേടി .
കൂടുതല്‍ ആലോചിക്കാതെ ബാഗില്‍ നിന്ന് കൈലി എടുത്തു തറയില്‍ വിരിച്ചു ഒറ്റ കിടത്തം.
അതിരാവിലെ മൂത്രമൊഴിക്കാന്‍ മുട്ടി എണീറ്റു. കഴിഞ്ഞപ്പോള്‍ വെറുതെ വാതില്‍ തുറന്നു ബാല്‍കണിയിലേക്ക് ഇറങ്ങി. നേരിയ ഇരുട്ടില്‍ അടുത്ത മുറിയുടെ വാതിലില്ക്കല്‍ ഒരു സ്ത്രീ സാരി തലപ്പ് വലിച്ചു തോളിലെക്കിട്ടു അകത്തേക്ക് കൈ നീട്ടി.കൈ വലിച്ചപ്പോള്‍ അതില്‍ കുറച്ചു നോട്ടുകള്‍ .
അവര്‍ അത് എണ്ണി തിട്ടപ്പെടുത്തി പേഴ്സില്‍ വച്ച് കോണി ഇറങ്ങിപ്പോയി.
അകത്തു കയറി കുറ്റിയിട്ടു. തറയില്‍ തന്നെ കിടന്നു.
നന്നായി നേരം വെളുത്തപ്പോള്‍ എണീറ്റു.കുളിച്ചു വസ്ത്രം മാറി പോകാന്‍ ഒരുങ്ങി. കട്ടിലിന്റെ ഒരു വശത്ത് അലക്ഷ്യമായി ഇട്ടിരുന്ന ബാഗ് എടുക്കവേ ബെഡ് ഷീറ്റ് കൈയില്‍ ഉടക്കി നിലത്ത് ഉതിര്‍ന്നു വീണു.ഞെട്ടിപ്പോയി.
വെളുത്ത കിടക്കയില്‍ ഒരു വലിയ പപ്പട വട്ടത്തില്‍ ഉണങ്ങിയ രക്തക്കറ .
കൌണ്ടറില്‍ ചെന്ന് ബാലന്‍സ്‌ വാങ്ങി ഓടുക ആയിരുന്നു....

Monday, June 11, 2012

പ്രളയമാണ് ഓര്‍മ്മകള്‍.

..........വേലിക്കപ്പുറം പാതി വെള്ളത്തിന്റെ പത്രാസുമായി ഭാരതപ്പുഴ പരന്നൊഴുകുകയാണ്.കണ്ടാല്‍ പേടിയാകും  സമുദ്രം മാതിരി തോന്നും എന്നാല്‍ കാര്യത്തില്‍ കഴമ്പില്ല.കടലാസു നദിയാണ്. എവിടെയും നില കിട്ടും. ലോക്കല്‍ വിറ്റുകള്‍ പറയുന്നത് തലകുത്തി നിന്നാല്‍ കഴുത്തറ്റം വെള്ളം എന്നാണു.........

വി കെ എന്നിന്റെ 'ചാത്തന്‍സ്‌ ' തിരുവാതിര അദ്ധ്യായത്തിലെ ഈ ഖണ്ഡികയുടെ അവസാന വാചകം വായിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം വന്നപ്പോള്‍ യാദ്രിശ്ചികമായി ഓര്‍ത്തത്‌ ആണ് രാമന്‍ പുഴയെ. പക്ഷെ ആ മെലിഞ്ഞ പുഴ മനസ്സിലേക്ക് ഒഴുകി സിരകളിലൂടെ പടര്‍ന്നു പന്തലിച്ചത് യാദ്രിശ്ചികം ആയി അല്ല. തുരുത്യാട്ടെയും കാഞ്ഞിക്കാവിലെയും ഓരോ മഴയും പ്രളയവും ആരംഭിക്കുന്നതും അവസാനിക്കുന്നതും രാമന്‍ പുഴയിലാണ്. ഇന്ന് ദേഹമാസകലം മുഴകള്‍ വന്നു കിടക്കപ്പുണ്ണ്‍ പേറി ഒരു രോഗിയെ പോലെ അത് കൊണ്ക്രീറ്റ്‌ ബണ്ടുകളാല്‍ മുക്കിനു മുക്ക് മുറിക്കപ്പെട്ടു ആരോടും പരിഭവം പറയാതെ പടിഞ്ഞാറോട്ട് പതിയെ ഇഴഞ്ഞു പോകുന്നു..

പുഴപോലെ മഴയും മെലിഞ്ഞുപോയി.
കണ്ണീര്‍ച്ചാലുകള്‍ പോലെ ചത്തുകിടക്കുന്ന തോടുകളില്‍ അവിടെയുമിവിടെയും തഴച്ചു വളര്‍ന്ന കുളവാഴകള്‍ക്കു ചുറ്റും ആകാശം നോക്കി നെടുവീര്‍പ്പിടുകയാണ് മഴവെള്ളം.

ഏതാണ്ട് ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഓര്‍മ്മയിലുള്ള ഒരു പ്രളയം. അന്ന് വന്ന വഴികളെല്ലാം കാര്‍ന്നു തിന്നുകൊണ്ട് രാമന്‍ പുഴ കൊളോറത്ത് താഴെ വരെയെത്തി.വയലിനക്കാരെ കൊയില്യതും കോളശ്ശേരിയുമൊക്കെ ഏതോ അജ്ഞാത ഭൂഖണ്ഡത്തിലെ വിചിത്ര തീരങ്ങള്‍ പോലെ ഒറ്റപ്പെട്ടു വിറച്ചു നിന്നു. ആരോ ആകാശത്ത് നിന്നും ബക്കറ്റില്‍ വെള്ളം കമ്ഴ്തുന്ന പോലെയാണ് മഴ പെയ്തത്. കല്ലങ്കി കുളവും തോടുവക്കണ്ടി താഴെ ഉള്ള നമ്പ്യാരുടെ കുളവും നിറഞ്ഞു വെള്ളം വയലിലേക്ക് ഒഴുകി. ഒരാഴ്ച കഴിഞ്ഞു വെള്ളമിറങ്ങിയപ്പോഴേക്കും വയലാകെ നമച്ചികള്‍ കൊണ്ട് നിറഞ്ഞു.

