Sunday, February 3, 2013

ചെരുപ്പുകള്‍ കഥ പറയുന്നു

നിങ്ങളുടെ കാര്യം എങ്ങനെ ആണെന്നറിയില്ല എനിക്ക് ഇച്ചിരി അസൂയ കൂടപ്പിറപ്പ് ആകുന്നു. പക്ഷെ എല്ലാറ്റിനോടും ഒന്നുമില്ല. അക്ഷരങ്ങള്‍ എഴുതുന്ന രീതി, പുസ്തകങ്ങള്‍ ഭംഗിയായി സൂക്ഷിക്കുന്ന ആളുകള്‍ , വരയ്ക്കുന്ന സ്റ്റൈല്‍ ഇതൊക്കെ ആയിരുന്നു അസൂയയ്ക് പാത്രീഭവിച്ച കാര്യങ്ങള്‍ .സിമന്റ് ചാക്കിന്റെ കട്ടി കടലാസ് ചുളിവ് നിവര്‍ത്തി അതി വിദഗ്ദമായി മൂന്നാം ക്ലാസിലെ മലയാളം ടെക്സ്റ്റ്‌ ബുക്കിന് പോതിയിട്ടു വന്ന റിയാസിനോട് ആണ് ഓര്‍മയില്‍ നില നില്‍ക്കുന്ന ആദ്യ കുശുമ്പ് :)

മൂന്നാല് മാസം കൊണ്ട് കൊള്ളാവുന്ന ഒരു ചാക്ക് നമ്മളും സംഘടിപ്പിച്ചു എങ്കിലും കൈയിലിരിപ്പ് കൊണ്ട് ശ്രീമാന്‍ ഐസക്‌ ന്യൂട്ടന്റെ മുടി പോലെ ആയിപ്പോയ മലയാളം ടെക്സ്റ്റ്‌ ബുക്കിന് അതങ്ങോട്ട്  'സൂട്ട് ' ആയില്ല.
ഏഴില്‍ ഷിജിലും ഭവീഷും എഴുതുന്ന രീതി കുറെ അനുകരിച്ചു നടന്നില്ല. ഈ കൂട്ടത്തില്‍ എനിക്ക് ഏറ്റവും രസകരമായി തോന്നിയ അസൂയ ചെരുപ്പിന്റെ കാര്യത്തിലാണ് !
അതെ, കല്ലങ്കി കുളത്തില്‍ വിശ്വേട്ടന്‍ ചകിരിയും സോപ്പും ഇട്ടു പാരഗണ്‍ ചെരുപ്പ്‌ ഉരച്ചു ഉരച്ചു വെളുപ്പിക്കുന്നത് എത്ര നോക്കി നിന്നിരുന്നു !പോനോയില്‍ ഷാനവാസിന്റ ഫിഷര്‍ എക്സ്ട്ര യും  ( ഞങ്ങള്‍ക്ക് അന്ന് അവന്‍ ' ചേനാസ് ' ആണ് ) വിശ്വേട്ടന്റെ പാരഗനും ആണ് അന്ന് ഞാന്‍ കണ്ട ഏറ്റവും സുന്ദരമായ ചെരുപ്പുകള്‍ .

ചെരുപ്പിന്റെ അളവ് വലുതായി വരുന്നത് ആത്മ വിശ്വാസത്തെയും കാലാ കാലങ്ങളില്‍ ഉയര്‍ത്തിയിരുന്നു എന്നത് ഇപ്പോള്‍ വിചിത്രമായി തോന്നുന്നു. " ഉണ്ണിക്ക് ആറിഞ്ച് പോര ഏഴു വേണം " എന്ന് അച്ഛന്‍ മജീദിക്കയോട് പറയുമ്പോള്‍ ഒന്ന് കുളിര് കോരിയിട്ടു. ( ഇന്നത്തെ ടെലിഫോണ്‍ ബൂത്തിന്റെ സ്ഥാനത് അന്ന് മജീദിക്ക യുടെ ചെരുപ്പ്‌ പീടിക ആയിരുന്നു. അച്ഛന്റെ കൂട്ടുകാരന്‍ ആയിരുന്നതിനാല്‍ പൈസ ഇല്ലെങ്കിലും കടം കിട്ടുമായിരുന്നു )

