Monday, June 11, 2012

പ്രളയമാണ് ഓര്‍മ്മകള്‍.

..........വേലിക്കപ്പുറം പാതി വെള്ളത്തിന്റെ പത്രാസുമായി ഭാരതപ്പുഴ പരന്നൊഴുകുകയാണ്.കണ്ടാല്‍ പേടിയാകും  സമുദ്രം മാതിരി തോന്നും എന്നാല്‍ കാര്യത്തില്‍ കഴമ്പില്ല.കടലാസു നദിയാണ്. എവിടെയും നില കിട്ടും. ലോക്കല്‍ വിറ്റുകള്‍ പറയുന്നത് തലകുത്തി നിന്നാല്‍ കഴുത്തറ്റം വെള്ളം എന്നാണു.........

വി കെ എന്നിന്റെ 'ചാത്തന്‍സ്‌ ' തിരുവാതിര അദ്ധ്യായത്തിലെ ഈ ഖണ്ഡികയുടെ അവസാന വാചകം വായിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം വന്നപ്പോള്‍ യാദ്രിശ്ചികമായി ഓര്‍ത്തത്‌ ആണ് രാമന്‍ പുഴയെ. പക്ഷെ ആ മെലിഞ്ഞ പുഴ മനസ്സിലേക്ക് ഒഴുകി സിരകളിലൂടെ പടര്‍ന്നു പന്തലിച്ചത് യാദ്രിശ്ചികം ആയി അല്ല. തുരുത്യാട്ടെയും കാഞ്ഞിക്കാവിലെയും ഓരോ മഴയും പ്രളയവും ആരംഭിക്കുന്നതും അവസാനിക്കുന്നതും രാമന്‍ പുഴയിലാണ്. ഇന്ന് ദേഹമാസകലം മുഴകള്‍ വന്നു കിടക്കപ്പുണ്ണ്‍ പേറി ഒരു രോഗിയെ പോലെ അത് കൊണ്ക്രീറ്റ്‌ ബണ്ടുകളാല്‍ മുക്കിനു മുക്ക് മുറിക്കപ്പെട്ടു ആരോടും പരിഭവം പറയാതെ പടിഞ്ഞാറോട്ട് പതിയെ ഇഴഞ്ഞു പോകുന്നു..

പുഴപോലെ മഴയും മെലിഞ്ഞുപോയി.
കണ്ണീര്‍ച്ചാലുകള്‍ പോലെ ചത്തുകിടക്കുന്ന തോടുകളില്‍ അവിടെയുമിവിടെയും തഴച്ചു വളര്‍ന്ന കുളവാഴകള്‍ക്കു ചുറ്റും ആകാശം നോക്കി നെടുവീര്‍പ്പിടുകയാണ് മഴവെള്ളം.

ഏതാണ്ട് ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഓര്‍മ്മയിലുള്ള ഒരു പ്രളയം. അന്ന് വന്ന വഴികളെല്ലാം കാര്‍ന്നു തിന്നുകൊണ്ട് രാമന്‍ പുഴ കൊളോറത്ത് താഴെ വരെയെത്തി.വയലിനക്കാരെ കൊയില്യതും കോളശ്ശേരിയുമൊക്കെ ഏതോ അജ്ഞാത ഭൂഖണ്ഡത്തിലെ വിചിത്ര തീരങ്ങള്‍ പോലെ ഒറ്റപ്പെട്ടു വിറച്ചു നിന്നു. ആരോ ആകാശത്ത് നിന്നും ബക്കറ്റില്‍ വെള്ളം കമ്ഴ്തുന്ന പോലെയാണ് മഴ പെയ്തത്. കല്ലങ്കി കുളവും തോടുവക്കണ്ടി താഴെ ഉള്ള നമ്പ്യാരുടെ കുളവും നിറഞ്ഞു വെള്ളം വയലിലേക്ക് ഒഴുകി. ഒരാഴ്ച കഴിഞ്ഞു വെള്ളമിറങ്ങിയപ്പോഴേക്കും വയലാകെ നമച്ചികള്‍ കൊണ്ട് നിറഞ്ഞു.