മഴയൊന്നു അടങ്ങുന്ന ദിവസങ്ങളില്‍ ഒക്കെ അച്ഛനും മൂത്തച്ചനും കൂടെ ചുവന്ന നിറത്തിലുള്ള സാന്യോ ടോര്‍ച്ചും, വെട്ടന്‍ കത്തിയും, തലക്കുടാദികളുമായി പാചാക്ക് വരെ മീന്‍ വെട്ടാന്‍ പോയി.
( അച്ഛന്റെ ആത്മ മിത്രങ്ങള്‍ ആയിരുന്ന പറമ്പിന്‍മുകളിലെ കൃഷ്ണന്‍ കുട്ടിയെട്ടനോ, മലയിലെ ബീരാന്‍ കാക്കയോ ആരോ കൊണ്ട് കൊടുക്കുന്നതാണ് ഈ ഗള്‍ഫന്‍ ടോര്ച്ചുകള്‍. അവര്‍ രണ്ടാളും ഗള്‍ഫിലായിരുന്നു.
ഈ ജപ്പാന്‍ സ്വദേശി ടോര്‍ച്ച് വീരന്റെ കഴുത്ത് 'ടോക് ടിക്ക്‌ ' എന്ന് രണ്ടു തവണ ഒടിച്ചാല്‍ അവനെ ചാര്‍ജ്‌ ചെയ്യാനുള്ള പിന്ന് അണ്ണാക്കില്‍ കാണാം. അത് നിവര്‍ത്തി വേറൊരു കറുത്ത പിന്‍ പിടിപ്പിച്ചു പ്ലഗ്ഗില്‍ താഴ്ത്തിയാണ് പ്രസ്തുത സാന്യോ നായരെ ചാര്‍ജ്‌ ചെയ്യുക. വാല് വളച്ചു മുക്കുറ്റിയില്‍ ചെന്നിരിക്കുന്ന വലിയ തുമ്പിയെ പോലെ ഉണ്ടാകും ചാര്‍ജ്‌ ചെയ്യുന്ന വേളയില്‍ ഈ ടോര്‍ച്ചന്‍ )
പാതിരായ്ക്ക് കയറി വരുമ്പോള്‍ മുഴുത്ത നാലഞ്ചു ബ്രാലോ, എട്ടയോ, മുഴുവോ, കടുവോ ഒക്കെ കാണും. ചിലപ്പോള്‍ ആമകളും ഉണ്ടാകും. കരണ്ട് ടോര്‍ച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ വെള്ളം കുറഞ്ഞ ഭാഗങ്ങളില്‍ അന്തംവിട്ടു നില്‍ക്കുന്ന മീനിന്റെ തലയ്ക്കു റിപ്പര്‍ ചന്ദ്രന്റെ ചേലില്‍ വെട്ടിയാണ് പിടുത്തം.
ഒരിക്കല്‍ അങ്ങനെ കൊണ്ടുവന്ന ഒരു ഒന്നൊന്നര എട്ടയെ അമ്മയും അമ്മുക്കുട്ടി അമ്മയും പുലരും വരെ കിണറ്റിന്‍ കരയിലെ കല്ലില്‍ മാറി മാറി ഉരച്ചാണ് കൂട്ടാന്‍ വയ്ക്കാന്‍ പാകമാക്കിയത്. എട്ടയുടെ ശല്‍ക്കങ്ങള്‍ അത്രയ്ക്ക് കഠിനവും തൊലിക്ക് അപാര കട്ടിയുമാണ്.
തല പുറത്ത്‌ ഇടാത്ത ആമയെ ചൂടുവെള്ളത്തില്‍ ഇട്ടാണ് പുറന്തോട് കളയുന്നത്. പിടയ്ക്കുന്ന എട്ടയെ ഉരയ്ക്കുന്ന ഓരോ ഉരയും എന്റെ കുഞ്ഞു കണ്ണുകളെ കുത്തിനോവിക്കുകയും ആമയുടെ ഓരോ പിടച്ചിലും എന്റെ കൊച്ചു കൈകാലുകളെ പൊള്ളി അടര്തിയതിനാലും ഒരിക്കല്‍ പോലും അവയുടെയൊന്നും രുചി നോക്കാന്‍ പോയില്ല.

മഴക്കാലത്തും കച്ചവടത്തിനും സേവനതിനുമായി വീടുകളിലെ സന്ദര്‍ശനം മുടക്കാത്ത കുറച്ചു നല്ല മനുഷ്യര്‍ ഉണ്ടായിരുന്നു. വെളുതാടത്തി അമ്മാളു അമ്മ, കോഴിക്കാരന്‍ അബു ഇക്ക, തുണിക്കാര്‍ ആയ നമ്പ്യാരും വിജയെട്ടനും ഒക്കെ..

ചേരിന്റെ കുരു കൊണ്ട് അടയാളമിട്ട, അലക്കി ഉണക്കി മടക്കി വെച്ച വേഷ്ടിയും മുണ്ടും എടുത്ത് വല്യമ്മയ്ക്ക് മുന്‍പില്‍ കട്ടിലില്‍ വച്ചിട്ടുണ്ടാകും അമ്മാളു അമ്മ.ആ പ്രദേശത്തിന്റെ അനൌദ്യോഗിക അലക്കുകാരി ! വിസ്തരിച്ചു ഒന്ന് മുറുക്കി പുഴയ്ക്ക് അക്കരെയുള്ള ഗോസിപ്പുകള്‍ വല്യമ്മയ്ക്ക് കൈമാറി ഇക്കരയയുള്ള പരദൂഷണങ്ങള്‍ ചൂടോടെ വല്യമ്മയില്‍ നിന്നു കൈപ്പറ്റി കൂലിയും വാങ്ങി അമ്മാളു അമ്മ തുണിക്കെട്ട് നിറച്ച ഭാണ്ഡവും പേറി അടുത്ത കസ്റ്റമറിന്റെ അടുത്തേക്ക് പോകും.

