Sunday, April 14, 2013

അങ്ങനെ ആ വിഷുക്കാലങ്ങളില്‍

പഴയ കാലത്തെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നതും പഴയ കാലത്തെ ഇക്കാലവുമായി താരതമ്യം ചെയ്തു തരംപോലെ രോഷം കൊള്ളുകയോ കോള്‍മയിര്‍ കൊള്ളുകയോ ചെയ്യുന്നത് അസാരം പഴഞ്ചന്‍ ആണെന്ന് നന്നായറിയാം. അത്തരം അയവെട്ടുകളുടെ ഒരു ഉസ്താദിനെ പണ്ട് നാട്ടിലാരോ ‘വടിയാക്കിയ’ സംഭവം കേട്ടിട്ടുണ്ട്. ലീവിന് വീട്ടിലെത്തിയ വിദ്വാന്‍ “ഇപ്പത്തെ ഉണ്ണ്യപ്പത്തിനു ഒന്നും പണ്ടത്തെ മധുരംല്ല “ എന്നോ മറ്റോ നൊസ്റ്റാള്‍ജിയ അടിച്ചപ്പോള്‍ ഒരു നവലിബറല്‍ പെറ്റി ബൂര്‍ഷ്വാ ചോദിച്ചത്രേ “ഇപ്പത്തെ രണ്ടിഞ്ച് ആണിക്കൊന്നും പണ്ടത്തെ വലിപ്പം ഇല്ല. ല്ലേ കുട്ട്യാട്ട 

സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും വിഷു എന്ന് കേള്‍ക്കുമ്പോള്‍ ഞാനും പഴഞ്ചന്‍ ആകും. തീര്‍ന്നില്ല ഇപ്പത്തെ രണ്ടിഞ്ച് ആണിക്കൊന്നും പണ്ടത്തെ വലിപ്പം ഇല്ല എന്ന് വിശ്വസിക്കുകയും ചെയ്യും! കാരണം ഈ ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ ഞാനില്ല. ഭൂതകാലത്തില്‍ എങ്ങോ ആണ് ജീവന്റെ വേര് ആഴ്ന്നിറങ്ങി പടര്‍ന്നത് എന്നും , മറവികള്‍ കൊണ്ടത്‌ പിഴുതു കളഞ്ഞാല്‍ അന്ന് മരിച്ചു പോകും ഞാനെന്നും വിശ്വസിക്കുന്ന മണ്ടന്‍ ആയതുകൊണ്ട്...
കാത്തിരുന്നു കാത്തിരുന്നു ഓരോ നിമിഷവും ആസ്വദിക്കുന്ന അറുപതു ദിവസങ്ങളാണ് വിഷുവും അതിന്റെ പ്രാന്ത പ്രദേശങ്ങളും എന്നതിനാല്‍ ആ കാലയളവില്‍ സംഭവിക്കുന്നതെല്ലാം മനസ്സിലങ്ങനെ തറച്ചു കിടക്കും.

മണം

----------വിചിത്രമായിരിക്കാം എന്നാലും ഓരോ ഉത്സവത്തിനും ഓരോ മണമാണ്..നനഞ്ഞ മണ്ണിന്റെയും ചാണകത്തിന്റെയും തുമ്പയിലയുടെയും മണമാണ് ഓണത്തിന് എങ്കില്‍ ഉണങ്ങിയ മണ്ണിന്റെയും പറങ്കിയണ്ടി ചുടുന്നതിന്റെയും വെടിമരുന്നിന്റെയും മണമാണ് വിഷുവിനു..
അണ്ടിയും വിഷുവും തമ്മില്‍ എന്തിരടെ എന്ന് സംശയിക്കണ്ട. ഒരു ബന്ധവും ഇല്ല, പക്ഷെ ഈ കാലത്താണ് നാട്ടില്‍ പറങ്കിയണ്ടി പാകമാകുന്നത്. അണ്ടി ചുടുന്ന മണമില്ലാത്ത ഒരു പറമ്പോ ഇടവഴിയോ നിരത്തോ അപ്പോള്‍ കാണില്ല..അധികം മെനക്കെടോന്നും ഇല്ല.ഒരുപിടി ഓലക്കണ്ണിയും തീയും മതി അഞ്ചു പത്ത് അന്ടികള്‍ ചുട്ടെടുക്കാന്‍ അസ്സലായി കറുത്ത് വന്നാല്‍ ഇരിക്കുന്ന പലകയോ കല്ലോ എടുത്തു വയര്‍ മേലോട്ട് ആക്കി കിടത്തിയ അണ്ടിയെ ഒരു കുത്ത്. തോട് ചതഞ്ഞു പരിപ്പ് പുറത്തു വരും.

