Tuesday, March 6, 2012

റാഹില

ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ആയിരുന്നു റാഹില. നാലഞ്ചു വയസ്സിനു മൂത്തതായിരുന്നു എന്റെ..
ഇഷ്ടവും,ആരാധനയും ആവേശവും ഒക്കെയായിരുന്നു അവളോട്‌...,..
ക്രിക്കറ്റ്‌ ടീമിലെ എന്റെ സീനിയര്‍മാര്‍ അവരുടെ ക്ലാസ്മേറ്റ് ആയ രാഹിലയ്ക്ക് മലയാളം സെക്കന്റിനു അന്‍പതില്‍ നാല്‍പ്പതു മാര്‍ക്ക് കിട്ടി എന്ന് കുശുമ്പ് പറഞ്ഞു കേട്ടപ്പോള്‍ മുതല്‍ എന്താണെന്നറിയില്ല ആ ഇഷ്ടം പതിന്മടങ്ങ്‌ വര്‍ധിച്ചു..
പരമ്പിന്‍ മുകളില്‍ വാസുവേട്ടന്റെ പീടികയില്‍ നിന്ന് അരിയും പഞ്ചസാരയും കടുക്‌ ജീരകാദികളും കുത്തി നിറച്ച പച്ച പ്ലാസ്റ്റിക്‌ സഞ്ചി തലയിലും തോളിലും മാറി മാറി വച്ച് വീട്ടിലേക്കു വരുമ്പോള്‍ ഒരിക്കലും വറ്റാത്ത ആ കിണറിന്റെ അരികില്‍  ചെറിയ മാവിന്റെ താഴത്തെ കൊമ്പില്‍ ഇരുന്നു കൊലുസണിഞ്ഞ, കടലാസു പോലെ വെളുത്ത കാലുകള്‍ ആട്ടി പടിക്കുകയാകും  റാഹില. കടന്നു പോകുമ്പോള്‍ വെള്ളാരം കണ്ണുകള്‍ വിടര്‍ത്തി നിരന്നു ഭംഗിയുള്ള പല്ലുകള്‍ കാണിച്ചു ചിരിക്കും. അപ്പോള്‍ ഇരു കവിളിലും കുഞ്ഞു നുണക്കുഴികള്‍ വിരിയും..

മൊയ്തീന്‍ കുട്ടിക്കായ്ക്ക്‌ രണ്ടു കുട്ടികളായിരുന്നു. നജ്മയും രാഹിലയും. ഭാര്യ ബീപാതു എന്നെങ്കിലും മൊയ്തീന്‍ കുട്ടിക്കായോടു സ്നേഹത്തോടെ സംസാരിക്കുന്നത് കേട്ടിട്ടില്ല. അവരെ ആണെങ്കില്‍ ' ഇമ്മോരല്‍ ട്രാഫിക്കിങ്ങിനു ' ബന്ധു തന്നെ ആയ ഒരാള്‍ എവിടുന്നോ കൈയോടെ പിടിച്ച കഥ നാട്ടില്‍ പരസ്യവും ആയിരുന്നു.നജ്മ ഏതാണ്ട് ആ വഴിയിലൂടെ പോകുകയും ചെയ്തപ്പോള്‍ വെറുപ്പും പരിഹാസവും ഭയങ്ങളും തോരാതെ പെയ്ത ആ കൂട്ടില്‍ റാഹില തനിയെ ഇരുന്നു നനയുകയായിരുന്നു..ബീപാതുമ്മയും നജ്മയുമെല്ലാം ' ഗംഗന്‍ നായരുടെ മോനെന്നു ' വിളിച്ചപ്പോള്‍ ഉണ്ണീ എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്യുമായിരുന്നു റാഹില. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്, അത് അക്ഷരങ്ങളുടെ ശക്തിയായിരുന്നു !

