Saturday, May 26, 2012

ബഹിഷ്കരണമാണ് നല്ല സമര മാര്‍ഗ്ഗം.

പത്ര പ്രവര്‍ത്തനം സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സേവനം കൂടെ ആയിരുന്ന കാലം നമ്മുടെ തൊട്ടു പിന്നില്‍ അധികം ദൂരത്തല്ലാതെ കിടപ്പുണ്ട്. നാട്ടുകാരെ പറ്റിച്ചും, വഞ്ചിച്ചും,ചൂഷണം ചെയ്തും കൊഴുത്തു വന്ന മനുഷ്യ പരാദങ്ങളെ അന്ന് പൊതുജനത്തിന് കാണിച്ചു കൊടുത്തത് ദ്രിശ്യ മാധ്യമങ്ങള്‍ ശക്തി പ്രാപിചിട്ടില്ലാത്ത കാലത്ത് പത്രങ്ങള്‍ ആയിരുന്നു.എന്നാല്‍ സമീപകാലത്ത് അവര്‍ വായനക്കാരെ വെറും എ.ടി എം മെഷീനുകള്‍ ആയി കണക്കാക്കി പണം ചൊരിയുന്ന പരസ്യ ദാദാക്കള്‍ക്ക് വേണ്ടി നട്ടാല്‍ മുളയ്ക്കാത്ത കള്ളങ്ങള്‍ കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു. ഇന്നത്‌ അപകടകരമായ ഒരു അവസ്ഥയിലേക്ക് , തങ്ങളുടെ തോന്നിവാസം ആരും ചോദ്യം ചെയ്യില്ലെന്ന ഒരു ധാര്ഷ്ട്യത്തിലേക്ക് വളര്‍ന്നിരിക്കുന്നു. പൌര സമിതികള്‍ എന്ന കഴുത സംഘങ്ങള്‍ ഒന്ന് പോലും ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ കണ്ണടച്ച് ഇരുട്ടാക്കി ദൈവത്തിന്റെ സ്വന്തം നാട്ടിലെ സമാധാനത്തെയും പൌര സ്വാതന്ത്ര്യത്തെയും വാഴ്ത്തി കോള്‍മയിര്‍ കൊള്ളുകയാണ്.

ആയുര്‍വേദം എന്ന് കവറിനു പുറത്തു കടുക് മണിയുടെ വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍,കറുത്ത ദേഹത്തെ മുഖം മാത്രം വെളുക്കാന്‍ ചിതല്‍ പൊടിയാണോ എന്ന് പോലും നോക്കാതെ മേശപ്പുറത്ത് ഇരിക്കുന്ന പൌഡര്‍ കൈയില്‍ കുടഞ്ഞിട്ടു ഒന്നര സെന്റിമീറ്റര്‍ കനത്തില്‍ തെച്ചുപിടിപ്പിക്കുന്ന മലയാളി മലവും വാങ്ങി മുഖത്തും തലയിലും പുരട്ടും എന്ന പച്ച യാഥാര്‍ത്ഥ്യം ആണ് ബഹുരാഷ്ട്ര മാനേജ്‌മെന്റ്‌ തന്ത്രങ്ങള്‍ വേവുന്ന തലച്ചോറുകള്‍ അവരുടെ കച്ചവടം സൌന്ദര്യ വര്‍ധക ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലേക്ക് തിരിക്കുന്നതിന് കാരണമായത്‌.സ്വന്തം കഷണ്ടിയില്‍ ഒരു മുടിയിഴ പോലും കിളിര്‍പ്പിക്കാന്‍ പത്തു മുപ്പതു കൊല്ലം കൊണ്ട് സാധിക്കാതെ പോയ മഹാന്‍ എം.ഡി ആയ കമ്പനി ആണ് ആറാഴ്ച കൊണ്ട് സമൃദ്ധമായി മുടി കിളിര്‍പ്പിക്കാം എന്ന വാഗ്ദാനവുമായി സിനിമാതാരങ്ങളെ മോഡല്‍ ആക്കി പത്രങ്ങളില്‍ പരസ്യമഴ പെയ്യിച്ചു കൊണ്ട് രംഗപ്രവേശനം ചെയ്തത് ! 