പടകം

-------------ബാലമംഗളത്തിലും പൂമ്പാറ്റയിലും ഒക്കെ ‘പടക്കം ‘ എന്ന് വായിക്കുമ്പോള്‍ ചിരി വരുമായിരുന്നു. ഈ ഇരട്ടിപ്പ് ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ പടകം എന്നെ പറയാറുള്ളൂ.
പടകങ്ങളുടെ രാജാവ്‌ ആരാണെന്ന് ചോദിച്ചാല്‍ സംശയമില്ല പനോല്‍പ്പടകം തന്നെ.അതായത് പനയോലപ്പടക്കം.അപ്പംവിരലിന്റെ നഖത്തിന്റെ വലിപ്പം മുതല്‍ ഒത്തൊരു എഗ്ഗ് പപ്സിന്റെ വലിപ്പം ഉള്ള മുട്ടന്‍ ജാതി വരെയുണ്ട് അങ്ങനത്തെ ഒന്ന് പൊട്ടിയാല്‍ ദിക്ക് എട്ടും കിടന്നു കിടുങ്ങും.
ബ്രാന്‍ഡ്‌ ഏതായാലും മാലപ്പടക്കങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് ‘കോവ’യാണ്. – കൊവപ്പടകം.
ഇഷ്ടികച്ചുവപ്പു നിറം. ഇരുപത്തഞ്ച് എണ്ണത്തിന്റെ മാല മുതല്‍ ഇരുന്നൂരിന്റെ വരെ ഉണ്ട്.
വല്യ വിഷുവിനു ഊണ് കഴിഞ്ഞ ശേഷം ആണ് ഏറ്റവും വലിയ കോവപ്പടകം പൊട്ടിക്കുന്നത്.


മത്താപ്പ് , കേപ്പ്‌ ( പൊട്ടാസ് ),പാമ്പ്‌ ഗുളിക,കമ്പിത്തിരി ഇത്യാദികള്‍ മൈനര്‍മാരുടെ കുത്തകയാണ്. പൊട്ടാസ് രണ്ടു തരം കിട്ടും. ലൂസും റോളും. റോള്‍ പൊട്ടാസ് തോക്കില്‍ ഇടാന്‍ പാകത്തില്‍ ഉണ്ടാക്കിയതാണ്. ലൂസ് പൊട്ടാസ് കണ്ടാല്‍ പെണ്ണുങ്ങള്‍ തൊടുന്ന ഒട്ടിപ്പ് പൊട്ടിനെ പോലെ ഉണ്ടാകും. കുട്ടിച്ചാത്തന്മാരിലെ സാഹസികര്‍ക്ക് ലൂസ് പൊട്ടാസ് കൊണ്ട് പല പരിപാടികള്‍ ആണ്. അഞ്ചു പത്തെണ്ണം അട്ടിക്കു വച്ച് അതിന്റെ മേലെ പരന്ന ഒരു കുഞ്ഞു കല്ലും കയറ്റി വച്ച് വേറെ വലിയൊരു കരിങ്കല്ലെടുത്തു ഇതിന്റെ മുകളിലേക്ക് ഇട്ടു ഓടിക്കളയും. ചില ഗജപോക്കിരികള്‍ കണ്ണ് തെറ്റിയാല്‍ പാക്കട്ടോടെ തുറന്നു അടുപ്പിലോക്കെ നിക്ഷേപിച്ചു കളയും!