അച്ഛന്റെ പുകവലിയാണ് ആ വീടുമായി എന്നെ ബന്ധിപ്പിക്കുന്നത്. ( ഒരിക്കല്‍  സ്വയം വലിച്ചു നോക്കാന്‍ മോഷ്ടിച്ച ബീഡിയുമായി ഞാന്‍ പിടിക്കപ്പെട്ട ദിവസം കുറ്റബോധം കാരണം അച്ഛന്‍ ബീഡി വലി നിര്‍ത്തുകയായിരുന്നു.പിന്നീടൊരിക്കലും എന്റെ മുന്നില്‍ വച്ച് അച്ഛന്‍ പുക വലിചിരുന്നില്ല..നിങ്ങളും അങ്ങനെ നിങ്ങളുടെ കുഞ്ഞുങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പേ ഒരു കാര്യം അറിയുക. അവര്‍ കാണാതെ വലിച്ചിട്ട് പ്രയോജനം ഒന്നുമില്ല.കാരണം പുകയിലയോട് നിങ്ങളുടെ മനസ്സിനും ശരീരത്തിനും തോന്നുന്ന ഇഷ്ടം - അടിമത്തം ജീനുകളില്‍ മാറ്റം വരുത്തി അത് അടുത്ത തലമുറയിലേക്ക് വ്യാപനം ചെയ്യും- ഇതിനെ വ്യതിയാനം ( Variation)  എന്ന് വിളിക്കാം എന്നാണു എന്റെ ധാരണ. അതായത് നിങ്ങള്‍ ആരും അറിയാതെ വലിച്ചാലും വലിയവന്മാര്‍ ആകേണ്ട നിങ്ങളുടെ കുട്ടികള്‍ ' വലിയന്മാരായി' മാറും ! )
മൊയ്തീന്‍ കുട്ടിക്കാ അസ്സലായി ബീഡി തെരയ്ക്കും. ( ബീഡി കെട്ടുന്നതിന് ഇവിടെ അങ്ങനെയാ പറയുക ) നേരം വെളുത്താല്‍ ചതുരാകൃതിയില്‍ ഉള്ള മുറത്തില്‍ വെട്ടി വൃത്തിയാക്കിയ ഉണക്ക ഇലകളും പുകയിലപ്പോടിയും ആയി ഒറ്റ ഇരിപ്പാണ്. ദ്രുത ഗതിയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന വിരലുകളിലൂടെ മാജിക്‌ എന്നോണം ബീഡികള്‍ ജനിച്ചു കൊണ്ടേ ഇരിക്കും. 25 അല്ലെങ്കില്‍ 50 പൈസയ്ക്ക് അഞ്ചു മുതല്‍ പത്തു വരെ ബീടികള്‍ കിട്ടും. അതും വാങ്ങി തിരികെ നടക്കുമ്പോള്‍ വെറുതെ ഒന്ന് പരതും. കിണറ്റിന്‍ കരയിലോ ബുഷ്‌ ചെടികള്‍ക്കിടയിലോ എങ്ങാനും കുസൃതി നിറഞ്ഞ ഒരു വെള്ളാരംകല്‍ മിഴിയിണ ?
മൊയ്തീന്‍ കുട്ടിക്കാ ഇടയ്ക്കിടെ അപസ്മാരം ഇളകി വീഴും.പലപ്പോഴും ബീഡിക്ക് ചെല്ലുമ്പോള്‍ അദ്ദേഹം അത്തരം മയക്കത്തില്‍ ആയിരിക്കും.
ഒരിക്കല്‍ കൂട്ട നിലവിളി കേട്ട് ഓടി ചെന്നപ്പോള്‍ ഇക്ക നിലത്ത് കിടക്കുന്നു.കണ്‍ ഗോളങ്ങള്‍ പിന്നോട്ട് മറിഞ്ഞു ശാന്തനായി..വായിലൂടെ ഒലിച്ചിറങ്ങിയിരുന്ന ഒരു മഞ്ഞ ദ്രാവകം ഇന്നും എന്നെ അലട്ടുന്നുണ്ട്. കാരണം അതിനു മുന്‍പ്‌ ഒരിക്കലും അപസ്മാരം ഇളകി കിടക്കുമ്പോള്‍ അത്തരം ഒരു പത അദ്ദേഹത്തിന്റെ വായില്‍ നിന്നും വന്നത് ഞാന്‍ കണ്ടിരുന്നില്ല. എന്തൊക്കെയോ ദുരൂഹതകള്‍ക്കിടയില്‍ അദ്ദേഹം മരിച്ചു..