നമ്പ്യാരെ കുറിച്ചുള്ള വല്യമ്മയുടെ അഭിപ്രായം ഒനൊരു പേടിക്കൊടലന്‍ ആണ് എന്നാകുന്നു.അതിനു ഉപോല്‍ബലകം ആയ തെളിവ് സൃഷ്ടിച്ചു കൊണ്ട് ഒരു പെരുമഴച്ചോര്‍ച്ചയ്ക്ക് തുണിസഞ്ചിയും കൊണ്ട് മുറ്റത്ത്‌ കെട്ടികിടക്കുന്ന ചെളിവെള്ളത്തില്‍ വെട്ടിയിട്ട ചക്ക പോലെ ദാ കിടക്കുന്നു നമ്പ്യാര് ..വായിലും മൂക്കിലും എല്ലാം വെള്ളം കയറി. ഏതാണ്ട് അബോധാവസ്ഥയില്‍ ആയ അദേഹത്തെ എല്ലാരും ചേര്‍ന്ന് ചാണകം മെഴുകിയ കൊലയുടെ സിമന്റിട്ട വക്കില്‍ എടുത്തു കിടത്തി. നന്നായി സ്വബോധം ആയപ്പോള്‍ കട്ടന്‍ ചായയും വാങ്ങിക്കുടിച്ചു റിലാക്സ് ചെയ്യവേ അപ്രതീക്ഷിതമായി ഒരു തുമ്മല്‍.! നേരത്തെ മൂക്കില്‍ കയറിയ ചളി കുറച്ചു പുറത്തേക്കു ചീറ്റിയതും ' അയ്യോ ചോര ' എന്ന് നിലവിളിച്ചു നമ്പ്യാര്‍ അവിടെ തന്നെ കിടന്നു.!

വിജയേട്ടന്‍ അന്ന് നന്നേ ചെറുപ്പമായിരുന്നു. ഒരു കാല്‍ വച്ചാല്‍ അടുത്ത കാല്‍ അടുത്ത പറമ്പില്‍ ആണ് വെക്കുക, അങ്ങനെ ആണ് വിജയേട്ടന്റെ നടത്തം :) തലയില്‍ മിക്കപ്പോഴും തൂവാലയും കാണും.വീട് വീടാന്തരം വില്‍ക്കുന്ന തുണിയുടെ പൈസ ആഴ്ചയിലും വന്നു പിരിച്ചു കൊണ്ട് പോകുന്നു. കുംഭം മീനം മാസമായാല്‍ കണ്ണംപാല തെരു അമ്പലത്തിലെ ഉത്സവ തിരക്കില്‍ ആയിരിക്കും ഇദ്ദേഹം. വലിയ തീവെട്ടി വിളക്കും പേറി എഴുന്നള്ളതിന്റെ മുന്‍ നിരയില്‍ തന്നെ എല്ലാ ഉത്സവത്തിനും കാണാറുമുണ്ട്. നമ്പ്യാരും വിജയെട്ടനും ഇപ്പോഴും സജീവമാണ് തുരുത്യാട്ടും കാഞ്ഞിക്കാവിലും.

അബുക്കയുടെ വരവ് ചീട്ടില്‍ കാണുന്ന ജോക്കറിനെ പോലെയാണ്. രണ്ടു കൈയിലും തല കീഴായി തൂക്കിയിട്ട നാലഞ്ചു കോഴികളെ കാണും. അവയുടെ കാലുകള്‍ പാളനാരു കൊണ്ടോ വാഴക്കൈ കൊണ്ടോ കെട്ടിയിട്ടുണ്ടാകും.
പളപളാ തിളങ്ങുന്ന പോളിയെസ്റ്റര്‍ ഡബിള്‍ മുണ്ടും നീളം കൈയന്‍ കുപ്പായവും ഇടുന്ന അബൂക്കയുടെ നെഞ്ചില്‍ ഷൂ ലേസ് കെട്ടിയ പോലെ തലങ്ങും വിലങ്ങും തുന്നിയ ഒരു പാട് വ്യക്തമായി കാണാം. ഏതോ ' ഓപ്പറേഷന്‍ ' കഴിഞ്ഞതാണെന്ന് അമ്മ പറഞ്ഞു. കോഴി ബിസിനസ് ഒക്കെ നിര്‍ത്തി ഇക്ക ഇപ്പോള്‍ ഗള്‍ഫില്‍ എവിടെയോ ആണ്.

ബാല്യത്തില്‍ ഒരുപാട് മോഹിച്ചു കിട്ടാതെ പോയ രണ്ടു ഉരുപ്പടികള്‍ ഒന്നു ഉരുട്ടി കളിക്കാന്‍  ജീപ്പിന്റെ ഒരു പഴയ ടയറും, മറ്റേതു ഒരു ചേര്‍മീനും ആകുന്നു !

തേഞ്ഞ ടയര്‍ തരാമെന്നു പറഞ്ഞു കല്ലങ്കി ഭാസ്കരേട്ടന്‍ ആദ്യം തോല്‍പ്പിച്ചു. കടുവിന്റെ കുട്ടിയെ അനിക്സ്പ്രെ കുപ്പിയില്‍ ആക്കി തന്നു ' കൊണ്ടുഓയി കെനട്ടില്‍ ഇട്ടോ, ചേര്‍മീനാണ് ' എന്ന് പറഞ്ഞു പറ്റിച്ച് രഞ്ജിത്തും തോല്‍പ്പിച്ചു. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന് ജീവിതം പിന്നെയും  ബാക്കി :D
നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രധാന ചേര്‍മീനന്മാര്‍  വടക്ക് നിന്ന് തെക്കോട്ട് യഥാക്രമം കുനിയില്‍, പന്നോണ, ചാത്തോത്ത്‌ എന്നീ വീടുകളിലെ കിണറ്റില്‍ പരിലസിച്ചവ ആകുന്നു. പിന്നെ ഒരു അര ചെര്‍മീന്‍ രഞ്ജിത്തിന്റെ കിണറ്റിലും ഹി ഹി. അതില്‍ ചാതോതെ കിണറ്റിലെ മീനിനെ കാണാന്‍ പോകുമ്പോള്‍ ആണ് മഠത്തില്‍ സോമനെ ഞെണ്ട് ഇറുക്കിയത്.. കേവലം ഒരു ഞെണ്ടിന്റെ ഇറുക്ക് എങ്ങനെ അന്തര്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു എന്ന് സംശയിക്കുന്നില്ലേ ? അതിലും കാര്യമുണ്ട്.!