പൊട്ടുന്നവരില്‍ ഭയങ്കരന്മാര്‍ പനോല, (അമിട്ട് ( ഗുണ്ട് )കുരുവി, സരസ്വതി,തുടങ്ങിയവരാണ്. 
ഏറ്റവും കൌതുകം ഉണ്ടാക്കുന്നയാള്‍ പക്ഷെ വാണം ആണ് ! നീളന്‍ കഴുത്ത് ഉള്ള കുപ്പിയില്‍ വച്ചാണ് തീ കൊടുക്കുക. പറമ്പില്‍ തലങ്ങും വിലങ്ങും തെങ്ങുകള്‍ ഉള്ളതിനാല്‍ ഒരു വാണം മുകളില്‍ ചെന്ന് മനോഹരമായി പൊട്ടുന്നത് കണ്ടിട്ടുള്ളവര്‍ ചുരുക്കമായിരിക്കും ! വയനാട്ടില്‍ വച്ച് ഒരിക്കല്‍ ഒരു വാണം പണി തന്ന അനുഭവം ഉണ്ട്. മുറ്റത്ത്‌ കുപ്പിയില്‍ വച്ച് വല്യച്ചന്‍ തീ കൊടുത്തതും കുപ്പി ചെരിഞ്ഞു വീണതും ഒരുമിച്ചു. ആകാശത്തേക്ക് പോകേണ്ട വാണന്‍ പോയത് കോലായ , നടുവകം വഴി അടുക്കളയിലേക്കു ! കൊട്ടതളത്തില്‍ പാത്രം കഴുകുകയായിരുന്നു വല്യമ്മയുടെ മുന്നില്‍ കിടന്നു വാണന്‍ പൊട്ടി. ഇടയ്ക്കിടെ ചെറിയ മാനസിക അസ്വാസ്ഥ്യം വരുമായിരുന്ന വല്യമ്മ ഇതൊരു ആയുധമാക്കി. നിങ്ങക്ക് എന്നെ കൊല്ലാന്‍ ഉള്ളപരിപാടി ആണല്ലേ എന്ന് വല്യച്ചനെതിരെ ആരോപണം ഉണ്ടായി. വല്യച്ചന്‍ ശശിയായി . ( എന്റെ അമ്മാവന്റെ പേര് ശശി എന്നാണു കേട്ടോ. പക്ഷെ ആളു ശശി അല്ല. ഞാന്‍ ജീവിതത്തില്‍ കണ്ട മാതൃക പുരുഷന്മാരില്‍ ഒരാള്‍ )


പടക്കങ്ങളിലെ മിത വാദികളും സുന്ദരികളും ആണ് പൂത്തിരി, കമ്പിത്തിരി,ചേരട്ടപടകം തുടങ്ങിയവര്‍ .പൂതിരിയെ തന്നെ മേശപ്പൂവ് , ഇളനീര്‍ പൂവ് എന്നൊക്കെ ഉള്ളിയേരി ബാലുശ്ശേരി രാജ്യങ്ങളില്‍ തന്നെ പറഞ്ഞു വരുന്നു. അപ്പോള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാര്‍ ഈ പേരുകള്‍ ഒക്കെ വായിച്ചു വാ പൊളിക്കും എന്ന് നന്നായി അറിയാം.ഉള്ളിയേരി പത്തൊന്‍പത്തിലെ അരുമ്പയില്‍ അമ്പലത്തിലാണ് ഏറ്റവും വലുതും മനോഹരവും ആയ ഇളനീര്‍ പൂ കണ്ടത്. ചേരട്ട പടകം നിലത്ത് കിടന്നു കറങ്ങുന്ന നിലചക്രം ആണെങ്കിലും ചിലത് പൊട്ടും. ഒരിക്കല്‍ ഷബില്‍ ഗള്‍ഫില്‍ പോയ ഒരു ദിവസത്തിന്റെ തലേന്ന് വിഷു ആയിരുന്നു. പ്രദേശത്തെ തെങ്ങിന്‍ തൈകള്‍ക്ക് പോലും ഫിറ്റായ ദിവസം രാധേട്ടന്റെ കൈയില്‍ നിന്ന് താഴെ വീണ ഉടന്‍ ചേരട്ട പടകം ഒച്ചയോടെ പൊട്ടി.


