Tuesday, February 14, 2012

" വെളക്ക് വെച്ചാ പിന്നെ ചൂളം വിളിക്കരുത്‌ ട്ടോ "

വിലക്കുകള്‍ !
പറഞ്ഞു വരുന്നത് മുട്ടന്‍ വിലക്കുകളെ കുറിച്ചാകുന്നു. മിക്കതും നേരിട്ടത്‌ വല്യമ്മയില്‍ നിന്നോ അല്ലെങ്കില്‍ അടുത്ത വീടുകളിലെ മറ്റു പ്രായം ചെന്ന ആളുകളില്‍ നിന്നോ ആയിരുന്നു. മുതിര്‍ന്നപ്പോള്‍ എല്ലാം പൊള്ളയായ 'വിരട്ടലുകള്‍ ' ആയിരുന്നു എന്ന് മനസ്സിലായി. എന്നിരുന്നാലും അതില്‍ ചിലത് അത്ഭുതകരമാം വണ്ണം ശാസ്ത്ര സത്യങ്ങളോട് ഒത്തു പോകുന്നവയും ആയിരുന്നു.പലതിനും പലരില്‍ നിന്നും ഉത്തരം കിട്ടി. എന്നാലും ചില സമസ്യകള്‍ ബാക്കി ഉണ്ട്. അത് കൊണ്ടാണ് അവ ഇവിടെ എഴുന്നള്ളിച്ചു നിര്‍ത്തുന്നത്. ഉത്തരങ്ങളും തിരുത്തലുകളും നമ്പര്‍ സഹിതം കമന്റ് ആയി ഇട്ടാല്‍ ഞാന്‍ ധന്യ ആയി !

ദാ ഇതൊക്കെ ആയിരുന്നു ആ കരിങ്കല്‍ ശാസനങ്ങള്‍ :

കുളിച്ചാല്‍ പിന്നെ നഖം മുറിക്കരുത്.
(കുളിക്കുന്നതിനു മുന്‍പ്‌ തന്നെ നഖം കൂടെ പോയി ആകെ വൃത്തി ആയിക്കോട്ടെ എന്ന് കരുതി ആയിരിക്കും.)
ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുത്.
(ശരീരം ഉടന്‍ തണുക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന് ഏതോ വൈദ്യര്‍ പറഞ്ഞത് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അതായിരിക്കാം കാരണം )
രാത്രിയില്‍ ചൂളം വിളിക്കരുത്
(ചൂളം വിളിച്ചാല്‍ പാമ്പ്‌ വരും എന്നാണു പറച്ചില്‍. എന്നാല്‍ ഇത് ശുദ്ധ അബദ്ധം ആകാനെ ഇടയുള്ളൂ. കാരണം പാമ്പിനു ചെവി കേള്‍ക്കില്ല. അത് തറയിലെ ചലനം,അന്തരീക്ഷത്തിലെ ചലനം, വായുവിലെ രാസവസ്തുക്കള്‍ എന്നിവ തിരിച്ചറിഞ്ഞാണ് പ്രതികരിക്കുന്നത് )
പുള്ളു( ഒരു മഞ്ഞ പക്ഷി) കരഞ്ഞാല്‍ മൂന്നു പ്രാവശ്യം തുപ്പണം.
(ഇല്ലെങ്കില്‍ അപകടം സംഭവിക്കുമത്രേ.ചില പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വരാന്‍ പോകുന്ന ദുരന്തങ്ങള്‍ , അപകടങ്ങള്‍ പ്രവചിക്കാന്‍ അതി വിദഗ്ദമായ കഴിവുണ്ട്.ഭൂചലനം ഉണ്ടാകുന്നതിനു ഒരുപാട് മുന്‍പ്‌ തന്നെ പക്ഷികള്‍ ബഹളം വയ്കുന്നതും, മൃഗങ്ങള്‍ അസ്വസ്തരാകുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ഇത്തരം അനുഭവങ്ങള്‍ പൂര്‍വ്വികര്‍ക്ക് ആര്‍ക്കെങ്കിലും ഉണ്ടായത് ആകും ഈ വിശ്വാസത്തിനു പിന്നിലെ ത്രെഡ് )
നനഞ്ഞ കൈകള്‍ കൂട്ടി അടിക്കരുത്.