അതൊരു കൊടും വഞ്ചനയുടെ കഥയാകുന്നു ! വില്ലന്‍ അഥവാ വര്‍ഗ്ഗ വഞ്ചകന്‍ എന്റെ മൂത്തച്ചന്‍ എന്ന വീരന്‍ തന്നെയാകുന്നു. തോട്ടിന്‍ വക്കത്തു കുന്തിച്ചിരുന്നു ജലജീവിതം നിരീക്ഷിക്കുകയായിരുന്നു ശാസ്ത്ര കുതുകിയും ക്ഷമാശീലനും സര്‍വ്വോപരി കുരുട്ടു ബുദ്ധിയും ആയ സോമന്‍ മഠത്തില്‍. അപ്പോഴാണ്‌ എവിടുന്നോ പണിയും കഴിഞ്ഞു നമ്മുടെ വില്ലന്‍, വര്‍ഗ്ഗ വഞ്ചകന്‍ തേങ്ങ  പൊളിക്കുന്ന പാരയോക്കെ ചുമലില്‍ വച്ച് അതിലെ കടന്നു പോയത്. പോകുന്ന പോക്കില്‍ ഇങ്ങേര്‍ സോമന്‍ കേള്‍ക്കെ ഇങ്ങനെ പറഞ്ഞു.

" ഇടവ മാസത്തില്‍ ഞണ്ട് ഇറുക്കില്ലെടോ"

സോമന്റെ മനസ്സില്‍ ലഡു പൊട്ടി. ഏതായാലും തോടിനു കുറുകെ ഇട്ട തെങ്ങിന്‍ പാലവും കടന്നു മൂത്തച്ചന്‍ പറമ്പിലേക്ക് കയറിയപ്പോള്‍ തന്നെ വയലില്‍ നിന്നും സോമന്റെ അലര്‍ച്ച കേട്ടു :D

ഡോള്‍ഫിനെ പോലെ അനുസരണ കാണിക്കുമെന്നത് ആണ് ചേര്‍മീന്‍ ഞങ്ങളുടെ എല്ലാം സ്വപ്ന പെറ്റ് ആകാന്‍ കാരണം.അനുസരണയില്‍ അഗ്രഗണ്യന്‍ ആയ ( അതോ അഗ്രഗണ്യയോ ? മീനിന്റെ ലിംഗം നിര്‍ണ്ണയിക്കാന്‍ ഞാന്‍ സുവോളജിയിലെ ബി എസ് സിക്ക് ശേഷവും അശക്തന്‍ ആണ് :-O ) ചെര്‍മീന്‍ ആയിരുന്നു കുനിയിലെ ഷിനോജ് ചേട്ടന്റെ വീട്ടിലെത്. മഴ പെയ്തു വെള്ളം കിണറ്റിന്റെ ഒത്തമുകളില്‍ എത്തുമ്പോള്‍ ഷിനോജേട്ടനോ വീട്ടുകാരോ കൈ കാണിക്കുംപോഴേക്കും ഈ മീന്‍ പൊങ്ങി വന്നു വാലാട്ടാനും ഇട്ടു കൊടുക്കുന്ന വറ്റിന്‍ മണികള്‍ നുണയാനും തുടങ്ങും. പത്തു കൊല്ലത്തില്‍ അധികം ആയി ആ മീന്‍ ഈ കിണറ്റില്‍. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ.
ആയിടെയാണ് ഒരു തിരുവാതിരയ്ക്ക് തിരി മുറിയാതെ മഴ പെയ്തു കുനിയിലെ കിണറും രാമന്‍ പുഴയും എല്ലാം ഒരു മെയ്യും ഒരു മനസ്സുമായി അറബിക്കടലിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വെള്ളത്തിലൂടെ തന്നെ കഷ്ടപ്പെട്ട് പോയി കിണറ്റില്‍ നോക്കിയെങ്കിലും ആര്‍ക്കും ആ മീനിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല...ഒരു മരിച്ച വീടിന്റെ പ്രതീതി..
ഏറെ കഴിഞ്ഞില്ല, നിശബ്ദതയെ കീറി മുറിച്ചു കുപ്രസിദ്ധ ഒറ്റല്‍ വീരന്‍ ( മീനിനെ പിടിക്കാനുള്ള മുളങ്കോട്ട ആണ് ഒറ്റല്‍ ) കരടിക്കണാരന്‍ നീന്തി വന്നു കയറിയത്.
പല്ലിട കുത്തിക്കൊണ്ടു കരടി തുടങ്ങി.
" ഷിനോജെ, ഇംവലുപ്പള്ള ഒരു ചേര്‍മീനാ ന്നലെ ഇന്റെ വലേല് വന്നു കയറിയത്. " വലിപ്പം കാണിക്കാന്‍ കരടി രണ്ടു കൈയും നിവര്‍ത്തി
" ഏതാണ്ട് അന്റെ കെണറ്റിലെ മീന്റെ അത്രേം ബലിപ്പം ! രാത്രി തന്നെ പൊരിച്ച് അടിച്ചു. ബാക്കി രാവിലേം അടിച്ചു. അങ്ങട്ടെലും കൊടുത്തു, ന്നിട്ടും തീര്‍ന്നില്ല."