വിഷുവിന്റെ പിറ്റേന്ന് ചില കലാ പരിപാടികള്‍ ഉണ്ട് ഈ പടകങ്ങളും കൊണ്ട്.
പൊട്ടാതെ കിടക്കുന്ന കൊവയും പനയോലയും എല്ലാം പെറുക്കി കെട്ടഴിച്ചു വെടിമരുന്നു കടലാസില്‍ തൂവി കത്തിക്കുകയോ പനയോല ചീന്തി പുതിയ പടകം തെരയ്ക്കുകയോ ചെയ്യും. ഒരിക്കല്‍ അത്തരമൊരു ഗവേഷണത്തിന് ഇടെ എനിക്ക് പണികിട്ടി. വയനാട്ടില്‍ വച്ചാണ്. പനോല പടകം അഴിച്ചു മരുന്ന് പേപ്പറില്‍ ചെരിഞ്ഞു. രണ്ടു കൈയിലും മരുന്ന് പുരണ്ടു കിടക്കുന്നത് നോക്കാതെ തീപ്പെട്ടി ഉരച്ചു. ഭും എന്ന ഒച്ചയെ ഓര്‍മ്മയുള്ളൂ. ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ കൈകള്‍ നോക്കി. നീലനിറം ! നീറ്റലും. 
പതിവ് പോലെ ഒരു മാലാഖയെ പോലെ വല്യമ്മ പ്രത്യക്ഷപ്പെട്ടു.  വലിയൊരു വാഴയുടെ പോള അപ്പാടെ ഉരിഞ്ഞു കൊണ്ട് വന്നു നീരോടെ രണ്ടു കൈയും പൊതിഞ്ഞു വച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു അഴിച്ചു വിട്ടു. നീറ്റല്‍ പോയി. പൊള്ളലും !

പുരകെട്ട്

------------------വിഷുവിനു മുന്‍പോ വിഷു കഴിഞ്ഞു ഉടനെയോ ആയിരുന്നു പുരകെട്ട് സീസണ്‍ . 
നാട്ടില്‍ എണ്പതു ശതമാനം എങ്കിലും ഓല മേഞ്ഞ വീടുകള്‍ ആയിരുന്നു. അവയില്‍ പനയോലയുടെ തന്നെ ഭിത്തി ഉള്ള ‘ചെറ്റകള്‍ ‘ , ഇടത്തരം വലിപ്പമുള്ള ഓലപ്പുരകള്‍ , രണ്ടു തട്ടുള്ള മാളികകള്‍ എന്നിവ എല്ലാം ഉണ്ടായിരുന്നു. ഇതില്‍ ഒരു ഇടത്തരം ഓലപ്പുര ആയിരുന്നു എന്റേത്.
ഒരു ചരൂന്റെ അകവും, തെക്കേ അകവും നടുക്കാതെ അകവും, അടുക്കളയും ഇതിനെല്ലാം പൊതുവായി നീണ്ട ഒരു കൊലായയും.. ചാണകം മെഴുകിയത് ആണ് നിലം. ചാണകവും വെള്ളിലയും കരിക്കട്ടയും ചേര്‍ത്താണ് ആഴ്ചയിലും നിലം മെഴുകല്‍. അമ്മയോ മൂത്തമ്മമാരോ ആരെങ്കിലും കുന്തിച്ചിരുന്നു നിലം കറുപ്പിക്കും..ബസിന്റെ വൈപ്പര്‍ പോലെ അവരുടെ കൈകള്‍ നിലത്ത് അര്‍ദ്ധ വൃത്തങ്ങള്‍ വരച്ചു കൊണ്ടിരിക്കും. 

കോലയുടെ അങ്ങേ അറ്റത് അടുക്കളയുടെയും അമ്മിത്തണയുടെയും മുന്നില്‍ ഒരു തെങ്ങുണ്ട്. അതായത് കോലായില്‍ തന്നെ! വീട് ഉണ്ടാക്കിയ ആള്‍ കാണിച്ച ദയ. ആ തെങ്ങിനെ മുറിക്കാതെ അതിനു ചുറ്റും അങ്ങ് പുരകെട്ടി. മഴ പെയുംപോള്‍ തടിയിലൂടെ വെള്ളം ഒലിച്ചുവന്നു അതിനടിയിലെ തളത്തില്‍ കെട്ടി നില്‍ക്കും. അതില്‍ കാലിട്ട് ഇരിക്കാന്‍ വല്ലാത്തൊരു സുഖമാണ് ..