മഴയൊന്നു അടങ്ങുന്ന ദിവസങ്ങളില്‍ ഒക്കെ അച്ഛനും മൂത്തച്ചനും കൂടെ ചുവന്ന നിറത്തിലുള്ള സാന്യോ ടോര്‍ച്ചും, വെട്ടന്‍ കത്തിയും, തലക്കുടാദികളുമായി പാചാക്ക് വരെ മീന്‍ വെട്ടാന്‍ പോയി.
( അച്ഛന്റെ ആത്മ മിത്രങ്ങള്‍ ആയിരുന്ന പറമ്പിന്‍മുകളിലെ കൃഷ്ണന്‍ കുട്ടിയെട്ടനോ, മലയിലെ ബീരാന്‍ കാക്കയോ ആരോ കൊണ്ട് കൊടുക്കുന്നതാണ് ഈ ഗള്‍ഫന്‍ ടോര്ച്ചുകള്‍. അവര്‍ രണ്ടാളും ഗള്‍ഫിലായിരുന്നു.
ഈ ജപ്പാന്‍ സ്വദേശി ടോര്‍ച്ച് വീരന്റെ കഴുത്ത് 'ടോക് ടിക്ക്‌ ' എന്ന് രണ്ടു തവണ ഒടിച്ചാല്‍ അവനെ ചാര്‍ജ്‌ ചെയ്യാനുള്ള പിന്ന് അണ്ണാക്കില്‍ കാണാം. അത് നിവര്‍ത്തി വേറൊരു കറുത്ത പിന്‍ പിടിപ്പിച്ചു പ്ലഗ്ഗില്‍ താഴ്ത്തിയാണ് പ്രസ്തുത സാന്യോ നായരെ ചാര്‍ജ്‌ ചെയ്യുക. വാല് വളച്ചു മുക്കുറ്റിയില്‍ ചെന്നിരിക്കുന്ന വലിയ തുമ്പിയെ പോലെ ഉണ്ടാകും ചാര്‍ജ്‌ ചെയ്യുന്ന വേളയില്‍ ഈ ടോര്‍ച്ചന്‍ )
പാതിരായ്ക്ക് കയറി വരുമ്പോള്‍ മുഴുത്ത നാലഞ്ചു ബ്രാലോ, എട്ടയോ, മുഴുവോ, കടുവോ ഒക്കെ കാണും. ചിലപ്പോള്‍ ആമകളും ഉണ്ടാകും. കരണ്ട് ടോര്‍ച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ വെള്ളം കുറഞ്ഞ ഭാഗങ്ങളില്‍ അന്തംവിട്ടു നില്‍ക്കുന്ന മീനിന്റെ തലയ്ക്കു റിപ്പര്‍ ചന്ദ്രന്റെ ചേലില്‍ വെട്ടിയാണ് പിടുത്തം.
ഒരിക്കല്‍ അങ്ങനെ കൊണ്ടുവന്ന ഒരു ഒന്നൊന്നര എട്ടയെ അമ്മയും അമ്മുക്കുട്ടി അമ്മയും പുലരും വരെ കിണറ്റിന്‍ കരയിലെ കല്ലില്‍ മാറി മാറി ഉരച്ചാണ് കൂട്ടാന്‍ വയ്ക്കാന്‍ പാകമാക്കിയത്. എട്ടയുടെ ശല്‍ക്കങ്ങള്‍ അത്രയ്ക്ക് കഠിനവും തൊലിക്ക് അപാര കട്ടിയുമാണ്.
തല പുറത്ത്‌ ഇടാത്ത ആമയെ ചൂടുവെള്ളത്തില്‍ ഇട്ടാണ് പുറന്തോട് കളയുന്നത്. പിടയ്ക്കുന്ന എട്ടയെ ഉരയ്ക്കുന്ന ഓരോ ഉരയും എന്റെ കുഞ്ഞു കണ്ണുകളെ കുത്തിനോവിക്കുകയും ആമയുടെ ഓരോ പിടച്ചിലും എന്റെ കൊച്ചു കൈകാലുകളെ പൊള്ളി അടര്തിയതിനാലും ഒരിക്കല്‍ പോലും അവയുടെയൊന്നും രുചി നോക്കാന്‍ പോയില്ല.

മഴക്കാലത്തും കച്ചവടത്തിനും സേവനതിനുമായി വീടുകളിലെ സന്ദര്‍ശനം മുടക്കാത്ത കുറച്ചു നല്ല മനുഷ്യര്‍ ഉണ്ടായിരുന്നു. വെളുതാടത്തി അമ്മാളു അമ്മ, കോഴിക്കാരന്‍ അബു ഇക്ക, തുണിക്കാര്‍ ആയ നമ്പ്യാരും വിജയെട്ടനും ഒക്കെ..