എന്റെ മൂത്തച്ചന്‍ ഗോപാലന്‍ കുട്ടി നായര്‍ ,പറമ്പിന്‍ മുകളിലെ ശങ്കരന്‍ നായര്‍ ,കൊണ്ഗ്രസ്കാരന്‍ കൃഷ്ണന്‍ കുട്ടി ചേട്ടന്‍ , മിലിട്ടറി നമ്പ്യാര്‍ , കുറുപ്പേട്ടന്‍ തുടങ്ങി കുറെ തല മുതിര്‍ന്ന നാട്ടു പൌരന്മാരുടെ കുത്തക ആയിരുന്നു മണ്ണിന്റെ നിറമുള്ള , മുതലയുടെ ശല്‍ക്കങ്ങള്‍ പോലുള്ള കുഞ്ഞു മുഴകള്‍ ഉള്ള വല്യ ചെരുപ്പ്.
( കോണ്ഗ്രസ് കൃഷ്ണന്‍ കുട്ടി ചേട്ടന്‍ റോസ് നിറത്തില്‍ ഉള്ള കുപ്പായം മാത്രമേ ഇടുമായിരുന്നുള്ളൂ. ഒരുവിധം ആളുകളെല്ലാം ആ കുപ്പായത്തില്‍ മാത്രമേ അങ്ങേരെ കണ്ടിട്ടും ഉള്ളുവായിരുന്നു. എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് എല്ലാം തകര്‍ത്തു തരിപ്പണമാക്കി ! കോണ്ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ കുപ്പായം മാറ്റാം എന്ന് ആരോടോ ബെറ്റ് വച്ചു. ബുദ്ധി മോശം എന്നല്ലാതെ എന്താ പറയാ :)  ബാലുശ്ശേരിയില്‍ കോണ്ഗ്രസ് ജയിക്കുന്നതും മൂന്നാറില്‍ കുറിഞ്ഞി പൂക്കുന്നതും ഏതാണ്ട് ഒരേ പോലെയല്ലേ. ചുരുക്കത്തില്‍ പല കോണ്ഗ്രസ് കാരുടെയും മീശയ്ക്കും കാശിനും ഒപ്പം കൃഷ്ണന്‍ കുട്ടി ചേട്ടന്റെ റോസ് കുപ്പായവും ചരിത്രമായി.)

അക്കരെ ആണ് ഗോപിയേട്ടന്റെ വീട് .തുരുത്യാടും കാഞ്ഞിക്കാവിലും ഉള്ള ഞങ്ങള്‍ക്ക് അക്കരെ എന്നാല്‍ കോട്ടൂരിലെ വാകയാട് ആണ്. കവുങ്ങിലും മുളയിലും തീര്‍ത്ത , ഓരോ മഴയിലും പുഴ കൊണ്ട് പോകുന്ന പാലം ഇക്കരയെ അക്കരയുമായി കെട്ടിയിട്ടിരിക്കുന്നു. മൂന്നില്‍ തന്നെ പഠിക്കുമ്പോള്‍ വാകയാട്‌ അമ്പലത്തിലെ ബാലെ കണ്ടു വരുമ്പോള്‍ ഒരറ്റത്ത് ബലൂണ്‍ ഉള്ള പീപ്പി പുഴയില്‍ പോയത് ഈ പാലത്തില്‍ വചാകുന്നു. :(
പറഞ്ഞു വരുന്നത് ഗോപിയേട്ടനെ കുറിച്ച് അല്ലെ ? എണ്ണക്കറുപ്പ്‌ നിറം ഉരുക്കിന്റെ ശരീരം. ലോഡിംഗ് ആണ് പണി. എന്നാല്‍ നാട്ടിലും മറുനാട്ടിലും ഇങ്ങേരെ പ്രശസ്തന്‍ ആക്കിയത് ലോഡിംഗ് അല്ല വോളിബോള്‍ ആകുന്നു. എവിടെ ആളുകള്‍ നെറ്റ് വലിച്ചു കെട്ടുന്നോ അവിടെ ഒരു സ്റ്റൂളിന്റെ മേലെ റഫറി ആയി ഗോപിയെട്ടനും കാണും.! ഈ ഏട്ടന്റെ ചെരുപ്പ്‌ നല്ല കടും വയലറ്റ് നിറത്തില്‍ ഉള്ള വി.കെ.സി ആയിരുന്നു. പിന്നെയാണ് അത് ശ്രദ്ധിച്ചത് ബാബുവേട്ടനും , റഫീക്കും ,ബിജുവും ബാലകൃഷ്ണന്‍ ചേട്ടനും ഒക്കെ വീ കെ സികള്‍ ആണ് .കല്ല്‌ പോലത്തെ റബ്ബര്‍ .എത്ര കൂര്‍ത്ത കരിങ്കല്ല് ആയാലും തുളഞ്ഞു കാലില്‍ കയറില്ല. ഒടുക്കം ഇങ്ങനെ ഒരു നിഗമനത്തില്‍ എനിക്ക് എത്തി ചേരേണ്ടി വന്നു. അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ സ്വന്തം ചെരിപ്പായിരുന്നു അന്ന് വി കെ സി ഹവായ്‌