(മരണാന്തര ചടങ്ങുകളുടെ ഭാഗമായി ഇത്തരം ഒരു പരിപാടി ഉണ്ട്. അതിനാല്‍ ആകും ഇതിനു വിലക്ക് വന്നത് )
ഇരിക്കുമ്പോള്‍ കാല്‍ ആട്ടരുത്‌
(എവിടെ എങ്കിലും തട്ടി മുതിര്‍ന്നവര്‍ക്ക് പണി ആകാതിരിക്കാന്‍ ആയിരിക്കാം )
സന്ധ്യാ നേരത്ത് ഉമ്മറപ്പടിയില്‍ ഇരിക്കരുത്  ( വാതില്‍ കട്ടിലയുടെ അടിയില്‍ പടി പോലെ ഉണ്ടായിരുന്ന മരക്കഷണം - വയസന്മാര്‍ ക്ഷമിക്കുക വിവരണ പ്രഹസനം ന്യൂ ജനറേഷന് വേണ്ടി ആകുന്നു )
(ഇതിനു എനിക്ക് ഉത്തരം പറഞ്ഞു തന്നത് അപര്‍ണ്ണ ചേച്ചി ആണ്. ചേച്ചിക്ക് ചേച്ചിയുടെ മുത്തച്ഛന്‍ പറഞ്ഞു കൊടുത്തതും.അതായത്‌ പണ്ട് കാലത്ത് വീടുകളില്‍ വൈദ്യുതി വിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ അകതെല്ലാം വെളിച്ചം നന്നേ കുറവായിരിക്കും. ഈ അവസ്ഥയില്‍ കൊച്ചു കുട്ടികള്‍ ഉമ്മറ പടിയില്‍ ഇരുന്നാല്‍ അവരെ ചവിട്ടി പണ്ടാരമടക്കി പോകാന്‍ ചാന്‍സ്‌ ഉള്ളതിനാല്‍ മുതിര്‍ന്നവര്‍ ഇണ്ടാസ് ഇറക്കിയതാകണം. എന്തായാലും ത്രിസന്ധ്യക്ക് ഉമ്മറപ്പടിയില്‍ വച്ചാണ് നരസിംഹം ഹിരണ്യ കഷ്യപുവിനെ (അങ്ങനെ അല്ലെ അങ്ങേരുടെ പേര് ?!) തമര്‍ത്തിയത്. അതും പറഞ്ഞു പേടിപ്പിച്ചാല്‍ കുട്ടികള്‍ പടിയുടെ എഴകലത്ത് വരില്ല ! )
സന്ധ്യക്ക് ശേഷം കുളത്തിലോ പുഴയിലോ കുളിക്കാന്‍ പോകരുത്
( വല്ല പാമ്പും ഉണ്ടെങ്കില്‍ കാണില്ല.അത് തന്നെ ആയിരിക്കും )
ചാണകത്തില്‍ ചവിട്ടിപ്പോയാല്‍ ആരെ കൊണ്ടെങ്കിലും ഉള്ളം കൈയില്‍ നുള്ളിക്കണം ( ഇല്ലെങ്കില്‍ മാഷുടെ അടുത്ത് നിന്ന് അടി ഉറപ്പാണ്. ഇത് കൂട്ടുകാര്‍ പറഞ്ഞത് )
(ഇതിന്റെ കാരണം അറിയില്ല !)
കറിവേപ്പ്‌ തൈ നടരുത് , അത് താനേ മുളയ്ക്കണം.നട്ടാല്‍ നട്ട ആള്‍ വടിയാകും.
(കറിവേപ്പിന്റെ കുരു പക്ഷികള്‍ കഴിച്ചു അത് കാഷ്ടിക്കുംപോള്‍ ആണ് മുളയ്ക്കാര്. അല്ലെങ്കില്‍ വേരില്‍ പൊട്ടി മുളയ്ക്കുന്നു . നടുന്ന ആള്‍ മരിച്ചു പോകും എന്നതിന്റെ കാരണം അറിയില്ല. എന്തായാലും അത് വാസ്തവം ആയിരുന്നെങ്കില്‍ ഞാന്‍ രണ്ടു തവണ മരിക്കേണ്ട സമയം കഴിഞ്ഞു )
പെണ്ണുങ്ങള്‍ ചൂളം വിളിക്കരുത് ( ചൂളം കുത്തരുത് )
(പെണ്ണുങ്ങള്‍ക്ക്‌ അടക്കോം ഒതുക്കോം വേണം എന്ന് ശാട്യം പിടിച്ചിരുന്ന എഭ്യന്മാരുടെ ഒരു കല്‍പ്പന ആയിരിക്കും.ല്ലേ ? )
തീ കത്തിച്ചു വീട്ടിനകത്തേക്ക് കൊണ്ട് വരരുത്
(ആദ്യകാലത്തെ മിക്ക വീടുകളുടെയും മേല്‍ക്കൂര ഓല, പുല്ലു തുടങ്ങിയവ കൊണ്ട് മേഞ്ഞതായിരിക്കും.അല്ലെങ്കില്‍ മരപ്പട്ടികകള്‍ക്ക് മുകളില്‍ ഓടു പതിച്ചത് ആയിരിക്കും. എന്തായാലും തീപ്പിടിച്ചാല്‍ ഒന്നും ബാക്കി കാണില്ല. ഫയര്‍ ഫോഴ്സ്‌ ഉണ്ടായിട്ടില്ലല്ലോ ? :) സോ അഗ്നിബാധയും ധന ഹാനിയും തടയാനുള്ള നമ്പര്‍ തന്നെ ആയിരിക്കും  )
ഈറന്‍ വസ്ത്രത്തോടെ വീട്ടിനകത്തേക്ക് വരരുത്
(ഇതും ഒരു മരണാന്തര ചടങ്ങിന്റെ ഭാഗം ആണ്.അത്തരം അവസരങ്ങളെ ഓര്‍മ്മിക്കാതിരിക്കാന്‍ ആയിരിക്കും ഇത് നിരുല്സാഹപ്പെടുതുന്നത് )
കുളി കഴിഞ്ഞാല്‍ ആദ്യം പുറം തുടയ്ക്കണം.എന്നിട്ടേ മുഖം തുടയ്ക്കാവൂ.