പുര കെട്ടി മേയല്‍ രണ്ടു ദിവസത്തെ പരിപാടിയാണ്. ഒന്നാം ദിവസം പുര പൊളിക്കല്‍ ആണ്.കര്യോലയും കര്യോലപ്പനോല യും മുറ്റത്ത്‌ നിറയും..അലകിന്റെ അസ്ഥിപഞ്ജരം കാണിച്ചു അന്ന് രാത്രി വീട് നഗ്നയായി കിടക്കും.ഒരു കാര്യം പ്രത്യേകം പറയട്ടെ..എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസവും രാത്രിയും അത് തന്നെയായിരിക്കും. രണ്ടു കാരണങ്ങള്‍ ആണ് അതിനു..
ഒന്ന് : നഷ്ടപ്പെട്ടു എന്ന് കരുതിയ പല നിധികളും തിരികെ കിട്ടുക മിക്കവാറും അന്നായിരിക്കും. അരികു പൊടിഞ്ഞ കോട്ടികള്‍ , സ്ലേറ്റ് പെന്‍സിലുകള്‍ , തുരുത്യാട് സ്കൂളില്‍ നിന്ന് കോച്ചിയ കളര്‍ ചോക്കുകള്‍ ,’സിനിമ കാണാന്‍ ‘ കിഴക്കയില്‍ അമ്പലത്തില്‍ അച്ഛന്‍ വാങ്ങിതന്ന ഫിലിം കൂട് ,ഒരു കെട്ടു തീപ്പെട്ടി ചിത്രങ്ങള്‍ , കല്യാണ വീടിന്റെ എല്ലാം പിന്നില്‍ നിന്ന് ശേഖരിച്ച മഞ്ഞയും നീലയും നിറമുള്ള പക്ഷികള്‍ നിറഞ്ഞ ശീട്ടുകള്‍ അങ്ങനെ എന്തെങ്കിലും അമൂല്യമായ ശേഖരങ്ങള്‍ ..
രണ്ടു : മേല്‍ക്കൂര തുറന്നിട്ട വീട്ടില്‍ നക്ഷത്രങ്ങളെ കണ്ടു ഉറങ്ങുക. അനന്തതയില്‍ നിമിഷ ചിത്രങ്ങള്‍ വരച്ചു മാഞ്ഞു പോകുന്ന ഉല്‍ക്കകള്‍ , കരിപ്പൂരില്‍ ഇറങ്ങാതെ പോകുന്ന വിമാനങ്ങള്‍ എന്നിവ കുഞ്ഞു പൊട്ടിന്റെ വലിപ്പത്തില്‍ കാണാം. ചിലപ്പോള്‍ മിന്നാമിനുങ്ങുകളും ഇറങ്ങിവരും..നിലാവ് പുതച്ചു കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓര്‍മ്മ കാണില്ല.. 

രണ്ടാം ദിവസം രാവിലെ പണിക്കാര്‍ എത്തും.എഴുവലത്തെ ബാലക്കുറ്പ്പ് , ചെനികണ്ടി രാഘവന്‍ കുട്ട്യാട്ടനും ബാലന്‍ നമ്പ്യാരും, ഇടത്തില്‍ ബാലന്‍ നായര്‍ ,ചാലിലെ ഗോവിന്ദ കുറുപ്പ് ചേട്ടന്‍ എന്നിവരും മൂതച്ചന്മാരും ആണ് പണിക്കാര്‍ . ഓലയും പനയോലയും കോര്‍ത്തു കൂരയില്‍ കെട്ടാന്‍ മൂര്‍ച്ചയുള്ള വലിയൊരു ഇരുമ്പ്‌ സൂചിയും എല്ലാരുടെയും അടുത്ത് കാണും. ( ഇതേ സൂചി കൊണ്ട് തന്നെ ആണ് പൈക്കളുടെ മൂക്ക് കുത്തി കയര്‍ ഇടുന്നത്. മൂതച്ചന്മാരില്‍ ഒരാള്‍ അതില്‍ അഗ്രഗണ്യന്‍ ആണ്. എന്തായാലും വാകയാട്‌ എവിടെയോ വയലില്‍ ഉഴുത്തിനു പോയപ്പോള്‍ ആണ് അങ്ങേരുടെ മുന്‍ നിരയിലെ മൂന്നു പല്ലുകള്‍ ഏതോ അറാമ്പിറന്ന മൂരിക്കുട്ടന്‍ കുത്തി കൊഴിച്ചത്. ) 