ഇല്ലാത്ത ഗുണഫലങ്ങള്‍ വാഗ്ദാനം ചെയ്തു ഉപഭോക്താവിനെ പറ്റിച്ചതിനു പ്രധാന ആയുര്‍വേദ ( കമ്പനിയുടെ അവകാശ വാദം ) സൌന്ദര്യ വര്‍ദ്ധക വസ്തു നിര്‍മാണ കമ്പനികളില്‍ ആരോഗ്യ വകുപ്പ് റെയ്ഡ്‌ നടത്തി വന്‍ തുകയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.ദി ഡ്രഗ്സ്‌ & മാജിക്‌ റെമഡീസ്  ( ഒബ്ജക്ഷനബില്‍ അഡ്വര്‍ടൈസ്മെന്റ് ) ആക്റ്റ്‌ - 1954 പ്രകാരമായിരുന്നു റെയ്ഡ്‌. റെയ്ഡില്‍ പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങളുടെ വിശദ വിവരം :

ഇന്ദുലേഖ ബ്രിംഗ കമ്പ്ലീറ്റ്‌ ഹെയര്‍ ഓയില്‍ ,ഇന്ദുലേഖ  കമ്പ്ലീറ്റ്‌ സ്കിന്‍ ക്രീം,ധാത്രി ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍,ധാത്രി ഹെയര്‍ കെയര്‍ ക്യാപ്സൂല്‍സ്,ധാത്രി ഡയാവിറ്റ പ്ലസ്‌,ഇന്ദുലേഖ സ്കിന്‍ കെയര്‍ ഓയില്‍
ധാത്രിയില്‍ നിന്ന് 480370 Rs, ഇന്ദുലേഖയില്‍ നിന്ന്  4606300 Rs, ശ്രീധരീയത്തില്‍ നിന്ന് 125100 Rs വിലയ്ക്കും ഉള്ള ഉല്‍പ്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്.

പ്രിയ സുഹൃത്തുക്കളെ , ഇനി ഈ ബ്ലോഗ്‌ പോസ്റ്റിന്റെ ഉദ്ദേശം പറയാം. ഇത്ര മാത്രം കോലാഹലം ഉണ്ടായിട്ടും, കമ്പനി ഉണ്ടാക്കി തരുന്ന ചവറുകള്‍ വെറും തട്ടിപ്പ്‌ ആണെന്ന് ഗവന്മേന്റ്റ്‌ തന്നെ നമ്മോട് പറഞ്ഞിട്ടും നമ്മളില്‍ ചിലര്‍ ഈ ധാത്രിയും, ഇന്ദുലേഖയും വാങ്ങാന്‍ തയ്യാറാകുന്നു ! ഇന്ന് ( 2012 മെയ്‌ 27 ഞായര്‍ ) കിട്ടിയ മലയാളത്തിലെ സുപ്രഭാതം ആയ ഒരു മുഖ്യധാര ( മുക്കിയ ധാരാ എന്നും പറയാം ) പത്രത്തിന്റെ മുന്‍ പേജില്‍ ഇന്ദുലേഖയുടെ ബഹുവര്‍ണ്ണ പരസ്യം ഉണ്ട്. അതില്‍ മുടി വെട്ടി വൃത്തിയായി നടന്നിരുന്ന പയ്യന്‍സിനെ ജോലി പോയാലും മുടി വെട്ടണ്ട എന്ന് ഉപദേശിച്ചു കൊണ്ട് മുടി വളര്‍ത്താന്‍ ഉള്ള ' ഫോര്‍മുല' യുമായി ഇന്ദുലേഖ വീണ്ടും ! ഒന്ന് ശ്രദ്ധിക്കൂ, നമുക്ക് തെരുവില്‍ ഇറങ്ങി ചോര ചിന്തണ്ട, ഇന്ദുലേഖയുടെ കമ്പനി എറിഞ്ഞു പോളിക്കണ്ട, അതിന്റെ മോതലാളിയെ പുലയാടണ്ട പക്ഷെ നിശബ്ദമായി നമുക്ക് ഒരു വിപ്ലവം നടപ്പില്‍ വരുത്താന്‍ കഴിയും.!! ബഹിഷ്കരണം!! അതെ ആ പഴയ അര്‍ദ്ധ നഗ്നനായ ഫക്കീറിന്റെ സമര മാര്‍ഗ്ഗം.നമ്മള്‍ ഈ തട്ടിപ്പ്‌ എണ്ണകള്‍ വാങ്ങുന്നില്ല !

" അത് ശരി, അപ്പോള്‍ ഇതായിരുന്നു അല്ലേട പുല്ലേ നിന്റെ മനസ്സില്‍ ? നിനക്ക് നല്ല മുടി ഉണ്ടല്ലോ ഞങ്ങടെ മുടി നന്നാകുന്നതില്‍ നിനക്ക് നല്ല അസഹിഷ്ണുത ഉണ്ടല്ലേ ? പോടെ പോടെ " എന്ന് എന്നോട് പറയും മുന്‍പ്‌ ഇതും കൂടെ വായിക്കൂ.