( വിശ്വാസ പരമായി പുറത്തു ദുര്‍ ദേവതയും മുഖത്ത് ഐശ്വര്യ ദേവതയും ഇരിക്കുന്നു. ആദ്യം മുഖം തുടച്ചാല്‍ ഐശ്വര്യ ദേവത ചപ്ലാച്ചി ആയിപ്പോകും ! പക്ഷെ ഇതില്‍ അല്‍പ്പം ശാസ്ത്രം ഉണ്ട്. പുറത്തു വെള്ളം തങ്ങി നില്‍ക്കുന്നത് രൂക്ഷമായ നടുവേദന ഉണ്ടാക്കും  )
തവളയെ കല്ലെറിയരുത്‌, മൂക്കില്‍ കുരു ഉണ്ടാകും
(പണ്ടത്തെ കുരുത്തം കെട്ട ചെക്കന്മാരെ കണ്ട്രോള്‍ ചെയ്യാന്‍ വേറെ ഒരു രക്ഷയും ഇല്ല.! മൂക്കില്‍ കുരു വരും എന്ന് കേട്ടാല്‍ എങ്കിലും ലവന്മാര്‍ അടങ്ങും എന്ന് കരുതിയും പാവം തവളയെ വംശ നാശത്തില്‍ നിന്ന് രക്ഷിക്കാനും വല്യച്ച വല്യമ്മമാര്‍ ഉണ്ടാക്കിയ കുടില തന്ത്രം )
തലയില്‍ മുടികള്‍ക്കിടയില്‍ രണ്ടു ചുഴി ആണെങ്കില്‍ ഇരുന്നു വാഴും ഒന്നാണെങ്കില്‍ ഒയന്നു പായും
(ചുമ്മാ പറയുന്നതായിരിക്കും.എന്നാലും എനിക്ക് ഇതില്‍ ഫയങ്കര വിശ്വാസമാ കാരണം എനിക്ക് ഒറ്റ ചുഴി ആണ് :D  )
രാത്രിയില്‍ കൂവി വിളിക്കരുത്‌
(രാത്രി പൊതുവേ നിശബ്ദമായ സമയം ആയതിനാല്‍ ചെറിയ ശബ്ദം  പോലും ഭയങ്കര ഒച്ചയായി തോന്നും. വെറുതെ നാട്ടുകാര്‍ക്ക് പണി ആക്കണ്ട എന്ന് കരുതി ആയിരിക്കും കൂവല്‍ അനുവദിക്കാതിരുന്നത് )
വാഴ ഇലയില്‍ കിടക്കരുത്
(അതും മരണാന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.പക്ഷെ ഇലയില്‍ ഉണ്ടാകുന്ന സ്ഥിരം ചില പുഴുക്കള്‍ ചൊറിഞ്ഞു തടി കൂട്ടി തരാതിരിക്കാന്‍ ഉള്ള മുന്‍ കരുതല്‍ ആയിരിക്കാം )
കവുങ്ങിന്‍ പാളയില്‍ അടിക്കരുത്
(മരണാന്തര ചടങ്ങിന്റെ ഭാഗം ആയതിനാല്‍ ആകും ഇതും )
കൊത്തം കല്‍ കളിക്കരുത് ( അഞ്ചു കൊച്ചു കല്ലുകള്‍ കൈയില്‍ ഒതുക്കിയുള്ള കളി )
(പെണ്‍ കുട്ടികള്‍ കളിക്കാന്‍ ഇരുന്നാല്‍ പിന്നെ എണീക്കാന്‍ ഇടയില്ലാത്ത രസകരമായ ഒരു കളി ആണിത്.അവരുടെ മടി പിടിച്ചുള്ള ഇരിപ്പ് തടയാന്‍ വേണ്ടി ഉള്ള കുപ്രചരണം ആയിരിക്കും ഇത്. മാത്രവുമല്ല കളി മൂര്‍ധന്യ അവസ്ഥയില്‍ എത്തി അടിച്ചു പിരിഞ്ചു പരിക്കാവുന്നത് തടയാനും ഈ പേടിപ്പിക്കള്‍ ഉപകരിക്കും )