പുരകെട്ട് ഏഴു മണിക്ക് തന്നെ തുടങ്ങും.വന്ന ഉടന്‍ ഒരാഴ്ച മുന്‍പ്‌ പാളയില്‍ വെള്ളം നിറച്ചു അതില്‍ പോതിര്‍ത്തു വച്ചിരിക്കുന്ന പാന്തോന്‍ ചീന്തി പാകമാക്കി കെട്ടാക്കും. ( ഓല മെടലിന്റെ പള്ളയുടെ തൊലി ചീന്തിയെടുക്കുന്നത് ആണ് പാന്തോന്‍ , പാന്തം എന്നും പറയും. ) ഈ നാരുകള്‍ സൂചിയില്‍ കോര്‍ത്ത്‌ ആണ് ഓലയും കര്യോല യും പനയോലയും അട്ടിക്കു വച്ചു അലകില്‍ ചേര്‍ത്ത് തുന്നുന്നത്. – കര്യോല എന്നാല്‍ കരിയോല . പുര പൊളിക്കുമ്പോള്‍ മാറ്റി വയ്ക്കുന്ന അധികം നശിചിട്ടില്ലാത്ത പഴയ ഓലയാണിത് ..ഓലകള്‍ അട്ടിക്കു ഇട്ടിരിക്കുന്ന ഓലപ്പറത്തിന്റെ അരികില്‍ കൂട്ടിയ കല്ലുകളില്‍  രാവിലത്തെ പുഴുക്കിനും ഉച്ചയ്ക്കതെ ഊണിനും രണ്ടു തരം കൂട്ടാനും , പായസതിനും ഉള്ള അടുപ്പുകള്‍ എരിയും..വലിയൊരു അശോകത്തിന്റെ ചുവട്ടിലാണ് ഓലപ്പറം. അതിന്റെ മേലെ വലിഞ്ഞു കയറിയാല്‍ പൂവ് പറയ്ക്കാം. ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പൂക്കളില്‍ ഒരാള്‍ അശോകത്തിന്റെ ചുവപ്പും മഞ്ഞയും വെള്ളയും  കലര്‍ന്ന പൂക്കളാണ് ..താഴെ നിന്നുകൊണ്ട് നാല് ഭാഗവും ആദ്യം കെട്ടും. പിന്നെ പുരപ്പുറത്തു കയറിയിരുന്നു മേലോട്ട് മേലോട്ട് കെട്ടിപോകും. താഴെ നിന്ന് ഓലയും പനയോലയും മേലോട്ട് ചാടിക്കൊടുക്കും. ഒരു പുത്തന്‍ ഓലയും ഒരു കര്യോലയും ചേര്‍ത്താണ് ചാടിക്കൊടുക്കുക. കര്യോല പുത്തന്‍ ഓലയുടെ അറ്റത് കോര്ത്തിരിക്കും. മേലെ ഇരിക്കുന്ന ആള്‍ വിദഗ്ദമായി അത് പിടിച്ച ശേഷം ഓലകള്‍ വേര്‍പെടുത്തി അരികില്‍ നേരത്തെ പിടിച്ചു വച്ച പനയോലയുടെ കെട്ടില്‍ നിന്ന് ഒരെണ്ണം വലിച്ചു എല്ലാം ചേര്‍ത്ത് കെട്ടും.. 

വീപ്പാളയും പനമ്പട്ടയുടെ കുപ്പയും.

----------------------------------------------------------------------രണ്ടു തരം പനകളെ ആണ് എനിക്ക് പരിചയം. അതിലൊന്ന് കള്ളുചെത്തുന്ന കൂറ്റന്‍ പന. അതിന്റെ പട്ട ആനയ്ക്ക് കൊടുക്കാന്‍ വെട്ടികൊണ്ട് പോകും. കുലച്ച പനയോളം ചേതോഹരമായ ഒരു കാഴ്ച വേറെ കാണാന്‍ പ്രയാസമാണ്. ധാരാളം മുടിയുള്ള പെണ്ണുങ്ങളെ കണ്ടാല്‍ സൌന്ദര്യ ആസ്വാദകരായ വിദ്വാന്മാര്‍ പതുക്കെ പരസ്പരം പറയും 
“ ഊയിന്റെ അമ്മോ,ഓളെ മുടി കാണണ്ടേ പനന്കൊല പോലെണ്ട് “
ഈ പന മുറിച്ചാല്‍ അതിന്റെ തടി ഉരലില്‍ ചതച്ചു വെള്ളത്തില്‍ ഇട്ടു പൊടി അരിച്ചെടുത്ത് പലഹാരം ഉണ്ടാക്കും. പന വെരകിയത് എന്നാണു പറയുക. ഹല്‍വ പോലെയോ ഉപ്പുമാവ് പോലെയോ ഉണ്ടാക്കാം.
ഇതല്ല രണ്ടാമത്തെ പനയാണ് വീട്ടിലെ കുപ്പത്തൊട്ടി ആകുക. പുര മേയാന്‍ ഉള്ള ഓല ഈ പനയില്‍ നിന്ന് ആണ് മുറിക്കുക എന്നതിനാല്‍ ഓരോ വീട്ടിലും മൂന്നുംനാലും പന ഉണ്ടാകും. വലിയ പന മടലുകള്‍ നാലു ഭാഗത്തേക്കും എറിച്ചു നില്ല്കും. താഴെ വെട്ടിയ ഓലയുടെ മടലുകള്‍ തട്ട് തട്ടായി കിടക്കും. അതിലാണ് പൊട്ടിയ ഗ്ലാസും, കണ്ണാടിയും , കുപ്പിയും എല്ലാം കൊണ്ടിടുക.