കമ്പനി വാഗ്ദാനം ചെയ്ത മാതിരി ആര്‍ക്കെങ്കിലും അവരുടെ 'മരുന്ന് ' തേച്ചു തലയിലെ മുടി കരുത്ത് പ്രാപിക്കുകയോ കറുപ്പ് കൂടുകയോ ചെയ്തെങ്കില്‍ തിരിച്ചറിയുക അത് വെളിച്ചെണ്ണയുടെ , അതെ ആരുടേയും കുത്തക അല്ലാത്ത , നമ്മുടെ സ്വന്തം പാവം വെളിച്ചെണ്ണയുടെ അത്ഭുത സിദ്ധി മാത്രമാണ്. ഇനി ആയുര്‍വേദ വെളിച്ചെണ്ണ തന്നെ വേണം എങ്കില്‍ നിരാശരാകണ്ട ഇതാ തുടര്‍ന്ന് വായിക്കൂ. ഈ പരസ്യ - വഞ്ചനാ കോലാഹലം സോഷ്യല്‍ മീഡിയയില്‍ വായിക്കാന്‍ തുടങ്ങിയ അന്ന് തുടങ്ങിയ എന്റെ അന്വേഷണ ഫലമാണ്. എന്റെ അമ്മയില്‍ നിന്നും, നാട്ടിലെ പ്രായം ചെന്ന പലരില്‍ നിന്നും കിട്ടിയ അറിവ്. ഇങ്ങനെ തയ്യാറാക്കുന്ന വെളിച്ചെണ്ണ മാസങ്ങള്‍ ഉപയോഗിച്ചാല്‍ മുടിക്ക് ഉറപ്പു വരുകയും, അകാല നര ഇല്ലാതാകുകയും ചെയ്യാം. ( കഷണ്ടിയില്‍ മുടി കിളിര്‍ക്കില്ല. അതിനു ആയുര്‍വേദത്തില്‍ എന്നല്ല ഒരിടത്തും പ്രായോഗികം ആയ ഫോര്‍മുല ഇല്ലെന്നാണ് അറിയുന്നത്, ലോകം കണ്ട ഏറ്റവും പ്രശസ്തര്‍ ആയ മഹാന്മാര്‍ എല്ലാം കഷണ്ടി ഉള്ളവര്‍ ആയിരുന്നു എന്നത് വെറുതെ ഒന്ന് ചേര്‍ത്ത് വായിചേക്കൂ, )

ഹെര്‍ബല്‍ വെളിച്ചെണ്ണ തയ്യാറാക്കുന്നത് ഇങ്ങനെ : 

ആവശ്യം ഉള്ളവ : 1) തേങ്ങ രണ്ടെണ്ണം
                               2) ബ്രഹ്മി 
                               3) കഞ്ഞെണ്ണ( വയലില്‍ എല്ലാം കാണുന്ന ചെടി)
                               4) കറിവേപ്പില
                               5) കറ്റാര്‍ വാഴ( ആലോവിര)
                               6) ചെമ്പരുത്തി പൂവ്‌ ( കടും ചുവപ്പ്, അഞ്ച് ഇതള്‍ ഉള്ളത് )
                               7) പച്ച നെല്ലിക്ക
                               8) വെളിച്ചെണ്ണ ഒരു ലിറ്റര്‍ 


കറ്റാര്‍വാഴ , കഞ്ഞെണ്ണ,കറിവേപ്പില,ബ്രഹ്മി എന്നിവ സമം എടുത്തു ഇടിച്ചു പിഴിഞ്ഞ് നീരാക്കുക.അത് വൃത്തിയുള്ള അരിപ്പയില്‍ അരിച്ചെടുക്കുക. നെല്ലിക്ക ( 500g) വേറെ തന്നെ ഇപ്രകാരം ഇടിച്ചു പിഴിഞ്ഞ്  നീരാക്കി അരിച്ചെടുക്കുക.

രണ്ടു തെങ്ങ ചിരവി ഏതാണ്ട് ഈ തെങ്ങ മൂടുന്ന അത്രയും വെള്ളം ഒഴിച്ച് വേവിക്കുക.വെള്ളം ഏതാണ്ട് വറ്റും വരെ. തണുത്ത ശേഷം പിഴിഞ്ഞ് പാലെടുക്കുക.നന്നായി അരിക്കുക. ഓട്ടുരുളിയിലേക്ക് ( ഉരുളി ഇല്ലെങ്കില്‍ വൃത്തിയുള്ള മറ്റൊരു പാത്രം) ഒഴിച്ച് അടുപത്ത് വയ്ക്കുക.