Tuesday, March 6, 2012

റാഹില

ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ആയിരുന്നു റാഹില. നാലഞ്ചു വയസ്സിനു മൂത്തതായിരുന്നു എന്റെ..
ഇഷ്ടവും,ആരാധനയും ആവേശവും ഒക്കെയായിരുന്നു അവളോട്‌...,..
ക്രിക്കറ്റ്‌ ടീമിലെ എന്റെ സീനിയര്‍മാര്‍ അവരുടെ ക്ലാസ്മേറ്റ് ആയ രാഹിലയ്ക്ക് മലയാളം സെക്കന്റിനു അന്‍പതില്‍ നാല്‍പ്പതു മാര്‍ക്ക് കിട്ടി എന്ന് കുശുമ്പ് പറഞ്ഞു കേട്ടപ്പോള്‍ മുതല്‍ എന്താണെന്നറിയില്ല ആ ഇഷ്ടം പതിന്മടങ്ങ്‌ വര്‍ധിച്ചു..
പനമ്പിൻമുകളിലെ ഗോപാലേട്ടന്റെ  പീടികയില്‍ നിന്ന് അരിയും പഞ്ചസാരയും കടുക്‌ ജീരകാദികളും കുത്തി നിറച്ച പച്ച പ്ലാസ്റ്റിക്‌ സഞ്ചി തലയിലും തോളിലും മാറി മാറി വച്ച് വീട്ടിലേക്കു വരുമ്പോള്‍ ഒരിക്കലും വറ്റാത്ത ആ കിണറിന്റെ അരികില്‍  ചെറിയ മാവിന്റെ താഴത്തെ കൊമ്പില്‍ ഇരുന്നു കൊലുസണിഞ്ഞ, കടലാസു പോലെ വെളുത്ത കാലുകള്‍ ആട്ടി പഠിക്കുകയായിരിക്കും   റാഹില. കടന്നു പോകുമ്പോള്‍ വെള്ളാരം കണ്ണുകള്‍ വിടര്‍ത്തി നിരന്നു ഭംഗിയുള്ള പല്ലുകള്‍ കാണിച്ചു ചിരിക്കും. അപ്പോള്‍ ഇരു കവിളിലും കുഞ്ഞു നുണക്കുഴികള്‍ വിരിയും..

മൊയ്തീന്‍ കുട്ടിക്കായ്ക്ക്‌ രണ്ടു കുട്ടികളായിരുന്നു. നജ്മയും രാഹിലയും. ഭാര്യ ബീപാതു എന്നെങ്കിലും മൊയ്തീന്‍ കുട്ടിക്കായോടു സ്നേഹത്തോടെ സംസാരിക്കുന്നത് കേട്ടിട്ടില്ല...ബീപാതുമ്മയും നജ്മയുമെല്ലാം ' ഗംഗന്‍ നായരുടെ മോനെന്നു ' വിളിച്ചപ്പോള്‍ ഉണ്ണീ എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്യുമായിരുന്നു റാഹില. 

അച്ഛന്റെ പുകവലിയാണ് ആ വീടുമായി എന്നെ ബന്ധിപ്പിക്കുന്നത്. ( ഒരിക്കല്‍  സ്വയം വലിച്ചു നോക്കാന്‍ മോഷ്ടിച്ച ബീഡിയുമായി ഞാന്‍ പിടിക്കപ്പെട്ട ദിവസം കുറ്റബോധം കാരണം അച്ഛന്‍ ബീഡി വലി നിര്‍ത്തുകയായിരുന്നു.പിന്നീടൊരിക്കലും എന്റെ മുന്നില്‍ വച്ച് അച്ഛന്‍ പുക വലിചിരുന്നില്ല..നിങ്ങളും അങ്ങനെ നിങ്ങളുടെ കുഞ്ഞുങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പേ ഒരു കാര്യം അറിയുക. അവര്‍ കാണാതെ വലിച്ചിട്ട് പ്രയോജനം ഒന്നുമില്ല.കാരണം പുകയിലയോട് നിങ്ങളുടെ മനസ്സിനും ശരീരത്തിനും തോന്നുന്ന ഇഷ്ടം - അടിമത്തം ജീനുകളില്‍ മാറ്റം വരുത്തി അത് അടുത്ത തലമുറയിലേക്ക് വ്യാപനം ചെയ്യും- ഇതിനെ വ്യതിയാനം ( Variation)  എന്ന് വിളിക്കാം എന്നാണു എന്റെ ധാരണ. അതായത് നിങ്ങള്‍ ആരും അറിയാതെ വലിച്ചാലും വലിയവന്മാര്‍ ആകേണ്ട നിങ്ങളുടെ കുട്ടികള്‍ ' വലിയന്മാരായി' മാറും ! )
മൊയ്തീന്‍ കുട്ടിക്കാ അസ്സലായി ബീഡി തെരയ്ക്കും. ( ബീഡി കെട്ടുന്നതിന് ഇവിടെ അങ്ങനെയാ പറയുക ) നേരം വെളുത്താല്‍ ചതുരാകൃതിയില്‍ ഉള്ള മുറത്തില്‍ വെട്ടി വൃത്തിയാക്കിയ ഉണക്ക ഇലകളും പുകയിലപ്പോടിയും ആയി ഒറ്റ ഇരിപ്പാണ്. ദ്രുത ഗതിയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന വിരലുകളിലൂടെ മാജിക്‌ എന്നോണം ബീഡികള്‍ ജനിച്ചു കൊണ്ടേ ഇരിക്കും. 25 അല്ലെങ്കില്‍ 50 പൈസയ്ക്ക് അഞ്ചു മുതല്‍ പത്തു വരെ ബീടികള്‍ കിട്ടും. അതും വാങ്ങി തിരികെ നടക്കുമ്പോള്‍ വെറുതെ ഒന്ന് പരതും. കിണറ്റിന്‍ കരയിലോ ബുഷ്‌ ചെടികള്‍ക്കിടയിലോ എങ്ങാനും കുസൃതി നിറഞ്ഞ ഒരു വെള്ളാരംകല്‍ മിഴിയിണ ?
മൊയ്തീന്‍ കുട്ടിക്കാ ഇടയ്ക്കിടെ അപസ്മാരം ഇളകി വീഴും.പലപ്പോഴും ബീഡിക്ക് ചെല്ലുമ്പോള്‍ അദ്ദേഹം അത്തരം മയക്കത്തില്‍ ആയിരിക്കും.
ഒരിക്കല്‍ കൂട്ട നിലവിളി കേട്ട് ഓടി ചെന്നപ്പോള്‍ ഇക്ക നിലത്ത് കിടക്കുന്നു.കണ്‍ ഗോളങ്ങള്‍ പിന്നോട്ട് മറിഞ്ഞു ശാന്തനായി..വായിലൂടെ ഒലിച്ചിറങ്ങിയിരുന്ന ഒരു മഞ്ഞ ദ്രാവകം ഇന്നും എന്നെ അലട്ടുന്നുണ്ട്. കാരണം അതിനു മുന്‍പ്‌ ഒരിക്കലും അപസ്മാരം ഇളകി കിടക്കുമ്പോള്‍ അത്തരം ഒരു പത അദ്ദേഹത്തിന്റെ വായില്‍ നിന്നും വന്നത് ഞാന്‍ കണ്ടിരുന്നില്ല. എന്തൊക്കെയോ ദുരൂഹതകള്‍ക്കിടയില്‍ അദ്ദേഹം മരിച്ചു..