പത്താം ക്ലാസ്‌ പരീക്ഷയുടെ ഫലം വരും മുന്‍പ്‌ തന്നെ രാഹിലയുടെ നിക്കാഹ് ഉറപ്പിച്ചിരുന്നു എന്നാണു എന്റെ ഓര്‍മ്മ. തലയും മുലയും വലുതായാല്‍ മതി പെണ്ണിന് പ്രസവ യന്ത്രമാകാന്‍ എന്ന ചീഞ്ഞ വിശ്വാസ പ്രമാണം മുറുക്കെ പിടിച്ചിരുന്ന ഏതൊക്കെയോ മീശയില്ലാത്ത താടിക്കാരും താടി ഇല്ലാത്ത മീശക്കാരുടെയും കാര്‍മികത്വത്തില്‍ കച്ചവടം കേമമായി നടന്നു.നാട്ടുകാരെല്ലാം ബിരിയാണിയും കഴിച്ചു പിരിഞ്ഞു പോയി..
ജീവന് തുല്യം സ്നേഹിച്ച പുസ്തകങ്ങളെ തട്ടിന്‍ പുറത്തെ ഇരുട്ടില്‍ തനിച്ചാക്കി റാഹില പോയി.
നിറവയറും താങ്ങി അവള്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ പഠിച്ചവര്‍ കോളജുകളില്‍ നിന്ന് വരുമ്പോഴും പോകുമ്പോഴും അവളെ സഹതാപത്തോടെ നോക്കി.
മാസങ്ങള്‍ക്ക് ശേഷം അവളെ പോലെ തന്നെ സുന്ദരിയായ ഒരു പെണ്കുഞ്ഞുമായി അവള്‍ വീടിന്റെ പടി കയറി വന്നു.കാമശമനം കഴിഞ്ഞു ബാക്കിയായ ആ മാംസ പിണ്ഡത്തില്‍ പിന്നീട് ഒരിക്കലും ഞാന്‍ രാഹിലയെ കണ്ടിരുന്നില്ല. നിശബ്ദതയും തണുപ്പും തളംകെട്ടിയ ഇരുണ്ട മുറിയില്‍ കുഞ്ഞിനെ മാറോടു ചേര്‍ത്ത് എന്തൊക്കെയോ പിറുപിറുത്തു അവള്‍ ഇരിക്കുകയും കിടക്കുകയും ചെയ്തു. കൊതിപ്പിച്ച കണ്ണുകളില്‍ ശൂന്യത നിറയുന്നത് പേടിയോടെ എപ്പോഴോ ഞാന്‍ നോക്കിക്കണ്ടു. ഇതേ പോലത്തെ ഒരു വേനല്‍ക്കാല മധ്യാഹ്ന നേരത്ത് രണ്ടാമതൊരിക്കല്‍ കൂടെ ആ വീട്ടില്‍ നിന്ന് ഒരു കരച്ചില്‍ ഉയര്‍ന്നു. ആദ്യം ഓടിയെത്തിയത് ഞാനും രഞ്ജിത്തും ആയിരുന്നു.
കോലായില്‍ നിലവിളിച്ചു കൊണ്ട് നജ്മ പറഞ്ഞു  " രാഹിലെനേം മോളേം കാണുന്നില്ല "
അകത്തേക്ക് ഓടിച്ചെന്നു. രാഹിലയുടെ മുറിയില്‍ ഇരുട്ടായിരുന്നു. ചുവരില്‍ തപ്പി തപ്പി സ്വിച് ഓണ്‍ ചെയ്തു തിരിഞ്ഞത് രാഹിലയുടെ മുഖത്തേക്ക് ! അവള്‍ ഒരു വെളുത്ത സാരിയുടെ തുമ്പില്‍ പതുക്കെ ആടുകയായിരുന്നു. മുകളില്‍ സാരി കെട്ടിയ ഫാന്‍ പെന്‍ഡുലം പോലെ മെല്ലെ അനങ്ങുന്നുണ്ടായിരുന്നു. മുഖം മാന്തി വികൃതമാക്കുകയോ നാവു കടിച്ചു മുറിക്കുകയോ വിസര്‍ജിക്കുകയോ ചെയ്തിട്ടില്ല. മരണത്തിന് പോലും അവളുടെ മുഖത്തെ വിക്രുതമാക്കാന്‍ തോന്നിക്കാണില്ല..എന്നിട്ടും എന്തെ ആരൊക്കെയോ അവളെ ഇങ്ങനെ ?...

ഇന്ന് കണ്ണംപാലതെരു ഉത്സവം കഴിഞ്ഞു വരുമ്പോള്‍ അവളെ കണ്ടു. രാഹിലയുടെ മകളെ !നടുങ്ങിപ്പോയി. അത്രയ്ക്കാണ് സാദ്രിശ്യം..അവള്‍ തട്ടം നേരെയാക്കി ചിരിച്ചു..
ചിരിക്കണോ കരയണോ എന്നറിയാതെ തലയാട്ടി നടന്നു പോരുമ്പോള്‍ മനസ്സ് നിറയെ ആ മകള്‍ക്ക് നന്മ മാത്രമേ സംഭവിക്കൂ എന്ന് ധൈര്യപ്പെടുത്തുക ആയിരുന്നു. അല്ലാതെ റാഹില അവളെ ഇവിടെ തനിച്ചാക്കി പോകുമായിരുന്നില്ലല്ലോ.