ചേരിന്റെ കുരു കൊണ്ട് അടയാളമിട്ട, അലക്കി ഉണക്കി മടക്കി വെച്ച വേഷ്ടിയും മുണ്ടും എടുത്ത് വല്യമ്മയ്ക്ക് മുന്‍പില്‍ കട്ടിലില്‍ വച്ചിട്ടുണ്ടാകും അമ്മാളു അമ്മ.ആ പ്രദേശത്തിന്റെ അനൌദ്യോഗിക അലക്കുകാരി ! വിസ്തരിച്ചു ഒന്ന് മുറുക്കി പുഴയ്ക്ക് അക്കരെയുള്ള ഗോസിപ്പുകള്‍ വല്യമ്മയ്ക്ക് കൈമാറി ഇക്കരയയുള്ള പരദൂഷണങ്ങള്‍ ചൂടോടെ വല്യമ്മയില്‍ നിന്നു കൈപ്പറ്റി കൂലിയും വാങ്ങി അമ്മാളു അമ്മ തുണിക്കെട്ട് നിറച്ച ഭാണ്ഡവും പേറി അടുത്ത കസ്റ്റമറിന്റെ അടുത്തേക്ക് പോകും.

നമ്പ്യാരെ കുറിച്ചുള്ള വല്യമ്മയുടെ അഭിപ്രായം ഒനൊരു പേടിക്കൊടലന്‍ ആണ് എന്നാകുന്നു.അതിനു ഉപോല്‍ബലകം ആയ തെളിവ് സൃഷ്ടിച്ചു കൊണ്ട് ഒരു പെരുമഴച്ചോര്‍ച്ചയ്ക്ക് തുണിസഞ്ചിയും കൊണ്ട് മുറ്റത്ത്‌ കെട്ടികിടക്കുന്ന ചെളിവെള്ളത്തില്‍ വെട്ടിയിട്ട ചക്ക പോലെ ദാ കിടക്കുന്നു നമ്പ്യാര് ..വായിലും മൂക്കിലും എല്ലാം വെള്ളം കയറി. ഏതാണ്ട് അബോധാവസ്ഥയില്‍ ആയ അദേഹത്തെ എല്ലാരും ചേര്‍ന്ന് ചാണകം മെഴുകിയ കൊലയുടെ സിമന്റിട്ട വക്കില്‍ എടുത്തു കിടത്തി. നന്നായി സ്വബോധം ആയപ്പോള്‍ കട്ടന്‍ ചായയും വാങ്ങിക്കുടിച്ചു റിലാക്സ് ചെയ്യവേ അപ്രതീക്ഷിതമായി ഒരു തുമ്മല്‍.! നേരത്തെ മൂക്കില്‍ കയറിയ ചളി കുറച്ചു പുറത്തേക്കു ചീറ്റിയതും ' അയ്യോ ചോര ' എന്ന് നിലവിളിച്ചു നമ്പ്യാര്‍ അവിടെ തന്നെ കിടന്നു.!

വിജയേട്ടന്‍ അന്ന് നന്നേ ചെറുപ്പമായിരുന്നു. ഒരു കാല്‍ വച്ചാല്‍ അടുത്ത കാല്‍ അടുത്ത പറമ്പില്‍ ആണ് വെക്കുക, അങ്ങനെ ആണ് വിജയേട്ടന്റെ നടത്തം :) തലയില്‍ മിക്കപ്പോഴും തൂവാലയും കാണും.വീട് വീടാന്തരം വില്‍ക്കുന്ന തുണിയുടെ പൈസ ആഴ്ചയിലും വന്നു പിരിച്ചു കൊണ്ട് പോകുന്നു. കുംഭം മീനം മാസമായാല്‍ കണ്ണംപാല തെരു അമ്പലത്തിലെ ഉത്സവ തിരക്കില്‍ ആയിരിക്കും ഇദ്ദേഹം. വലിയ തീവെട്ടി വിളക്കും പേറി എഴുന്നള്ളതിന്റെ മുന്‍ നിരയില്‍ തന്നെ എല്ലാ ഉത്സവത്തിനും കാണാറുമുണ്ട്. നമ്പ്യാരും വിജയെട്ടനും ഇപ്പോഴും സജീവമാണ് തുരുത്യാട്ടും കാഞ്ഞിക്കാവിലും.