പത്താം ക്ലാസ്‌ പരീക്ഷയുടെ ഫലം വരും മുന്‍പ്‌ തന്നെ രാഹിലയുടെ നിക്കാഹ് ഉറപ്പിച്ചിരുന്നു എന്നാണു എന്റെ ഓര്‍മ്മ. നാട്ടുകാരെല്ലാം ബിരിയാണിയും കഴിച്ചു പിരിഞ്ഞു പോയി..
ജീവന് തുല്യം സ്നേഹിച്ച പുസ്തകങ്ങളെ തട്ടിന്‍ പുറത്തെ ഇരുട്ടില്‍ തനിച്ചാക്കി റാഹില പോയി.
നിറവയറും താങ്ങി അവള്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ പഠിച്ചവര്‍ കോളജുകളില്‍ നിന്ന് വരുമ്പോഴും പോകുമ്പോഴും അവളെ സഹതാപത്തോടെ നോക്കി.
മാസങ്ങള്‍ക്ക് ശേഷം അവളെ പോലെ തന്നെ സുന്ദരിയായ ഒരു പെണ്കുഞ്ഞുമായി അവള്‍ വീടിന്റെ പടി കയറി വന്നു.. നിശബ്ദതയും തണുപ്പും തളംകെട്ടിയ ഇരുണ്ട മുറിയില്‍ കുഞ്ഞിനെ മാറോടു ചേര്‍ത്ത് എന്തൊക്കെയോ പിറുപിറുത്തു അവള്‍ ഇരിക്കുകയും കിടക്കുകയും ചെയ്തു. കൊതിപ്പിച്ച കണ്ണുകളില്‍ ശൂന്യത നിറയുന്നത് പേടിയോടെ എപ്പോഴോ ഞാന്‍ നോക്കിക്കണ്ടു. ഇതേ പോലത്തെ ഒരു വേനല്‍ക്കാല മധ്യാഹ്ന നേരത്ത് രണ്ടാമതൊരിക്കല്‍ കൂടെ ആ വീട്ടില്‍ നിന്ന് ഒരു കരച്ചില്‍ ഉയര്‍ന്നു. ആദ്യം ഓടിയെത്തിയത് ഞാനും രഞ്ജിത്തും ആയിരുന്നു.
കോലായില്‍ നിലവിളിച്ചു കൊണ്ട് നജ്മ പറഞ്ഞു  " രാഹിലെനേം മോളേം കാണുന്നില്ല "
അകത്തേക്ക് ഓടിച്ചെന്നു. രാഹിലയുടെ മുറിയില്‍ ഇരുട്ടായിരുന്നു. ചുവരില്‍ തപ്പി തപ്പി സ്വിച് ഓണ്‍ ചെയ്തു തിരിഞ്ഞത് രാഹിലയുടെ മുഖത്തേക്ക് ! അവള്‍ ഒരു വെളുത്ത സാരിയുടെ തുമ്പില്‍ പതുക്കെ ആടുകയായിരുന്നു. മുകളില്‍ സാരി കെട്ടിയ ഫാന്‍ പെന്‍ഡുലം പോലെ മെല്ലെ അനങ്ങുന്നുണ്ടായിരുന്നു. മുഖം മാന്തി വികൃതമാക്കുകയോ നാവു കടിച്ചു മുറിക്കുകയോ വിസര്‍ജിക്കുകയോ ചെയ്തിട്ടില്ല. മരണത്തിന് പോലും അവളുടെ മുഖത്തെ വിക്രുതമാക്കാന്‍ തോന്നിക്കാണില്ല..എന്നിട്ടും എന്തെ ആരൊക്കെയോ അവളെ ഇങ്ങനെ ?...

ഇന്ന് കണ്ണംപാലതെരു ഉത്സവം കഴിഞ്ഞു വരുമ്പോള്‍ അവളെ കണ്ടു. രാഹിലയുടെ മകളെ !നടുങ്ങിപ്പോയി. അത്രയ്ക്കാണ് സാദ്രിശ്യം..അവള്‍ തട്ടം നേരെയാക്കി ചിരിച്ചു..
ചിരിക്കണോ കരയണോ എന്നറിയാതെ തലയാട്ടി നടന്നു പോരുമ്പോള്‍ മനസ്സ് നിറയെ ആ മകള്‍ക്ക് നന്മ മാത്രമേ സംഭവിക്കൂ എന്ന് ധൈര്യപ്പെടുത്തുക ആയിരുന്നു. 