കോട്ടി/ഗോലി കളിക്കരുത് , കൈ അക്ഷരം വഷളാകും
( ഈ വാദത്തിനു ഞാന്‍ എതിരാണ്.കാരണം കൊട്ടി കളി എന്റെ വീക്ക്നെസ് ആയിരുന്നു.പല കൊല കൊമ്പന്മാരെയും ഞാന്‍ (എട്ടുകാലി മമ്മൂഞ്ഞ് പറയും പോലെ തോന്നുന്നുണ്ട് അല്ലെ ?? ) കോട്ടി കളിയില്‍ മുട്ട് കുത്തിച്ചിട്ടുണ്ട്. എന്നിട്ടും ഉരുണ്ടു ചുണ്ടങ്ങ പോലത്തെ  കൈ അക്ഷരത്തിന്റെ പേരില്‍ രണ്ടാം ക്ലാസ്സിലെ പ്രേമ ടീച്ചര്‍ മുതല്‍ ഡിഗ്രി ക്ലാസ്സിലെ രാധിക ടീച്ചര്‍ വരെ നമ്മളെ അനുഗ്രഹിച്ചു വിടിട്ടുണ്ട്. )
ആരുടേയും ശരീരത്തിനു മുകളിലൂടെ കവച്ചു വച്ച് പോകരുത്
(ചാട്ടം അല്‍പ്പം പിഴച്ചാല്‍ ചാടുന്നവന്റെ പല്ലും കാണില്ല താഴെ കിടക്കുന്നവന്റെ നടുവും ഒടിയും. ഈ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താതിരിക്കാന്‍ ഉള്ള ഒരു പ്രികോഷന്‍ തന്നെ ആകും.)
അമ്പലത്തിലേക്ക് കൈ ചൂണ്ടരുത്
(ദൈവത്തെ ചോദ്യം ചെയ്യാന്‍ വളര്‍ന്നോടാ തെണ്ടീ നീ ??! )
നട്ടുച്ചയ്ക്ക് അമ്പലത്തില്‍ പോകരുത്
(നട്ടുച്ചയ്ക്ക് എവിടേം പോകരുത്.സൂര്യാഘാതം ഏറ്റു പണി കിട്ടും. പക്ഷെ ഉച്ചയ്ക്ക് ദൈവത്തിന്റെ ഉഗ്ര പരിവാരങ്ങള്‍ വിശന്നു വരുമെന്നും കണ്ണില്‍ കാണുന്നവന്റെ രക്തമോ മാംസമോ ഒക്കെ തരാം പോലെ എടുത്തു കൊണ്ട് പോകുമെന്നും വാദം ഉണ്ട് !)
ഒറ്റ സംഖ്യയില്‍ മൈന ( കിളി ) യെ കാണരുത്.നിര്‍ഭാഗ്യം
(സംഖ്യാ പരമായ എന്തോ അന്ധ വിശ്വാസം.പ്രശസ്ത യുക്തിവാദി മന്ത്രിമാര്‍ പോലും 13 ആം നമ്പര്‍ ഓഫീസ്‌ മുറിയിലോ ആ നമ്പര്‍ ഉള്ള കാറിലോ പോകാറില്ല എന്ന് കേട്ടിട്ടുണ്ട്.(ദല്‍ഹിയിലെ കഥയാണ് കേട്ടോ ) അത് പോലെ തന്നെ ഇതും..)


ബ്രാക്കറ്റില്‍ ഞാന്‍ വിളമ്പിയത് ഒന്ന് പോലും ആധികാരികം അല്ല.തിരുത്തലുകള്‍ക്കും കൂട്ടിചെര്‍ക്കലുകള്‍ക്കും സ്വാഗതം. എന്തായാലും പല വിലക്കുകളും നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നു എന്നതാണ് വിചിത്രം !