അബുക്കയുടെ വരവ് ചീട്ടില്‍ കാണുന്ന ജോക്കറിനെ പോലെയാണ്. രണ്ടു കൈയിലും തല കീഴായി തൂക്കിയിട്ട നാലഞ്ചു കോഴികളെ കാണും. അവയുടെ കാലുകള്‍ പാളനാരു കൊണ്ടോ വാഴക്കൈ കൊണ്ടോ കെട്ടിയിട്ടുണ്ടാകും.
പളപളാ തിളങ്ങുന്ന പോളിയെസ്റ്റര്‍ ഡബിള്‍ മുണ്ടും നീളം കൈയന്‍ കുപ്പായവും ഇടുന്ന അബൂക്കയുടെ നെഞ്ചില്‍ ഷൂ ലേസ് കെട്ടിയ പോലെ തലങ്ങും വിലങ്ങും തുന്നിയ ഒരു പാട് വ്യക്തമായി കാണാം. ഏതോ ' ഓപ്പറേഷന്‍ ' കഴിഞ്ഞതാണെന്ന് അമ്മ പറഞ്ഞു. കോഴി ബിസിനസ് ഒക്കെ നിര്‍ത്തി ഇക്ക ഇപ്പോള്‍ ഗള്‍ഫില്‍ എവിടെയോ ആണ്.

ബാല്യത്തില്‍ ഒരുപാട് മോഹിച്ചു കിട്ടാതെ പോയ രണ്ടു ഉരുപ്പടികള്‍ ഒന്നു ഉരുട്ടി കളിക്കാന്‍  ജീപ്പിന്റെ ഒരു പഴയ ടയറും, മറ്റേതു ഒരു ചേര്‍മീനും ആകുന്നു !

തേഞ്ഞ ടയര്‍ തരാമെന്നു പറഞ്ഞു കല്ലങ്കി ഭാസ്കരേട്ടന്‍ ആദ്യം തോല്‍പ്പിച്ചു. കടുവിന്റെ കുട്ടിയെ അനിക്സ്പ്രെ കുപ്പിയില്‍ ആക്കി തന്നു ' കൊണ്ടുഓയി കെനട്ടില്‍ ഇട്ടോ, ചേര്‍മീനാണ് ' എന്ന് പറഞ്ഞു പറ്റിച്ച് രഞ്ജിത്തും തോല്‍പ്പിച്ചു. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന് ജീവിതം പിന്നെയും  ബാക്കി :D
നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രധാന ചേര്‍മീനന്മാര്‍  വടക്ക് നിന്ന് തെക്കോട്ട് യഥാക്രമം കുനിയില്‍, പന്നോണ, ചാത്തോത്ത്‌ എന്നീ വീടുകളിലെ കിണറ്റില്‍ പരിലസിച്ചവ ആകുന്നു. പിന്നെ ഒരു അര ചെര്‍മീന്‍ രഞ്ജിത്തിന്റെ കിണറ്റിലും ഹി ഹി. അതില്‍ ചാതോതെ കിണറ്റിലെ മീനിനെ കാണാന്‍ പോകുമ്പോള്‍ ആണ് മഠത്തില്‍ സോമനെ ഞെണ്ട് ഇറുക്കിയത്.. കേവലം ഒരു ഞെണ്ടിന്റെ ഇറുക്ക് എങ്ങനെ അന്തര്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു എന്ന് സംശയിക്കുന്നില്ലേ ? അതിലും കാര്യമുണ്ട്.!

അതൊരു കൊടും വഞ്ചനയുടെ കഥയാകുന്നു ! വില്ലന്‍ അഥവാ വര്‍ഗ്ഗ വഞ്ചകന്‍ എന്റെ മൂത്തച്ചന്‍ എന്ന വീരന്‍ തന്നെയാകുന്നു. തോട്ടിന്‍ വക്കത്തു കുന്തിച്ചിരുന്നു ജലജീവിതം നിരീക്ഷിക്കുകയായിരുന്നു ശാസ്ത്ര കുതുകിയും ക്ഷമാശീലനും സര്‍വ്വോപരി കുരുട്ടു ബുദ്ധിയും ആയ സോമന്‍ മഠത്തില്‍. അപ്പോഴാണ്‌ എവിടുന്നോ പണിയും കഴിഞ്ഞു നമ്മുടെ വില്ലന്‍, വര്‍ഗ്ഗ വഞ്ചകന്‍ തേങ്ങ  പൊളിക്കുന്ന പാരയോക്കെ ചുമലില്‍ വച്ച് അതിലെ കടന്നു പോയത്. പോകുന്ന പോക്കില്‍ ഇങ്ങേര്‍ സോമന്‍ കേള്‍ക്കെ ഇങ്ങനെ പറഞ്ഞു.