Thursday, January 5, 2012

കുട്ടികൃഷ്ണൻ ദൈവം

ദൈവത്തെ മാര്‍ക്കറ്റ് ചെയ്തും, അമ്പലങ്ങളെ കച്ചവട സ്ഥാപനങ്ങള്‍ ആക്കിയും ദൈവ പിതാക്കന്മാരും ദൈവപുത്രന്മാരും തടിച്ചു കൊഴുതുകൊണ്ടിരിന്നപ്പോഴും ഊണും ഉറക്കവും വെടിഞ്ഞു ദൈവത്തെ പകര്‍ന്നാടിയും ഉപാസിച്ചും ജീവിച്ച ഒരു വിഭാഗം മെലിഞ്ഞു മെലിഞ്ഞു ഇല്ലാതായിപ്പോയി..!
പറയാനുള്ളത് കുട്ടികൃഷ്ണൻ  ദൈവത്തെ കുറിച്ചാകുന്നു.

ദൈവം ആളായതോ ആള്‍ ദൈവമായതോ അല്ല. മറിച്ചു ദൈവത്തിനും നാട്ടുകാര്‍ക്കുമിടയില്‍ ഒരു പാലം പോലെ കുട്ടികൃഷ്ണൻ  ദൈവം കാലം കഴിച്ചു..ആണ്ടോടാണ്ട് വ്രത സഹിതം സുഖിപ്പിച്ചിരുന്ന മുരുകനും മുത്തപ്പനും കനിഞ്ഞു നല്‍കിയ സകല കഷ്ടപ്പാടുകളുടെയും മുഖത്ത് കാറിത്തുപ്പി ഒടുവില്‍ ഈ ലോകം വിട്ടു പോവുകയും ചെയ്തു.

നാരങ്ങാട്ടെയും താനിക്കാവിലെയും  വാഴത്തോപ്പുകളില്‍ മാന്‍ കൊമ്പിന്റെ പിടിയുള്ള പിച്ചാത്തിയുമായി   കുട്ടികൃഷ്‌ണേട്ട്ൻ   നിത്യക്കാഴ്ചയായിരുന്നു..മുറിച്ചിട്ട വാഴയിലകളില്‍ നാക്കിലയും നടുവിലയും വേര്‍തിരിച്ചു ഭംഗിയില്‍ വാഴനാര് കൊണ്ട് കെട്ടിവച്ചു ട്രൌസറിന്റെ കീശയില്‍ നിന്ന് കടും കാപ്പി നിറമുള്ള ചുരുട്ട് എടുത്തു ചുണ്ടില്‍ വച്ച് തീ പകരും. രണ്ടാമത്തെയോ മൂന്നാമത്തെയോ കവിള്‍ പുകയെടുത്താല്‍ എഴുന്നേറ്റ് ഇലക്കെട്ടുമെടുത്ത് തലയില്‍ വച്ച് ഒരു നടത്തമാണ് പനമ്പിൻമുകൾ  അങ്ങാടിയിലേക്ക്..അമ്മദിക്കയുടെയോ സുലൈമാനിക്കയുടെയോ  ഹോട്ടലാണ് ലക്‌ഷ്യം. അത് കുട്ടികൃഷ്‌ണേട്ടന്റെ  പകല്‍ ജീവിതം.

പക്ഷെ ഓര്‍മ്മചിത്രങ്ങളില്‍ ആദ്യം തെളിയുന്നത് സ്കൂള്‍ വിട്ടു വരുന്ന നേരത്ത് എന്റെ വീടിന്റെ കോലായില്‍ ഇരുന്നു കവുങ്ങിന്‍ തടി ചീന്തി പന്തം കെട്ടാനുള്ള കോലുകള്‍ ചെത്തിയുണ്ടാക്കുന്ന  കുട്ടികൃഷ്‌ണേട്ടൻ  ആണ്..ചിരിക്കുകയില്ല. മുഖത്തെപ്പോഴും സ്ഥായിയായ ഒരു ഭാവമാണ്..അടക്കത്തോടെ ഭക്തി നിര്‍ഭരമായനിശബ്ദതയോടെ വല്യമ്മ ' ദൈവത്തിനു കൊടുക്കാന്‍' ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം കുട്ടികൃഷ്‌ണേട്ടന്റെ അടുത്ത് കൊണ്ട് വയ്ക്കുന്നുണ്ടാകും..
എന്തെങ്കിലും പോരായ്ക വന്നാല്‍നടുക്കത്തെ അകത്തേക്ക് നോക്കി   ' ചിരുതെയ്‌ അമ്മെ ' എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിക്കും. അടുത്ത നിമിഷം ഉമ്മറപ്പടിക്കല്‍ വല്യമ്മ പ്രത്യക്ഷപ്പെടുകയും ചെയ്യും. പന്തതിനുള്ള തുണി, എണ്ണ, വാഴയിലകള്‍ (പൂജയ്ക്ക് നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കാനും, ദൈവത്തിനുള്ള നിവേദ്യമായ പുഴുക്ക് മൂടി വയ്ക്കാനും ) നിലവിളക്ക്, ചന്ദന മുട്ടിയും അത് അരക്കാനുള്ള ഓട്ടിന്‍ കഷണവും, മുത്തപ്പന് നേദിക്കാനുള്ള കള്ളും..അങ്ങനെ ഒരു കൂട്ടം..