മുന്‍പ്‌ തയ്യാറാക്കി വച്ച എല്ലാ നീരും ഇതില്‍ ഒഴിക്കുക.നാല് പോള ( ഇല) കറ്റാര്‍ വാഴ മടക്കി പിഴിഞ്ഞു കൊഴുത്ത നീര്‍ ഉരുളിയിലെ മിശ്രിതത്തിലേക്ക് ഒഴിക്കുക.അടിയില്‍ പറ്റാതിരിക്കാന്‍ ഇളക്കി കൊണ്ടേയിരിക്കണം. നല്ല വണ്ണം വറ്റി കുഴമ്പു രൂപത്തില്‍ ആകുമ്പോള്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ ഇതിലേക്ക് ഒഴിക്കുക.

മുപ്പതു ചെമ്പരുതിപ്പൂക്കളുടെ ഇതളുകള്‍ കൈ കൊണ്ട് ഞെരുടി ഇതില്‍ ഇടുക.ചട്ടുകം കൊണ്ട് നന്നായി ഇളക്കുക.ഒരു കാരണവശാലും പാത്രത്തിനു അടിയില്‍ ഇവയൊന്നും പടറ്റിപ്പോകരുത്. അതിനാണ് ഇളക്കല്‍.

ഇനി സ്പൂണ്‍ കൊണ്ട് അടിയില്‍ നിന്ന് ഖര രൂപത്തില്‍ ഉള്ള ചണ്ടി (അവശിഷ്ടം ) എടുത്തു കൈകൊണ്ടു ഞെക്കി പരിശോധിക്കുക.കൊഴുപ്പ് എല്ലാം നഷ്ടമായി ദൃഡമായെന്കില്‍ നമ്മുടെ ഹെര്‍ബല്‍ ഓയില്‍ റെഡി. :)

ഉടന്‍ തന്നെ വെള്ളത്തിന്റെ അംശം ഇല്ലാത്ത ഉണങ്ങിയ പാത്രത്തില്‍ ഒഴിച്ച് സൂക്ഷിക്കുക.

അനുബന്ധമായി കുറച്ചു കൂടെ പറഞ്ഞോട്ടെ ?

കഷണ്ടി ഒരു സൌന്ദര്യ പ്രശ്നം ആണെന്ന് സ്വപ്നത്തില്‍ പോലും എനിക്ക് തോന്നിയിട്ടില്ല.അത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരുപാട് ഒരുപാട് പേര്‍ക്ക് ഉണ്ടായിട്ടും.മറ്റൊന്ന് കൃത്രിമമായി നേടി എടുക്കുന്ന ഒരു നിറവും ശാശ്വതം അല്ല. ആ മങ്ങിയ നിറം നില നിര്‍ത്താന്‍ നിങ്ങള്‍ വീണ്ടും ആയുര്‍ വേദം കോള്‍ഡ്‌ പ്രോസസ്സിംഗ് എന്നൊക്കെ പറഞ്ഞു വിപണിയില്‍ ഇറങ്ങുന്ന ഈ നിലവാരം കുറഞ്ഞ ( അതെ ശരിക്കും ഒരു നിലവാരവും ഇല്ലാത്തത് ) ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടെണ്ടി വരുന്നു. മുന്‍ നിര പത്രങ്ങള്‍ എന്ന് നാം വിശ്വസിച്ച് വശായിപ്പോയ പത്രങ്ങള്‍ ഈ തട്ടിപ്പ്‌ പരസ്യങ്ങള്‍ നമ്മുടെ മുന്നില്‍ എത്തിച്ചു മസ്തിഷ്ക പ്രച്ചാളനം ചെയ്തു നമ്മെ വന്ചിക്കുംപോള്‍ നാം അറിയാതെ വാങ്ങിപ്പോവുക ആണ് ഇവയെന്ന് തിരിച്ചറിഞ്ഞു അവയെ ബഹിഷ്കരിക്കുക. ആയുര്‍വേദത്തിലേക്ക് മടങ്ങിപ്പോകാന്‍ ഉള്ള വഴി ഈ ഉല്‍പ്പന്നങ്ങള്‍ അല്ല.മൂന്നു തരം..400 രൂപ വിലയുള്ള ഉല്‍പ്പന്നമാണ് മേലെ 100 രൂപ ചെലവില്‍ ഉണ്ടാക്കാന്‍ ഉള്ള വഴി എഴുതിയിരിക്കുന്നത്.
ഉറക്കെ പ്രഖ്യാപിക്കൂ.

" ഞാന്‍ കഴുതയല്ല "