" ഇടവ മാസത്തില്‍ ഞണ്ട് ഇറുക്കില്ലെടോ"

സോമന്റെ മനസ്സില്‍ ലഡു പൊട്ടി. ഏതായാലും തോടിനു കുറുകെ ഇട്ട തെങ്ങിന്‍ പാലവും കടന്നു മൂത്തച്ചന്‍ പറമ്പിലേക്ക് കയറിയപ്പോള്‍ തന്നെ വയലില്‍ നിന്നും സോമന്റെ അലര്‍ച്ച കേട്ടു :D

ഡോള്‍ഫിനെ പോലെ അനുസരണ കാണിക്കുമെന്നത് ആണ് ചേര്‍മീന്‍ ഞങ്ങളുടെ എല്ലാം സ്വപ്ന പെറ്റ് ആകാന്‍ കാരണം.അനുസരണയില്‍ അഗ്രഗണ്യന്‍ ആയ ( അതോ അഗ്രഗണ്യയോ ? മീനിന്റെ ലിംഗം നിര്‍ണ്ണയിക്കാന്‍ ഞാന്‍ സുവോളജിയിലെ ബി എസ് സിക്ക് ശേഷവും അശക്തന്‍ ആണ് :-O ) ചെര്‍മീന്‍ ആയിരുന്നു കുനിയിലെ ഷിനോജ് ചേട്ടന്റെ വീട്ടിലെത്. മഴ പെയ്തു വെള്ളം കിണറ്റിന്റെ ഒത്തമുകളില്‍ എത്തുമ്പോള്‍ ഷിനോജേട്ടനോ വീട്ടുകാരോ കൈ കാണിക്കുംപോഴേക്കും ഈ മീന്‍ പൊങ്ങി വന്നു വാലാട്ടാനും ഇട്ടു കൊടുക്കുന്ന വറ്റിന്‍ മണികള്‍ നുണയാനും തുടങ്ങും. പത്തു കൊല്ലത്തില്‍ അധികം ആയി ആ മീന്‍ ഈ കിണറ്റില്‍. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ.
ആയിടെയാണ് ഒരു തിരുവാതിരയ്ക്ക് തിരി മുറിയാതെ മഴ പെയ്തു കുനിയിലെ കിണറും രാമന്‍ പുഴയും എല്ലാം ഒരു മെയ്യും ഒരു മനസ്സുമായി അറബിക്കടലിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വെള്ളത്തിലൂടെ തന്നെ കഷ്ടപ്പെട്ട് പോയി കിണറ്റില്‍ നോക്കിയെങ്കിലും ആര്‍ക്കും ആ മീനിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല...ഒരു മരിച്ച വീടിന്റെ പ്രതീതി..
ഏറെ കഴിഞ്ഞില്ല, നിശബ്ദതയെ കീറി മുറിച്ചു കുപ്രസിദ്ധ ഒറ്റല്‍ വീരന്‍ ( മീനിനെ പിടിക്കാനുള്ള മുളങ്കോട്ട ആണ് ഒറ്റല്‍ ) കരടിക്കണാരന്‍ നീന്തി വന്നു കയറിയത്.
പല്ലിട കുത്തിക്കൊണ്ടു കരടി തുടങ്ങി.
" ഷിനോജെ, ഇംവലുപ്പള്ള ഒരു ചേര്‍മീനാ ന്നലെ ഇന്റെ വലേല് വന്നു കയറിയത്. " വലിപ്പം കാണിക്കാന്‍ കരടി രണ്ടു കൈയും നിവര്‍ത്തി
" ഏതാണ്ട് അന്റെ കെണറ്റിലെ മീന്റെ അത്രേം ബലിപ്പം ! രാത്രി തന്നെ പൊരിച്ച് അടിച്ചു. ബാക്കി രാവിലേം അടിച്ചു. അങ്ങട്ടെലും കൊടുത്തു, ന്നിട്ടും തീര്‍ന്നില്ല."