നേരം നല്ലോണം ഇരുട്ടുന്നതോടെ ക്രിയകള്‍ ആരംഭിക്കും. ചമ്രം പടിഞ്ഞിരുന്ന്  കണ്ണടച്ച് മന്ത്രങ്ങള്‍ ഉരുവിടുന്ന കുട്ടികൃഷ്‌ണേട്ടൻ നിരന്തരം ചലിച്ചുകൊണ്ടേ ഇരിക്കും..വാഴ ഇലകള്‍ കീറി നക്ഷത്ര ചിഹ്നങ്ങള്‍ ഉണ്ടാക്കി അതിന്മേല്‍ തിരികള്‍ കത്തിച്ചു വയ്ക്കുന്നു..പിന്നെ ഇലയില്‍ വിളമ്പി പലകയ്ക്ക് മുകളില്‍ വച്ചിട്ടുള്ള പുഴുക്കിനും അവല്‍മലരാദികള്‍ക്കും മേലെ ഓരോ ഇലകള്‍ കമഴ്ത്തി അതിനു മേലെയും തിരികള്‍ കത്തിച്ചു വയ്ക്കും. ഓട്ടുകിണ്ടി ചരിച്ചു വെള്ളം നല്‍കും. തുളസിയുടെയും ചന്ദനതിരിയുടെയും എല്ലാം ഗന്ധം പരന്നുകൊണ്ടേയിരിക്കും. ഒടുവില്‍ നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള പന്തങ്ങള്‍ എടുത്തു എണ്ണയൊഴിച്ച് തീ പകരും. അത് ഇരുകൈകള്‍ കൊണ്ടും ചേര്‍ത്തുപിടിച്ചു കണ്ണുകള്‍ അടച്ചു മന്ത്രങ്ങള്‍ ഉരുവിടും. പിന്നെ പതിയെ കണ്ണുകള്‍ തുറന്നു ആളിക്കത്തുന്ന പന്തങ്ങള്‍ മുന്നോട്ടു നീട്ടും..ആദ്യം വല്യമ്മയും തുടര്‍ന്ന് മറ്റെല്ലാവരും വന്നു രണ്ടു കൈകളാലും അഗ്നിയെ ആവാഹിച്ചു നെഞ്ചിലും മുഖത്തും വയ്ക്കുന്നു..അത് കഴിയുന്നതോടെ പന്തങ്ങള്‍ കുട്ടികൃഷ്‌ണേട്ടൻ നേരത്തെ മുറിച്ചു വച്ചിരുന്ന വാഴക്കൈകളില്‍ കുത്തിവയ്ക്കും..ചെറിയ വാഴക്കൈകള്‍ പലപ്പോഴും പന്തത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ മറിഞ്ഞു വീഴും. എങ്കിലും വിദഗ്ദമായി കുട്ടികൃഷ്‌ണേട്ടൻ അതിനെ ഉറപ്പിച്ചു നിര്‍ത്തും..തറ്റുടുത്ത മുണ്ട് അഴിച്ചു നേരെ ആക്കി കൈവിരലുകള്‍ ഞൊടിച്ചു, പരസ്പരം ഉഴിഞ്ഞു അല്‍പ്പം നിന്ന ശേഷം വല്യമ്മയെ നോക്കും..സിഗ്നല്‍ കാത്തിരിക്കുക ആയിരുന്ന വല്യമ്മ മുടിയൊക്കെ വാരിക്കെട്ടി അടുക്കളയിലേക്കു നീങ്ങും..അല്പ്പ സമയം വിശ്രമിച്ച ശേഷം കൈകഴുകി വന്നിരിക്കുന്ന കുട്ടികൃഷ്‌ണേട്ടന്റെ ഒപ്പം എല്ലാരും പുഴുക്കും, അവിലും, തേങ്ങയും എല്ലാം കഴിക്കും..മുത്തപ്പന് നിവേദിച്ച കള്ളു എവിടെ പോയെന്നു കൌതുകമായിരുന്നു..( പിന്നീടൊരിക്കല്‍ ഉത്തരം കിട്ടി. മുത്തപ്പനും കുട്ടികൃഷ്‌ണേട്ടനും  കൂടി അടിക്കുന്നു., ആരും അത്ഭുതപ്പെടേണ്ട പറശ്ശിനിക്കടവ് മുത്തപ്പന്‍ അല്ല. എന്റെ അച്ഛന്റെ ജ്യേഷ്ടന്‍ ആണ് ).

ഇടവഴികളിലും , വാഴതോട്ടങ്ങളിലും . നെരതിന്മേലും ( പ്രായം ചെന്നവര്‍ പറമ്പിന്‍ മുകള്‍ അങ്ങാടിയെ 'നിരത്ത്' എന്ന് വിളിച്ചുപോന്നു..പറമ്പിന്‍ മുകളില്‍ പോകുക എന്നതിന് പകരം അവര്‍ കൂളായി 'നെരത്തിന്മേല്‍ പോക്വാ.' എന്ന് പറഞ്ഞു ) വയല്‍ വരമ്പതുമെല്ലാം കുട്ടികൃഷ്‌ണേട്ടനെ  കാണാറുണ്ട്‌.പതിവ് പോലെ തീക്ഷ്ണമായ ഒരു നോട്ടം പിന്നെ ഒരു മൂളല്‍..കഴിഞ്ഞു. . അത്ര മാത്രം.

നാരങ്ങാട്  സ്കൂളിലേക്ക് പോകും വഴി തോട്ടിന്‍ വക്കത്തെ പ്രേമേട്ടന്റെ  പീടിക യുടെ വരാന്തയിലെ കഴുക്കോലില്‍ തൂങ്ങിയാണ് കുട്ടികൃഷ്‌ണേട്ടന്റെ  മോനും മോന്റെ ഭാര്യയും ജീവനൊടുക്കിയത്..പറക്കമുറ്റാത്ത ഒരു കുഞ്ഞു അവിടെ കിടപ്പുണ്ടായിരുന്നു..അവളെ കുട്ടികൃഷ്‌ണേട്ടൻ വളര്‍ത്തി. തരമംഗലം  സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ അവളെന്റെ നല്ല കൂട്ടുകാരി ആയിരുന്നു.മറവിയെ ആട്ടിയോടിക്കുന്ന ഒരു ചിത്രമായി കുട്ടികൃഷ്‌ണേട്ട്ൻ ഇപ്പോഴും മനസ്സില്‍.

കുട്ടികൃഷ്ണൻ ദൈവം..