വീപ്പാള എന്നാല്‍ വീശുന്ന പാളയാണ്. വിഷുക്കാലം ഉഷ്ണക്കാലം കൂടെയാണല്ലോ. ആണുങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ വീപ്പാള ഉണ്ടാകും. എസിയോ കൂളറോ ഫാനോ ഇല്ലാത്ത അവര്‍ ഉച്ചയ്ക്ക് വീപ്പാളയും വീശി ഉപ്പൂത്തി കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കും..ഇല്ലായ്മയ്ക്ക് ഒരു സൌന്ദര്യമുണ്ട്..ബാല്യമാണ് അത് പഠിപ്പിച്ചത്. അത് കൊണ്ട് തന്നെയാണ് ബാല്യത്തെ ഇത്രമേല്‍ സ്നേഹിച്ചു പോകുന്നതും..തേങ്ങയും അണ്ടിയും അടയ്ക്കയും പെറുക്കി കൊയിന്നേട്ടന്റെ  - ഗോവിന്ദന്‍ ചേട്ടന്റെ -  പീട്യേല്‍ കൊടുത്ത് വാങ്ങുന്ന പടകം പൊട്ടുമ്പോള്‍ ഒരു പ്രത്യേക ശബ്ദമാണ്..കടല മുട്ടായിക്കും ശര്ക്കരക്കും ഒരു പ്രത്യേക മധുരമാണ്.വിഷുവും അങ്ങനെ തന്നെ. മാങ്ങചൊന കൊണ്ട് പൊള്ളിയ മൂക്കും,ചരലില്‍ ഉരഞ്ഞു തോല് പോയ കാല്‍മുട്ടും വിഷുവിന്റെ സമ്പാദ്യങ്ങള്‍ ആയിരുന്നു.പപ്പടവും പായസവും ഉള്‍പ്പെടെയുള്ള അപൂര്‍വമായി മാത്രം ലഭിക്കുന്നൊരു മൃഷ്ടാന്ന ഭോജനം എന്നതില്‍ കവിഞ്ഞു ഒരു ദൈവമോ മതമോ എന്റെ വിഷുവിനു ഉണ്ടായിരുന്നില്ല..വല്യച്ചന്റെയും ഇളയച്ചന്റെയും കൈയില്‍ നിന്നും കിട്ടിയിരുന്ന പത്തോ ഇരുപതോ രൂപയോ പ്രതീക്ഷകളെ തെറ്റിച് കൊണ്ട് ശശി അമ്മാവന്‍ തരാരുണ്ടായിരുന്ന നൂറു രൂപയുടെ ബമ്പര്‍ കൈനീട്ടമോ പക്ഷെ അങ്ങനെ മനസ്സില്‍ നില്‍ക്കുന്നില്ല..


ഓര്‍മ്മകള്‍ മാറ്റി കൊടുത്താല്‍ കറന്‍സി കിട്ടുമായിരുന്നെങ്കില്‍ അതുപയോഗിച്ച് ഞാന്‍ ചെയ്യുക കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു പോകാന്‍ സഹായിക്കുന്ന ഒരു യന്ത്രം കണ്ടെത്തുക തന്നെ ആയിരിക്കും..

അതെ,“ ഇപ്പത്തെ രണ്ടിഞ്ചു ആണിക്ക് ഒന്നും പണ്ടത്തെ വലിപ്പംല്ല “