ബാലരമയുടെയും പൂമ്പാറ്റ യുടെയും എല്ലാം പിന്‍ കവറില്‍ അന്ന് സ്ഥിരമായി 'സാന്‍ഡക് ' പരസ്യം ഉണ്ടായിരുന്നു. മല മുകളിലേക്ക് സാഹസികയാത്ര പോകുന്ന സാന്‍ഡക് വീരന്‍ വഴിനീളെ മറ്റു ചെരുപ്പുകള്‍ ഒക്കെ വാറു പൊട്ടിയും തേഞ്ഞു തീര്ന്നും കിടക്കുന്നത് കാണും. എന്നാല്‍ സാന്‍ഡക് മാത്രം ഒരു പോറലും ഏല്‍ക്കാതെ മുകളില്‍ എത്തും . സാന്‍ഡകിനെ പരിചയപ്പെടുത്തിയത് ഒരു ദുരന്തകഥ പറയാന്‍ ആകുന്നു :)

കുറെ കാത്തു നിന്നാണ് ഒരു ജോഡി സാന്‍ഡക് നമുക്ക് കിട്ടുന്നത്. അഞ്ചില്‍ പഠിക്കുമ്പോള്‍ .അയല്‍വാസി യുടെ കല്യാണ സല്‍ക്കാരത്തിന് അമ്മയ്ക്ക് ഒപ്പം കന്നൂരില്‍ പോയത് ആ പുത്തന്‍ ചെരുപ്പും ഇട്ട്. ഷൈന്‍ ചെയ്യാന്‍ തേച്ചു മിനുക്കി രാവിലെ ഇച്ചിരി വെളിച്ചെണ്ണ വിളക്ക് ശീലയില്‍ മുക്കി തുടച്ചു ഒക്കെയാണ് കാലില്‍ കയറ്റിയത് . കല്യാണ വീടെത്തിയപ്പോള്‍ ഒരു പ്രശ്നം. ചെരുപ്പനെ പുറത്ത്‌ നിര്‍ത്തി അകത്തു പോകാന്‍ മനസ്സ് വരുന്നില്ല. പക്ഷെ അമ്മ ബലാല്‍ക്കാരമായി തൂക്കി കൊണ്ട് പോയപ്പോള്‍ ചെരുപ്പ്‌ അഴിക്കാതെ നിവൃത്തി ഇല്ല എന്ന് വന്നു. അന്യായം ! അകത്തു പലഹാരം തിന്നു കൊണ്ട് ഇരിക്കുമ്പോഴും പെണ്ണുങ്ങളുടെ കലപിലയില്‍ മുങ്ങി ഇരിക്കുമ്പോഴും എല്ലാം മനസ്സില്‍ ചെരുപ്പായിരുന്നു.. ആരെങ്കിലും ചവിട്ടി ചേര്‍ ആക്കുമോ.
പരിപാടി എല്ലാം കഴിഞ്ഞു ഇറങ്ങി. ചെരുപ്പ്‌ വച്ചിടത് ഒരു ചെരുപ്പ്‌ മാത്രം. ആ വീടും അടുത്ത രണ്ടു വീടും അരിച്ചു പെറുക്കി. കരച്ചില്‍ വരുന്നുണ്ട് പക്ഷെ കണ്ട്രോള്‍ ചെയ്തു. ഒടുവില്‍ അവിടെ ഉള്ള ഒരു ചെരുപ്പ് മാത്രമെടുത്ത് അമ്മയുടെ കൈയും പിടിച്ചു അവിടന്ന് ഇറങ്ങി. പുഴ എത്തിയപ്പോള്‍ നീട്ടി ഒരേറും കൊടുത്തു. ഓളപ്പരപ്പില്‍ മുങ്ങിയും പൊങ്ങിയും എന്റെ സാന്‍ഡക് . ഹാ! എത്ര ഹൃദയഭേടകം ആയ കാഴ്ച..ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ആണ് ഒരു കുട്ടി ഓടി വന്നത് . എന്റെ തലയില്‍ ഇടി വെട്ടി. അവന്റെ കൈയില്‍ ദേ മറ്റേ സാന്‍ഡക് . ഞാന്‍ പതുക്കെ തല ചെരിച്ചു അമ്മയെ ഇടങ്കണ്ണ്‍ ഇട്ട് നോക്കി . അതെ കോണില്‍ അമ്മ എന്നെയും നോക്കുന്നുണ്ടായിരുന്നു.